ഫെബ്രു. 28-നുള്ളിൽ സെബി ചെയർമാൻ നിയമനത്തിൽ തീരുമാനം

ഡെൽഹി: നിലവിലെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI; സെബി) ചെയർമാൻ അജയ് ത്യാഗിയുടെ കാലാവധി ഈ മാസം അവസാനിക്കുമെന്നതിനാൽ സെബി ചെയർമാന്റെ നിയമനം സംബന്ധിച്ച് സർക്കാർ ഉടൻ തീരുമാനം എടുക്കും. മുതിർന്ന ഉദ്യോഗസ്ഥരും സെബിയുടെ മുൻ അംഗങ്ങളും ഈ സ്ഥാനത്തേക്ക് അപേക്ഷിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ . സെബി ചെയർമാൻ സ്ഥാനത്തേക്ക് 2021 ഒക്ടോബറിൽ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് ധനമന്ത്രാലയം അപേക്ഷ ക്ഷണിച്ചിരുന്നു, അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2021 ഡിസംബർ 6 ആയിരുന്നു. […]

Update: 2022-02-23 23:47 GMT

ഡെൽഹി: നിലവിലെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI; സെബി) ചെയർമാൻ അജയ് ത്യാഗിയുടെ കാലാവധി ഈ മാസം അവസാനിക്കുമെന്നതിനാൽ സെബി ചെയർമാന്റെ നിയമനം സംബന്ധിച്ച് സർക്കാർ ഉടൻ തീരുമാനം എടുക്കും.

മുതിർന്ന ഉദ്യോഗസ്ഥരും സെബിയുടെ മുൻ അംഗങ്ങളും ഈ സ്ഥാനത്തേക്ക് അപേക്ഷിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ .

സെബി ചെയർമാൻ സ്ഥാനത്തേക്ക് 2021 ഒക്ടോബറിൽ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് ധനമന്ത്രാലയം അപേക്ഷ ക്ഷണിച്ചിരുന്നു, അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2021 ഡിസംബർ 6 ആയിരുന്നു.

ത്യാഗിക്ക് വീണ്ടും കാലാവധി നീട്ടി നൽകുമോ അതോ പുതിയ നിയമനം നടത്തുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

"അപേക്ഷ ക്ഷണിക്കുന്ന പ്രക്രിയ ഇതിനകം നടന്നിട്ടുണ്ട്… ഷോർട്ട്‌ലിസ്റ്റിംഗ് ഇനിയും പൂർത്തിയാകാനുണ്ട്", ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ത്യാഗിയുടെ കാലാവധി ഈ മാസം അവസാനിക്കുന്നത് സംബന്ധിച്ച ഒരു ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവർ.

നിലവിലെ അംഗത്തിന് കാലാവധി നീട്ടി ൻൽകുമോ അതോ പുതിയ ആളെ നിയമിക്കുമോ എന്ന ചോദ്യത്തിന്, “ഞങ്ങൾ എന്താണ് ചെയ്യാൻ പോകുന്നത് എന്നറിയാൻ ഫെബ്രുവരി 28 വരെ കാത്തിരിക്കണം,” എന്ന് അവർ പറഞ്ഞു.

ഹിമാചൽ പ്രദേശ് കേഡറിലെ 1984 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ത്യാഗിയെ 2017 മാർച്ച് 1 ന് മൂന്ന് വർഷത്തേക്ക് സെബി ചെയർമാനായി നിയമിച്ചു. തുടർന്ന്, അദ്ദേഹത്തിന് ആറ് മാസത്തെ കാലാവധി നീട്ടി നൽകുകയും പിന്നീട് 2020 ഓഗസ്റ്റിൽ അദ്ദേഹത്തിന്റെ കാലാവധി 18 മാസം കൂടി നീട്ടുകയും ചെയ്തു.

റെഗുലേറ്റർമാരെ നിയമിക്കുന്നതിനുള്ള നടപടിക്രമം അനുസരിച്ച്, ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഫിനാൻഷ്യൽ സെക്ടർ റെഗുലേറ്ററി അപ്പോയിന്റ്മെന്റ് സെർച്ച് കമ്മിറ്റി (FSRASC) ആണ് ഉദ്യോഗാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നത്.

ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ സാമ്പത്തിക കാര്യ സെക്രട്ടറിയും സാങ്കേതിക പരിജ്ഞാനമുള്ള മൂന്ന് ബാഹ്യ അംഗങ്ങളും അടങ്ങുന്ന പാനലാണ് അഭിമുഖം നടത്തുന്നത്. പരസ്യപ്പെടുത്തിയ തസ്തികയിലേക്ക് അപേക്ഷിച്ചവരെ കൂടാതെ മറ്റ് ചില പേരുകളും ശുപാർശ ചെയ്യാൻ ഉന്നതതല പാനലിന് അധികാരമുണ്ട്.

ആശയവിനിമയത്തേയും അഭിമുഖത്തെയും അടിസ്ഥാനമാക്കി പിന്നീട്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ക്യാബിനറ്റിന്റെ അപ്പോയിന്റ്‌മെന്റ് കമ്മിറ്റിയിലേക്ക് പേര് ശുപാർശ ചെയ്യുന്നു.

2021 ഒക്ടോബർ 28 ന് പുറത്തിറക്കിയ ഒരു പരസ്യത്തിൽ, ധനമന്ത്രാലയം സെബി ചെയർമാൻ സ്ഥാനത്തേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരുന്നു.

പരമാവധി അഞ്ച് വർഷത്തേക്കോ അല്ലെങ്കിൽ 65 വയസ്സ് പൂർത്തിയാകുന്നത് വരെയോ ആണ് നിയമനം.

ഡി ആർ മേത്തയ്ക്ക് ശേഷം ഏറ്റവും കൂടുതൽ കാലം സെബിയുടെ തലവനായ യു കെ സിൻഹയ്ക്ക് സർക്കാർ മൂന്ന് വർഷത്തേക്ക് കാലാവധി നീട്ടി നൽകിയിരുന്നു. ത്യാഗി ചുമതലയേൽക്കുന്നതിന് മുമ്പ് സിൻഹയായിരുന്നു സെബിയുടെ തലപ്പത്ത്.

ത്യാഗിയുടെ കാര്യത്തിൽ സർക്കാർ രണ്ടുതവണ നിയമന വിജ്ഞാപനം പുറപ്പെടുവിച്ചു.

2017 ഫെബ്രുവരി 10-ന് പുറപ്പെടുവിച്ച ആദ്യ വിജ്ഞാപനമനുസരിച്ച്, സാമ്പത്തിക കാര്യ വകുപ്പിൽ അഡീഷണൽ സെക്രട്ടറി (നിക്ഷേപം) ആയിരുന്ന ത്യാഗിയെ അഞ്ച് വർഷത്തിൽ കൂടാത്ത കാലയളവിലേക്കോ 65 വയസ്സ് പൂർത്തിയാകുന്നത് വരെയോ സെബി ചെയർമാനായി നിയമിച്ചു.

Tags: