image

29 Jun 2022 5:01 AM GMT

Business

നിര്‍മാണ ചെലവ് കൂടുന്നു, ഇന്ത്യന്‍ നഗരങ്ങളില്‍ ഭവന വില ഉയരുന്നു

James Paul

നിര്‍മാണ ചെലവ് കൂടുന്നു, ഇന്ത്യന്‍ നഗരങ്ങളില്‍ ഭവന വില ഉയരുന്നു
X

Summary

നിര്‍മ്മാണ വസ്തുക്കളുടെ വിലയിലുണ്ടായ വര്‍ദ്ധന ഭവനങ്ങളുടെ വില വര്‍ദ്ധനവിന് കാരണമാകുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ പല പ്രോജക്ടുകള്‍ക്കും വില വര്‍ധന പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഇതിന് പുറമേ ഇനിയും വില ഉയരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ദേശീയ തലത്തിലെ മെട്രോ നഗരങ്ങളുടെ ചുവട് പിടിച്ച് കേരളത്തിലും ഇതിന്റെ അലയൊലികൾ ഉണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. കൊച്ചി ഉള്‍പ്പെടെയുള്ള നഗരങ്ങളിൽ ഫ്ലാറ്റുകളുടേയും വീടുകളുടേയും വിലയിൽ 20 ശതമാനത്തോളം വര്‍ദ്ധനവുണ്ടാകുമെന്നാണ് വിപണി വൃത്തങ്ങൾ നല്‍കുന്ന സൂചന. ഇന്ത്യയിലെ 8 നഗരങ്ങളിലായി ഏപ്രില്‍-ജൂണ്‍ മാസങ്ങളിൽ ഭവന വില്‍പ്പനയിൽ 4.5 മടങ്ങ് വാര്‍ഷിക […]


നിര്‍മ്മാണ വസ്തുക്കളുടെ വിലയിലുണ്ടായ വര്‍ദ്ധന ഭവനങ്ങളുടെ വില വര്‍ദ്ധനവിന് കാരണമാകുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ പല പ്രോജക്ടുകള്‍ക്കും വില വര്‍ധന പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഇതിന് പുറമേ ഇനിയും വില ഉയരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ദേശീയ തലത്തിലെ മെട്രോ നഗരങ്ങളുടെ ചുവട് പിടിച്ച് കേരളത്തിലും ഇതിന്റെ അലയൊലികൾ ഉണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. കൊച്ചി ഉള്‍പ്പെടെയുള്ള നഗരങ്ങളിൽ ഫ്ലാറ്റുകളുടേയും വീടുകളുടേയും വിലയിൽ 20 ശതമാനത്തോളം വര്‍ദ്ധനവുണ്ടാകുമെന്നാണ് വിപണി വൃത്തങ്ങൾ നല്‍കുന്ന സൂചന.

ഇന്ത്യയിലെ 8 നഗരങ്ങളിലായി ഏപ്രില്‍-ജൂണ്‍ മാസങ്ങളിൽ ഭവന വില്‍പ്പനയിൽ 4.5 മടങ്ങ് വാര്‍ഷിക വളര്‍ച്ച ഉണ്ടായതായി ഓസ്ട്രേലിയ കേന്ദ്രമായി പ്രവർത്തിക്കുന്ന ആർഇഎ ഗ്രൂപ്പിന്റെ 'റിയല്‍ ഇന്‍സൈറ്റ് റെസിഡന്‍ഷ്യല്‍' പഠന റിപ്പോര്‍ട്ടിൽ പറയുന്നു.

ഡെല്‍ഹി, മുംബയ്, അഹമ്മദാബാദ്, ബാംഗ്ലൂര്‍. കൊല്‍ക്കൊത്ത, ചെന്നൈ തുടങ്ങിയ നഗരങ്ങളെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. കൊച്ചി ഉള്‍പ്പെടെയുള്ള നഗരങ്ങളിലും ഭവന വില്‍പ്പനയില്‍ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. വരും മാസങ്ങളില്‍ ഈ പ്രവണത തുടരാനാണ് സാധ്യതയെന്ന് കൊച്ചിയിലെ ബില്‍ഡര്‍മാര്‍ പറയുന്നു.

കേരളത്തിലെ വില

അടുത്ത മൂന്ന് മാസത്തിനകം കേരളത്തിലെ പ്രധാന നഗരങ്ങളില്‍ ഫ്‌ലാറ്റുകള്‍ക്കും വീടുകള്‍ക്കും 20 ശതമാനത്തോളം വില വര്‍ദ്ധനയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ബില്‍ഡര്‍മാര്‍ അഭിപ്രായപ്പെടുന്നു.

വില കൂടുമെങ്കിലും, ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ ഭവന വില്‍പ്പനയില്‍ വര്‍ദ്ധനയുണ്ടാകുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷന്‍സ് ഓഫ് ഇന്ത്യ (ക്രഡായ്) പ്രസിഡന്റ് രവി ജേക്കബ് പറഞ്ഞു.

"ജൂണ്‍-ജൂലൈ മാസങ്ങളില്‍ സാധാരണഗതിയില്‍ ഭവന വില്‍പ്പനയില്‍ ഒരു വര്‍ദ്ധനവുണ്ടാകാറുണ്ട്. എന്നാല്‍ ഈ വര്‍ഷം സാമ്പത്തിക രംഗത്തെ മാറ്റങ്ങള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലും പ്രതിഫലിക്കുന്നുണ്ട്. പ്രതീക്ഷിച്ച നേട്ടമുണ്ടായില്ലെങ്കിലും വരും മാസങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് വിപണി മുന്നേറുമെന്ന് തന്നെയാണ് കരുതുന്നത്," രവി ജേക്കബ് പറഞ്ഞു.

നിര്‍മ്മാണ സാമഗ്രികള്‍

"വീടുകള്‍ക്ക് ആവശ്യക്കാര്‍ കൂടുന്നുണ്ട്. എന്നാല്‍ നിര്‍മ്മാണ വസ്തുക്കളുടെ വില വര്‍ധിക്കുന്നത് കെട്ടിടങ്ങളുടെ വില ഉയരാന്‍ കാരണമാകും. അടുത്ത മാസം മുതല്‍ 15 മുതല്‍ 20 ശതമാനം വരെ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്," രവി ജേക്കബ് പറയുന്നു.

ഒരു നിക്ഷേപമെന്ന നിലയില്‍ വിദേശ മലയാളികള്‍, പ്രത്യേകിച്ച് ഗള്‍ഫ് മലയാളികള്‍ വീടുകള്‍ വാങ്ങിയിരുന്നു. എന്നാല്‍ ആ പ്രവണത കുറഞ്ഞിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ കൊച്ചിയില്‍ കെട്ടിടങ്ങള്‍ വാങ്ങുന്നവരില്‍ 70 ശതമാനവും വിദേശ മലയാളികളായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറിയിട്ടുണ്ട്. എങ്കിലും അടുത്ത ഏതാനും മാസങ്ങളില്‍ ഗണ്യമായ വില്‍പ്പന ഉണ്ടാകുമെന്ന് തന്നെയാണ് വിപണി നല്‍കുന്ന സൂചന,"അദ്ദേഹം പറഞ്ഞു.

റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കുന്നവര്‍ കുറഞ്ഞെങ്കിലും, പണിപൂര്‍ത്തിയായ വീടുകള്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്നാണ് സ്‌കൈലെയ്ന്‍ ബില്‍ഡേഴ്സിന്റെ കോര്‍പ്പറേറ്റ് സെയില്‍സ് വിഭാഗം ജനറല്‍ മാനേജര്‍ അനില്‍ ചാക്കോ പറയുന്നത്.

വീടുകളുടെ വില വര്‍ദ്ധന ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. എങ്കിലും താമസത്തിന് വേണ്ടി വീടുവാങ്ങുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. അസംസ്‌കൃതവസ്തുക്കളുടെ വില വര്‍ദ്ധനയാണ് റിയല്‍ എസ്റ്റേറ്റ് മേഖല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. കല്‍ക്കരിയുടെ വിലവര്‍ദ്ധനയും ആ മേഖലയിലുണ്ടായ മാറ്റങ്ങളും സ്റ്റീലിന്റെ വില അനിയന്ത്രിതമായി വര്‍ദ്ധിക്കാന്‍ കാരണമായി, അദ്ദേഹം പറഞ്ഞു.

' സിമന്റ്, സ്റ്റീല്‍ തുടങ്ങിയ വസ്തുക്കള്‍ക്കെല്ലാം വില വര്‍ധനയുണ്ടായിട്ടുണ്ട്. 2016-ല്‍ കിലോയ്ക്ക് 38 രൂപ മാത്രമുണ്ടായിരുന്ന സ്റ്റീലിന് ഈ വര്‍ഷം 97 രൂപയായിട്ടുണ്ട്. സിമെന്റിനും ഇരട്ടി വര്‍ധന ഉണ്ടായി. 2016-ല്‍ ചാക്കിന് 250 രൂപയായിരുന്ന സിമെന്റിന് 2022 ആയപ്പോഴേക്കും 410 രൂപയായി. ഈ വര്‍ധന നിര്‍മ്മാണ മേഖലയെ മൊത്തത്തില്‍ ബാധിച്ചിരിക്കുകയാണ്. അടിസ്ഥാനപരമായി വില ഉയരുന്നതിന് കാരണങ്ങള്‍ ഇതൊക്കെയാണ്,' അദ്ദേഹം പറഞ്ഞു. ഇത്തരം പ്രതികൂല ഘടകങ്ങളുണ്ടെങ്കിലും വില്‍പ്പന വീണ്ടും ഉയരുമെന്ന് തന്നെയാണ് വിപണിയുടെ ചലനങ്ങള്‍ വ്യക്തമാക്കുന്നതെന്ന് അനില്‍ ചാക്കോ കൂട്ടി ചേര്‍ത്തു.

വായ്പാ ലഭ്യത

കെട്ടിടങ്ങളുടെ വില ഉയരുന്നുണ്ടെങ്കിലും ഭവന വായ്പകളിലുണ്ടായ വര്‍ദ്ധന കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് പ്രയോജനം ചെയ്തിട്ടുണ്ട്. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ചെറുകിടക്കാര്‍ക്ക് താങ്ങാനാവുന്ന ഭവനവായ്പകള്‍ കുതിച്ചുയരുകയാണ്. വായ്പാ വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനായി ബാങ്കുകള്‍ ഈ മേഖലകളിലെ റീട്ടെയില്‍ വായ്പകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് കാരണമെന്ന് വിപണി വൃത്തങ്ങള്‍ പറയുന്നു. പിഎം ആവാസ് യോജന (പിഎംഎവൈ) പോലുള്ള പദ്ധതികളിലൂടെ ബാങ്കുകള്‍ വായ്പ നല്‍കുന്നതിനേയും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം മുന്‍ഗണനാ മേഖലയിലുള്ള വായ്പകള്‍ ഉള്‍പ്പെടെയുള്ള ഭവന വായ്പകള്‍ 6.4% വാര്‍ഷിക വളര്‍ച്ച കൈവരിച്ചു.

കോപ്പറേറ്റീവ് ബാങ്കുകളുടെ ഭവനവായ്പാ പരിധി ഉയര്‍ത്തിയതും റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് പ്രോത്സാഹനം നല്‍കുന്നുവെന്ന് രവി ജേക്കബ് പറഞ്ഞു. "ബാങ്കുകള്‍ ഭവന വായ്പാ മേഖലയില്‍ കൂടുതല്‍ ഉദാരമായ സമീപനമാണ് പുലര്‍ത്തുന്നത്. ഇടത്തരക്കാരേയും സാധാരണക്കാരേയും ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാങ്കുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. തിരിച്ചടവിനുള്ള ഉദാരമായ വ്യവസ്ഥകളില്‍ ഇപ്പോള്‍ ഭവന വായ്പകള്‍ ലഭ്യമാണ്," അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ കണക്കുകള്‍

