നാട്ടിലെ ആശ്രിതര്‍ക്ക് വേണ്ടി എന്‍ആര്‍ഐ ബില്ലടയ്ക്കാം, ബിബിപിഎസ് വഴി

എന്‍ആര്‍ഐകള്‍ക്ക് ഇന്ത്യയില്‍ താമസിക്കുന്ന കുടുംബാംഗങ്ങളുടെ ബില്‍ പേയ്മെന്റുകള്‍ ഉള്‍പ്പടെയുള്ള ചെലവുകള്‍ ഇനി നേരിട്ട് അടയ്ക്കുവാന്‍ സാധിക്കും. റിസര്‍വ് ബാങ്ക് പണനയ സമിതിയുടെ മീറ്റിംഗില്‍ ഭാരത് ബില്‍ പേയ്മെന്റ് സിസ്റ്റം വഴി പ്രവാസികള്‍ക്കും പേയ്മെന്റ് നടത്തുവാനുള്ള അനുമതി സംബന്ധിച്ച് ധാരണയായി. ഇതോടെ എന്‍ആര്‍ഐകള്‍ക്ക് ഇന്ത്യയിലെ കുടുംബാംഗങ്ങളുടെ വിദ്യാഭ്യാസം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് വരുന്ന ബില്ലുകള്‍ വിദേശത്തിരുന്ന് തന്നെ അടയ്ക്കാം. പണനയ അവലോകന മീറ്റിംഗില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്തദാസാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് രാജ്യത്ത് താമസിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കും ഏറെ […]

Update: 2022-08-05 04:05 GMT

എന്‍ആര്‍ഐകള്‍ക്ക് ഇന്ത്യയില്‍ താമസിക്കുന്ന കുടുംബാംഗങ്ങളുടെ ബില്‍ പേയ്മെന്റുകള്‍ ഉള്‍പ്പടെയുള്ള ചെലവുകള്‍ ഇനി നേരിട്ട് അടയ്ക്കുവാന്‍ സാധിക്കും. റിസര്‍വ് ബാങ്ക് പണനയ സമിതിയുടെ മീറ്റിംഗില്‍ ഭാരത് ബില്‍ പേയ്മെന്റ് സിസ്റ്റം വഴി പ്രവാസികള്‍ക്കും പേയ്മെന്റ് നടത്തുവാനുള്ള അനുമതി സംബന്ധിച്ച് ധാരണയായി. ഇതോടെ എന്‍ആര്‍ഐകള്‍ക്ക് ഇന്ത്യയിലെ കുടുംബാംഗങ്ങളുടെ വിദ്യാഭ്യാസം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് വരുന്ന ബില്ലുകള്‍ വിദേശത്തിരുന്ന് തന്നെ അടയ്ക്കാം. പണനയ അവലോകന മീറ്റിംഗില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്തദാസാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് രാജ്യത്ത് താമസിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കും ഏറെ ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാരത് ബിൽപേയ്മെൻറ്

വിദേശത്ത് നിന്നും ഇന്ത്യയിലെ ബില്‍ പേയ്മെന്റുകള്‍ അടയ്ക്കുവാന്‍ പ്രാപ്തമാക്കുന്ന പ്ലാറ്റ്ഫോമാണ് ഭാരത് ബില്‍ പേയ്മെന്റ് സര്‍വീസ്. ഇത് സംബന്ധിച്ച വിശദ വിവരങ്ങളും പണമയയ്ക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളും ഉടന്‍ ഇറക്കുമെന്നും ആര്‍ബിഐ ഇറക്കിയ അറിയിപ്പിലുണ്ട്. 'ഭാരത് ബില്‍ പേയ്‌മെന്റ് സിസ്റ്റം (ബിബിപിഎസ്) സ്റ്റാന്‍ഡേര്‍ഡ് ബില്‍ പേയ്‌മെന്റുകള്‍ക്കായുള്ള ഒരു ഇന്റര്‍ഓപ്പറബിള്‍ പ്ലാറ്റ്‌ഫോമാണ്. ഇത് ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കുള്ള ബില്‍ പേയ്‌മെന്റ് അനുഭവത്തെ മാറ്റിമറിച്ചു. 20,000-ലധികം ബില്ലര്‍മാര്‍ സിസ്റ്റത്തിന്റെ ഭാഗമാണ്, കൂടാതെ പ്രതിമാസം എട്ട് കോടിയിലധികം ഇടപാടുകള്‍ പ്രോസസ്സ് ചെയ്യപ്പെടുന്നു'- ഗവര്‍ണര്‍ ശക്തികാന്തദാസ് പറഞ്ഞു.

വര്‍ധിച്ചു വരുന്ന പണപ്പെരുപ്പ സമ്മര്‍ദം തടഞ്ഞ് സമ്പദ് വ്യവസ്ഥയെ പിടിച്ച് നിര്‍ത്താന്‍ തുടര്‍ച്ചയായ മൂന്നാം മാസവുംആര്‍ബിഐ റിപ്പോ നിരക്കില്‍ വര്‍ധന വരുത്തി. നിലവിലെ റിപ്പോ നിരക്കില്‍ അര ശതമാനമാണ് വര്‍ധന വരുത്തിയത്. ഇതോടെ നിരക്ക് 5.4 ശതമാനമായി ഉയര്‍ന്നു. അതായത് കൊവിഡിന് മുമ്പുള്ള അതേ നിലവാരത്തിലേക്ക് റിപ്പോ ഉയര്‍ത്തി. ജിഡിപി വളര്‍ച്ചാ അനുമാനം 7.2 ശതമാനം ആക്കി. ഓഹരി വിപണിയില്‍ പലിശനിരക്ക് വര്‍ധന കാര്യമായ ചലനങ്ങളുണ്ടാക്കിയില്ല.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പ നിരക്ക് 6.7 ശതമാനത്തിലേക്ക് എത്തുമെന്ന് പണനയ അവലോകന സമിതി വിലയിരുത്തി. മേയില്‍ നിരക്ക് 0.4 ശതമാനം വര്‍ധിപ്പിച്ചിരുന്നു. ഇതോടെ വായ്പാ പലിശയില്‍ കാര്യമായ മാറ്റം പ്രകടമാകും. ഇത് ഭവനവായ്പ അടക്കമുള്ളവയുടെ ഇഎം ഐ അടവുകളിലും പ്രതിഫലിക്കും. ഇപ്പോള്‍ തുടര്‍ച്ചയായി റിപ്പോ പരിഷ്‌കരിച്ചതിന് മുമ്പ് 2018 ലാണ് ഇതില്‍ വര്‍ധന വരുത്തിയിരുന്നത്. പിന്നീട് കൊവിഡിന്റെ പിടിയിലേക്ക് രാജ്യം വീഴുകയായിരുന്നു.

 

 

 

Tags: