image

11 May 2022 12:46 AM GMT

Investments

ക്രിപ്റ്റോ വിലയിടിയുന്നു, വെള്ളിടിയായി 28 ശതമാനം ജിഎസ്ടിയും?

MyFin Desk

ക്രിപ്റ്റോ വിലയിടിയുന്നു, വെള്ളിടിയായി 28  ശതമാനം ജിഎസ്ടിയും?
X

Summary

ഡിജിറ്റല്‍ ആസ്തികള്‍ക്ക് മേല്‍ നികുതി ഏര്‍പ്പെടുത്തിയതിന് പിന്നാലെ ക്രിപ്റ്റോ നിക്ഷേപകര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വക ഇരട്ടപ്രഹരത്തിന് സാധ്യത. രാജ്യത്തെ ക്രിപ്റ്റോ കറന്‍സികള്‍ക്ക് മേല്‍ 28 ശതമാനം നികുതി ചുമത്താന്‍ കേന്ദ്രം ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടിന് പിന്നാലെ നിക്ഷേപകര്‍ ആശങ്കയിലാണ്. നിലവില്‍ ലോട്ടറി, കാസിനോ എന്നിവയ്ക്ക് ഈടാക്കുന്ന ജിഎസ്ടിയ്ക്ക് തുല്യമാണിത്. ഇനി നടക്കാനിരിക്കുന്ന ജിഎസ്ടി മീറ്റിംഗിന് ശേഷമാകും പുതിയ നികുതി ചുമത്തുന്നതില്‍ അന്തിമ തീരുമാനമുണ്ടാകുക. ഇത് നടപ്പായാല്‍ രാജ്യത്തെ ക്രിപ്റ്റോ കറന്‍സി സംബന്ധിച്ച ഒട്ടുമിക്ക ഇടപാടുകള്‍ക്കും ജിഎസ്ടി ബാധകമാകും. 1961ലെ […]


ഡിജിറ്റല്‍ ആസ്തികള്‍ക്ക് മേല്‍ നികുതി ഏര്‍പ്പെടുത്തിയതിന് പിന്നാലെ ക്രിപ്റ്റോ നിക്ഷേപകര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വക ഇരട്ടപ്രഹരത്തിന് സാധ്യത. രാജ്യത്തെ ക്രിപ്റ്റോ കറന്‍സികള്‍ക്ക് മേല്‍ 28 ശതമാനം നികുതി ചുമത്താന്‍ കേന്ദ്രം ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടിന് പിന്നാലെ നിക്ഷേപകര്‍ ആശങ്കയിലാണ്. നിലവില്‍ ലോട്ടറി, കാസിനോ എന്നിവയ്ക്ക് ഈടാക്കുന്ന ജിഎസ്ടിയ്ക്ക് തുല്യമാണിത്. ഇനി നടക്കാനിരിക്കുന്ന ജിഎസ്ടി മീറ്റിംഗിന് ശേഷമാകും പുതിയ നികുതി ചുമത്തുന്നതില്‍ അന്തിമ തീരുമാനമുണ്ടാകുക. ഇത് നടപ്പായാല്‍ രാജ്യത്തെ ക്രിപ്റ്റോ കറന്‍സി സംബന്ധിച്ച ഒട്ടുമിക്ക ഇടപാടുകള്‍ക്കും ജിഎസ്ടി ബാധകമാകും.