ഇന്ത്യയിലെ 8 നഗരങ്ങളിലായി ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ ഭവന വില്‍പ്പനയില്‍ 4.5 മടങ്ങ് വാര്‍ഷിക വളര്‍ച്ച ഉണ്ടായതായി 'റിയല്‍ ഇന്‍സൈറ്റ് റെസിഡന്‍ഷ്യല്‍' ഗ്രൂപ്പിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

അഹമ്മദാബാദിലെ ഭവന വില്‍പ്പന 2022 ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ 7,240 യൂണിറ്റായി കുത്തനെ ഉയര്‍ന്നു, മുന്‍വര്‍ഷത്തെ 1,280 യൂണിറ്റുകളില്‍ നിന്നാണ് ഈ വളര്‍ച്ച. ഈ വര്‍ഷം ജനുവരി-മാര്‍ച്ച് പാദത്തിലെ വില്‍പ്പന 5,550 യൂണിറ്റില്‍ നിന്ന് 30 ശതമാനം ഉയര്‍ന്നു.

ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ ബെംഗളൂരുവില്‍ 8,350 യൂണിറ്റ് വില്‍പ്പനയുണ്ടായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,590 യൂണിറ്റായിരുന്നു. കഴിഞ്ഞ പാദത്തിലെ 7,670 യൂണിറ്റുകളില്‍ നിന്ന് 9 ശതമാനം വര്‍ധനവാണ് കൈവരിച്ചത്.

ചെന്നൈയിലെ ഭവന വില്‍പ്പന 2022 ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ 3,220 യൂണിറ്റായി ഉയര്‍ന്നു, മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 710 യൂണിറ്റായിരുന്നു. എന്നിരുന്നാലും, 2022 ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ വില്‍പ്പന 3,300 യൂണിറ്റുകളില്‍ നിന്ന് 2 ശതമാനം കുറഞ്ഞു.

ഡല്‍ഹി എന്‍സിആര്‍ വിപണിയില്‍ 2022 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ വില്‍പ്പന 60 ശതമാനം വര്‍ധിച്ച് 4,520 യൂണിറ്റായി. മുന്‍വര്‍ഷത്തെ 2,830 യൂണിറ്റുകളില്‍ നിന്നുള്ള വളര്‍ച്ചയാണിത്. എന്നാല്‍, കഴിഞ്ഞ പാദത്തിലെ 5,010 യൂണിറ്റുകളില്‍ നിന്ന് വില്‍പ്പന കുറഞ്ഞു.

കൊല്‍ക്കത്തയില്‍, 2022 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ വില്‍പ്പന 3,220 യൂണിറ്റായി ഉയര്‍ന്നു. മുന്‍ വര്‍ഷത്തെ ഇതേ കാലയളവില്‍ 1,250 യൂണിറ്റായിരുന്നു വില്‍പ്പന. 2022 കലണ്ടര്‍ വര്‍ഷത്തിലെ ജനുവരി-മാര്‍ച്ച് പാദത്തില്‍ വില്‍പ്പന 2,860 യൂണിറ്റുകളില്‍ നിന്ന് 13 ശതമാനം ഉയര്‍ന്നു.

മുംബൈയിലെ ഭവന വില്‍പ്പന 2022 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 26,150 യൂണിറ്റുകളായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 3,380 യൂണിറ്റുകളായിരുന്നു വില്‍പ്പന. കഴിഞ്ഞ പാദത്തിലെ 23,360 യൂണിറ്റുകളില്‍ നിന്ന് 12 ശതമാനം വര്‍ധനവാണ് വില്‍പ്പനയില്‍ ഉണ്ടായത്.

പൂനെയില്‍ 2022 ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ 13,720 യൂണിറ്റുകള്‍ വിറ്റു. മുന്‍വര്‍ഷം ഇത് 2,500 യൂണിറ്റുകളായിരുന്നു. 2022 ജനുവരി-മാര്‍ച്ച് കാലയളവിലെ 16,310 യൂണിറ്റുകളില്‍ നിന്ന് 16 ശതമാനം വര്‍ധനവുണ്ടായി.