വനിതാ സംരംഭകർക്ക് ഉണർവേകി 'കെയർ 4 യു' ഫെസിലിറ്റി മാനേജ്മെന്റ്
ഇന്ന് ലോക വനിതാ ദിനത്തിൽ ഇവിടെ പരിചയപ്പെടുത്തുന്നത് കെയർ4യു ഫെസിലിറ്റി മാനേജ്മെന്റ് സർവീസ് എന്ന സംഘടനയെയാണ്. 2016-ൽ കൊച്ചിയിൽ ആരംഭിച്ച ഈ ഗ്രൂപ് വനിതാ സംരംഭകർക്ക് വേണ്ട സഹായങ്ങൾ നൽകുന്നു.വി സ്റ്റാർ ക്രീയേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറായ ഷീല കൊചൗസേപ്പ് ചിറ്റിലപ്പിള്ളി മുൻകൈയെടുത്തു ആരംഭിച്ച ഈ കൂട്ടായ്മയിൽ നിലവിൽ 200 ലധികം പേർ അംഗങ്ങളാണ്. സാക്ഷരതയിൽ ഏറെ മുന്നിലെന്ന് അവകാശപ്പെടുന്നവരാണ് നമ്മൾ മലയാളികൾ. എങ്കിലും സ്വന്തം അവകാശങ്ങൾ നേടിയെടുക്കുന്നതിനും ചൂഷണങ്ങളിൽ നിന്ന് സ്വയംരക്ഷ കണ്ടെത്താനും എത്രമാത്രം പ്രാപ്തയാണ് […]
ഇന്ന് ലോക വനിതാ ദിനത്തിൽ ഇവിടെ പരിചയപ്പെടുത്തുന്നത് കെയർ4യു ഫെസിലിറ്റി മാനേജ്മെന്റ് സർവീസ് എന്ന സംഘടനയെയാണ്. 2016-ൽ കൊച്ചിയിൽ ആരംഭിച്ച ഈ ഗ്രൂപ് വനിതാ സംരംഭകർക്ക് വേണ്ട സഹായങ്ങൾ നൽകുന്നു.വി സ്റ്റാർ ക്രീയേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറായ ഷീല കൊചൗസേപ്പ് ചിറ്റിലപ്പിള്ളി മുൻകൈയെടുത്തു ആരംഭിച്ച ഈ കൂട്ടായ്മയിൽ നിലവിൽ 200 ലധികം പേർ അംഗങ്ങളാണ്.
സാക്ഷരതയിൽ ഏറെ മുന്നിലെന്ന് അവകാശപ്പെടുന്നവരാണ് നമ്മൾ മലയാളികൾ. എങ്കിലും സ്വന്തം അവകാശങ്ങൾ നേടിയെടുക്കുന്നതിനും ചൂഷണങ്ങളിൽ നിന്ന് സ്വയംരക്ഷ കണ്ടെത്താനും എത്രമാത്രം പ്രാപ്തയാണ് കേരളത്തിലെ സ്ത്രീകൾ എന്നത് സംശയകരമാണ്.
മറ്റേതൊരു സംസ്ഥാനത്തേക്കാളും നല്ല വിദ്യാഭ്യാസവും, ആരോഗ്യ സംവിധാനങ്ങളും, പരിരക്ഷയും കേരളത്തിലെ സ്ത്രീക്കുണ്ടെന്ന പൊതു അഭിപ്രായം പക്ഷെ സ്വന്തം ശാക്തീകരണത്തിനായി ഉപയോഗപ്പെടുത്തുന്നതിൽ കാണാറില്ല. കരുത്തോടെ പുരുഷാധിപത്യ മേഖലകളിൽ വെന്നിക്കൊടി പാറിക്കാൻ വേണ്ട ഇച്ഛാശക്തി നേടിയെടുക്കുന്നതിൽ ഇന്നും കേരളത്തിലെ സ്ത്രീ സമൂഹം വളരെ പിന്നിലാണ്. ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയായ കുടുംബശ്രീയിലെ അംഗത്വം 41 ലക്ഷം പിന്നിടുമ്പോഴും സ്വയം തൊഴിലിലൂടെ വരുമാനം ഉണ്ടാക്കുന്ന സ്ത്രീകൾ 5% മാത്രമാണ്.
