ആദായ നകുതി ഘടന പുതിയതോ പഴയതോ ഏതാണ് മികച്ചത്‌

  • ശമ്പള വരുമാനക്കാര്‍ക്ക് 50,000 രൂപയുടെ സ്റ്റാന്‍ഡാര്‍ഡ് ഡിഡക്ഷന്‍
  • പുതിയ ഘടന താഴ്ന്ന, ഇടത്തരം വരുമാനക്കാര്‍ക്ക് ആകര്‍ഷകമാകും
  • ഏത് നികുതി ഘടന തെരഞ്ഞെടുക്കണമെന്നത് നികുതിദായകന്റെ താല്‍പര്യമാണ്

Update: 2024-03-16 08:40 GMT

മാര്‍ച്ച് 31 ആണ് 2023-24 വര്‍ഷത്തെ ആദായ നികുതി അടയ്ക്കാനുള്ള അവസാന തീയതി. നികുതിദായകരില്‍ പലര്‍ക്കും പുതിയ നികുതി ഘടന വേണോ, പഴയ നികുതി ഘടന വേണോ എന്നൊരു ആശങ്കയുണ്ടാകും. ഓരോരുത്തരുടെയും വരുമാനം വ്യത്യസ്തമാണ്. ഏത് നികുതി ഘടന തെരഞ്ഞെടുക്കണമെന്നത് നികുതിദായകന്റെ താല്‍പര്യമാണ്. രണ്ട് നികുതി ഘടനയിലെയും നികുതി എത്രത്തോളം വരുമെന്ന് കണക്കാക്കി വേണം ഏത് തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാന്‍. പുതിയ നികുതി സ്ലാബ് തെരഞ്ഞെടുക്കുന്നവര്‍ പിന്നീടും അത് തുടരേണ്ടി വരും.

പുതിയ ഘടന

നികുതി ഘടന ലളിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2020 ലെ ബജറ്റില്‍ പുതിയ നികുതി ഘടന അവതരിപ്പിച്ചത്. പക്ഷേ, അത് നികുതിദായകരെ കൂടുതല്‍ ആശങ്കയിലാക്കുകയും നികുതി അടയ്ക്കല്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയുമാണ് ചെയ്തത്. പുതിയ നികുതി ഘടനയില്‍ നികുതി റിബേറ്റ് പരിധി ഉയര്‍ത്തി. പുതിയ നികുതി ഘടനയില്‍ ഏഴ് ലക്ഷം രൂപ വരെ വരമാനമുള്ളവര്‍ക്ക് പൂര്‍ണമായും നികുതിയിളവ് ലഭ്യമാണ്.

പുതിയ നികുതി ഘടന സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ കുറവായതോടെയാണ് 2023 ലെ ബജറ്റില്‍ ഏതാനും ഇളവുകള്‍ കൂടി പ്രഖ്യാപിച്ചത്. ശമ്പള വരുമാനക്കാര്‍ക്ക് 50,000 രൂപയുടെ സ്റ്റാന്‍ഡാര്‍ഡ് ഡിഡക്ഷന്‍, കുടുംബ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് നികുതിയില്‍ 15,000 രൂപയുടെ അല്ലെങ്കില്‍ പെന്‍ഷന്‍ തുകയുടെ മൂന്നില്‍ ഒന്ന് ഏതാണോ കുറവ് അതിന് ഇളവ് ലഭിക്കും. ഉയര്‍ന്ന വരുമാനമുള്ള വ്യക്തികളുടെ സര്‍ച്ചാര്‍ജ് 37 ശതമാനത്തില്‍ നിന്നും 25 ശതമാനമായി കുറച്ചു.

