image

12 July 2022 8:00 PM GMT

Healthcare

കര്‍ക്കിടകം ഇക്കുറി പൊടിപൊടിക്കും, പ്രതീക്ഷയോടെ ആരോഗ്യ ടൂറിസം മേഖല

James Paul

കര്‍ക്കിടകം ഇക്കുറി പൊടിപൊടിക്കും, പ്രതീക്ഷയോടെ ആരോഗ്യ ടൂറിസം മേഖല
X

Summary

കോവിഡിന്റെ തളര്‍ച്ചയിലായിരുന്ന കേരളത്തിന്റെ ആയുര്‍വേദ മേഖലക്ക് കര്‍ക്കിടക ചികിത്സ പുത്തന്‍ ഉണര്‍വ്വ് പകരുമെന്ന് പ്രതീക്ഷ. കാലവര്‍ഷവും കര്‍ക്കിടവും (ജൂലായ്-ഓഗസ്റ്റ്) ആയുര്‍വേദത്തിന് ഏറ്റവും അനുകൂലമായ കാലമായി കണക്കാക്കപ്പെടുന്നതിനാല്‍, കേരളത്തിന്റെ ആയുര്‍വേദ ചികിത്സാ മേഖല മെഡിക്കല്‍ ടൂറിസത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ തയ്യാറെടുക്കുകയാണ്. ആയുഷ് വിസ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ നടത്തിയ പ്രഖ്യാപനവും, ആയുര്‍വേദത്തിന്റെ കാര്യത്തില്‍ കേരളത്തിന്റെ വലിയ എതിരാളിയായ ശ്രീലങ്കയിലെ അനിശ്ചിതത്വവും കേരളത്തിന് പ്രതീക്ഷയേകുന്ന ഘടകങ്ങളാണ്. കോവിഡിന് ശേഷം കേരളത്തിലെ ആയുര്‍വേദ വിപണിയില്‍ റിക്കോര്‍ഡ് വില്‍പ്പന ഉണ്ടായതും […]


കോവിഡിന്റെ തളര്‍ച്ചയിലായിരുന്ന കേരളത്തിന്റെ ആയുര്‍വേദ മേഖലക്ക് കര്‍ക്കിടക ചികിത്സ പുത്തന്‍ ഉണര്‍വ്വ് പകരുമെന്ന് പ്രതീക്ഷ. കാലവര്‍ഷവും കര്‍ക്കിടവും (ജൂലായ്-ഓഗസ്റ്റ്) ആയുര്‍വേദത്തിന് ഏറ്റവും അനുകൂലമായ കാലമായി കണക്കാക്കപ്പെടുന്നതിനാല്‍, കേരളത്തിന്റെ ആയുര്‍വേദ ചികിത്സാ മേഖല മെഡിക്കല്‍ ടൂറിസത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ തയ്യാറെടുക്കുകയാണ്.

ആയുഷ് വിസ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ നടത്തിയ പ്രഖ്യാപനവും, ആയുര്‍വേദത്തിന്റെ കാര്യത്തില്‍ കേരളത്തിന്റെ വലിയ എതിരാളിയായ ശ്രീലങ്കയിലെ അനിശ്ചിതത്വവും കേരളത്തിന് പ്രതീക്ഷയേകുന്ന ഘടകങ്ങളാണ്.

കോവിഡിന് ശേഷം കേരളത്തിലെ ആയുര്‍വേദ വിപണിയില്‍ റിക്കോര്‍ഡ് വില്‍പ്പന ഉണ്ടായതും മേഖലക്ക് പ്രതീക്ഷ പകരുന്നുണ്ട്. കേരളത്തിലെ ആയുര്‍വേദ മരുന്നുകളുടെ വില്‍പ്പന 20 ശതമാനം വര്‍ദ്ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മറ്റ് സംസ്ഥാനങ്ങള്‍ കേരളത്തില്‍ നിന്ന് വന്‍തോതില്‍ മരുന്നുകള്‍ വാങ്ങിയതും, ആയുര്‍വേദ മരുന്ന് നിര്‍മ്മാതാക്കള്‍ ഓണ്‍ലൈന്‍ വില്‍പ്പനയെ പ്രോത്സാഹിപ്പിച്ചതും വിപണിയുടെ വളര്‍ച്ചക്ക് സഹായകമായി.

പാക്കേജ് 21 ദിവസം

ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സക്ക് എത്തുന്ന സമയമാണ് കര്‍ക്കിടമെന്ന് ആയുര്‍വേദിക്ക് മാന്യുഫാക്‌ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന് ഡോ. പി രാംകുമാര്‍ പറഞ്ഞു.

"കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്നതു കൊണ്ട് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി കര്‍ക്കിടക ചികിത്സയ്ക്ക് രോഗികള്‍ കുറവായിരുന്നു. എന്നാല്‍ ഈ വര്‍ഷം കൂടുതല്‍ രോഗികള്‍ ചികിത്സയ്ക്ക് എത്തുമെന്നാണ് കരുതുന്നത്. പ്രധാന ചികിത്സാ കേന്ദ്രങ്ങളിലെല്ലാം നല്ല ബുക്കിംഗ് നടക്കുന്നുണ്ട്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് ഇത്തവണ കൂടുതല്‍ ബുക്കിംഗുള്ളത്," അദ്ദേഹം പറഞ്ഞു.

