സായുധ സേനയിലെ പെന്‍ഷന്‍ പരിഷ്‌കരിച്ചു, വര്‍ധന 2,000 മുതല്‍ 10,000 രൂപ വരെ

ഈ പരിഷ്‌കാരം 25 ലക്ഷത്തിലധികം പെന്‍ഷന്‍കാര്‍ക്ക് പ്രയോജനപ്പെടും. 2019 ജൂലൈ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പെന്‍ഷന്‍ പരിഷ്‌കരണം. ജൂലായ് 1 2019 മുതലൂളള അരിയര്‍ കുടിശിക നാല് അര്‍ദ്ധവാര്‍ഷിക ഗഡുക്കളായി നല്‍കാനാണ് കേന്ദ്രമന്ത്രിസഭ തീരുമാനം

Update: 2022-12-24 11:10 GMT



ഡെല്‍ഹി: വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ സ്‌കീമിന് കീഴില്‍ സായുധ സേനയിലെ പെന്‍ഷന്‍ അര്‍ഹതയുള്ളവരുടെയും കുടുംബ പെന്‍ഷന്‍കാരുടെയും പെന്‍ഷന്‍ പുതുക്കാന്‍ കേന്ദ്ര അംഗീകാരം. ഈ പരിഷ്‌കാരം 25 ലക്ഷത്തിലധികം പെന്‍ഷന്‍കാര്‍ക്ക് പ്രയോജനപ്പെടും.


2019 ജൂലൈ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പെന്‍ഷന്‍ പരിഷ്‌കരണം. ജൂലായ് 1 2019 മുതലൂളള അരിയര്‍ കുടിശിക നാല് അര്‍ദ്ധവാര്‍ഷിക ഗഡുക്കളായി  നല്‍കാനാണ് കേന്ദ്രമന്ത്രിസഭ തീരുമാനം. എന്നാല്‍, സ്‌പെഷ്യല്‍ അല്ലെങ്കില്‍ ലിബറലൈസ്ഡ് ഫാമിലി പെന്‍ഷന്‍, ഗാലന്‍ട്രി അവാര്‍ഡ് ജേതാക്കള്‍ എന്നിവരുള്‍പ്പെടെ എല്ലാ കുടുംബ പെന്‍ഷന്‍കാര്‍ക്കും ഒറ്റ ഗഡുവായി കുടിശ്ശിക നല്‍കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ശിപായി മുതല്‍ ലഫ്റ്റനന്റ് ജനറല്‍ വരെയുള്ള പത്ത് തസ്തികകളിലെ പെന്‍ഷനില്‍ 2,027 രൂപ മുതല്‍ 10,535 രൂപവരെയാണ് പുതിയ പരിഷ്‌കാരമനുസരിച്ച് വര്‍ധനയുണ്ടാകുക. ഈ പത്ത് തസ്തികകളില്‍ കുടിശ്ശികയായി 87,000 രൂപ മുതല്‍ 4,32,000 രൂപ വരെ ലഭിക്കും.

കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധ സേനയിലെ ജീവനക്കാര്‍ക്കും കുടുംബ പെന്‍ഷന്‍കാര്‍ക്കും വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കുന്നത് 2015 നവംമ്പറിലാണ്. പെന്‍ഷന്‍ അഞ്ച് വര്‍ഷം കൂടുമ്പോള്‍ പുനര്‍നിര്‍ണയിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നതാണ്. ഒആര്‍ഒപി നടപ്പിലാക്കുന്നതിനായി കേന്ദ്രം എട്ട് വര്‍ഷത്തിനിടെ ഏകദേശം 57,000 കോടി രൂപ (പ്രതിവര്‍ഷം 7,123 കോടി രൂപ) ചെലവഴിച്ചിട്ടുണ്ടെന്നാണ് വ്യക്തമാക്കുന്നത്.


Tags:    

Similar News