image

13 Jan 2022 11:24 PM GMT

MSME

കൈത്തറി, അസംഘടിത മേഖലയുടെ കൈത്താങ്ങ്

MyFin Desk

കൈത്തറി, അസംഘടിത മേഖലയുടെ കൈത്താങ്ങ്
X

Summary

ഈ മേഖലയുടെ പരമ്പരാഗത പ്രാധാന്യവും നമ്മുടെ പുരാതന സാംസ്‌കാരിക പൈതൃകവുമായുള്ള അഭേദ്യമായ ബന്ധവും ശ്രദ്ധേയമാണ്.


കൈത്തറി, നമ്മുടെ പൈതൃകം കൈത്തറി തുണിത്തരങ്ങളും നെയ്ത്തുകാരും ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും അവിഭാജ്യ...

കൈത്തറി, നമ്മുടെ പൈതൃകം കൈത്തറി തുണിത്തരങ്ങളും നെയ്ത്തുകാരും ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും അവിഭാജ്യ ഘടകമാണ്. ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്റ്റിലും (ജിഡിപി) കയറ്റുമതിയിലും ഗണ്യമായ സംഭാവന നല്‍കുന്നതിനു പുറമേ, ഈ വ്യവസായം ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഗ്രാമ-നഗര പ്രദേശങ്ങളില്‍ നേരിട്ടും അല്ലാതെയും തൊഴില്‍ നല്‍കുന്നു. ഇന്ത്യയില്‍ കൃഷി കഴിഞ്ഞാല്‍ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളില്‍ ഒന്നാണ് കൈത്തറി. ലോകത്തെ കൈകൊണ്ട് നെയ്ത തുണിത്തരങ്ങളുടെ തൊണ്ണൂറു ശതമാനവും ഇന്ത്യയില്‍ നിന്നാണ്. കാര്‍ഷിക സമ്പദ്വ്യവസ്ഥയില്‍ കൈത്തറി മേഖലയുടെ പ്രസക്തി വളരെ വലുതാണ്. ഇത് കാര്‍ഷിക ഉല്‍പന്നങ്ങളെ അസംസ്‌കൃത വസ്തുക്കളായി ഉപയോഗിക്കുന്നു.

ഈ മേഖലയുടെ പരമ്പരാഗത പ്രാധാന്യവും നമ്മുടെ പുരാതന സാംസ്‌കാരിക പൈതൃകവുമായുള്ള അഭേദ്യമായ ബന്ധവും ശ്രദ്ധേയമാണ്. പരുത്തിയാണ് പ്രാഥമിക അസംസ്‌കൃത വസ്തു. പ്രധാനമായും ഗാര്‍ഹിക കേന്ദ്രീകൃത വ്യവസായമാണിത്. രാജ്യത്തെ ഏറ്റവും വലിയ കുടില്‍ വ്യവസായം എന്ന നിലയില്‍ പരമ്പരാഗത തൊഴില്‍ മേഖലയാണിത്. നെയ്ത്തും മറ്റ് അനുബന്ധ സേവനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന 65 ലക്ഷത്തോളം തൊഴിലാളികള്‍ നിലവിലുണ്ട്. ഈ രീതിയില്‍, കൈത്തറി ഇന്ത്യയുടെ പൈതൃകത്തിന്റെ ഒരു ഭാഗം രൂപപ്പെടുത്തുകയും നമ്മുടെ രാജ്യത്തിന്റെ വൈവിധ്യത്തെ പ്രതിനിധീകരിക്കുകയും ചെയ്യുന്നു.

