ആദ്യഘട്ട മുന്നേറ്റം പാളി, സെന്‍സെക്‌സും നിഫ്റ്റിയും നഷ്ടത്തില്‍
മുംബൈ: ആദ്യഘട്ട വ്യാപാരം ഉറച്ച തുടക്കത്തോടെ ആയിരുന്നുവെങ്കിലും, പിന്നീട് വിപണിയുടെ ചാഞ്ചാട്ടം കാരണം നേട്ടം നഷ്ടപ്പെട്ടു. സെന്‍സെക്‌സ് തുടക്കത്തില്‍ 132.18 പോയിന്റ് ഉയര്‍ന്ന് 54,420.79 ലും, നിഫ്റ്റി 41.15 പോയിന്റ് ഉയര്‍ന്ന് 16,255.85 ലും എത്തിയിരുന്നു. എന്നാല്‍, അസ്ഥിരമായ വ്യാപാരത്തില്‍ ഇരു സൂചികകളും നഷ്ടത്തിലേക്ക് വീണു. രാവിലെ 10.42 ന് സെന്‍സെക്‌സ് 92 പോയിന്റ് ഇടിഞ്ഞ് 54,196 ലും, നിഫ്റ്റി 46 പോയിന്റ് താഴ്ന്ന് 16,168 ലും എത്തി. എം ആന്‍ഡ് എം, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടാറ്റ […]
മുംബൈ: ആദ്യഘട്ട വ്യാപാരം ഉറച്ച തുടക്കത്തോടെ ആയിരുന്നുവെങ്കിലും, പിന്നീട് വിപണിയുടെ ചാഞ്ചാട്ടം കാരണം നേട്ടം നഷ്ടപ്പെട്ടു.
സെന്‍സെക്‌സ് തുടക്കത്തില്‍ 132.18 പോയിന്റ് ഉയര്‍ന്ന് 54,420.79 ലും, നിഫ്റ്റി 41.15 പോയിന്റ് ഉയര്‍ന്ന് 16,255.85 ലും എത്തിയിരുന്നു. എന്നാല്‍, അസ്ഥിരമായ വ്യാപാരത്തില്‍ ഇരു സൂചികകളും നഷ്ടത്തിലേക്ക് വീണു. രാവിലെ 10.42 ന് സെന്‍സെക്‌സ് 92 പോയിന്റ് ഇടിഞ്ഞ് 54,196 ലും, നിഫ്റ്റി 46 പോയിന്റ് താഴ്ന്ന് 16,168 ലും എത്തി.
എം ആന്‍ഡ് എം, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടാറ്റ സ്റ്റീല്‍, പവര്‍ഗ്രിഡ്, ആക്‌സിസ് ബാങ്ക് എന്നീ ഓഹരികളാണ് ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടമുണ്ടാക്കിയത്. മറുവശത്ത് ഹിന്ദുസ്ഥാന്‍ യൂണീലിവര്‍, ഭാരതി എയര്‍ടെല്‍, ടൈറ്റന്‍, ടിസിഎസ് എന്നീ ഓഹരികള്‍ക്ക് നഷ്ടം നേരിട്ടു.
ഏഷ്യന്‍ വിപണികളായ ഹോംകോംഗ്, ഷാങ്ഹായ്, സിയോള്‍, ടോക്കിയോ എന്നിവടങ്ങളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. അമേരിക്കന്‍ വിപണികള്‍ ഇന്നലെ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. "ഏഷ്യന്‍ വിപണികള്‍ ചാഞ്ചാട്ടത്തിലാണെങ്കിലും അമേരിക്കന്‍ വിപണി ബാങ്കിംഗ് ഓഹരികളുടെ മുന്നേറ്റത്തില്‍ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്," പിഎം സെക്യൂരിറ്റീസ് മേധാവി മോഹിത് നിഗം പറഞ്ഞു.
അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില 0.48 ശതമാനം ഉയര്‍ന്ന് ബാരലിന് 112.93 ഡോളറായി.
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറയുന്നു: "കലങ്ങിമറിയുന്ന വിപണിയില്‍ വ്യക്തമായ ഒരു ട്രെന്‍ഡ് ഇപ്പോള്‍ കാണുന്നില്ല. ഹ്രസ്വകാലത്തേക്കുള്ള 'ഡെയിലി ട്രേഡില്‍' ഉയര്‍ന്ന റിസ്‌കുണ്ട്. വിപണിയില്‍ ഒരു ഏകീകരണം സംഭവിക്കുന്നതുവരെ കാത്തിരിക്കുകയാണ് ഉചിതം. എന്നിരുന്നാലും, ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ഈ അവസരത്തില്‍ മികച്ച ഓഹരികള്‍ വാങ്ങാം. ഫിനാന്‍ഷ്യല്‍ ഓഹരികള്‍, പ്രത്യേകിച്ചും പ്രമുഖ ബാങ്കുകള്‍, നല്ല അവസരം നല്‍കുന്നു. നിരന്തരമായ വിദേശ നിക്ഷേപകരുടെ വില്‍പ്പനകാരണം ഈ ഓഹരികളൊക്കെ വളരെ താഴ്ന്ന വിലയില്‍ ലഭ്യമാണ്. എന്നാല്‍, അവരുടെ അടിസ്ഥാന മൂല്യങ്ങള്‍ ശക്തവുമാണ്. രാജ്യത്തെ വായ്പാ വളര്‍ച്ച മികച്ചതാണ്. ബാങ്കുകളുടെ ആസ്തികളുടെ നിലവാരവും മെച്ചപ്പെട്ടു വരുന്നു. അതിനാല്‍, ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ബാങ്കിംഗ് ഓഹരികള്‍ നല്ല അവസരമാണ്. കൂടാതെ, ഐടി ഓഹരികളും മികച്ച വളര്‍ച്ച നല്‍കിയേക്കാം. എന്നാല്‍ ഇവയുടെ ഇപ്പോഴത്തെ മൂല്യനിര്‍ണ്ണയം ഉയര്‍ന്നതാണ്. അതിനാല്‍, വിലക്കുറവില്‍ ലഭ്യമല്ല."
ഇന്നലെ സെന്‍സെക്‌സ് 37.78 പോയിന്റ് താഴ്ന്ന് 54,288.61 ലും, നിഫ്റ്റി 51.45 പോയിന്റ് താഴ്ന്ന് 16,214.70 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 1,951.17 കോടി രൂപ വിലയുള്ള ഓഹരികള്‍ ഇന്നലെ വിറ്റഴിച്ചു.
