റെയിൽവേ ഓർഡർ: എച്ച്ബിഎൽ പവർ സിസ്റ്റംസ് 10 ശതമാനം നേട്ടത്തിൽ
എച്ച്ബിഎൽ പവർ സിസ്റ്റത്തിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 12 ശതമാനം ഉയർന്നു. ഇന്ത്യൻ റെയിൽവേയിൽ നിന്നും 673 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചതിനു പിന്നാലെയാണ് ഓഹരി വില ഉയർന്നത്. സീമൻസ് ഉൾപ്പെടുന്ന കൺസോർഷ്യത്തിലെ പ്രധാന അംഗമായ എച്ച്ബിഎൽ ഈസ്റ്റേൺ റെയിൽവേയുമായി മിഷൻ റഫ്‌ത്താർ പദ്ധതിക്ക് കീഴിലുള്ള ആദ്യ കരാറിൽ ഒപ്പു വച്ചു. ഹൗറ മുതൽ പ്രധാൻഖന്ത വരെയുള്ള 260 കിലോമീറ്ററിലധികം വരുന്ന ട്രാക്കിലും, 120 എഞ്ചിനുകളിലും കവച് (ട്രെയിൻ കൂട്ടിയിടി ഒഴിവാക്കുന്നതിനുള്ള സംവിധാനം) ഘടിപ്പിക്കുന്നതിനാണ് കരാർ. കരാറിന്റെ […]
എച്ച്ബിഎൽ പവർ സിസ്റ്റത്തിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 12 ശതമാനം ഉയർന്നു. ഇന്ത്യൻ റെയിൽവേയിൽ നിന്നും 673 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചതിനു പിന്നാലെയാണ് ഓഹരി വില ഉയർന്നത്.
സീമൻസ് ഉൾപ്പെടുന്ന കൺസോർഷ്യത്തിലെ പ്രധാന അംഗമായ എച്ച്ബിഎൽ ഈസ്റ്റേൺ റെയിൽവേയുമായി മിഷൻ റഫ്‌ത്താർ പദ്ധതിക്ക് കീഴിലുള്ള ആദ്യ കരാറിൽ ഒപ്പു വച്ചു. ഹൗറ മുതൽ പ്രധാൻഖന്ത വരെയുള്ള 260 കിലോമീറ്ററിലധികം വരുന്ന ട്രാക്കിലും, 120 എഞ്ചിനുകളിലും കവച് (ട്രെയിൻ കൂട്ടിയിടി ഒഴിവാക്കുന്നതിനുള്ള സംവിധാനം) ഘടിപ്പിക്കുന്നതിനാണ് കരാർ. കരാറിന്റെ മൊത്തം മൂല്യം 286.69 കോടി രൂപയാണ്. ഇതിൽ എച്ച്ബിഎല്ലിന് 205.88 കോടി രൂപയുടെ കരാറാണ് ഉള്ളത്. 700 ദിവസത്തിനുള്ളിൽ പണി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ഐസിഎഫ്) നിന്നും കവചിന്റെ 46 സെറ്റുകൾ വാങ്ങുന്നതിനും ഓർഡർ ലഭിച്ചിട്ടുണ്ട്. ഇത് 31.66 കോടി രൂപയുടെ ഓർഡറാണ്. മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ ഓടാൻ കഴിവുള്ള വന്ദേ ഭാരത് ട്രെയിൻ സെറ്റുകളാണ് ഐസിഎഫ് നിർമ്മിക്കുന്നത്. ഇതിൽ ഘടിപ്പിക്കുന്നതിനു വേണ്ടിയാണ് ഐസിഎഫ് ഓർഡർ നൽകിയിരിക്കുന്നത്.
ഇതിനു പുറമെ, ഡൽഹി-മുംബൈ റൂട്ടിൽ ഉപയോഗിക്കാൻ വേണ്ടി വെസ്റ്റ് സെൻട്രൽ റെയിൽവേയും, വെസ്റ്റേൺ റെയിൽവേയും ക്ഷണിച്ച രണ്ടു ടെൻഡറുകളിൽ എച്ച്ബിഎൽ ഉൾപ്പെടുന്ന കൺസോർഷ്യം മുന്നിലെത്തിയിട്ടുണ്ട്. വെസ്റ്റ് സെൻട്രൽ റെയിൽവേയുടെ പദ്ധതി 549 കിലോമീറ്റർ ദൂരത്തിലും, 87 എഞ്ചിനുകളിലും കവച് ഘടിപ്പിക്കാനുള്ളതാണ്. ഇത് 354 കോടി രൂപയുടെ പദ്ധതിയാണ്. വെസ്റ്റേൺ റെയിൽവേയുടെത് 96 കിലോമീറ്റർ ട്രാക്കിൽ കവച് ഘടിപ്പിക്കാനുള്ള 82 കോടി രൂപയുടെ പദ്ധതിയാണ്.
എച്ച്ബിഎൽ ഓഹരി ഇന്ന് 89.35 രൂപ വരെ ഉയർന്നു. ഒടുവിൽ, 9.63 ശതമാനം നേട്ടത്തിൽ 87.65 രൂപയിലാണ് വ്യാപാരം അവസാനിച്ചത്.
