image

14 Jan 2022 3:11 AM GMT

Insurance

ടാറ്റയുടെ സ്വന്തം ലാൻഡ് റോവർ

MyFin Desk

ടാറ്റയുടെ സ്വന്തം ലാൻഡ് റോവർ
X

Summary

മികച്ച മോഡലുകള്‍ രംഗത്തിറക്കിയെങ്കിലും പലപ്പോഴും വിപണിയിലെ മത്സരത്തില്‍ വേണ്ട പ്രാഗല്‍ഭ്യം തെളിയിക്കാന്‍ ആദ്യകാലങ്ങളില്‍ ലാന്റ് റോവറിന് സാധിച്ചിരുന്നില്ല


ഓഫ് റോഡ് ലക്ഷ്വറി എസ് യു വികളില്‍ മുന്‍നിരയിലുള്ള വാഹനനിര്‍മാതാക്കളാണ് ലാന്റ് റോവര്‍. ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളില്‍ ഏറ്റവും...

ഓഫ് റോഡ് ലക്ഷ്വറി എസ് യു വികളില്‍ മുന്‍നിരയിലുള്ള വാഹനനിര്‍മാതാക്കളാണ് ലാന്റ് റോവര്‍. ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളില്‍ ഏറ്റവും ശ്രദ്ധേയമായ പേരികളിലൊന്നായ ലാന്റ്റോവര്‍ 1948 ലാണ് സ്ഥാപിതമായത്. റോവര്‍ കമ്പനിയാണ് ഫോര്‍ വീല്‍ ഡ്രൈവ് ഓഫ് റോഡറുകള്‍ക്കായി ലാന്റ് റോവര്‍ സ്ഥാപിച്ചത്.


പിന്നീടിങ്ങോട്ട് പലകുറി സാമ്പത്തിക അടിത്തറ തകര്‍ന്ന് പല ഉടമകളുടെ കൈവശം എത്തിയപ്പോഴും ദേശസാത്ക്കരണത്തിന് വിധേയമായപ്പോഴും പ്രകടനം കൊണ്ടും സാങ്കേതിക മികവുകൊണ്ടും ലാന്റ് റോവര്‍ എന്നും തല ഉയര്‍ത്തി നിന്നു.

1948 ല്‍ റോവര്‍ കമ്പനിയുടെ സബ്‌സിഡറിയായി തുടങ്ങിയ സ്ഥാപനം 1967 ല്‍ ലെയ്‌ലാന്റ് മോട്ടോര്‍ കോര്‍പറേഷന്റെ ഉടമസ്ഥതയിലായി. തൊട്ടടുത്തവര്‍ഷം ബ്രട്ടീഷ് ലെയ്‌ലാന്റ് കോര്‍പറേഷന്‍ സ്വന്തമാക്കിയ ലാന്റ് റോവര്‍ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം 1978 ലാണ് ലാന്റ് റോവര്‍ ലിമിറ്റഡ് എന്ന പേരിലുള്ള സ്ഥാപനമായി മാറിയത്.

പിന്നീട് ബിഎംഡബ്ല്യു വും ഫോര്‍ഡും ലാന്റ് റോവറിന്റെ ഉടമകളായി മാറി. ഏറ്റവും ഒടുവില്‍ ഇന്ത്യന്‍ ഓട്ടോ മൊബൈല്‍ നിര്‍മാതാക്കളായ ടാറ്റ 2008 ല്‍ ഫോര്‍ഡില്‍ നിന്ന് നഷ്ടത്തിലേക്ക് പോയ ലാന്റ് റോവറിനെ സ്വന്തമാക്കി. ജാഗ്വാര്‍ മോട്ടോഴ്‌സിനേയും
സ്വന്തമാക്കിയ ടാറ്റ ഇരുകമ്പനികളേയും ചേര്‍ത്ത് ജാഗ്വാര്‍ ലാന്റ് റോവര്‍ ലിമിറ്റഡ് എന്ന പുതിയ കമ്പനിയാക്കി മാറ്റി.

മികച്ച മോഡലുകള്‍ രംഗത്തിറക്കിയെങ്കിലും പലപ്പോഴും വിപണിയിലെ മത്സരത്തില്‍ വേണ്ട പ്രാഗല്‍ഭ്യം തെളിയിക്കാന്‍ ആദ്യകാലങ്ങളില്‍ ലാന്റ് റോവറിന് സാധിച്ചിരുന്നില്ല. വില കുറവിന്റെ കാര്യത്തില്‍ ജാപ്പനീസ് വാഹനനിര്‍മാതാക്കളുമായി മത്സരിക്കാനുമായില്ല. ഇതു മൂലം ഒരിക്കല്‍ അമേരിക്കന്‍ വിപണിയില്‍ നിന്ന് തന്നെ ലാന്റ് റോവര്‍ പിന്‍മാറിയിരുന്നു.