പഴയ നികുതി ഘടന

പഴയ നികുതി ഘടനയില്‍ അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് നികുതിയിളവ് അനുവദനീയമാണ്. ഈ വ്യവസ്ഥയ്ക്ക് കീഴില്‍, എച്ച്ആര്‍എ, എല്‍ടിഎ എന്നിവയുള്‍പ്പെടെ 70 ലധികം ഇളവുകളും കിഴിവുകളും ലഭ്യമാണ്, അത് നികുതി നല്‍കേണ്ട വരുമാനം കുറയ്ക്കുകയും നികുതി പേയ്‌മെന്റുകള്‍ കുറയ്ക്കുകയും ചെയ്യും. ഏറ്റവും ജനപ്രിയവും ഉദാരവുമായ കിഴിവ് നല്‍കുന്ന സെക്ഷന്‍ 80 സി ആണ്, ഇത് 1.5 ലക്ഷം രൂപ വരെയുള്ള നികുതിയിളവ് അനുവദിക്കുന്നു.

നിക്ഷേപം മറക്കേണ്ട

പഴയതോ, പുതിയതോ ആയ നികുതി ഘടന തെരഞ്ഞെടുത്താലും നികുതിദായകന്‍ മറക്കരുതാത്ത കാര്യം നിക്ഷേപമാണ്. പഴയ നികുതി ഘടനയില്‍ നിക്ഷേപങ്ങള്‍ക്ക് നികുതിയിളവ് നല്‍കുന്നതിലൂടെ അവയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നുണ്ട്. എന്നാല്‍ പുതിയതില്‍ അതില്ല. അതുകൊണ്ട് തന്നെ നികുതിദായകന്റെ പക്കല്‍ കൂടുതല്‍ തുക എത്തും വിധമാണ് ഈ ഘടന. പുതിയ നികുതി ഘടന തെരഞ്ഞെടുക്കുന്നവര്‍ക്ക് നിക്ഷേപിക്കുകയോ, നിക്ഷേപിക്കാതിരിക്കുകയോ ചെയ്യാം.

ശരിയായത് തെരഞ്ഞെടുക്കാം

ഏറ്റവും മികച്ച നികുതിഘടന നിങ്ങളുടെ വ്യക്തിഗത സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. അതിനായി പരിഗണിക്കേണ്ട ചില ഘടകങ്ങള്‍ ഇതാണ്.

വരുമാനം: നിങ്ങള്‍ക്ക് ധാരാളം നികുതി കിഴിവുകള്‍ ലഭ്യമാണെങ്കില്‍, പഴയ വ്യവസ്ഥ കൂടുതല്‍ പ്രയോജനകരമായേക്കാം. എന്നാല്‍ സമീപകാലത്തെ റിബേറ്റ് വര്‍ധന നോക്കുമ്പോള്‍ പുതിയ ഘടന താഴ്ന്ന, ഇടത്തരം വരുമാനക്കാര്‍ക്ക് ആകര്‍ഷകമാകും.

നിക്ഷേപ ശീലങ്ങള്‍: നിങ്ങള്‍ വളരെയധികം നിക്ഷേപിക്കുകയും സെക്ഷന്‍ 80 സി പ്രകാരം കിഴിവുകള്‍ ക്ലെയിം ചെയ്യുകയും ചെയ്യുകയാണെങ്കില്‍, പഴയ വ്യവസ്ഥ മികച്ചതായിരിക്കും.

ലളിതം: ലളിതമായ നികുതി ഫയലിംഗ് പ്രക്രിയയാണ് നിങ്ങള്‍ ഇഷ്ടപ്പെടുന്നതെങ്കില്‍ പുതിയ ഘടന ഒരു നല്ല തിരഞ്ഞെടുപ്പായിരിക്കാം.

ഏതാണ് നിങ്ങള്‍ക്ക് ഏറ്റവും മികച്ചതെന്ന് കാണ്ടെത്താന്‍ രണ്ട് ഘടനകളും ഉപയോഗിച്ച് ചില കണക്കുകൂട്ടലുകള്‍ നടത്താം. അതിനായി ഓണ്‍ലൈന്‍ ടാക്‌സ് കാല്‍ക്കുലേറ്ററുകള്‍ കണ്ടെത്താം അല്ലെങ്കില്‍ വ്യക്തിഗത ഉപദേശത്തിനായി ഒരു നികുതി ഉപദേഷ്ടാവിനെ സമീപിക്കാം.

Tags:    

Similar News