image

9 Jun 2026 4:11 PM IST

Automobile

ഈമാസം കാര്‍ വാങ്ങാം; ഓഫറുകളുടെ പെരുമഴയുമായി മുന്‍നിര കമ്പനികള്‍

MyFin Desk

ഈമാസം കാര്‍ വാങ്ങാം; ഓഫറുകളുടെ   പെരുമഴയുമായി മുന്‍നിര കമ്പനികള്‍
X

Summary

ഏറ്റവും വലിയ ആനുകൂല്യം വാഗ്ദാനം ചെയ്യുന്നത് ടാറ്റ മോട്ടോഴ്സാണ്. തിരഞ്ഞെടുത്ത ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 3.50 ലക്ഷം രൂപ വരെയാണ് കിഴിവ്


പുതിയൊരു കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരവുമായി ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കള്‍ രംഗത്ത്. മാരുതി സുസുക്കി, ഹ്യുണ്ടായ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ പ്രമുഖ കമ്പനികള്‍ ജൂണ്‍ മാസത്തില്‍ തങ്ങളുടെ വിവിധ മോഡലുകള്‍ക്ക് വമ്പിച്ച ഇളവുകളും ആനുകൂല്യങ്ങളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കാറിന്റെ മോഡലും വേരിയന്റും അനുസരിച്ച് 3.50 ലക്ഷം രൂപ വരെ ഈ മാസം ലാഭിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും.

ഏറ്റവും വലിയ കിഴിവ് വാഗ്ദാനം ചെയ്യുന്നത് ടാറ്റ മോട്ടോഴ്സാണ്. തിരഞ്ഞെടുത്ത ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 3.50 ലക്ഷം രൂപ വരെയാണ് ആനുകൂല്യം. ടാറ്റ Curvv.ev-നാണ് ഏറ്റവും ഉയര്‍ന്ന കിഴിവ് ലഭിക്കുന്നത്. ഇതോടൊപ്പം Harrier.ev, Nexon.ev, Punch.ev, Tiago.ev തുടങ്ങിയ മോഡലുകളിലും ആകര്‍ഷകമായ ഓഫറുകളുണ്ട്. മാരുതി സുസുക്കിയുടെ നെക്‌സ ശ്രേണിയില്‍ ഇന്‍വിക്ടോയ്ക്ക് 2.15 ലക്ഷം രൂപ വരെയും, അരീന ശ്രേണിയില്‍ വിക്ടോറിസിന് 90,000 രൂപ വരെയും ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. ആള്‍ട്ടോ, ബ്രെസ്സ, ഗ്രാന്‍ഡ് വിറ്റാര തുടങ്ങിയ ജനപ്രിയ മോഡലുകളും ഓഫര്‍ പട്ടികയിലുണ്ട്.

ഇവര്‍ക്കൊപ്പം ഹ്യുണ്ടായിയും മത്സരരംഗത്ത് സജീവമാണ്. ക്രെറ്റയുടെ തെരഞ്ഞെടുത്ത വകഭേദങ്ങള്‍ക്ക് 1.05 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. എക്സ്റ്റര്‍, വെര്‍ണ, i20, ഗ്രാന്‍ഡ് i10 നിയോസ് തുടങ്ങിയ മറ്റ് ജനപ്രിയ മോഡലുകളിലും വിവിധ ഓഫറുകള്‍ ലഭ്യമാണ്. ക്യാഷ് ഡിസ്‌കൗണ്ടുകള്‍, എക്സ്ചേഞ്ച് ബോണസുകള്‍, സ്‌ക്രാപ്പേജ് ഇന്‍സെന്റീവുകള്‍ എന്നിവയെല്ലാം ചേര്‍ത്താണ് ഈ ആനുകൂല്യങ്ങള്‍ നല്‍കുന്നത്.

ഈ ഓഫറുകള്‍ മാസാവസാനം വരെ മാത്രമാണ് ലഭ്യമാകുക എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. കൂടാതെ, ഡീലര്‍ഷിപ്പുകള്‍, സ്ഥലം, തിരഞ്ഞെടുക്കുന്ന വേരിയന്റ് എന്നിവയെ ആശ്രയിച്ച് ആനുകൂല്യങ്ങളില്‍ മാറ്റങ്ങള്‍ വരാം. അതിനാല്‍, കൃത്യമായ ഓഫറുകളും വില വിവരങ്ങളും അറിയാന്‍ ഏറ്റവും അടുത്തുള്ള അംഗീകൃത ഡീലറുമായി ബന്ധപ്പെടുന്നത് നന്നായിരിക്കും.