ആധാറുമായി പാന്‍ ലിങ്ക് ചെയ്തില്ലേ? നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ഇതൊരു തടസമാകില്ല

  • വെരിഫിക്കേഷനുള്ള ഒടിപിയ്ക്ക് പകരം വേറെ മാര്‍ഗങ്ങള്‍ ഉപയോഗിക്കേണ്ടി വരും
  • റീഫണ്ടിംഗ് പ്രോസസ് അത്ര എളുപ്പമാകില്ല
  • കുടിശ്ശികയുള്ള നികുതി റിട്ടേണും ഇപ്പോള്‍ സമര്‍പ്പിക്കാം

Update: 2024-03-23 11:11 GMT

ആധാറും പാനും തമ്മില്‍ ലിങ്ക് ചെയ്യാനുള്ള കാലാവധി 2023 ജൂണില്‍ അവസാനിച്ചിരുന്നു. അന്ന് ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ കാര്‍ഡുകള്‍ അസാധുവാകുമെന്നാണ് പറഞ്ഞിരുന്നത്. പിന്നീട് ഇത്തരം പാന്‍കാര്‍ഡുകള്‍ സജീവമാണെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് ആധാറും പാനും ലിങ്ക് ചെയ്തില്ലെങ്കിലും അതൊരു തടസമാകില്ലെന്ന് ഓര്‍ക്കുക.

പ്രവര്‍ത്തന രഹിതമായ പാന്‍കാര്‍ഡ്

നികുതിദായകന്റെ ആധാര്‍ നമ്പറുമായി ലിങ്കുചെയ്യാത്ത പാന്‍ കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാണെന്നാണ് പറയപ്പെടുന്നത്.

ഒടിപി വരില്ല

റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ പാന്‍ നിര്‍ബന്ധമല്ലെങ്കിലും വെരിഫിക്കേഷന്‍ പ്രക്രിയയില്‍ ആധാര്‍ ഒടിപി വരില്ല. പകരം, നെറ്റ് ബാങ്കിംഗ്, എടിഎം അല്ലെങ്കില്‍ മറ്റ് അംഗീകൃത മാര്‍ഗങ്ങളിലൂടെ ഇലക്ട്രോണിക് വെരിഫിക്കേഷന്‍ കോഡ് (ഇവിസി) സൃഷ്ടിക്കുന്നത് പോലുള്ള  ബദല്‍ രീതികള്‍ ഉപയോഗിക്കാം.

നികുതി റിട്ടേണ്‍ എങ്ങനെ ചെയ്യാം

പാന്‍ പ്രവര്‍ത്തനരഹിതമായാലും ഒരാള്‍ക്ക് കുടിശ്ശികയുള്ള ആദായനികുതി അടയ്ക്കാനും ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യാനും കഴിയുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പാന്‍ പ്രവര്‍ത്തനരഹിതമാണെങ്കിലും ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന പ്രക്രിയകള്‍ അതേപടിയായിരിക്കും.

  • ആദായനികുതി ഇ-ഫയലിംഗ് പോര്‍ട്ടലിലെ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുക
  • ഇ-ഫയല്‍ വിഭാഗത്തിലേക്ക് പ്രവേശിക്കുക
  • ആദായനികുതി റിട്ടേണ്‍ ഫയലിംഗിനുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കുക
  • ആവശ്യമായ വിശദാംശങ്ങളും രേഖകളും നല്‍കി നികുതി റിട്ടേണ്‍ പൂര്‍ത്തിയാക്കാം.

ആദായനികുതി റീഫണ്ട്

എന്നാല്‍, പാന്‍ നിഷ്‌ക്രിയമാണെങ്കില്‍ വിവിധ പ്രത്യാഘാതങ്ങളുമുണ്ടെന്ന് ഓര്‍ക്കുക. നിഷ്‌ക്രിയ പാന്‍ ഉപയോഗിച്ച് ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യുകയാണെങ്കില്‍, റീഫണ്ടോ പലിശയോ ക്ലെയിം ചെയ്യാന്‍ കഴിയില്ല. റീഫണ്ട് ക്ലെയിമുകള്‍ക്ക് ആധാറും പാനും ലിങ്ക് ചെയ്യേണ്ടത് നിര്‍ബന്ധമാണ്. റീഫണ്ട് കുടിശ്ശികയുണ്ടെങ്കില്‍, നികുതിദായകന് റീഫണ്ട് നല്‍കുകയോ അതിന് പലിശ നല്‍കുകയോ ചെയ്യില്ല. പാന്‍ പ്രവര്‍ത്തനക്ഷമമാകുന്ന തീയതി മുതല്‍ മാത്രമേ റീഫണ്ടിന്റെ പലിശ നല്‍കൂവെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ മാര്‍ച്ച് 31 വരെ സമയം

ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) സമര്‍പ്പിക്കാന്‍ മാര്‍ച്ച് 31 വരെയാണ് സമയം. നികുതിദായകര്‍ക്ക് 2021-22, 2022-23, 2023-24 വര്‍ഷങ്ങളിലെ അപ്‌ഡേറ്റുചെയ്ത റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള ഓപ്ഷനും ഉണ്ട്. അപ് ഡേറ്റുചെയ്ത റിട്ടേണിനൊപ്പം കുടിശ്ശികയുള്ള ഏതെങ്കിലും അധിക നികുതി അടയ്ക്കുന്നുണ്ടെങ്കില്‍ അക്കാര്യം വ്യക്തമാക്കണം. 2023-24 വര്‍ഷത്തില്‍ (അസസ്‌മെന്റ് വര്‍ഷം 2024-25) ഓഡിറ്റ് ആവശ്യമില്ലാത്ത വ്യക്തികള്‍ക്ക് അവരുടെ ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) സമര്‍പ്പിക്കാനുള്ള സമയപരിധി 2024 ജൂലൈ 31 ആണ്.

Tags:    

Similar News