എന്‍പിഎസിലെ ഡെത്ത് ക്ലെയിം, നോമിനി വെരിഫിക്കേഷന്‍ ഇനി വീഡിയോ വഴിയും

  • ഇ-എന്‍പിഎസ് വഴിയുള്ള ഡെത്ത് ക്ലെയിമുകളുടെ പ്രോസസിന് എന്‍പിഎസ് ട്രസ്റ്റ് വിസിഐപി നടപടിക്രമം ഉപയോഗിച്ചേക്കാമെന്നും പിഎഫ്ആര്‍ഡിഎ.

Update: 2023-01-25 05:20 GMT

ഡെല്‍ഹി: എന്‍പിഎസ് ഉപഭോക്താവ് മരിച്ചാല്‍ ക്ലെയിം പിന്‍വലിക്കണമെങ്കില്‍ നോമിനി അല്ലെങ്കില്‍ നിയമപരമായ അവകാശി ആരാണെന്ന് തെളിയിക്കേണ്ടതുണ്ട്. അതിനായി ഇനി വീഡിയോ ബേസ്ഡ് ഐഡന്റിഫിക്കേഷന്‍ പ്രോസസ് (വിസിഐപി) ഉപയോഗിക്കാമെന്നാണ് പിഎഫ്ആര്‍ഡിഎയുടെ (പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി അതോറിറ്റി) പുതിയ നിര്‍ദ്ദേശം.

എന്‍പിഎസിന്റെ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍, പിഎഫ്ആര്‍ഡിഎ, എന്‍പിഎസ് ട്രസ്റ്റ്, പോയിന്റ് ഓഫ് പ്രസന്‍സ് (പിഒപിഎസ്) എന്നിവയോട് ഈ സേവനം ആവശ്യമെങ്കില്‍ ഉപയോഗിച്ചാല്‍ മതി എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും പോയിന്റ് ഓഫ് പ്രസന്‍സ് (പിഒപി) പ്രത്യേകിച്ച് ഓണ്‍ലൈന്‍ പിഒപികളോട് ഈ സേവനം പ്രയോജനപ്പെടുത്തണമെന്നും കൃത്യമായി പരിശോധിച്ച് ഉറപ്പാക്കി, സമയ നഷടമില്ലാതെ ക്ലെയിം നടപടികള്‍ പൂര്‍ത്തിയാക്കണമെന്നുമാണ് പിഎഫ്ആര്‍ഡിഎയുടെ നിര്‍ദ്ദേശം.

ഇ-എന്‍പിഎസ് വഴിയുള്ള ഡെത്ത് ക്ലെയിമുകളുടെ പ്രോസസിന് എന്‍പിഎസ് ട്രസ്റ്റ് വിസിഐപി നടപടിക്രമം ഉപയോഗിച്ചേക്കാമെന്നും പിഎഫ്ആര്‍ഡിഎ അഭിപ്രായപ്പെടുന്നു. എന്‍പിഎസ് ട്രസ്റ്റിന് ഡെല്‍ഹിയില്‍ ഒരു ഓഫീസ് മാത്രമേയുള്ളൂ, എന്നാല്‍ ക്ലെയിമുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ക്ലെയിമുകള്‍ ലഭിക്കും.

അതിനാല്‍, പിഎഫ്ആര്‍ഡിഎയുടെ ഈ പുതിയ നീക്കം രാജ്യത്ത് ഓണ്‍ലൈന്‍ സാന്നിധ്യം അധികമുള്ള സെറോദ, പേടിഎം മുതലായ പിഒപികളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് സഹായകരമാണ്. വിസിഐപി സൗകര്യം നടപ്പിലാക്കാനുള്ള തീരുമാനമെടുത്തിട്ടുണ്ടെങ്കിലും, ഈ സൗകര്യം സജീവമാകാന്‍ കുറച്ച് സമയമെടുത്തേക്കാമെന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നത്.

ഇതിനകം തന്നെ, എന്‍പിഎസില്‍ ആദ്യമായി അംഗമാകുന്നവര്‍ അല്ലെങ്കില്‍ സാധാരണ രീതിയില്‍ എന്‍പിഎസില്‍ നിന്നും ഒഴിവാകുന്നവര്‍ എന്നിവര്‍ക്ക് വീഡിയോ അടിസ്ഥാനമാക്കിയുള്ള കസ്റ്റമര്‍ ഐഡന്റിഫിക്കേഷന്‍ ഉപയോഗിക്കാന്‍ 2020 ഒക്ടോബര്‍ മുതല്‍ പിഎഫ്ആര്‍ഡിഎ അനുവദിച്ചിരുന്നു. ഈ സൗകര്യമാണ് നോമിനികള്‍ക്കും, ഡെത്ത് ക്ലെയിം ചെയ്യുന്നവര്‍ക്കും അവരുടെ ഐഡന്റിഫിക്കേഷന്‍ സ്ഥിരീകരിക്കാനായി വിപുലീകരിക്കുന്നത്.

ആധാര്‍ ഇ-കെവൈസി അല്ലെങ്കില്‍ ഡിജിലോക്കര്‍ ഉപയോഗിച്ച് നോമിനിയുടെ വിവരങ്ങള്‍ രേഖപ്പെടുത്താമെന്ന് പിഎഫ്ആര്‍ഡിഎ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു വ്യക്തി ഈ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കുന്നുണ്ടെങ്കില്‍, പിന്നീട് ശാരീരിക പരിശോധന ആവശ്യമില്ല. ഡെത്ത് ക്ലെയിമുകള്‍ വേഗത്തിലാക്കാനും, പേപ്പര്‍ രഹിത നടപടികള്‍ക്കും, തടസ്സമില്ലാതെ എക്സിറ്റ് ക്ലെയിം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും സഹായിക്കും.

Tags:    

Similar News