റിപ്പോ വര്‍ധന നിങ്ങളുടെ ഭവന-വാഹന വായ്പകളുടെ ഇഎംഐ എത്ര ഉയർത്തും?

വായ്പ പലിശ നിരക്കില്‍  വര്‍ധന പ്രതീക്ഷിച്ചിരുന്നുവെങ്കിലും ജൂണില്‍ ചേരുന്ന ധനസമിതി യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് പൊതുവെ കരുതിയത്. എന്നാല്‍ അപ്രതീക്ഷിതമായി വിളിച്ച പത്രസമ്മേളനത്തില്‍ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്താ ദാസ് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് പുതിയ നിരക്ക് പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് നിലവിലെ 4 ല്‍ നിന്ന് 4.40 ശതമാനമായി ഉയര്‍ത്തി. ഒപ്പം കരുതല്‍ ധനാനുപാതത്തിലും വര്‍ധനയുണ്ട്. ഇത് 0.5 ശതമാനം വര്‍ധിപ്പിച്ച് 4.5 നിലയിലേക്ക് എത്തിച്ചു. ഇതോടെ വായ്പാ പലിശയില്‍ നല്ല വര്‍ധനയുണ്ടാകുമെന്ന് ഉറപ്പായി.

Update: 2022-05-04 04:44 GMT

വായ്പ പലിശ നിരക്കില്‍ വര്‍ധന പ്രതീക്ഷിച്ചിരുന്നുവെങ്കിലും ജൂണില്‍ ചേരുന്ന ധനസമിതി യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് പൊതുവെ കരുതിയത്. എന്നാല്‍ അപ്രതീക്ഷിതമായി വിളിച്ച പത്രസമ്മേളനത്തില്‍ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്താ ദാസ് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് പുതിയ നിരക്ക് പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് നിലവിലെ 4 ല്‍ നിന്ന് 4.40 ശതമാനമായി ഉയര്‍ത്തി. ഒപ്പം കരുതല്‍ ധനാനുപാതത്തിലും വര്‍ധനയുണ്ട്. ഇത് 0.5 ശതമാനം വര്‍ധിപ്പിച്ച് 4.5 നിലയിലേക്ക് എത്തിച്ചു. ഇതോടെ വായ്പാ പലിശയില്‍ നല്ല വര്‍ധനയുണ്ടാകുമെന്ന് ഉറപ്പായി.

പലിശയില്‍ സമര്‍ദ്ദം

ഭവന വായ്പയുടെ ഇ എം ഐ അടവ് കൂടുമോ? ആര്‍ ബി ഐ യുടെ ധനനയം സംബന്ധിച്ച വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഒരു ശരാശരി ഇടത്തട്ടുകാരന്റെ മനസില്‍ ഉയരുന്ന ചോദ്യമിതാണ്. കാരണം കോവിഡ് പോലുള്ള പ്രതിസന്ധി എറ്റവും അധികം ബാധിച്ചത് ഇവരെയാണ്. തൊഴില്‍ നഷ്ടമായവരും വരുമാനം കുറഞ്ഞവരും ഉള്‍പ്പെടുന്ന മധ്യവര്‍ത്തി കുടുംബത്തിന്റെ ഈ ആശങ്കയ്ക്ക് അടിസ്ഥാനം ഉണ്ട് താനും. നിലവില്‍ രണ്ട് പതിറ്റാണ്ട് കാലത്തെ ഏറ്റവും ചുരുങ്ങിയ പലിശ നിരക്കാണ് രാജ്യത്ത് തുടരുന്നത്. അതിന്റെ നേട്ടം ഇ എം ഐ അടയ്ക്കുന്നവര്‍ക്ക് ലഭിച്ചിട്ടുമുണ്ട്. നിലവില്‍ 0.4 ശതമാനമാണ് റിപ്പോ വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതു കൂടാതെയാണ് സിആര്‍ആര്‍-ല്‍ അര ശതമാനം വര്‍ധന വരുത്തിയത്. റിപ്പോ നിരക്കിലെ 0.4 ശതമാനം വര്‍ധന വായ്പാ പലിശയില്‍ അര ശതമാനം വരെ വര്‍ധനയ്ക്ക് കാരണമാകും. ഇതോടൊപ്പം ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കുന്ന കരുതല്‍ ധന അനുപാതത്തിലെ വര്‍ധന അവ കൈകാര്യം ചെയ്യുന്ന പണത്തിന്റെ അളവില്‍ കുറവ് വരുത്തുകയും അത് വായ്പാ പലിശയില്‍ സമര്‍ദമുണ്ടാക്കുകയും ചെയ്യും. ഇതും പലിശ നിരക്ക് ഉയരാന്‍ കാരണമാകും. പൊതുവെ 0.5 ശതമാനം വര്‍ധന വായ്പാ പലിശയില്‍ ഉണ്ടാകാമെന്നാണ് കണക്കു കൂട്ടല്‍.

