സമൂഹമാധ്യമങ്ങള്‍ക്ക് മൂക്കുകയര്‍ വൈകില്ല: നിലപാട് ആവര്‍ത്തിച്ച് കേന്ദ്രം
സാമൂഹ്യ മാധ്യമങ്ങള്‍ക്ക് മൂക്കുകയറിനാടുള്ള നീക്കം ശക്തമാക്കുമെന്ന സൂചനയുമായി കേന്ദ്ര സര്‍ക്കാര്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെ കൂടുതല്‍ ഉത്തരവാദിത്തമുള്ളതാക്കി മാറ്റുമെന്നും ഇതിനാവശ്യമായ ചട്ടങ്ങളും നിയന്ത്രണങ്ങളും കൊണ്ടു വരുമെന്ന് കേന്ദ്ര ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ' മൊബൈല്‍ ഫോണുകളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ഇന്റര്‍നെറ്റ് ശക്തവും പരിവര്‍ത്തനപരവുമായ മാറ്റങ്ങള്‍ കൊണ്ടുവന്നു, എന്നാല്‍ അത് ഉത്തരവാദിത്തങ്ങളുള്ളതാണെന്ന് ഉറപ്പാക്കണം,' മന്ത്രി പറഞ്ഞു. ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ വമ്പന്‍ ടെക് കമ്പനികളുടെ അനിയന്ത്രിതമായ ഉള്ളടക്ക മോഡറേഷന്‍, നീക്കം ചെയ്യല്‍ തീരുമാനങ്ങള്‍ […]
സാമൂഹ്യ മാധ്യമങ്ങള്‍ക്ക് മൂക്കുകയറിനാടുള്ള നീക്കം ശക്തമാക്കുമെന്ന സൂചനയുമായി കേന്ദ്ര സര്‍ക്കാര്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെ കൂടുതല്‍ ഉത്തരവാദിത്തമുള്ളതാക്കി മാറ്റുമെന്നും ഇതിനാവശ്യമായ ചട്ടങ്ങളും നിയന്ത്രണങ്ങളും കൊണ്ടു വരുമെന്ന് കേന്ദ്ര ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ' മൊബൈല്‍ ഫോണുകളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ഇന്റര്‍നെറ്റ് ശക്തവും പരിവര്‍ത്തനപരവുമായ മാറ്റങ്ങള്‍ കൊണ്ടുവന്നു, എന്നാല്‍ അത് ഉത്തരവാദിത്തങ്ങളുള്ളതാണെന്ന് ഉറപ്പാക്കണം,' മന്ത്രി പറഞ്ഞു. ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ വമ്പന്‍ ടെക് കമ്പനികളുടെ അനിയന്ത്രിതമായ ഉള്ളടക്ക മോഡറേഷന്‍, നീക്കം ചെയ്യല്‍ തീരുമാനങ്ങള്‍ എന്നിവയ്ക്കെതിരെ ഉപയോക്താക്കള്‍ക്ക് പരാതി അപ്പീല്‍ സംവിധാനം നിര്‍മ്മിക്കുന്നതിനുള്ള ആലോചനയിലാണ് സര്‍ക്കാര്‍. പുതിയ സോഷ്യല്‍ മീഡിയ നിയമങ്ങള്‍ക്ക് അന്തിമരൂപം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുമ്പോഴാണ് മന്ത്രിയുടെ പ്രതികരണം.
സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ ആരുടെ മുന്നില്‍ പരാതി സമര്‍പ്പിക്കുമെന്നുള്ള ചോദ്യം പൊതുസമൂഹത്തില്‍ നിന്ന് ഉയരുകയാണ്. സമൂഹ മാധ്യമ കമ്പനികള്‍ക്കും ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമുകള്‍ക്കും സ്വയം നിയന്ത്രിത പരാതി പരിഹാര അപ്പലേറ്റ് സംവിധാനം ഒരുക്കാമെന്നും, ഇത്തരം നീക്കത്തെ സര്‍ക്കാര്‍ തുറന്ന മനസോടെ കാണുന്നുവെന്നും കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ അടുത്തിടെ അറിയിച്ചിരുന്നു. നിലവില്‍ കമ്പനികള്‍ക്കുള്ള തര്‍ക്ക പരിഹാര സംവിധാനത്തിന് പുറമേ 'ഉന്നതാധികാര കമ്മറ്റി'യ്ക്ക് രൂപം കൊടുക്കാന്‍ പ്രാപ്തമാക്കുന്ന സര്‍ക്കാര്‍ നീക്കമാണിത്.
ഈ മാസം പകുതിയോടെ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് 2021-ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിനുള്ള പരിഷ്‌കരിച്ച കരട് വിജ്ഞാപനത്തോടൊപ്പമുള്ള പത്രക്കുറിപ്പില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി. മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വിജ്ഞാപനത്തില്‍ പൊതുജനാഭിപ്രായം തേടുന്നതിനായി ജൂണ്‍ ആറ് മുതല്‍ 30 ദിവസമാക്കി നീട്ടി നല്‍കിയിരുന്നു. രാജ്യത്തെ എല്ലാ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്കും സുരക്ഷിതവും വിശ്വസ്തവും ഉത്തരവാദിത്വമുള്ളതുമായ ഇന്റര്‍നെറ്റ് സേവനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ഭേദഗതിയെന്ന് ഐ.ടി. മന്ത്രാലയം പറഞ്ഞു. അന്‍പത് ലക്ഷത്തില്‍ കൂടുതല്‍ ഉപഭോക്താക്കളുള്ള സമൂഹ മാധ്യമ സ്ഥാപനങ്ങള്‍ പരാതികളറിയിക്കുന്നതിനായി ഒരു ഉദ്യോഗസ്ഥനെയും ഒരു നോഡല്‍ ഓഫീസറെയും ചീഫ് കംപ്ലയന്‍സ് ഓഫീസറെയും നിയമിക്കണം.
ഇവര്‍ ഇന്ത്യക്കാരായിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സമൂഹ മാധ്യമ രംഗത്തുള്ള കോര്‍പ്പറേറ്റുകള്‍ക്കുള്‍പ്പടെ ചട്ടം ബാധകമാണ്. ഇന്റര്‍നെറ്റ് രംഗം വികസിക്കുന്ന പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളും പ്രശ്നങ്ങളും നിലവിലുള്ള നിയമത്തിലെ പേരായ്മകളും വര്‍ധിക്കുന്നുണ്ട്. ഇവ പരിഹരിച്ചുകൊണ്ടാണ് പുതിയ ഭേദഗതി തയ്യാറാക്കിയിരിക്കുന്നത്. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിലെ പരാതി ഓഫീസര്‍മാരുടെ തീരുമാനങ്ങള്‍ക്കെതിരെ വ്യക്തികള്‍ നല്‍കുന്ന അപ്പീലുകള്‍ പരിശോധിക്കാന്‍ ഒരു പരാതി അപ്പീല്‍ കമ്മിറ്റി രൂപീകരിക്കാന്‍ കരട് ഭേദഗതിയില്‍ കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2021 മെയ് 26-നാണ് സമൂഹ മാധ്യമ കമ്പനികള്‍ക്ക് വേണ്ടിയുള്ള നിയമങ്ങള്‍ നിലവില്‍ വന്നത്.
