image

12 May 2022 10:43 PM GMT

Industries

കാസർഗോഡ് പോയാൽ ബേക്കൽ മാത്രമല്ല, കേരളം മുഴുവൻ കറങ്ങാം

Nominitta Jose

കാസർഗോഡ് പോയാൽ ബേക്കൽ മാത്രമല്ല, കേരളം മുഴുവൻ കറങ്ങാം
X

Summary

കാസര്‍ഗോഡ് ജില്ലയില്‍ എത്തുന്ന വിനോദസഞ്ചാരികളോട് അവിടെ കാണാന്‍ ബേക്കല്‍ കോട്ടയുണ്ട് എന്നു പറഞ്ഞവസാനിപ്പിക്കേണ്ട. കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശികളായ ഖാലിദ് മുഹമ്മദ് ഷാനും എ.കെ നൗഫലും കാസര്‍ഗോഡ് എത്തുന്ന സഞ്ചാരികളെ കേരളം മുഴുവന്‍ കാണിച്ചിട്ടെ വിടൂ, അതും കാരവനില്‍. ക്ലാപ്പ് ഔട്ട് സിഗ്‌നേച്ചര്‍ എന്ന ഇവന്റ് പ്ലാനിംഗ് കമ്പനി നടത്തിയിരുന്ന ഈ യുവ സരംഭകര്‍, സംരംഭകത്വത്തിന്റെയും അതോടൊപ്പം വിനോദ സഞ്ചാര വ്യവസായത്തിന്റെയും പുത്തന്‍ സാധ്യതകളിലേക്കു കൂടിയാണ് ഈ കാരവന്‍ ഓടിച്ചു കയറ്റുന്നത്.     മഞ്ചേശ്വരത്ത് മാര്‍ച്ച് ഏഴിനാണ് സര്‍ക്കാരിന്റെ […]


കാസര്‍ഗോഡ് ജില്ലയില്‍ എത്തുന്ന വിനോദസഞ്ചാരികളോട് അവിടെ കാണാന്‍ ബേക്കല്‍ കോട്ടയുണ്ട് എന്നു പറഞ്ഞവസാനിപ്പിക്കേണ്ട. കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശികളായ ഖാലിദ് മുഹമ്മദ് ഷാനും എ.കെ നൗഫലും കാസര്‍ഗോഡ് എത്തുന്ന സഞ്ചാരികളെ കേരളം മുഴുവന്‍ കാണിച്ചിട്ടെ വിടൂ, അതും കാരവനില്‍. ക്ലാപ്പ് ഔട്ട് സിഗ്‌നേച്ചര്‍ എന്ന ഇവന്റ് പ്ലാനിംഗ് കമ്പനി നടത്തിയിരുന്ന ഈ യുവ സരംഭകര്‍, സംരംഭകത്വത്തിന്റെയും അതോടൊപ്പം വിനോദ സഞ്ചാര വ്യവസായത്തിന്റെയും പുത്തന്‍ സാധ്യതകളിലേക്കു കൂടിയാണ് ഈ കാരവന്‍ ഓടിച്ചു കയറ്റുന്നത്.
മഞ്ചേശ്വരത്ത് മാര്‍ച്ച് ഏഴിനാണ് സര്‍ക്കാരിന്റെ കാരവന്‍ പോളിസികള്‍ പാലിച്ചു കൊണ്ടുള്ള മലബാറിലെ ആദ്യത്തെ കാരവന്‍ ടൂറിസം ആരംഭിക്കുന്നത്."സഞ്ചാരികള്‍ വന്നു തുടങ്ങിയിട്ടെയുള്ളു. ബേക്കല്‍ റിസോട്സ് ആന്റ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ (BRDC) വഴിയാണ് ഈ കാരവന്‍ സഞ്ചാരികള്‍ക്ക് ലഭ്യമാക്കുന്നത്. ഇരുപത്തി നാല് മണിക്കൂറിന് ഏഴായിരം രൂപയാണ് വാടക. ഡ്രൈവറുടെ സേവനത്തിന് പണം നല്‍കേണ്ടതില്ല. അറുപത് കിലോമീറ്ററിനുള്ള ഇന്ധനവും നല്‍കും.കേരളത്തില്‍ എവിടെ വേണമെങ്കിലും പോയിവരാം. ദിവസം കൂടുമ്പോള്‍ വാടക കൂടുതല്‍ നല്‍കണം എന്നുമാത്രം" ഖാലിദ് പറയുന്നു. കാരവന്‍ ടൂറിസത്തിനുള്ള സര്‍ക്കാര്‍ പിന്തുണയും വിദേശ രാജ്യങ്ങളിലെ സ്വീകാര്യതയുമൊക്കെ ഇത്തരമൊരു സംരംഭത്തിലേക്ക് നയിച്ച ഘടകങ്ങളാണെന്നും ഇരുവരും പറയുന്നു.
കേരളത്തിലെ ആദ്യത്തെ കാരവന്‍ പാര്‍ക്ക് ഇടുക്കി ജില്ലയിലെ വാഗമണ്ണിലെ നല്ലതണ്ണിയില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 25 ന് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തിരുന്നു.'നിലവില്‍ വാഗമണ്ണില്‍ ഒരു കാരവന്‍ മാത്രമാണുള്ളത്. അത് ഉദ്ഘാടനം മുതല്‍ ഓടിക്കൊണ്ടിരിക്കുകയാണ്. എട്ട് പാക്കേജുകളാണ് സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്,' കേരളത്തില്‍ കാരവന്‍ ടൂറിസത്തിന് തുടക്കം കുറിച്ച സിട്രിന്‍ ഹോസ്പിറ്റാലിറ്റി വെഞ്ച്വേഴ്‌സിന്റെ മാനേജിംഗ് ഡയറക്ടര്‍ പ്രസാദ് മഞ്ഞളി പറഞ്ഞു.
സഞ്ചാരികള്‍ക്ക് വെറുതെ വന്നിരുന്ന് കാറ്റ് കൊണ്ടുപോകാന്‍ മാത്രമല്ല കേരളം. കയാക്കിംഗ്, ട്രക്കിംഗ്, ബോട്ടിംഗ് തുടങ്ങി അഡ്വഞ്ചര്‍ ട്രിപ്പുകള്‍, മഴയാത്രകള്‍,കോടമഞ്ഞിലുള്ള ഒളിച്ചേ കണ്ടേ കളി, ഫാം ടൂറിസം ഇങ്ങനെ കണ്ടും കേട്ടും അനുഭവിക്കാന്‍ ഏറെയുണ്ട്. ഇതിനൊക്കെ പുറമെ കാരവനില്‍ കേരളം മുഴുവന്‍ കണ്ടുവരാനുള്ള പദ്ധതി സര്‍ക്കാരും വിനോദ സഞ്ചാര വകുപ്പും വലിയ പിന്തുണയോടെയാണ് നടപ്പിലാക്കുന്നത്.
'കാരവന്‍ പോളിസി നടപ്പിലാക്കി ആറു മാസത്തിനുള്ളില്‍ വിനോദ സഞ്ചാര മേഖലയിലെ സംരംഭകരില്‍ നിന്നും നല്ല രീതിയിലുള്ള പ്രതികരണമാണ് ലഭിക്കുന്നത്. കൂടാതെ സഞ്ചാരികളും കാരവനെ സ്വീകരിച്ചു കഴിഞ്ഞു. വരും നാളുകളില്‍ വിദേശ സഞ്ചാരികള്‍ കൂടി എത്തുന്നതോടെ കാരവന്‍ ടൂറിസം മേഖല കൂടുതല്‍ വളര്‍ച്ചയിലേക്ക് എത്തുമെന്ന്,' ടൂറിസം ഡയറക്ടര്‍ വി.ആര്‍ കൃഷ്ണ തേജ അഭിപ്രായപ്പെട്ടു.
എന്താണ് കാരവന്‍,കാരവന്‍ പാര്‍ക്ക് ?
വിനോദസഞ്ചാരികള്‍ക്ക് യാത്രയ്ക്കും താമസത്തിനും വിശ്രമത്തിനും വേണ്ടി പ്രത്യേകം തയ്യാറാക്കിയിരിക്കു വാഹനങ്ങളാണ് കാരവനുകള്‍. ഇത് ഒറ്റ വാഹനമോ,മറ്റൊരു വാഹനത്തില്‍ ഘടിപ്പിച്ചതോ ആകാം. ഏകദേശം 8.5 മീറ്റര്‍ നീളമുള്ള വാഹനങ്ങളാണിത്. യാത്ര ചെയ്യുന്ന വിനോദസഞ്ചാരികള്‍ക്ക് കാരവന്‍ പാര്‍ക്ക് ചെയ്യാനും രാത്രിയോ പകലോ ചെലവിടാനും ആ വിനോദ സഞ്ചാര കേന്ദ്രം ആസ്വദിക്കുന്നതിനും വേണ്ടി തയ്യാറാക്കുന്ന നിര്‍ദ്ദിഷ്ട സ്ഥലങ്ങളാണ് കാരവന്‍ പാര്‍ക്കുകള്‍.
എന്തൊക്കെ സൗകര്യങ്ങള്‍ ?
രണ്ട് പേര്‍ക്ക് ഉപയോഗിക്കാവുന്ന സോഫ കം ബെഡ്. ഫ്രിഡ്ജും മൈക്രോവേവ് അവനും ഉള്‍പ്പെടുന്ന അടുക്കള. ആവശ്യത്തിന് ശുദ്ധജലം, ഹാന്‍ഡ് ഷവറുള്ള ശൗചാലയം. സഞ്ചാരികളും വാഹനം ഓടിക്കുന്നയാളും തമ്മില്‍ ഒരു മറയുണ്ടകണം. ഇരുവരും തമ്മില്‍ ആശയവിനിമയത്തിനുള്ള സൗകര്യം. എയര്‍ കണ്ടീഷന്‍, ഡൈനിംഗ് ടേബിള്‍, ദൃശ്യ-ശ്രാവ്യ സംവിധാനങ്ങള്‍, ഇന്റര്‍നെറ്റ്, അകത്തും പുറത്തും സമഗ്ര ചാര്‍ജിംഗ് സംവിധാനം,ജിപിഎസ് ബിഎസ്-6 നിലവാരം, പരിസ്ഥിതി സൗഹൃദ മാലിന്യ നിര്‍മാര്‍ജനം, വിവരസാങ്കേതിക വിദ്യാധിഷ്ടിത നിരീക്ഷണ സംവിധാനം.ഇത്രയും സൗകര്യങ്ങളോടെയുള്ള കാരവനുകള്‍ക്കാണ് വിനോദസഞ്ചാര വകുപ്പ് കാരവന്‍ ടൂറിസത്തിനായി അനുമതി നല്‍കുന്നത്.
സംരംഭകര്‍ക്കും പ്രോത്സാഹനം
കാരവന്‍ ടൂറിസത്തിന് ഉത്തേജനം എതിനൊപ്പം തന്നെ സംരംഭകര്‍ക്കും പ്രോത്സാഹനം നല്‍കുന്ന പദ്ധതികളും സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്.
ആദ്യത്തെ 100 കാരവനുകള്‍ക്ക് 7.50 ലക്ഷം രൂപ വീതം അല്ലെങ്കില്‍ കാരവനുവേണ്ടിയുള്ള ആകെ നിക്ഷേപത്തിന്റെ 15 ശതമാനം അതില്‍ ഏതാണോ കുറവ് നിക്ഷേപ ധനസഹായമായി നല്‍കും.പിന്നീട് വരുന്ന 99 കാരവനുകള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം അല്ലെങ്കില്‍ നിക്ഷേപത്തിന്റെ 10 ശതമാനം ഏതാണോ കുറവ് അത്. അടുത്ത 99 കാരവനുകള്‍ക്ക് രണ്ടര ലക്ഷം രൂപ വീതം, അല്ലെങ്കില്‍ നിക്ഷേപത്തിന്റെ അഞ്ച് ശതമാനം അതില്‍ ഏതാണോ കുറവ് അത്.
രജിസ്ട്രേഷന്‍, ഫണ്ടിംഗ്
കാരവനുകള്‍, കാരവന്‍ പാര്‍ക്കുകള്‍ എന്നിവയുടെ രജിസ്ട്രേഷന്‍ നടത്തേണ്ടത് https://www.keralatourism.org/keravan-kerala/register/tourist-caravan എന്ന വെബ്സൈറ്റ് വഴിയാണ്.
കെഎസ്ഐഡിസി (കേരള ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍) കാരവന്‍ ഉടമകള്‍ക്ക് അല്ലെങ്കില്‍ സംരംഭകര്‍ക്ക് 50 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപവരെ വായ്പയായി നല്‍കും. അത് ഒരു കാരവന്റെ മൊത്തം ചെലവിന്റെ 70 ശതമാനം വരെ മാത്രമാണ്. ഏഴ് വര്‍ഷത്തേക്ക് 8.75 ശതമാനം പലിശ നിരക്കിലാണ് വായ്പ നല്‍കുന്നത്. പുതിയ വാഹനങ്ങള്‍ക്കു മാത്രമാണ് വായ്പ ലഭിക്കുന്നത്. ഒരു വര്‍ഷത്തെ മൊറേട്ടാറിയവും ലഭിക്കും. നിലവില്‍ കെഎസ്ഐഡിസി വായ്പയുള്ളവരാണ് ഈ പദ്ധതിക്ക് വേണ്ടി അപേക്ഷിക്കുന്നതെങ്കില്‍ തിരിച്ചടവ് ചരിത്രം പരിശോധിച്ചാവും വായ്പ അനുവദിക്കുന്നത്. മറ്റ് സ്ഥാപനങ്ങളില്‍ വായ്പകളുള്ളവര്‍ക്കും ചില മാനദണ്ഡങ്ങള്‍ ബാധകമാണ്.
ബജറ്റിലും കാരവന്‍
കാരവന്‍ പാര്‍ക്കുകള്‍ ആരംഭിക്കാനും അവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും അഞ്ച് കോടി രൂപയാണ് സംസ്ഥാന ബജറ്റില്‍ വകയിരിത്തിയിരിക്കുന്നത്. ഇത് തീര്‍ച്ചയായും കൊവിഡില്‍ തളര്‍ന്നുപോയ ടൂറിസം മേഖലയ്ക്ക് ഉണര്‍വേകും.കാരവന്‍ ടൂറിസം കേരളം പരിചയപ്പെട്ടിട്ട് അധികനാളായിട്ടില്ല. അതുകൊണ്ട് തന്നെ കേരളത്തിലെ ടൂറിസം മേഖലയ്ക്ക് ഈ പദ്ധതി ഏറെ മനോഹരമായി നടപ്പിലാക്കാം. നിക്ഷേപകരെ കൂടുതലായി ആകര്‍ഷിക്കുകയും ചെയ്യാം.
കാരവനുകളുടെ നികുതിയെ സംബന്ധിച്ചും ആശ്വാസകരമായ പ്രഖ്യാപനങ്ങളുണ്ടായിരുന്നു. ടൂറിസം വകുപ്പിന് വാടകയ്ക്ക് നല്‍കുന്നതും വകുപ്പുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതുമായ കാരവനുകളുടെ നികുതി 1000 ത്തില്‍ നിന്നും ചതുരശ്രയടിക്ക് 500 ആയാണ് കുറച്ചത്.ഇത് കരാര്‍ തീയ്യതി മുതല്‍ മുന്‍കാലപ്രാബല്യത്തോടെയാണ് ലഭ്യമാകുന്നത്. ബജറ്റിലെ പ്രഖ്യാപനങ്ങളുടെ വിനിയോഗം എങ്ങനെയായിരിക്കുമെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ വരാനിക്കുന്നതെയുള്ളു.
'കേരളത്തില്‍ പല സ്ഥലങ്ങളിലും കെട്ടിടങ്ങള്‍ പണിയാന്‍ സാധിക്കില്ല. എന്നാല്‍ ആ ഇടങ്ങളിലൊക്കെ കാണാനും ആസ്വദിക്കാനും ഏറെ കാഴ്ച്ചകളുണ്ട്. അത്തരം സ്ഥലങ്ങളില്‍ കാരവന്‍ വലിയൊരു അനുഗ്രഹഹമാണ്. വിനോദ സഞ്ചാര വകുപ്പ് മന്ത്രി, ടൂറിസം ഡയറക്ടര്‍ എന്നിവരില്‍നിന്നൊക്കെ നല്ല പിന്തുണ ലഭിക്കുന്നുണ്ട്. ഇപ്പോള്‍ ആഭ്യന്തര സഞ്ചാരികളാണ് കൂടുതലും എത്തുന്നത്. കര്‍ണാടക, ബംഗളുരു, പൂനെ, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നെല്ലാം സഞ്ചാരികള്‍ എത്തുന്നുണ്ട്. വിദേശ സഞ്ചാരികള്‍ എത്തിതുടങ്ങുന്നതെയുള്ളു. രണ്ടാമത്തെ കാരവന്‍ ഉടനെയെത്തുമെന്നും,'പ്രസാദ് മഞ്ഞളി പറഞ്ഞു.
മേയ് അഞ്ചു മുതല്‍ എട്ട് വരെ കൊച്ചിയിലെ വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ നടന്ന കേരള ട്രാവല്‍ മാര്‍ട്ടിലും താരം കാരവന്‍ ടൂറിസമായിരുന്നു. കേരളത്തിന്റെ കാരവന്‍ നയവും, കാരവനുകളും ഉന്നത നിലവാരം പുലര്‍ത്തുന്നവയാണെന്നാണ് വിദേശത്തു നിന്നും ട്രാവല്‍ മാര്‍ട്ടിലെത്തിയ ബയേഴ്‌സിന്റെ അഭിപ്രായം. ആഭ്യന്തര ടൂറിസം ഓപ്പറേറ്റര്‍മാര്‍ക്കും പറയാനുണ്ടായിരുന്നത് കേരളം അവതരിപ്പിച്ച കാരവനുകളുടെ ഗുണമേന്മയെക്കുറിച്ചായിരുന്നു. കാരവന്‍ ടൂറിസം സംരംഭകര്‍ക്ക് വായ്പ പിന്തുണയുമായി എസ്ബിഐ തുടങ്ങിയ ബാങ്കുകളും ട്രാവല്‍ മാര്‍ട്ടില്‍ എത്തിയിരുന്നു.