image

30 Jun 2022 5:11 AM GMT

Insurance

പ്രസവം, നിലവിലെ രോഗം ഇവ 'മെഡിസെപ്' പരിധിയിലാണോ?

wilson Varghese

പ്രസവം, നിലവിലെ രോഗം ഇവ മെഡിസെപ് പരിധിയിലാണോ?
X

Summary

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള മെഡിസെപ് പദ്ധതി ഇന്ന് പ്രാബല്യത്തില്‍ വരികയാണ്. സര്‍ക്കാര്‍ ജിവനക്കാര്‍ക്കും ആശ്രിതകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വര്‍ഷം മൂന്ന് ലക്ഷം രൂപ വരെ ചികിത്സയ്ക്ക് പരിരക്ഷ നല്‍കുന്നതാണ് പദ്ധതി. നമുക്കറിയാം, വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇത് യാഥാര്‍ഥ്യമാകുന്നത്. മെഡിസെപ്പുമായി ബന്ധപ്പെട്ട് ഒട്ടനവധി കാര്യങ്ങള്‍ ഇതുവരെ മാധ്യമങ്ങളിലൂടെയും മറ്റും ജനങ്ങള്‍ അറിഞ്ഞിട്ടുണ്ട്. എങ്കിലും പല സംശയങ്ങളും ഗുണഭോക്താക്കള്‍ക്ക് ഇപ്പോഴുമുണ്ട്. എത്ര വയസു വരെയുള്ളവര്‍ക്ക് പദ്ധതിയുടെ ഗുണഭോക്താക്കളാകാം, നിലിവിലുള്ള രോഗങ്ങള്‍ കവറേജിന്റെ ഭാഗമാകുമോ, ഒരാള്‍ക്ക് അറിയാത്ത അസുഖങ്ങള്‍ പിന്നീട് കണ്ടെത്തിയാല്‍ […]


സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള മെഡിസെപ് പദ്ധതി ഇന്ന് പ്രാബല്യത്തില്‍ വരികയാണ്. സര്‍ക്കാര്‍ ജിവനക്കാര്‍ക്കും ആശ്രിതകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വര്‍ഷം മൂന്ന് ലക്ഷം രൂപ വരെ ചികിത്സയ്ക്ക് പരിരക്ഷ നല്‍കുന്നതാണ് പദ്ധതി. നമുക്കറിയാം, വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇത് യാഥാര്‍ഥ്യമാകുന്നത്. മെഡിസെപ്പുമായി ബന്ധപ്പെട്ട് ഒട്ടനവധി കാര്യങ്ങള്‍ ഇതുവരെ മാധ്യമങ്ങളിലൂടെയും മറ്റും ജനങ്ങള്‍ അറിഞ്ഞിട്ടുണ്ട്. എങ്കിലും പല സംശയങ്ങളും ഗുണഭോക്താക്കള്‍ക്ക് ഇപ്പോഴുമുണ്ട്.

എത്ര വയസു വരെയുള്ളവര്‍ക്ക് പദ്ധതിയുടെ ഗുണഭോക്താക്കളാകാം, നിലിവിലുള്ള രോഗങ്ങള്‍ കവറേജിന്റെ ഭാഗമാകുമോ, ഒരാള്‍ക്ക് അറിയാത്ത അസുഖങ്ങള്‍ പിന്നീട് കണ്ടെത്തിയാല്‍ കവറേജിന്റെ പരിധിയില്‍ വരുമോ, പെന്‍ഷന്‍കാര്‍ക്ക് പദ്ധതിയില്‍ ചേരുന്നതിന് മുമ്പ് മെഡിക്കല്‍ ചെക്കപ്പ് വേണ്ടി വരുമോ, നിലവില്‍ മറ്റൊരു ഇന്‍ഷുറന്‍സ് പോളിസി ഉള്ളവര്‍ക്ക് കവറേജ് എങ്ങിനെയായിരുക്കും തുടങ്ങി നിരവധി സംശയങ്ങള്‍ ഗുണഭോക്താക്കള്‍ക്കിടയല്‍ ഉയരുക സ്വാഭാവികമാണ്. കാരണം ഇന്‍ഷുറന്‍സ് ആണ് ആളുകള്‍ക്ക് വലിയ ധാരണയില്ലാത്ത രംഗമാണ്.

30 ലക്ഷം പേര്‍

പത്ത് ലക്ഷത്തോളം വരുന്ന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും ബാധകമാകുന്നതാണ് പദ്ധതി. നിര്‍ബന്ധിത സ്വാഭമുള്ള പദ്ധതിയാണ്. അതായത് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അംഗത്വം നിര്‍ബന്ധം. ആര്‍ക്കും മാറി നില്‍ക്കാനാവില്ലെന്നര്‍ഥം.

മൂന്ന് വര്‍ഷമാണ് പദ്ധതി കാലാവധി. ഒരോ മൂന്ന് വര്‍ഷം കൂടുമ്പോഴും പദ്ധതി പുതുക്കും. മൂന്ന് ലക്ഷം രൂപയാണ് കവറേജെങ്കിലും ആദ്യ വര്‍ഷം ഗുണഭോക്താക്കള്‍ക്ക് ക്ലെയിം ഉണ്ടായില്ലെങ്കില്‍ രണ്ടാം വര്‍ഷം കവറേജ് 50 ശതമാനം കൂടും. അതായത് രണ്ടാം വര്‍ഷം അസുഖ ബാധിതനായാല്‍ 4.5 ലക്ഷം വരെ ക്ലെയിം ചെയ്യാം. ഇനി രണ്ടാം വര്‍ഷവും ക്ലെയും ഉണ്ടായില്ലെങ്കില്‍ വീണ്ടും 1.5 ലക്ഷം രൂപ കവറേജിലേക്ക് ചേര്‍ക്കപ്പെടും. അപ്പോള്‍ മൂന്നാം വര്‍ഷം ആകെ കവറേജ് തുക 6 ലക്ഷം രൂപ വരെയാകും.പിന്നീട് അടുത്ത പോളിസി കാലയളവാണ്. അപ്പോള്‍ ക്ലെയിം തുക ഉയരില്ല. പക്ഷെ, രോഗങ്ങളുടെ പരിരക്ഷ തുടരും.

6000 പ്രീമിയം

ഓരോ മാസവും 500 രൂപയാണ് അംഗങ്ങളില്‍ നിന്ന് ഈടാക്കുക. അത് ശമ്പളം, പെന്‍ഷന്‍ എന്നിവയില്‍ നിന്ന് പിടിക്കും. കൃത്യമായി പറഞ്ഞാല്‍ വര്‍ഷം 4,800 രൂപയും ജിഎസ്ടിയും. അവയവ മാറ്റമടക്കമുള്ള എല്ലാ രോഗങ്ങള്‍ക്കും ഇതിന്റെ കവറേജ് ലഭിക്കുമെന്നുള്ളത് നിസാര കാര്യമല്ല. മൂന്ന് ലക്ഷം രൂപ കവറേജുള്ള സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ പോളിസിയ്ക്ക് 15,000 മുതല്‍ 20,000 രൂപ വരെ പ്രീമിയം അടയ്‌ക്കേണ്ടി വരുന്നിടത്താണ് മെഡിസെപ് 6000 രൂപ ഈടാക്കുന്നത് എന്നോര്‍ക്കണം.

200 ആശുപത്രികള്‍

തുടക്കത്തില്‍ 162 ആശുപത്രകള്‍ മെഡിസെപ്പുമായുള്ള ചികിത്സാ കരാറില്‍ ഒപ്പിട്ടിരുന്നു എങ്കില്‍ ഇപ്പോള്‍ 200 ആശുപത്രികള്‍ കാഷ്‌ലെസ് ട്രീറ്റ്‌മെന്റിന് തയ്യാറായിട്ടുണ്ട്. ഈ ആശുപത്രികളില്‍ ഓരോ ട്രീറ്റ്‌മെന്റിനും സര്‍ക്കാര്‍ തുക മുന്‍കൂര്‍ നിശ്ചയിച്ചിട്ടുണ്ട്. ഇതില്‍ കൂട്ടാനാവില്ല. അതുകൊണ്ട് അമിതമായ ബില്ല് ഭയക്കേണ്ടതില്ല എന്നൊരു ഗുണമുണ്ട് ഇവിടെ. ചികിത്സാ നിരക്ക് പോരെന്ന കാരണത്താല്‍ ചില പ്രമുഖ ആശുപത്രികള്‍ ഇതില്‍ നിന്ന് വിട്ട് നില്‍ക്കുന്നുണ്ട്.

1920 രോഗങ്ങള്‍
1920 രോഗങ്ങള്‍ക്ക് ഇവിടെ കവറേജ് ഉണ്ട്. ഒരു ദിവസമെങ്കിലും അഡമിറ്റ് ആയിരിക്കണം. എന്നാണ് വ്യവസ്ഥ. അതായത് വീട്ടില്‍ സ്വയം ചികിത്സ നടത്തി പണം ചെലവായാല്‍ പദ്ധതിയുടെ പരിധിയില്‍ വരില്ല. പക്ഷെ, ഇവിടെ ഡയാലിസിസ്, തിമിര ശസ്ത്രക്രിയ, കീമോ തെറാപ്പി തുടങ്ങിയവയക്ക് ിടത്തി ചികിത്സ എന്ന കടമ്പ ബാധകമല്ല. അല്ലാതെ തന്നെ പദ്ധതിയുടെ പരിധിയില്‍ വരും. അഡ്മിറ്റ് ആകുന്നതിന് മുമ്പും പിമ്പും 15 ദിവസം വരെ കവറേജിന്റെ ഭാഗമാണ്. എന്നു പറഞ്ഞാല്‍ ഈ ദിവസങ്ങളിലെ ചെലവുകള്‍ക്കും പരിരക്ഷയുണ്ട് എന്ന് സാരം. ഒപി ചികിത്സ ഇതിന്റെ പരിധിയില്‍ വരുന്നില്ല എന്നതും ഓര്‍ക്കാം.

ചില സംശയങ്ങള്‍

ജൂലായ് ഒന്നിന് തുടങ്ങുന്ന പദ്ധതിയില്‍ രണ്ടാം തീയതി ഒരാള്‍ അസുഖബാധിതനായാല്‍ ക്ലെയിമിന് അര്‍ഹതയുണ്ടോ? ഉണ്ട് എന്നാണ് ഉത്തരം. നിലവില്‍ മൂന്ന് മാസത്തെ പ്രീമിയം സര്‍ക്കാര്‍ മെഡിക്ലെയിം പദ്ധതിക്ക് വേണ്ടി അഡ്വാന്‍സ്് അടച്ചിട്ടുണ്ട്. കൂടാതെ അപ്രതീക്ഷിതമായുണ്ടാകുന്ന അപകടം, അസുഖം എന്നിവയ്ക്ക് റിഇംബേഴ്‌സ്‌മെന്റിനായി 35 കോടിയും അടച്ചിട്ടുണ്ട്. ഇൗ തുക തീരുന്ന മുറയ്ക്ക് ഇത്് സര്‍ക്കാര്‍ തന്നെ അടച്ചുകൊണ്ടിരിക്കും. അതുകൊണ്ട് ജൂലായ് ഒന്നു മുതല്‍ പദ്ധതി പ്രാബല്യത്തിലാണ്. മറ്റ് ആരോഗ്യ ഇന്‍ഷു്‌റന്‍സ് പോളിസിയെ പോലെ ഇവിടെ വെയിറ്റിംഗ് പീരിയഡ് ഇല്ല. എപ്പോള്‍ അംഗമാകുന്നോ അന്നു മുതലാണ് പരിരക്ഷ.

പ്രസവം പരിധിയിലാണോ?

ബന്ധപ്പെട്ടവരില്‍ നിന്ന്് ലഭിച്ച് വിവരം അനുസരിച്ച് ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്ന കേസുകള്‍ക്ക് കവറേജ് ഉണ്ട്. ആ നിലയ്ക്ക് ഡെലിവറിയും അതിന്റെ ഭാഗമായി വരും എന്നുവേണം കരുതാന്‍. പദ്ധതി തുടങ്ങിയിട്ടേയുള്ളു എന്നതിനാല്‍ പല കാര്യങ്ങള്‍ക്ക് ഇനിയും വ്യക്തത വരേണ്ടതുണ്ട്. പോകെ പോകെ ഇതിന് കൃത്യത വരും.

ആയുര്‍വേദ ചികിത്സ

നിലവില്‍ ആയുര്‍വേദ ചികിത്സ പദ്ധതിയുടെ ഭാഗമല്ല. സര്‍വീസ് സംഘടനകള്‍ ഇത് ആവശ്യപ്പെടുന്നുണ്ട്. നമ്മുടെ തനത് ചികിത്സയായ ആയുര്‍വേദത്തിന് ഒരുപാട് ആരാധകരുള്ള, പ്രത്യേകിച്ച് പ്രായാധിക്യമുള്ളവര്‍, സാഹചര്യത്തില്‍ ഭാവിയില്‍ ഇതും ഇതിന്റെ ഭാഗമാക്കിക്കൂടെന്നില്ല. സിദ്ധ, യുനാനി, ഹോമിയോ ചികിത്സകളും തത്കാലം പദ്ധിതിയില്‍ വരുന്നില്ല.

നിലവിലെ രോഗത്തിന് ക്ലെയിം കിട്ടുമോ?

സ്വകാര്യ ഇന്‍ഷുറന്‍സ് പോലെയല്ല, ഇവിടെ നിലവിലുള്ള അസുഖങ്ങളും പദ്ധതിയുടെ ഭാഗമാണ്. അതായത്. പ്രമേഹം, ഹെര്‍ണിയ പോലുള്ള അസുഖങ്ങള്‍ക്ക് മറ്റ് പോളിസികളില്‍ ഉള്ള വെയിറ്റിംഗ് പീരിയഡ് ഇവിടെ ബാധകമല്ല.

മാതാപിതാക്കള്‍ പെന്‍ഷന്‍ വാങ്ങുന്നവര്‍

ഇത്തരം കേസുകളില്‍ മകന് വര്‍ഷം മൂന്നു ലക്ഷം രൂപയുടെ ചികിത്സാ കവറേജ് ലഭിക്കും. മാതാപിതാക്കള്‍ക്കും മൂന്ന് ലക്ഷം രൂപ വീതം കവറേജ് ലഭിക്കും. മൂന്ന് പേരില്‍ നിന്നും മാസവിഹിതം ഈടാക്കും.

പെന്‍ഷണര്‍,ആശ്രിതര്‍, എത്ര രൂപയുടെ കവറേജ് ഉണ്ടാകും.

വര്‍ഷം മൂന്ന് ലക്ഷം രൂപയുടെ എന്നാണ് ഉത്തരം. ആദ്യ വര്‍ഷം ക്ലെയിം ഇല്ലെങ്കില്‍ രണ്ടാം വര്‍ഷം 4.5 ലക്ഷം രൂപയാകും ഇത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഒരാള്‍ക്ക് മെഡിസെപ്പും ഒപ്പം വേറെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളുമുണ്ടെന്ന് കരുതുക. രണ്ടിനും കൂടി 6 ലക്ഷം രൂപ വരെ കവറേജ് ഉണ്ട്. അങ്ങനെ വന്നാല്‍ മെഡിസെപ്പിന്റെ ആദ്യ വര്‍ഷം 5 ലക്ഷം രൂപയുടെ ചികിത്സാ ബില്‍ വന്നു എങ്കില്‍ മൂന്ന് ലക്ഷം രൂപ മെഡിസെപ്പില്‍ നിന്നും ക്ലെയിം ചെയ്യാം. എംപാനല്‍ ആശുപത്രിയാണെങ്കില്‍ ചികിത്സാ ചെലവ് പണമായി നല്‍കേണ്ടതില്ല. മൂന്ന് ലക്ഷത്തിന് മുകളിലുള്ള ബില്ല് ലൈവായി നില്‍ക്കുന്ന രണ്ടാം പോളിസിയില്‍ നിന്ന് ക്ലെയിം ചെയ്യാം.

ഇതെങ്ങനെയാണ്?

ക്ലെയിം സെറ്റില്‍ മെന്റിന് ഒര്‍ജിനല്‍ ബില്ലുകളാണ് കമ്പനികള്‍ ആവശ്യപ്പെടുക. തട്ടിപ്പ് തടയുക എന്നതാണ് ഇതിന് പിന്നില്‍. സെറ്റില്‍മെന്റ് ഫോമും ബില്ലുകളും ആദ്യ ക്ലെയിം അപേക്ഷയോടൊപ്പം നല്‍കണം. ഇവിടെ സാധാരണ നിലയില്‍ ബില്ലുകളുടെ സര്‍ട്ടിഫൈഡ് കോപ്പി ആവശ്യപ്പെടുകയാണ് പതിവ്. സര്‍ട്ടിഫൈ ചെയ്ത ബില്ലുകളുടെ കോപ്പിയും (ഒര്‍ജിനല്‍ മെഡിസെപ് ക്ലെയിമിന് പോയിട്ടുണ്ടാകും) വൗച്ചറുമായി പുതിയ ക്ലെയിം സെറ്റില്‍മെന്റ് ഫോമാണ് രണ്ടാം ഇന്‍ഷുറന്‍സ് കമ്പനിക്ക് നല്‍കേണ്ടത്.

പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്ക് ചേരാനാവുമോ ?

ദേശീയ പെന്‍ഷന്‍ പദ്ധതി അഥവാ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളായി വിരമിച്ചവര്‍ക്ക് മറ്റ് കേരളാ സര്‍ക്കാര്‍ പെന്‍ഷന്‍കാരെ പോലെ ലളിതമായി പദ്ധതിയുടെ ഭാഗമാകാനാവില്ല.
എന്‍പിഎസ് പദ്ധതിയില്‍ നിന്ന് വിരമിച്ചവര്‍ക്ക് അംഗത്വത്തിന് ബാധകമായ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ പദ്ധതിക്കാലയളവായ മൂന്ന് വര്‍ഷത്തെ പ്രീമിയം മുന്‍കൂറായി അടച്ച് ഇതിന്റെ ഭാഗമാകാം. 18,000 രൂപ. മെഡിസെപ് വെബ്‌സൈറ്റ് അനുസരിച്ച് ധനകാര്യ വകുപ്പിന്റെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വിഭാഗത്തിലാണ് നല്‍കേണ്ടത്. നമ്മുക്കറിയാം 2013 മുതല്‍ കേരളത്തില്‍ പങ്കാളിത്ത പെന്‍ഷപദ്ധതിയാണ് നിലനില്‍ക്കുന്നത്. ഇതില്‍ നിന്ന് മാറി മുമ്പുണ്ടായിരുന്ന പെന്‍ഷന്‍ സ്‌കീമിലേക്ക് പോകുമെന്നായിരുന്നു ഈ സര്‍ക്കാരിന്റെ വാഗ്ദാനം. ഏതാനം മാസം മുമ്പ് രാജസ്ഥാനും ഛത്തീസ്ഗഢും എന്‍പിഎസ് എന്ന കേന്ദ്ര പദ്ധതിയില്‍ നിന്ന് പിന്‍മാറിയിരുന്നു. ഈ രണ്ട് സംസ്ഥാനങ്ങളിലും 2004 മുതല്‍ എന്‍പിഎസ് ആയിരുന്നു നിലനിന്നിരുന്നത്.

താത്കാലിക സര്‍ക്കാര്‍ ജോലി

താത്കാലിക ജീവിനക്കാര്‍ക്ക് തത്കാലം പദ്ധതിയില്‍ ചേരാനാവില്ല.

ഒരേസമയം പലരുടെയും ആശ്രതര്‍

അങ്ങനെ പാടുണ്ടോ? ഇതിനുത്തരം ഇല്ല എന്നാണ്. ഒരാള്‍ക്ക് ഒരംഗത്തിന്റെ ആശ്രിത/ ആശ്രിതനായി മാത്രമെ ചേരാവു. ഒന്നില്‍ കൂടുതല്‍ തവണ പേര് ചേര്‍ക്കപ്പെട്ടാല്‍ ആനുകൂല്യം ലഭിക്കില്ല.

രാഷ്ട്രീയ സ്വാസ്ത് ഭീമാ യോജന ( ആര്‍എസ്ബി വൈ) അംഗങ്ങള്‍ക്ക് മെഡിസെപ് ആനുകൂല്യം ലഭിക്കുമോ? ബിപിഎല്‍ കുടുംബത്തിലെ അംഗങ്ങള്‍ക്ക് 30,000 രൂപ വരെ വാര്‍ഷിക ചികിത്സാ കവറേജ് ലഭിക്കുന്ന പദ്ധതിയാണ് ഇത്. സര്‍ക്കാര്‍ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ഇതില്‍ ചേരാനാവില്ല. എന്നാല്‍ മാതാപിതാക്കള്‍ ഇതില്‍ അംഗമാകുകയും മകനോ, മകളോ സര്‍ക്കാര്‍ ജോലിക്കാരനാകുകയും ചെയ്താല്‍ മെഡിസെപില്‍ ആശ്രിതനായി ചേരുന്നതിന് തടസത്തിന് കാര്യമില്ല.

ആശ്രിതര്‍ ആരൊക്കെയെന്ന് നോക്കാം

ജീവനക്കാരുടെ പങ്കാളി, അവരെ മാത്രം ആശ്രയിച്ച് കഴിയുന്ന മാതാപിതാക്കള്‍, 25 വയസ് പൂര്‍ത്തിയാകാത്ത അവിവാഹിതരോ തൊഴില്‍ രഹിതരോ ആയ മക്കള്‍.
പെന്‍ഷന്‍കാരുടെ പങ്കാളി, മാനസീക- ശാരീരിക വൈകര്യമുള്ള മക്കള്‍. ഇവിടെ പ്രായം പ്രശ്‌നമല്ല.

രണ്ട് പേരും സര്‍ക്കാര്‍ ജീവനക്കാര്‍

ഭാര്യയും ഭര്‍ത്താവും സര്‍ക്കാര്‍ ജീവനക്കാരാണെങ്കില്‍ അല്ലെങ്കില്‍ പെന്‍ഷന്‍ പറ്റുന്നവരാണെങ്കില്‍ പരസ്പരം പങ്കാളിയായി പ്രീമിയം അടയ്ക്കണം.

ചികിത്സാ ചെലവിന്റെ ഭാഗമായി വരുന്ന മുറി വാടക 1,000 മുതല്‍ 2,000 രൂപ വരെയാണ്. ഇതിലും കൂടിയ വാടകയുള്ള മുറിയും ഉപയോഗിക്കാം. അധിക തുക സ്വയം നല്‍കണം. ഐസിയുവിന് മെഡിസ്‌പെ്പില്‍ ദിവസം 5,000 രൂപയും വെന്റലേറ്ററിന് 2,000 രൂപയും നല്‍കും. കോര്‍പസ് ഫണ്ട്-35 കോടിയാണ് ഈയനിത്തില്‍ മാറ്റി വയ്ക്കുക. ഗുരുതര രോഗങ്ങള്‍, അവയവ മാറ്റം എന്നിവയ്ക്കാവും ഇത് ഉപയോഗിക്കുക. കരള്‍ മാറ്റ ശസ്ത്ര്ക്രീയക്ക് 18 ലക്ഷം, മജ്ജ മാറ്റത്തിന് 9.46 ലക്ഷം കോക്ലിയര്‍ ഇംപ്ലാന്റിന് 6.39 ലക്ഷം, വൃക്ക, മുട്ട് മാറ്റിവയ്ക്കലിന് 4 ലക്ഷം, ഹൃദയമാറ്റത്തിന് 20 ലക്ഷം എ്ന്നിങ്ങനെയാണ് തുക അനുവദിക്കുക.

മെഡിസെപിന് തിരച്ചറിയല്‍ കാര്‍ഡുണ്ട്. www.medisep.kerala.gov.in എന്ന സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഇവിടെ യൂസര്‍ ഐഡി മെഡിസെപ് ഐഡിയാണ്. പാസ്‌വേഡ് പെന്‍ അല്ലെങ്കില്‍ പിപിഒ നമ്പറും.

മെഡിസെപ് എന്ന ആനുകൂല്യം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്രിതര്‍ക്കും മാത്രമായി പരിമിതപ്പെടുത്തുമ്പോള്‍ 30 ലക്ഷത്തോളം പേര്‍ അതായത്, സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 10 ശതമാനം മാത്രമാണ് ഇതിന്റെ പരിധിയില്‍ വരിക എന്നതു കൂടി ഓര്‍ക്കണം. ബാക്കി ജനങ്ങള്‍ ആനുകൂല്യത്തിന് പുറത്താണ് എന്നത് ആശങ്കയായി തുടരുന്നു. ചികിത്സാ ചെലവ് എന്നാല്‍ എല്ലാവര്‍ക്കും ബാധകമാണല്ലോ. അവിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ അല്ലാത്തവരോ എന്നെുന്നുമില്ലല്ലോ.