14 മുതല്‍ 21 ദിവസം വരെയുള്ള ആരോഗ്യ പാക്കേജുകള്‍ക്കായി വിനോദസഞ്ചാരികള്‍ കേരളത്തില്‍ താമസിക്കുന്നത് സംസ്ഥാനത്തിന്റെ വരുമാനം ഗണ്യമായ തോതില്‍ വര്‍ദ്ധിക്കാന്‍ സഹായിക്കും. ആയുഷ് വിസയ്ക്കുള്ള കേന്ദ്രത്തിന്റെ നീക്കവും സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.

ആയുഷ് രീതികളില്‍ ചികിത്സയ്ക്കായി ഇന്ത്യയിലെത്തുന്ന വിദേശികള്‍ക്കായി ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കുന്ന പ്രത്യേക വിഭാഗം വിസയാണ് ആയുഷ് വിസ. ആയുര്‍വേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി തുടങ്ങിയ ചികിത്സകള്‍ക്കായി ഇന്ത്യയിലെത്തുന്ന വിദേശികള്‍ക്കാണ് ഈ വിസ നല്‍കുന്നത്.

പരമ്പരാഗത മെഡിക്കല്‍ സംവിധാനങ്ങള്‍ക്ക് കീഴിലുള്ള ചികിത്സകളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്, രാജ്യത്തെ മെഡിക്കല്‍ ടൂറിസത്തെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനായാണ് ആയുഷ് വിസ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്‍ഷുറന്‍സ് പരിരക്ഷ

സ്വിറ്റ്സര്‍ലന്‍ഡ് അടക്കമുള്ള പല രാജ്യങ്ങളും ആയുര്‍വേദ ചികിത്സയെ ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ട്. ഇന്‍ഷുറന്‍സ് കമ്പനികള്‍ ആയുര്‍വേദ ചികില്‍സകള്‍ക്ക് പണം നല്‍കുന്നത് കേരളത്തിലെ ആയര്‍വേദ ചികിത്സകര്‍ക്ക് ആശ്വാസകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡിന് മുമ്പ് പ്രതിവര്‍ഷം 12 ലക്ഷം രാജ്യാന്തര വിനോദസഞ്ചാരികളാണ് കേരളത്തില്‍ വന്നിരുന്നത്. 45,000 കോടി രൂപയുടെ ടൂറിസം വരുമാനമാണ് ഇവരില്‍ നിന്ന് സംസ്ഥാനത്തിന് ലഭിച്ചിരുന്നത്. ഇതില്‍ 30 ശതമാനവും മെഡിക്കല്‍ ടൂറിസവുമായി ബന്ധപ്പെട്ട് വരുന്നവരാണ്.

വിസ പ്രശ്‌നങ്ങള്‍

ആയുര്‍വേദ ചികിത്സയ്ക്കായി വിസ ഓണ്‍ അറൈവല്‍ പ്രയോജനപ്പെടുത്താനാകുമോ എന്ന കാര്യത്തില്‍ വിദേശ മെഡിക്കല്‍ ടൂറിസ്റ്റുകള്‍ക്കിടയില്‍ ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്ന് ആയുര്‍വേദിക്ക് മാന്യുഫാക്‌ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ (എഎംഎംഒഐ) ജനറല്‍ സെക്രട്ടറി ഡി രാമനാഥന്‍ പറഞ്ഞു. എന്നിരുന്നാലും, പ്രധാനമന്ത്രിയുടെ സമീപകാല പ്രഖ്യാപനം വിസ അലോട്ട്‌മെന്റിനെക്കുറിച്ചുള്ള സാങ്കേതിക സംശയങ്ങള്‍ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ആയുര്‍വേദ ചികില്‍സകള്‍ ചിട്ടയായ രീതിയില്‍ ലഭ്യമാക്കുകയാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും ഇത് ആഗോള വിപണിയിലുടനീളമുള്ള ആരോഗ്യ കേന്ദ്രമായി കേരളത്തെ ഉയര്‍ത്താന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

800 കോടിയുടെ ആയുര്‍വേദ വിപണി

2019-2020 ലെ ആയുര്‍വേദ ഉല്‍പ്പന്നങ്ങളുടെ മാത്രം വിറ്റുവരവ് കേരളത്തില്‍ 500 കോടി രൂപയിലധികമാണ്. ഉല്‍പന്നങ്ങളും ആശുപത്രി ചികിത്സയും ഉള്‍പ്പെടെ കേരളത്തിന്റെ ആയുര്‍വേദ വിപണിക്ക് പ്രതിവര്‍ഷം 800 കോടിയിലധികം രൂപയുടെ മൂല്യമുള്ളതായി കണക്കാക്കപ്പെടുന്നു.

ആയുര്‍വേദ, ഹെര്‍ബല്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി മൂല്യം 2021 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 539 ദശലക്ഷം യുഎസ് ഡോളറാണ്. 2015 സാമ്പത്തിക വര്‍ഷം മുതല്‍ 2019 വരെ കയറ്റുമതി മൂല്യത്തില്‍ സ്ഥിരമായ വര്‍ദ്ധനവുണ്ടായി. ആയുര്‍വേദ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍, എഫ്എംസിജി കമ്പനികളുടെ വിറ്റുവരവ് കേവിഡിന് ശേഷം ഗണ്യമായി വര്‍ധിച്ചു. കേരളത്തില്‍ 700 ഓളം സ്ഥാപനങ്ങള്‍ക്ക് ആയുര്‍വേദ മരുന്ന് നിര്‍മ്മാണത്തിനുള്ള ലൈസന്‍സുണ്ട്.