വീട്ടിൽ നിന്നും അകലെപ്പോയി ജോലി ചെയ്യാൻ കഴിയാതെ വീട്ടമ്മമാരായി ചുരുങ്ങുവാൻ നിർബന്ധിക്കപ്പെട്ട വിദ്യാസമ്പന്നരായ സ്ത്രീകൾ കേരളത്തിലിന്ന് നിരവധിയാണ്. ഇവിടെയാണ് കെയർ4യു ഫസിലിറ്റി മാനേജ്മെന്റ് സർവീസ് പോലെയുള്ള, വനിതാ സംരഭകർക്കു വേണ്ടി സഹായങ്ങൾ നൽകുന്ന പദ്ധതികളുടെ വിജയം.
കേരളത്തിലെ വിരലിലെണ്ണാവുന്ന സ്ത്രീ സംരഭകരിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്തിയ വ്യക്തിത്വമാണ് ഷീല കൊചൗസേപ്പ് ചിറ്റിലപ്പിള്ളി. ഇവിടെ സ്ത്രീ സംരഭകർക്ക് ആവശ്യമായ ഒരു നെറ്റ് വർക്കിങ് ആവശ്യമാണെന്ന തിരിച്ചറിവാണ് ഇങ്ങനെയൊരു കൂട്ടായ്മയ്ക്കു പിന്നിൽ. 2016-ൽ നൂറിലധികം സ്ത്രീ സംരഭകരുമായി കൊച്ചിയിൽ ആരംഭിച്ച ഗ്രൂപ്പിൽ നിലവിൽ 200 ലധികം പേർ അംഗങ്ങളാണ്.
തുടക്കത്തിൽ തന്നെ വിവിധ ട്രെയിനിങ് പ്രോഗ്രാമുകളും, സെമിനാറുകളും, ക്ലാസുകളും സംഘടിപ്പിച്ചു കൊണ്ടായിരുന്നു സംഘടനയുടെ തുടക്കം. കോവിഡ് വന്നതോടെ ഓൺലൈനായി കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോയി. ഗ്രൂപ്പിലുള്ളവർക്ക് ആവശ്യമായ സഹായങ്ങൾ ചെറിയ ചെറിയ ഗ്രൂപ്പുകളുണ്ടാക്കി അതുവഴി സംഘടന പരിഹാരം കണ്ടു. 'ബഡ്ഡി ഗ്രൂപ്പ്' പ്രധാനമായും ഫോക്കസ് ചെയ്തത് സോഷ്യൽ മീഡിയ ക്യാമ്പെയിനിങ് ആയിരുന്നു. പലർക്കും സോഷ്യൽ മീഡിയ ബിസിനസ്സിനായി എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് അറിയാമായിരുന്നില്ലെന്ന് അഡ്വൈസറി കൗൺസിൽ മെമ്പറായ ലൈല സുധീഷ് മൈഫിൻ പോയിന്റിനോട് പറഞ്ഞു.
2016 തൊട്ട് സംഘടനയിലുള്ള അംഗങ്ങളൊക്കെ ഇപ്പൊഴും കൂടെയുണ്ടെന്നുള്ളത് നല്ല രീതിയിൽ പ്രവർത്തനവുമായി മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുന്നതെന്ന് ലൈല സുധീഷ് പറഞ്ഞു.
അംഗത്വ സംഖ്യയായ 3000 രൂപയും, വിവിധ പരിപാടികളിലൂടെ സ്വരൂപിക്കുന്ന പണവുമാണ് സംഘടനയുടെ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നത്. കൊച്ചിയിലെ കൂട്ടായ്മയുടെ വിജയം ഇപ്പോഴെത്തി നിൽക്കുന്നത് കോഴിക്കോടും തൃശ്ശൂരിലുമാണ്. ഇവിടെയും നൂറിലധികം പേർ ഈ സംഘടനയിലുണ്ട്.
കേരളം മൊത്തമായി സ്ത്രീ സംരഭകരുടെ കൂട്ടായ്മ ഉണ്ടാക്കിയെടുത്ത് അതുവഴി വലിയൊരു മാറ്റത്തിനുള്ള തയ്യാറെടുപ്പാണ് കെയർ4യു ഫസിലിറ്റി മാനേജ്മെന്റ് സർവീസ്.
അതെ, വലിയൊരു മാറ്റം ഇവിടെ അനിവാര്യമാണ്. സ്ത്രീകൾക്ക് മാറ്റത്തിനുള്ള വഴി തുറക്കാൻ ഇത്തരം കൂട്ടായ്മകളിലൂടെ സാധിക്കട്ടെ.
