നിരക്ക് കൂട്ടുന്നതില്‍ മത്സരിച്ച് ബാങ്കുകള്‍, ഇഎംഐ ഇനിയും ഉയരും

ഇതോടെ വാഹന, ഭവന, വ്യക്തിഗത വായ്പകള്‍കളുടെ ഒരു വര്‍ഷത്തേക്കുള്ള എംസിഎല്‍ആര്‍ 8.4 ശതമാനത്തില്‍ നിന്ന് 8.5 ശതമാനമായി.

Update: 2023-03-01 08:46 GMT



റിപ്പോ നിരക്കില്‍ വീണ്ടും വര്‍ദ്ധന വരുത്തിയതോടെ രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ വീണ്ടും വായ്പ നിരക്കുകളുയര്‍ത്തി. ഐസിഐസിഐ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എച്ച്ഡിഎഫ് സി തുടങ്ങിയവയെല്ലാം വായ്പ നിരക്ക് വര്‍ധിപ്പിച്ചു. പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

എച്ച്ഡിഎഫ് സി 25 ബേസിസ് പോയിന്റാണ് നിരക്കുയര്‍ത്തിയത്. ഇതോടെ പലിശ നിരക്ക് 9.20 ശതമാനമായി. പഞ്ചാബ് നാഷണല്‍ ബാങ്ക് മാര്‍ജിനല്‍ അധിഷ്ഠിത വായ്പ നിരക്ക് (എംസിഎല്‍ആര്‍ )10 ബേസിസ് പോയിന്റാണ് ഉയര്‍ത്തിയത്. ഇതോടെ വാഹന, ഭവന, വ്യക്തിഗത വായ്പകള്‍കളുടെ ഒരു വര്‍ഷത്തേക്കുള്ള എംസിഎല്‍ആര്‍ 8.4 ശതമാനത്തില്‍ നിന്ന് 8.5 ശതമാനമായി.

ബാങ്ക് ഓഫ് ഇന്ത്യയും എംസിഎല്‍ആര്‍ നിരക്ക് 10 ബേസിസ് പോയിന്റ് ഉയര്‍ത്തി. എച്ച്ഡിഎഫ് സി റീട്ടെയില്‍ പ്രൈം ലെന്‍ഡിങ് നിരക്ക് 25 ബേസിസ് പോയിന്റാണ് വര്‍ധിപ്പിച്ചത്. ക്രെഡിറ്റ് സ്‌കോര്‍ 760 അതിനു മുകളിലോ ഉള്ളവര്‍ക്ക് പ്രതിവര്‍ഷം 8.70 ശതമാനം പലിശയില്‍ നല്‍കുന്ന വായ്പയുടെ പ്രത്യേക ഓഫര്‍ മാര്‍ച്ച് 31 വരെ തുടരും.

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് ആര്‍ബിഐ, റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റാണ് രണ്ടാഴ്ച മുമ്പ് ഉയര്‍ത്തിയത്.ഈ ആറാം വര്‍ധനയോടെ റിപ്പോ നിരക്ക് 6.5 ശതമാനമായി. ആര്‍ബിഐയുടെ നിരക്ക് വര്‍ധനക്ക് പിന്നാലെ എസ് ബി ഐ അടക്കം ഏതാണ്ടെല്ലാം ബാങ്കുകളും നിരക്ക് വര്‍ധിപ്പിച്ചിരുന്നു. എംസിഎല്‍ ആര്‍ നിരക്ക് 10 ബേസിസ് പോയിന്റ് മുതലാണ് വര്‍ധിപ്പിച്ചത്.

കൊട്ടക് മഹീന്ദ്ര ബാങ്ക് 5 ബേസിസ് പോയിന്റാണ് നിരക്കുയര്‍ത്തിയത്. ഐസിഐസിഐ ബാങ്കും 10 ബേസിസ് പോയിന്റാണ് എംസിഎല്‍ആര്‍ നിരക്കുയര്‍ത്തിയിട്ടുള്ളത്. ഒരു മാസത്തെ കാലാവധിയുള്ള എംസിഎല്‍ആര്‍ നിരക്ക് 8.40 ശതമാനത്തില്‍ നിന്ന് 8.50 ശതമാനമായി. മൂന്ന്, ആറ് മാസങ്ങളിലേക്കുള്ള എംസിഎല്‍ആര്‍ നിരക്ക് യഥാക്രമം 8.55 ശതമാനവും, 8.70 ശതമാനവുമായി. ഒരു വര്‍ഷത്തെ എംസിഎല്‍ആര്‍ നിരക്ക് 8.75 ശതമാനമാണ്.


Tags:    

Similar News