image

11 Jan 2022 1:05 AM GMT

Insurance

പ്രീമിയം അടവ് മുടക്കുന്നത് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും, ധനനഷ്ടം വേറെ

MyFin Desk

പ്രീമിയം അടവ് മുടക്കുന്നത് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും, ധനനഷ്ടം വേറെ
X

Summary

സമയത്തിന് പ്രീമിയം അടയ്ക്കാതെ വരികയോ യഥാസമയം പുതുക്കാതാവുകയോ ചെയ്താല്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് ജീവന് പരിരക്ഷ നല്‍കാന്‍ ബാധ്യതയില്ല എന്ന് അറിയുക


രണ്ട് വിധത്തിലാണ് ആളുകള്‍ പൊതുവേ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുന്നത്. ഒന്നാമതായി വരുമാനവും തൊഴിലും കണക്കാക്കി ആവശ്യം എന്ന് കരുതി...

രണ്ട് വിധത്തിലാണ് ആളുകള്‍ പൊതുവേ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുന്നത്. ഒന്നാമതായി വരുമാനവും തൊഴിലും കണക്കാക്കി ആവശ്യം എന്ന് കരുതി പോളിസി എടുക്കുന്നവര്‍. ഇവര്‍ റിസ്‌ക് കവര്‍ ചെയ്യുക എന്ന ലക്ഷ്യത്തോടെയാകും പോളിസികള്‍ എടുക്കുക. രണ്ടാമത്തെ കൂട്ടര്‍ സുഹൃത്തുക്കളോ ബന്ധുക്കളോ ആയ ഏജന്റുമാര്‍ നിര്‍ബന്ധിക്കുമ്പോള്‍ പോളിസി എടുക്കുന്നവരാണ്. തിരിച്ചടവ് ശേഷി നോക്കാതെ വാരിക്കോരി പോളിസികള്‍ വാങ്ങി കൂട്ടുന്ന ഇവര്‍ക്ക് പിന്നീട് പ്രീമിയം അടവ് മുടങ്ങുന്നത് സ്വാഭാവികം. പോളിസിയുടെ പരിരക്ഷ പോലും ഇവിടെ അപ്രസക്തമാകുകയും പിന്നീട് ലാപ്സ് ആകുകയും ചെയ്യുന്നു.

അതായത് ഇങ്ങനെ സമര്‍ദത്തിന് വഴങ്ങി പോളിസി എടുക്കുന്ന അധികം കേസുകളിലും അടച്ച പണം നഷ്ടമാകുന്നു. കാരണം മൂന്ന് മാസമെങ്കിലും പ്രീമിയം അടവ് തുടര്‍ന്നാല്‍ മാത്രമെ തുക ക്ലെയിം ചെയ്യാനെങ്കിലും ആകൂ. അതുകൊണ്ട് പോളിസികള്‍ തിരഞ്ഞെടുക്കുമ്പോള്‍ തിരിച്ചടവ് ശേഷി മാത്രം പരിഗണിക്കുക. എത്ര സമ്മര്‍ദങ്ങളുണ്ടായാലും സാമ്പത്തിക സ്ഥിതി നോക്കി മാത്രം പുതിയ പോളിസി ചേരുക. അല്ലെങ്കില്‍ നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കുന്ന പണം നഷ്ടമാകാനേ ഇത് ഉപകരിക്കൂ. മാസം കിട്ടുന്ന നിശ്ചിത വരുമാനം വിവിധ ആവശ്യങ്ങള്‍ക്കായി വീതിക്കപ്പെടുമ്പോള്‍ മിക്കവാറും സമര്‍ദത്തിലാകുന്നത് പോളിസി പ്രീമിയം അടവുകളാകും. അപ്രതീക്ഷിതമായി വരുന്ന മറ്റെന്തെങ്കിലും അടിയന്തിര ചെലവുകള്‍ വീണ്ടും കാര്യങ്ങള്‍ വഷളാക്കുന്നു. പ്രീമിയം അടവില്‍ വീഴ്ച വരുത്തുന്നതും കൃത്യത പാലിക്കാതിരിക്കുന്നതും പോളിസി ഉടമകള്‍ക്ക് പിന്നീട് വലിയ ബാധ്യതയാകുന്നു.

അടവ് പ്രധാനം
ഭവന, വാഹന വായ്പകളുടെ ഇ എം ഐ മുടങ്ങുന്നതു പോലെ അത്ര തന്നെ പ്രാധാന്യമുള്ളതാണ് ഇന്‍ഷുറന്‍സ് പോളിസികളുടെ പ്രീമിയവും. ഇത് മുടങ്ങിയാലും അത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറില്‍ നിഴലിക്കും. തുടര്‍ച്ചയായി ഇതില്‍ വീഴ്ച വരുത്താതിരിക്കാന്‍ അതുകൊണ്ട് ശ്രദ്ധിക്കണം. മോശം ക്രെഡിറ്റ്സ് സ്കോറുള്ളവര്‍ക്ക് പിന്നീട് ബാങ്ക് വായ്പ പ്രശ്നമാകും. കുറഞ്ഞ ക്രെഡിറ്റ് സ്കോര്‍ ഉള്ളവര്‍ക്ക് പലിശ നിരക്കും കൂടുതലായിരിക്കും.

ലക്ഷ്യം അപ്രസക്തമാകുന്നു

മറ്റൊന്ന് ഇങ്ങനെ അടവ് മുടങ്ങുമ്പോള്‍ ഗ്രേസ് പീരിയഡിന് ശേഷവും പ്രീമിയം നല്‍കാന്‍ കഴിയാതായാല്‍ ജീവന് പരിരക്ഷ തന്നെ ഇല്ലാതാവുകയും കൂടുതല്‍ റിസ്‌ക് ക്ഷണിച്ചു വരുത്തുകയും ചെയ്യുന്നു. തുടര്‍ച്ചയായി പോളിസി മുടക്കിയാല്‍ അത് ഇന്‍ഷൂറന്‍സ് പരിരക്ഷയെ ബാധിക്കും. സമയത്തിന് പ്രീമിയം അടയ്ക്കാതെ വരികയോ യഥാസമയം പുതുക്കാതാവുകയോ ചെയ്താല്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് ജീവന് പരിരക്ഷ നല്‍കാന്‍ ബാധ്യതയില്ല എന്ന് അറിയുക. ഇത് നിങ്ങളുടെയും കുടുംബത്തിന്റെയും പരിരക്ഷ ഇല്ലാതാക്കുന്നു. ഇവിടെ രണ്ട് വിധത്തിലാണ് നഷ്ടം. ഒന്ന്, ജീവന് പരിരക്ഷ നഷ്ടമാകുന്നു. രണ്ട്, അടവ് മുടങ്ങുന്നതോടെ അതുവരെ നല്‍കിയ പ്രീമിയവും നഷ്ടമാകുന്നു.

പലിശ
അടവ് തെറ്റി ഒരു വര്‍ഷം കഴിഞ്ഞാണ് നിങ്ങള്‍ പ്രീമിയം അടയ്ക്കുന്നതെങ്കില്‍ ഇവിടെ നിങ്ങള്‍ക്ക് വലിയ തുക നഷ്ടപ്പെടുത്തേണ്ടി വരും. അതായത് അടവ് തെറ്റിയ പ്രീമിയം തുകയും പലിശയും പിഴയും നല്‍കേണ്ടി വരും. ഇത്തരം സന്ദര്‍ഭങ്ങളില്‍ അത് അധിക ബാധ്യത ക്ഷണിച്ച് വരുത്തും. കഴിയുന്നതും ആവശ്യത്തിന് മാത്രം പോളിസി വാങ്ങുക. സമര്‍ദത്തോട് 'നോ' പറയുക.