കേരളത്തിലെ കൈത്തറി മേഖല നൂറുകണക്കിനു വര്‍ഷങ്ങള്‍ പഴക്കമുള്ള നെയ്ത്ത്, കൈത്തറി ഉല്‍പ്പാദനം എന്നിവയുടെ ദീര്‍ഘകാല പാരമ്പര്യമാണ് കേരളത്തിനുള്ളത്, ഒരു കാലത്ത് കേരള കൈത്തറി ലോകമെമ്പാടും പ്രീയപ്പെട്ടതായിരുന്നു. കേരളത്തിലെ കൈത്തറി മേഖല പ്രത്യക്ഷമായും പരോക്ഷമായും 1.75 ലക്ഷം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നു. സംസ്ഥാനത്തെ പരമ്പരാഗത വ്യവസായങ്ങളില്‍ തൊഴില്‍ നല്‍കുന്നതില്‍ രണ്ടാം സ്ഥാനത്താണ് കൈത്തറി. സംസ്ഥാനത്തെ കൈത്തറി വ്യവസായം തിരുവനന്തപുരം, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, എറണാകുളം എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. തൃശൂര്‍, കൊല്ലം, കാസര്‍കോട് ജില്ലകളില്‍ കേരള കസവു സാരികള്‍ നെയ്യുന്നുണ്ട്.

കണ്ണൂര്‍, വടകര, കോഴിക്കോട് എന്നിവിടങ്ങളില്‍ പരുത്തി കൈത്തറി തുണിത്തരങ്ങളുടെ നിര്‍മ്മാണത്തിനും കേരളം അറിയപ്പെടുന്നു, കേരളത്തിലെ ഏറ്റവും പഴക്കമേറിയ കൈത്തറി കേന്ദ്രങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം. ചാലിയ സമുദായത്തില്‍പ്പെട്ട നെയ്ത്തുകാര്‍ നാഗര്‍കോവിലില്‍ നിന്നും കുടിയേറിയവരാണ്. ഏകദേശം 250 വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവിതാംകൂര്‍ ഭരണാധികാരിയായിരുന്ന ബാലരാമവര്‍മയുടെ കാലത്ത് തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്ന് വന്ന നെയ്ത്തുകാരാണ് ബാലരാമപുരം കൈത്തറിക്ക് പ്രശസ്തി നേടി കൊടുത്തത്.

എറണാകുളം ജില്ലയിലെ ചേന്ദമംഗലം ഒരു പ്രധാന കൈത്തറി കേന്ദ്രം കൂടിയാണ് തമിഴ്നാട്ടിലെ കൈത്തറി മേഖലയില്‍ നിന്നുള്ള മത്സരമാണ് കേരളത്തിലെ കൈത്തറി മേഖല നേരിടുന്ന പ്രധാന പ്രശ്‌നം. ഇത് കേരളത്തിലെ കൈത്തറി ഉല്‍പന്നങ്ങളുടെ വിപണിയെയും ബാധിക്കുന്നു. സാങ്കേതിക പരിശീലനം നേടിയ തൊഴിലാളികളുടെ അഭാവമാണ് കേരളത്തിന്റെ കൈത്തറി മേഖല നേരിടുന്ന മറ്റൊരു പ്രതിസന്ധി. ഭൂമിശാസ്ത്രപരമായ സൂചന ടാഗുകളുള്ള കേരളത്തിലെ കൈത്തറി ഉല്‍പ്പന്നങ്ങളില്‍ ചേന്നമംഗലംസാരികള്‍, കുത്താമ്പുള്ളിസാരികള്‍, കണ്ണൂര്‍ സാരികള്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ തുണിത്തരങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ ജനപ്രിയമാണ്. കസവ്, ഇരട്ട ധോതി, വേഷ്ടി, സെറ്റുമുണ്ട് തുടങ്ങിയ ഇന്ത്യന്‍ വസ്ത്രങ്ങള്‍ നിര്‍മ്മിക്കാന്‍ നെയ്ത്തുകാരന്‍
ആദ്യകാലങ്ങളില്‍ പരമ്പരാഗത രീതികള്‍ പിന്തുടര്‍ന്നു. എല്ലാ പരമ്പരാഗത കൈത്തറികളും കേരളത്തിലെ ഗ്രാമീണ ജീവിതത്തിന്റെ ഭാഗമാണ്.