image

10 Oct 2022 5:44 AM GMT10 Oct 2022 5:44 AM GMT

Insurance

മെന്റല്‍ ഹെല്‍ത്ത് പോളിസി ക്ലെയിം, എത്രനാള്‍ കാത്തിരിക്കണം ?

Myfin Desk

മെന്റല്‍ ഹെല്‍ത്ത് പോളിസി ക്ലെയിം, എത്രനാള്‍ കാത്തിരിക്കണം ?
X

Summary

കോവിഡ് പ്രതിസന്ധി രൂക്ഷമായിരുന്ന 2020-21 കാലയളവില്‍ രോഗവ്യാപനം പോലെ തന്നെ മിക്കവരിലും ആശങ്ക സൃഷ്ടിച്ച ഒന്നാണ് മാനസിക സമ്മര്‍ദ്ദം എന്നത്. ജോലി, ബിസിനസ്, പഠനം തുടങ്ങി പല കാര്യങ്ങളേയും കോവിഡ് അവതാളത്തിലാക്കിയപ്പോള്‍ മാനസികാരോഗ്യത്തിന് കൂടിയാണ് മങ്ങലേറ്റത്. കുറച്ച് പേര്‍ ആത്മഹത്യയില്‍ അഭയം പ്രാപിച്ച വാര്‍ത്തകള്‍ വരെ നാം കേട്ടു. ഇതിന് രണ്ട് വര്‍ഷം മുന്‍പ് 2018ല്‍ മാനസിക രോഗങ്ങളെ പട്ടിക തിരിച്ച് ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഇവയുടെ വിശദാംശങ്ങള്‍ ഇപ്പോഴും പലരിലേക്കും എത്തിയിട്ടില്ല. ഇന്ന് ലോക മാനസികാരോഗ്യ […]


കോവിഡ് പ്രതിസന്ധി രൂക്ഷമായിരുന്ന 2020-21 കാലയളവില്‍ രോഗവ്യാപനം പോലെ തന്നെ മിക്കവരിലും ആശങ്ക സൃഷ്ടിച്ച ഒന്നാണ് മാനസിക സമ്മര്‍ദ്ദം എന്നത്. ജോലി, ബിസിനസ്, പഠനം തുടങ്ങി പല കാര്യങ്ങളേയും കോവിഡ് അവതാളത്തിലാക്കിയപ്പോള്‍ മാനസികാരോഗ്യത്തിന് കൂടിയാണ് മങ്ങലേറ്റത്. കുറച്ച് പേര്‍ ആത്മഹത്യയില്‍ അഭയം പ്രാപിച്ച വാര്‍ത്തകള്‍ വരെ നാം കേട്ടു.

ഇതിന് രണ്ട് വര്‍ഷം മുന്‍പ് 2018ല്‍ മാനസിക രോഗങ്ങളെ പട്ടിക തിരിച്ച് ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഇവയുടെ വിശദാംശങ്ങള്‍ ഇപ്പോഴും പലരിലേക്കും എത്തിയിട്ടില്ല. ഇന്ന് ലോക മാനസികാരോഗ്യ ദിനത്തില്‍ മെന്റല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട മുഖ്യകാര്യങ്ങള്‍ കൂടി അറിയാം.

ഹെല്‍ത്ത് ഇന്‍ഷുറന്‍സും, കാത്തിരിപ്പ് കാലയളവും

പേര് പോലെ തന്നെ മാനസികാരോഗ്യത്തിന് നല്‍കുന്ന പരിരക്ഷയാണ് മെന്റല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍. ഇത്തരം പോളിസികള്‍ക്ക് കാത്തിരിപ്പ് കാലയളവുണ്ടോ എന്നത് സംബന്ധിച്ച വിവരങ്ങളെ പറ്റി മിക്കവര്‍ക്കും ശരിയായ ധാരണയില്ല. മറ്റുള്ള ഇന്‍ഷുറസ് പോളിസികളേയും പോലെ രോഗനിര്‍ണ്ണയം നേരത്തെ നടത്തിയവരില്‍ പോളിസിയുടെ ഗുണം പെട്ടന്ന് കിട്ടി എന്ന് വരില്ല.

ഇങ്ങനെയുള്ളവര്‍ക്ക് പോളിസിയുടെ ഗുണം ലഭിക്കണമെങ്കില്‍ അതിനായി ഒരു കാത്തിരിപ്പ് കാലയളവുണ്ടെന്നും ഇത് രണ്ട് മുതല്‍ മൂന്നു വര്‍ഷം വരെ നീളാമെന്നും കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നു.

കാത്തിരിപ്പ് കാലയളവ് എന്നാല്‍

ഹെല്‍ത്ത് ഇന്‍ഷുറന്‍സിനും അതിന്റെ ഏതൊരു ഉപവിഭാഗത്തിലുള്ള പോളിസിക്കും ഒരു കാത്തിരിപ്പ് കാലയളവുണ്ടാകും. അതായത് വെയിറ്റിങ് പിരീഡ്. ഉദാഹരണത്തിന് നിങ്ങളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയുടെ കീഴിൽ വരുന്ന ചില പ്രത്യേക രോഗങ്ങൾക്ക് 100 ദിവസത്തെ കാത്തിരിപ്പ് കാലയളവ് ഉണ്ടെങ്കില്‍ അതിന് ശേഷം മാത്രമേ ക്ലെയിമിന് അർഹതയുണ്ടാകൂ. അതിനാല്‍ തന്നെ കുറഞ്ഞ കാത്തിരിപ്പ് കാലയളവുള്ള പോളിസികള്‍ എടുക്കുന്നതാണ് ഉത്തമമെന്ന് വിദഗ്ധര്‍ പറയുന്നു.

മെന്റല്‍ ഹെല്‍ത്ത് പോളിസി, ഉള്‍പ്പെടുന്നത് ഏവ?

ഉത്കണ്ഠാ രോഗങ്ങള്‍, വിഷാദരോഗം, പോസ്റ്റ് ട്രൊമാറ്റിക്ക് സ്ട്രെസ് ഡിസോഡര്‍, ശ്രദ്ധക്കുറവ്/ഹൈപ്പര്‍ ആക്ടിവിറ്റി അവസ്ഥ, ബൈപോളാര്‍ ഡിസോഡര്‍, മാനസിക അസ്വസ്ഥത, സ്‌കിസോഫ്രീനിയ, ഒബ്സസീവ്-കംപള്‍സീവ് ഡിസോര്‍ഡര്‍ എന്നിവ മെന്റല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികളുടെ കീഴില്‍ വരുമെന്ന് കമ്പനികള്‍ വ്യക്തമാക്കുന്നു.

ആരോഗ്യ ഇന്‍ഷുറന്‍സിന് കീഴിലാണ് ഇപ്പോള്‍ മെന്റല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സും ഉള്‍പ്പെടുന്നത്. ജന്മനാ വൈകല്യമുള്ളവർ, ന്യൂറല്‍ രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്ക് മെന്റല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി ലഭിക്കില്ലെന്നും കമ്പനികള്‍ വ്യക്തമാക്കുന്നു. 2018 മേയ് 29-ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളും 'മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആക്ട്-2017' പാലിച്ച് മാനസികരോഗത്തിനും ഇന്‍ഷുറന്‍സ് നല്‍കണമെന്ന് ഉത്തരവ് ഇറക്കിയിരുന്നു.

എന്നിട്ടും ഇത് പാലിക്കപ്പെട്ടില്ല. പിന്നീട്, കോവിഡ് വ്യാപനം രൂക്ഷമായിരുന്ന 2020ലാണ് മാനസികാരോഗ്യത്തിനും ഇന്‍ഷുറന്‍സ് വേണമെന്ന് ആവശ്യമുയര്‍ന്നത്. അക്കാലത്ത് കുട്ടികളുടെ മാനസികാരോഗ്യത്തില്‍ വരെ ആശങ്കയുണ്ടാകുന്നുവെന്ന് മാതാപിതാക്കള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്ന കുറിപ്പുകള്‍ ഏറെ ചര്‍ച്ചാവിഷയമായിരുന്നു.