image

25 Feb 2022 6:14 AM GMT

Insurance

പോളിസി ഉടമകള്‍ക്ക് ആശ്വസിക്കാം, വ്യവസ്ഥകളില്‍ ചിലത് ലംഘിച്ചാലും 75 ശതമാനം ക്ലെയിം

MyFin Desk

പോളിസി ഉടമകള്‍ക്ക് ആശ്വസിക്കാം, വ്യവസ്ഥകളില്‍ ചിലത് ലംഘിച്ചാലും 75 ശതമാനം ക്ലെയിം
X

Summary

  ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്ക് ക്ലെയിം തുക കൃത്യമായി ലഭിക്കാതെ വരുന്ന ഒട്ടേറെ സന്ദര്‍ഭങ്ങളുണ്ട്. തുക നല്‍കാതിരിക്കുന്നതിന് കമ്പനി എന്തെങ്കിലും തരത്തിലുള്ള മുട്ടു ന്യായങ്ങള്‍ കണ്ടെത്തുകയും ചെയ്യും. മാത്രമല്ല ഇത്തരം സംഭവങ്ങള്‍ പിന്നീട് നിയമനടപടികളിലേക്ക് നീണ്ടാല്‍ ക്ലെയിം തുകയ്ക്ക് കാലതാമസമുണ്ടാകുക സ്വാഭാവികം. മിക്ക ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുമെതിരെ ഇത്തരത്തില്‍ പരാതി ഉയരുന്ന സമയത്താണ് ഗുജറാത്തിലെ വഡോദരയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത ഇന്‍ഷുറന്‍സ് ക്ലെയിം സംബന്ധിച്ച കേസ് ശ്രദ്ധേയമാകുന്നത്. ഇന്‍ഷുറന്‍സ് പോളിസി സംബന്ധിച്ച ചില വ്യവസ്ഥകള്‍ ലംഘിച്ചാലും 75 ശതമാനം […]


ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്ക് ക്ലെയിം തുക കൃത്യമായി ലഭിക്കാതെ വരുന്ന ഒട്ടേറെ സന്ദര്‍ഭങ്ങളുണ്ട്. തുക നല്‍കാതിരിക്കുന്നതിന്...

 

ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്ക് ക്ലെയിം തുക കൃത്യമായി ലഭിക്കാതെ വരുന്ന ഒട്ടേറെ സന്ദര്‍ഭങ്ങളുണ്ട്. തുക നല്‍കാതിരിക്കുന്നതിന് കമ്പനി
എന്തെങ്കിലും തരത്തിലുള്ള മുട്ടു ന്യായങ്ങള്‍ കണ്ടെത്തുകയും ചെയ്യും. മാത്രമല്ല ഇത്തരം സംഭവങ്ങള്‍ പിന്നീട് നിയമനടപടികളിലേക്ക് നീണ്ടാല്‍ ക്ലെയിം തുകയ്ക്ക് കാലതാമസമുണ്ടാകുക സ്വാഭാവികം.

മിക്ക ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുമെതിരെ ഇത്തരത്തില്‍ പരാതി ഉയരുന്ന സമയത്താണ് ഗുജറാത്തിലെ വഡോദരയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത ഇന്‍ഷുറന്‍സ് ക്ലെയിം സംബന്ധിച്ച കേസ് ശ്രദ്ധേയമാകുന്നത്. ഇന്‍ഷുറന്‍സ് പോളിസി സംബന്ധിച്ച ചില വ്യവസ്ഥകള്‍ ലംഘിച്ചാലും 75 ശതമാനം ക്ലെയിമിന് പോളിസി ഉടമയ്ക്ക് അര്‍ഹതയുണ്ടെന്ന് ഉപഭോക്തൃ കോടതി ഉത്തരവിട്ടു. വഡോദരയിലെ ബനസ്‌ക്കന്ദ ജില്ല ഉപഭോക്തൃ കോടതിയാണ് ദേശീയ ഉപഭോക്തൃ ഫോറത്തെ ഉദ്ധരിച്ചുകൊണ്ട് ഈ വിധി പുറപ്പെടുവിച്ചത്. ഇന്‍ഷുറന്‍സ് പോളിസിയുള്ള ഒട്ടേറെ ആളുകള്‍ക്ക് ആശ്വാസമാകുന്ന വിധിയാണിതെന്നും കോടതി ചൂണ്ടിക്കാട്ടി.

ഗുജറാത്തിലെ പാലന്‍പൂര്‍ സ്വദേശിയായ പ്രതാപ്ജി വന്‍സാരയുടെ പരാതിയിലാണ് ബനസ്‌ക്കന്ദ ജില്ലയിലെ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം വിധി പ്രഖ്യാപിച്ചത്. 2019 ഓഗസ്റ്റില്‍ ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്പനി തനിക്ക് ക്ലെയിം തുക നിഷേധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. 2018 ഏപ്രിലില്‍ ഇന്‍ഷുറന്‍സ് കവറോജോടു കൂടിയ ട്രാക്ടര്‍ വന്‍സാര വാങ്ങിയിരുന്നു. എന്നാല്‍ 2018 ജൂണില്‍ ഇത് മോഷണംപോയി. വാഹനം മോഷണം പോയത് സംബന്ധിച്ച് രാജസ്ഥാനില്‍ പരാതി രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ക്ലെയിം തുക വേണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിക്കുകയും ചെയ്തു. ഇന്‍ഷുറന്‍സ് പോളിസി വ്യവസ്ഥ പ്രകാരം സ്വകാര്യ ആവശ്യത്തിനാണ് വാഹനം ഉപയോഗിക്കുന്നത് എന്ന് രേഖപ്പെടുത്തിയിരുന്നു.

എന്നാല്‍ വന്‍സാര ഈ വാഹനം വ്യാപാര ആവശ്യത്തിന് ഉപയോഗിച്ചുവെന്നും അതിനാല്‍ ക്ലെയിം നല്‍കാന്‍ സാധിക്കില്ലെന്നുമായിരുന്നു ഇന്‍ഷുറന്‍സ് കമ്പനിയുടെ പ്രതികരണം. ഇതോടെ നഷ്ടപരിഹാരം വേണമെന്ന് ചൂണ്ടിക്കാട്ടി വന്‍സാര പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. മാനസിക പീഡനത്തിന് ഒരു ലക്ഷം രൂപ, 18 ശതമാനം പലിശയോടു കൂടി 2.50 ലക്ഷം രൂപ, ഇന്‍ഷുറന്‍സ് സ്ഥാപനത്തില്‍ നിന്നും 25,000 രൂപ എന്നിങ്ങനെ നഷ്ടപരിഹാരം ലഭിക്കണമെന്നാണ് അദ്ദേഹം പരാതിയില്‍ ആവശ്യപ്പെട്ടത്. വാഹനം മോഷ്ടിക്കപ്പെട്ടതാണെന്ന് വ്യക്തമാക്കുന്നതിനൊപ്പം പോലീസില്‍ നല്‍കിയ പരാതിയുടെ കോപ്പിയും വന്‍സാര കോടതി മുന്‍പാകെ സമര്‍പ്പിച്ചു. ഇന്‍ഷുറന്‍സ് കമ്പനിയുടെ ഭാഗത്ത് നിന്നും ഈ പ്രശ്നത്തില്‍ യാതൊരു വിധ അന്വേഷണവും ഉണ്ടായില്ല എന്നും ക്ലെയിം സംബന്ധിച്ച അവകാശ വാദം നിരസിച്ചത് കമ്പനിയ്ക്ക് പറ്റിയ തെറ്റാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

ഇന്‍ഷുറന്‍സ് കമ്പനി മുന്നോട്ട് വെക്കുന്ന വ്യവസ്ഥകളില്‍ ചിലത് ലംഘിച്ചാലും പോളിസി ഉടമയ്ക്ക് 75 ശതമാനം ക്ലെയിം തുകയ്ക്ക് (നോണ്‍ സ്റ്റാന്‍ഡാര്‍ഡ് ബേസിസ് പ്രകാരം) അവകാശമുണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്. ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്‍ഷുറന്‍സ് കമ്പനി വാന്‍സാരയ്ക്ക് 1.87 ലക്ഷം രൂപ 9 ശതമാനം പലിശ ചേര്‍ത്ത് (പരാതി സമര്‍പ്പിച്ച തീയതി മുതല്‍ വിധി വന്ന ദിവസം വരെയുള്ള കാലയളവ് കണക്കാക്കി) നല്‍കണമെന്നാണ് കോടതി വിധിച്ചത്.