1961ലെ ആദായ നികുതി നിയമത്തില്‍ അധിക വകുപ്പ് കൂടി ഉള്‍പ്പെടുത്തിയാണ് ഡിജിറ്റല്‍ ആസ്തികള്‍ക്ക് മേല്‍ നികുതി പ്രഖ്യാപിച്ചത്. മാത്രമല്ല ഒരു ശതമാനം ടിഡിഎസും നല്‍കണം. എന്നാല്‍ ഇ-വൗച്ചറുകള്‍, കാര്‍ഡ് വഴിയുള്ള പേയ്‌മെന്റുകള്‍ എന്നിവ നടത്തുമ്പോള്‍ ലഭിക്കുന്ന റിവാര്‍ഡ് പോയിന്റുകള്‍ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ റിവാര്‍ഡുകളെ നികുതി പരിധിയില്‍ നിന്നും ഒഴിവാക്കിയേക്കുമെന്നും അടുത്തിടെ റിപ്പോര്‍ട്ട് വന്നിരുന്നു. ക്രിപ്‌റ്റോ കറന്‍സിയ്ക്ക് ഇന്ത്യ നിയമപരമായ അംഗീകാരം നല്‍കിയിട്ടില്ലെങ്കിലും രാജ്യത്തെ ക്രിപ്‌റ്റോ മാര്‍ക്കറ്റ് എന്നത് അതിശക്തമാണ്.

ബ്ലോക്ക്‌ചെയിന്‍ അനാലിസിസ് കമ്പനിയായ ചെയിനാലിസിസ് ഈ വര്‍ഷം ആദ്യം പുറത്ത് വിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ആഗോളതലത്തില്‍ ക്രിപ്‌റ്റോ കറന്‍സികളുടെ സ്വീകാര്യതയില്‍ 880 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്. കമ്പനി പുറത്ത് വിട്ട 'ഗ്ലോബല്‍ ക്രിപ്‌റ്റോ അഡോപ്ഷന്‍ റിപ്പോര്‍ട്ട്' പ്രകാരം വിയറ്റ്‌നാമാണ് ക്രിപ്‌റ്റോ കറന്‍സി മാര്‍ക്കറ്റില്‍ മുന്നില്‍ നില്‍ക്കുന്നത് (2022 ജനുവരിയിലെ കണക്കുകള്‍ പ്രകാരം). രണ്ടാം സ്ഥാനത്ത് ഇന്ത്യയും. എന്നാല്‍ നികുതി ഭാരം വരുന്നതോടെ ക്രിപ്റ്റോ നിക്ഷേപകരുടെ എണ്ണത്തില്‍ ഇടിവുണ്ടാകാനുള്ള സാധ്യതയുണ്ട്.

ഡാറ്റാ സുരക്ഷയിലും പിടിമുറുക്കുമ്പോള്‍

രാജ്യത്തെ ക്രിപ്‌റ്റോ മേഖലയെ വരുതിയിലാക്കുന്നതിന്റെ ഭാഗമായി ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍, വാലറ്റ് കമ്പനികള്‍ എന്നിവയുള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്ക് മേല്‍ കൂടുതല്‍ നിയമങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്ന് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടി- ഇന്‍) അധികൃതര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. സൈബര്‍ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള നിയമങ്ങളാണ് സിഇആര്‍ടി പ്രാബല്യത്തില്‍ വരുത്തുക. ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളും ക്രിപ്‌റ്റോ വാലറ്റ് കമ്പനികളും കെവൈസി വിവരങ്ങള്‍ കൃത്യമായി സൂക്ഷിക്കണമെന്നും, കുറഞ്ഞത് അഞ്ചു വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ സൂക്ഷിക്കണമെന്നും സര്‍ക്കുലറിലുണ്ട്.

സൈബര്‍ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാകുന്ന സംഭവങ്ങളുണ്ടായാല്‍ ആറ് മണിക്കൂറിനകം കര്‍ശനമായും റിപ്പോര്‍ട്ട് ചെയ്യണം. മാത്രമല്ല ഉപഭോക്താക്കളുടെ പേര്, ഐപി വിലാസം, ഇമെയില്‍ വിലാസം, കോണ്ടാക്ട് വിവരങ്ങള്‍ തുടങ്ങിയവയും അഞ്ച് വര്‍ഷത്തേക്ക് സൂക്ഷിക്കണെന്നും നിര്‍ദ്ദേശമുണ്ട്. എന്നാല്‍ കെവൈസി വിവരങ്ങള്‍ സംബന്ധിച്ചുള്ള നിയമങ്ങള്‍ ക്ലൗഡ് സേവനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഇടിവ് തുടര്‍ക്കഥ

