image

16 Jan 2022 5:57 AM GMT

Social Security

ഭിന്നശേഷി കുട്ടികള്‍ക്കായി നിരാമയ ഇന്‍ഷുറന്‍സ്

MyFin Desk

ഭിന്നശേഷി കുട്ടികള്‍ക്കായി നിരാമയ ഇന്‍ഷുറന്‍സ്
X

Summary

ഓരോ വര്‍ഷവും ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പോളിസി പുതുക്കേണ്ടതാണ്. ഈ പദ്ധതിയില്‍ അംഗങ്ങളാകുന്നതിനോ പോളിസി പുതുക്കുന്നതിനോ യാതൊരു വിധ ഫീസും ഈടാക്കുന്നില്ല.


കുടുംബശ്രീയുടെ മേല്‍നോട്ടത്തില്‍ 2004 ആണ് ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവര്‍ക്ക് വേണ്ടി ആദ്യമായി 'ബഡ്‌സ്' എന്ന സ്ഥാപനം ആരംഭിച്ചത്....

കുടുംബശ്രീയുടെ മേല്‍നോട്ടത്തില്‍ 2004 ആണ് ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവര്‍ക്ക് വേണ്ടി ആദ്യമായി 'ബഡ്‌സ്' എന്ന സ്ഥാപനം ആരംഭിച്ചത്. പിന്നീട് കൂടുതല്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് ഇത് വ്യാപിച്ചു. തുടക്കത്തില്‍ മാതാപിതാക്കള്‍ക്ക് തൊഴിലിന് പോകാന്‍ ഇത്തരം കുട്ടികളെ ഏല്‍പ്പിക്കാനുള്ള ഒരു പകല്‍ വീട് ആശയത്തിലാണ് ഇത് പ്രവര്‍ത്തിച്ചിരുന്നത്. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവര്‍ക്കും തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തില്‍ മികച്ച വിദ്യാഭ്യാസ പുനരധിവാസ സൗകര്യങ്ങള്‍ ഒരുക്കുകയും അതിലൂടെ അവരുടെ സമഗ്ര വികസനം സാധ്യമാക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം.

ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂളുകളും ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററുകളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബുദ്ധിപരമായ ബലഹീനതകള്‍ നേരിടുന്നവര്‍ക്കുള്ള പ്രത്യേക വിദ്യാഭ്യാസം, പൊതുവിദ്യാഭ്യാസം പോലെ തന്നെ ക്രമാനുസൃതവും ശാസ്ത്രീയവുമായി രൂപപ്പെടുത്തുക എന്ന ലക്ഷ്യമാണ് കുടുംബശ്രീക്കുള്ളത്. കുടുംബശ്രീയുടെ സാമൂഹ്യ ഇടപെടലുകളില്‍ ഏറ്റവും ശക്തമായ പ്രവര്‍ത്തനങ്ങളിലൊന്നാണ് ബഡ്‌സ് സ്ഥാപനങ്ങള്‍.

പ്രായ പരിധി

അഞ്ച് മുതല്‍ 18 വയസുവരെ പ്രായമുള്ള മാനസിക ബുദ്ധിപരവുമായ ബലഹീനതകള്‍ നേരിടുന്നവര്‍ക്ക് ബഡ്‌സ് സ്‌കൂളുകള്‍ വഴി സവിശേഷ വിദ്യാഭ്യാസം നല്‍കി വരുന്നു. 18 വയസു കഴിഞ്ഞവര്‍ക്ക് ബഡ്‌സ് റീഹാബിലിറ്റേഷന്‍ കേന്ദ്രങ്ങളിലൂടെ (ബി ആര്‍ സി) പ്രാദേശിക പുനരധിവാസവും, തൊഴില്‍ പരിശീലനവും നല്‍കുന്നു. ഭിന്നശേഷിക്കാരെ പരാശ്രയത്വത്തില്‍ നിന്ന് സ്വാശ്രയത്വത്തിലേക്ക് നയിക്കുക എന്നതാണ് ബഡ്‌സ് സ്ഥാപനങ്ങള്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.

നിരാമയ ഇന്‍ഷുറന്‍സ്

ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിപരമായ വെല്ലുവിളികള്‍, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി തുടങ്ങിയ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ജീവിതത്തിലുടനീളം ആവശ്യമായ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്ന സമ്പൂര്‍ണ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് നിരാമയ ഇന്‍ഷുറന്‍സ്. ഒരു വര്‍ഷം ഒരു ലക്ഷം രൂപ വരെ ചികിത്സ ചെലവിനായി ഈ പദ്ധതിയിലൂടെ ലഭിക്കും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ബഡ്‌സ് സ്ഥാപനങ്ങളിലെ എല്ലാ അംഗങ്ങളെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ വര്‍ഷവും ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പോളിസി പുതുക്കേണ്ടതാണ്. ഈ പദ്ധതിയില്‍ അംഗങ്ങളാകുന്നതിനോ പോളിസി പുതുക്കുന്നതിനോ യാതൊരു വിധ ഫീസും ഈടാക്കുന്നില്ല.