image

4 July 2022 6:47 AM GMT

Cryptocurrency

ശതകോടികള്‍ തട്ടിച്ച 'ക്രിപ്റ്റോ റാണി' രുജ ഇഗ്നാറ്റോവ ആര് ?

Thomas Cherian K

ശതകോടികള്‍ തട്ടിച്ച ക്രിപ്റ്റോ റാണി രുജ ഇഗ്നാറ്റോവ ആര് ?
X

Summary

ആഗോളതലത്തില്‍ ഇതുവരെ നടന്നിരിക്കുന്ന സാമ്പത്തിക തട്ടിപ്പു കേസുകളിലെ ഏറ്റവും വലുതെന്ന് അധികൃതര്‍ വിശേഷിപ്പിക്കുന്നതാണ് വണ്‍ കോയിന്‍ കേസ്. ആഗോള തലത്തില്‍ വണ്‍ കോയിന്‍ എന്ന് സാങ്കല്‍പിക ക്രിപ്‌റ്റോ കറന്‍സി വാഗ്ദാനം ചെയ്ത് നൂറിലേറെ രാജ്യങ്ങളില്‍ നിന്ന് 490 കോടി ഡോളര്‍ അഥവാ 38,685 കോടി രൂപ കബളിപ്പിച്ചതാണ് സംഭവം. 42 കാരിയായ ബള്‍ഗേറിയന്‍ യുവതി രുജ ഇഗ്‌നാറ്റോവാണ് പ്രതി. 2017 മുതല്‍ സജീവമായി നില്‍ക്കുന്ന വണ്‍ കോയിന്‍ തട്ടിപ്പ് കേസിലെ പ്രതി രുജയെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് […]


ആഗോളതലത്തില്‍ ഇതുവരെ നടന്നിരിക്കുന്ന സാമ്പത്തിക തട്ടിപ്പു കേസുകളിലെ ഏറ്റവും വലുതെന്ന് അധികൃതര്‍ വിശേഷിപ്പിക്കുന്നതാണ് വണ്‍ കോയിന്‍ കേസ്. ആഗോള തലത്തില്‍ വണ്‍ കോയിന്‍ എന്ന് സാങ്കല്‍പിക ക്രിപ്‌റ്റോ കറന്‍സി വാഗ്ദാനം ചെയ്ത് നൂറിലേറെ രാജ്യങ്ങളില്‍ നിന്ന് 490 കോടി ഡോളര്‍ അഥവാ 38,685 കോടി രൂപ കബളിപ്പിച്ചതാണ് സംഭവം. 42 കാരിയായ ബള്‍ഗേറിയന്‍ യുവതി

രുജ ഇഗ്‌നാറ്റോവാണ് പ്രതി. 2017 മുതല്‍ സജീവമായി നില്‍ക്കുന്ന വണ്‍ കോയിന്‍ തട്ടിപ്പ് കേസിലെ പ്രതി രുജയെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്ബിഐ 10,000 ഡോളര്‍ നല്‍കുമെന്ന് പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് യൂറോപ്യന്‍ ഏജന്‍സിയായ യൂറോപോളിന്റെ കുറ്റവാളികളുടെ പട്ടികയിലും ഇവരുണ്ടെന്ന വിവരം പുറത്ത് വരുന്നത്. ഇവര്‍ എവിടെയാണെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. പോലീസ് റെക്കോര്‍ഡുകളില്‍ 'അപ്രത്യക്ഷയായി' എന്നാണ് രുജയെ പറ്റി അവസാനം പറയുന്നത്. ആഗോളതലത്തിലുള്ള അന്വേഷണ ഏജന്‍സികള്‍ പരക്കെ വലവീശിയിട്ടും ഈ 'ക്രിപ്റ്റോ റാണി' കുടുങ്ങിയില്ല. ആരാണ് രുജ? രുജ എങ്ങനെയാണ് ഇത്രയധികം പണം നിക്ഷേപകരില്‍ നിന്നും തട്ടിയെടുത്തത് തുടങ്ങി ഒട്ടേറെ ചോദ്യങ്ങളും ഇപ്പോള്‍ ഉയരുന്നുണ്ട്.

ആരാണ് രുജ ?

1980ല്‍ ബള്‍ഗേറിയയിലെ റോമാനി കുടംബത്തിലാണ് രുജയുടെ ജനനം. 10 വയസായപ്പോള്‍ കുടുംബത്തോടൊപ്പം ജര്‍മ്മനിയിലേക്ക് കുടിയേറി. 2005ല്‍ യൂണിവേഴ്സിറ്റി ഓഫ് കോണ്‍സ്റ്റന്‍സില്‍ നിന്നും പ്രൈവറ്റ് ഇന്റര്‍നാഷണല്‍ ലോയില്‍ പിഎച്ച്ഡി നേടി. മെക്കന്‍സി ആന്‍ഡ് കമ്പനിയില്‍ രുജ ജോലി ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. 2011ല്‍ ആസ്ഡിന്‍ റാന്‍ ബ്യൂട്ടി സലൂണില്‍ പണം നിക്ഷേപിച്ച് ബിസിനസ് രംഗത്ത് ചുവടുവെപ്പ് നടത്തി. ഇതുവരെയുള്ള രുജയെ ലോകം അധികം അറിഞ്ഞില്ല. തൊട്ടടുത്ത വര്‍ഷം മുതലാണ് രുജയുടെ തലവര തന്നെ മാറ്റി മറിച്ച 'തട്ടിപ്പ്' സംഭവങ്ങള്‍ അരങ്ങേറാന്‍ തുടങ്ങിയത്. പിന്നീട് ലോകം കണ്ട്ത് രുജയുടെ തട്ടിപ്പ് പരമ്പര തന്നെയായിരുന്നു. രുജ ഒരു ജര്‍മ്മന്‍ അഭിഭാഷകനെ വിവാഹം ചെയ്തുവെന്നും ഈ ബന്ധത്തില്‍ ഒരു മകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ വിവാഹം സംബന്ധിച്ച ഔദ്യോഗിക രേഖകളൊന്നും പുറത്ത് വന്നിട്ടില്ല.

സൗന്ദര്യവും സ്മാര്‍ട്ട്നെസും ആദ്യ ആയുധം

തന്റെ സൗന്ദര്യവും വാക്ചാതുര്യവും ആയുധമാക്കിയാണ് രുജ ബിസിനസ് തട്ടിപ്പുകള്‍ക്ക് തിരി കൊളുത്തിയത്. 2012ല്‍ ജര്‍മ്മനിയില്‍ ആദ്യ കേസില്‍ പിടിക്കപ്പെട്ടു. ഈ തട്ടിപ്പില്‍ രുജയുടെ അച്ഛനും പങ്കാളിയാണെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. ഒരു കമ്പനി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട തട്ടിപ്പായിരുന്നു അത്. കേസില്‍ രുജ 14 മാസം ജയില്‍വാസമനുഭവിച്ചു. 2013ല്‍ ബിഗ് കോയിനെന്ന പേരില്‍ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് തട്ടിപ്പ് നടത്തിയ രുജ തൊട്ടടുത്ത വര്‍ഷം ലോകം കണ്ട ഏറ്റവും വലിയ തട്ടിപ്പിന് കളമൊരുക്കി. വണ്‍ കോയിനെന്ന പേരില്‍ ക്രിപ്റ്റോ കറന്‍സി വാഗ്ദാനം ചെയ്ത് ആഗോളതലത്തില്‍ നിന്നും ലക്ഷക്കണക്കിന് നിക്ഷേപകരില്‍ നിന്നും പണം തട്ടി. ഇതു പുറത്ത് വന്ന് ദിവസങ്ങള്‍ക്കകം തന്നെ കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പടെ രുജ നടത്തിയ കുറ്റകൃത്യങ്ങളുടെ കഥകള്‍ ചുരുളഴിഞ്ഞു. സ്വയം 'ക്രിപ്‌റ്റോ രാജ്ഞി'യെന്ന് വിശേഷിപ്പിച്ചിരുന്ന രുജയുടെ തട്ടിപ്പിന്റെ വ്യാപ്തി ഇനിയും വര്‍ധിക്കാനാണ് സാധ്യതയെന്നും ഇപ്പോള്‍ സൂചനകളുണ്ട്.