ഇഎം ഐ എത്ര കൂടും?

നിലവില്‍ 20 ലക്ഷം രൂപ 20 വര്‍ഷത്തെ കാലാവധിയില്‍ വായ്പ എടുത്ത് 6.7 ശതമാനം പലിശ നിരക്കില്‍ അടവ് തുടരുകയാണെങ്കില്‍ മാസ ഗഢു 15,148 രൂപയാകും. ഇത് 7.1 ശതമാനം പലിശ നിരക്കിലാണെങ്കില്‍ മാസ ഗഢു 15,626 രൂപയായി ഉയരും. അതായത് 478 രൂപയുടെ മാസ വര്‍ധന. വായ്പാ തുക കൂടുകയും, തിരിച്ചടവ് കാലാവധി ഉയരുകയും ചെയ്യുന്നതിനനുസരണമായി ഇത് ഉയരും.

രണ്ട് ശതമാനം കുറഞ്ഞു

രണ്ട് വര്‍ഷം മുമ്പ് ശരാശരി 8 ശതമാനമായിരുന്ന ഭവന വായ്പാ പലിശ നിരക്കില്‍ ഏറെ കുറവ് വന്നിട്ടുണ്ട്. നിലവില്‍ ചില സ്വകാര്യ മേഖലാ ധനകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ബാങ്കുകളുടെ കുറഞ്ഞ ഭവന വായ്പാ പലിശ നിരക്ക് 6.5 ശതമാനത്തിലാണ് തുടങ്ങുന്നത്. അതായത്, പലിശ നിരക്കില്‍ രണ്ട് വര്‍ഷത്തിനിപ്പുറം രണ്ട് ശതമാനത്തിന്റെയെങ്കിലും കുറവുണ്ടായിട്ടുണ്ട്. ഭവന, വാഹന, വിദ്യാഭ്യാസ വായ്പകളിലെല്ലാം ഇത് പ്രതിഫലിക്കുന്നുമുണ്ട്. ഇത്തരം വായ്പകള്‍ എടുക്കുന്നത് സാധാരണക്കാരായതിനാല്‍ വലിയ ആശ്വാസമായി ഇപ്പോഴും തുടരുന്നു. ഇതിനാണ് വിരാമമാകുന്നത്.

പണപ്പെരുപ്പം

നിലവില്‍ റിപ്പോ നിരക്ക് 4 ശതമാനവും റിവേഴ്‌സ് റിപ്പോ 3.35 ശതമാനവുമാണ്. കഴിഞ്ഞ 20 മാസമായി റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. 2020 മേയ് മാസത്തിലാണ് അവസാനമായി റിപ്പോ കുറച്ചത്. കോവിഡിനു മുമ്പേ തുടങ്ങിയ സാമ്പത്തിക തളര്‍ച്ച പരിഹരിക്കാന്‍ തുടര്‍ച്ചയായി കുറച്ചാണ് റിപ്പോ 4 ശതാനത്തില്‍ എത്തിച്ചത്. 2001 ഏപ്രില്‍ മാസത്തിലാണ് മുമ്പ് ഇതേ നിരക്കില്‍ റിപ്പോ എത്തിയത്. ഇതോടെ പലിശ നിരക്ക് രണ്ട് പതിറ്റാണ്ട് മുമ്പത്തെ താഴ്ചയിലേക്ക് പോയിരുന്നു.

Tags:    

Similar News