ബിസിനസ് രാജാക്കന്മാരായ വാറന്‍ ബഫെറ്റും ചാര്‍ളി മുണ്‍ഗറും കഴിഞ്ഞ ദിവസം ബിറ്റ്‌കൊയിന്‍ അടക്കമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ക്കെതിരെ ആഞ്ഞടിച്ചതിന് പിന്നാലെ ഇവയുടെ മൂല്യം കുത്തനെ ഇടിയുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്. വാറന്‍ ബഫെറ്റ് സിഇഒ ആയിരിക്കുന്ന ബെര്‍ക്ക്‌ഷെയര്‍ ഹാത്ത്എവേ കമ്പനിയുടെ ഓഹരി ഉടമകള്‍ക്കുള്ള വാര്‍ഷിക മീറ്റിംഗിലാണ് ഇരുവരും ക്രിപ്‌റ്റോയ്‌ക്കെതിരെ ആഞ്ഞടിച്ചത്. മാത്രമല്ല ഇനി മുതല്‍ ക്രിപ്റ്റോ സംഭാവനകള്‍ സ്വീകരിക്കില്ലെന്ന് ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയയായ വിക്കിപീഡിയയും ഏതാനും ദിവസം മുന്‍പ് അറിയിച്ചിരുന്നു. ബിറ്റ്കൊയിന്‍ ഉള്‍പ്പടെയുള്ള എല്ലാ ക്രിപ്റ്റോ കറന്‍സികളുടേയും മൂല്യം ഇപ്പോള്‍ വന്‍ ഇടിവിലാണ്. ബിറ്റ്കൊയിന്‍, എഥറിയം, സൊലാന, അവലാഞ്ചേ, ബിഎന്‍ബി തുടങ്ങിയ കറന്‍സികളുടെ മൂല്യത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വന്‍ ഇടിവാണുണ്ടായിരിക്കുന്നത്.

ബിറ്റ്കോയിൻ 31,296 ഡോളറായി

പ്രൈസ് ട്രാക്കിംഗ് സൈറ്റായ കൊയിന്‍ മാര്‍ക്കറ്റ് ക്യാപിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ന് ആഗോള ക്രിപ്‌റ്റോ വിപണി മൂല്യം 1.10% വര്‍ധിച്ച് 1.42 ട്രില്യണ്‍ ഡോളറായി. വളരെ കുറച്ച് ക്രിപ്‌റ്റോ കറന്‍സികള്‍ മാത്രമാണ് വളര്‍ച്ച നേടിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തിങ്കളാഴ്ച്ച 30,000 ഡോളറിലേക്ക് താഴ്ന്ന ബിറ്റ്‌കൊയിനിന്റെ മൂല്യം 31,296 ഡോളറായി ഇന്ന് ഉയര്‍ന്നു. കഴിഞ്ഞ ഏഴ് ദിവസത്തെ കണക്ക് നോക്കിയാല്‍ 17.49 ശതമാനം ഇടിവാണ് ബിറ്റകൊയിനിന്റെ മൂല്യത്തിലുണ്ടായത്. എഥറിയത്തിന്റെ മൂല്യം 1.77 ശതമാനം ഉയര്‍ന്ന് 2356 ഡോളറിലെത്തി. ബിനാന്‍സിന്റെ ബിഎന്‍ബിയുടെ മൂല്യം 1.74 ശതമാനം ഉയര്‍ന്ന് 318 ഡോളറായി. എക്‌സ് ആര്‍ പിയുടെ മൂല്യം 2.3 ശതമാനം ഉയര്‍ന്ന് 0.5189 ഡോളറായിട്ടുണ്ട്. സോളാനാ യുടെ മൂല്യത്തില്‍ ഇന്ന് ഇടിവാണുണ്ടായത്. മൂല്യം 0.87 ശതമാനം ഇടിഞ്ഞ് 66.35 ഡോളറില്‍ എത്തി. കാര്‍നാഡോയുടെ മൂല്യം 0.99 ശതമാനം ഇടിഞ്ഞ് 0.6267 ഡോളറായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.