ഓരോ ഉടമകളുടെ കീഴിലും ഏറ്റവും മികച്ചത് തന്നെയാണ് ലാന്റ് റോവര്‍ പുറത്തെത്തിച്ചത്. 47ല്‍ റോവറിന്റെ ചീഫ് ഡിസൈനറായ മൌറീസ് വില്‍ക്‌സും സംഘവും തയ്യാറാക്കിയ ജീപ്പിന്റെ പ്രോട്ടോടൈപ്പ് ആയ ഹ്യു 166 ല്‍ നിന്ന് റേഞ്ച് റോവര്‍, ഫ്രീലാന്റര്‍, ഡിസ്‌കവറി തുടങ്ങിയ ലോകോത്തര മോഡലിലേക്കാണ് ലാന്റ് റോവര്‍ വളര്‍ന്നത്.

റോവറിന് കീഴില്‍ ആദ്യകാലത്ത് ഇറക്കിയ സീരീസ് 1, സീരീസ് 2 വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയായിരുന്നു. ലോങ് വീല്‍ ബേസിലെത്തിയ ലാന്റ് റോവറിന്റെ സീരീസ് 2 വാഹനങ്ങള്‍ വേഗത്തില്‍ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി. പട്ടാള വാഹനങ്ങളുടെ കളര്‍ പാറ്റേണില്‍ ലൈറ്റ് ഗ്രീന്‍ കളറിലായിരുന്നു ആദ്യകാലത്തെ ലാന്റ് റോവര്‍ വാഹനങ്ങളെല്ലാം ഇറക്കിയിരുന്നത്.

രണ്ടാം തലമുറ റേഞ്ച് റോവറിലൂടെയും റേഞ്ച് റോവര്‍ 3സീരിസിന്റേയും ഡിസൈനിലും സ്ട്രക്ചറിലും കാര്യമായ അഴിച്ചുപണിയാണ് ബിഎംഡബ്ല്യുവിന് കീഴില്‍ വരുത്തിയത്. ചെയ്‌സിസ് വാഹനത്തിന്റെ ബോഡിയുടെതന്നെ ഭാഗമാക്കുന്ന മോണകോക്സ് സ്ട്രക്ചർ ലാന്റ് റോവറിന് കൈവരുന്നത് റേഞ്ച് റോവര്‍ 3ലൂടെയാണ്. കാര്യമായ മാറ്റങ്ങള്‍ വാഹനത്തില്‍ വരുത്തിയെങ്കിലും ബോക്‌സഡ് ലാഡര്‍ ഫ്രെയിം മോഡലിലുള്ള ബോഡി ടൈപ്പായിരുന്നു ലാന്റ് റോവര്‍ ഇറക്കിയിരുന്ന വാഹനങ്ങള്‍ക്കെല്ലാമെന്നതായിരുന്നു
ഏക ന്യൂനത. ബിഎംഡബ്ലുവിന് കീഴില്‍ തുടങ്ങിയ ഈ മാറ്റം ഫോര്‍ഡ് പൂര്‍ത്തിയാക്കി.

നഷ്ടത്തെ തുടര്‍ന്ന് ഫോര്‍ഡ് ജാഗ്വാറിനൊപ്പം ലാന്റ് റോവറിനേയും 2007ല്‍ വില്‍പ്പനക്ക് വെച്ചു. ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ലാന്റ് റോവറിനായി രംഗത്തെത്തിയെങ്കിലും 2008 ജനുവരിയില്‍ ടാറ്റ ലാന്റ് റോവര്‍, ജാഗ്വാര്‍ എന്നിവയുടെ പുതിയ ഉടമകളായി. റേഞ്ച് റോവര്‍ ഇവോക്ക്, ഡിസ്‌കവറി 4 തുടങ്ങി നിരവധി പുതിയ ലാന്റ് റോവര്‍ വാഹനങ്ങളാണ് ടാറ്റയ്ക്ക് കീഴില്‍ കമ്പനി വിപണിയിലെത്തിച്ചത്. ഇതിനൊപ്പം തന്നെ ടാറ്റയുടെ മറ്റ് വാഹനങ്ങളുടെ ഡിസൈനിലും നിര്‍മാണത്തിലും
ലാന്റ് റോവറിന്റെ സേവനവും ലഭ്യമായി.