സെല്‍ഫ് മാര്‍ക്കറ്റിംഗിന്റെ റാണി

2014 ല്‍ ബള്‍ഗേറിയ കേന്ദ്രമായി വണ്‍കോയിന്‍ എന്ന സ്റ്റാര്‍റ്റപ്പ് രുജ ആരംഭിച്ചു. ബിസിനസ് പങ്കാളിയുമായി ആരംഭിച്ചതാണിത്. വണ്‍കോയിന് ബിറ്റ് കോയിന്‍ കില്ലര്‍ എന്ന പേരും ചുരുങ്ങിയ കാലം കൊണ്ട് ലഭിച്ചു. 175 രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകരെ രുജ വഞ്ചിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. പല രാജ്യങ്ങളില്‍ പ്രത്യേക ആഘോഷ പരിപാടികള്‍ നടത്തുകയും അതുവഴി നിക്ഷേപകര്‍ക്കിടയിലേക്ക് തന്റെ ക്രിപ്റ്റോ കറന്‍സിയായ വണ്‍കോയിന്‍ രുജ പരിചയപ്പെടുത്തുകയുമായിരുന്നു. ബിറ്റ്‌കോയിനെ കടത്തിവെട്ടുന്ന ഒന്നാണ് വണ്‍കോയിനെന്ന് പറഞ്ഞ് നിക്ഷേപകരുടെ വിശ്വാസം നേടിയെടുക്കുന്നതില്‍ രുജ വിജയിച്ചു.

ഇത്തരത്തില്‍ രുജ സംഘടിപ്പിച്ച പരിപാടികളില്‍ ഒട്ടേറെയാളുകള്‍ പങ്കെടുത്ത ഒന്നാണ് 2016ല്‍ വെംബ്ലിയില്‍ നടന്നത്. ഗ്ലാസ്‌കോയില്‍ നിന്നുള്ള ബെന്‍ മക്ആഡം എന്ന വ്യക്തി നിക്ഷേപിച്ചത് 10,000 യൂറോയാണ്. കൂടാതെ ബള്‍ഗേറിയ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഈ കമ്പനിക്ക് തന്റെ കുടുംബാംബങ്ങളെ പറഞ്ഞു മനസിലാക്കി എത്തിച്ചുകൊടുത്ത പണത്തിന്റെ മൂല്യം ഏകദേശം 220,000 പൗണ്ടാണ്. 2017ല്‍ രുജ അപ്രത്യക്ഷയായി. ഇവരെ പിന്നീട് കണ്ടെത്താനായില്ല. വണ്‍കോയിന്‍ കമ്പനിക്കായി 2016 ല്‍ ആറുമാസം കൊണ്ടു നടത്തിയ ലോക ടൂറിലാണ് അവര്‍ കൂടുതല്‍ നിക്ഷേപവും സമാഹരിച്ചത്.

ഈ യാത്രയില്‍ ബ്രിട്ടനില്‍ നിന്നു മാത്രം 26 ദശലക്ഷം പൗണ്ടാണ് നിക്ഷേപമായി എത്തിയത്. ചൈന, ദക്ഷിണ കൊറിയ, ഹോങ്കോങ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കാര്യമായ നിക്ഷേപം അവര്‍ക്കു ലഭിച്ചു. എഫ്ബിഐയുടെ പത്ത് മോസ്റ്റ് വാണ്ടഡ് കുറ്റവാളികളുടെ പട്ടികയില്‍ രുജയുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ആഗോളതലത്തില്‍ ലക്ഷക്കണക്കിന് നിക്ഷേപകരെ ക്രിപ്‌റ്റോ വാഗ്ദാനം ചെയ്ത് കബളിപ്പിച്ച രുജയ്ക്കെതിരെ യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മിഷന്‍ നിയമനടപടികള്‍ സ്വീകരിക്കുകയാണിപ്പോള്‍. യൂറോപ്യന്‍ ഏജന്‍സിയായ യൂറോപോളിന്റെ കുറ്റവാളികളുടെ പട്ടികയിലും രുജയുണ്ട്.