image

29 Oct 2022 6:11 AM GMT

Business

അന്നം മുട്ടിക്കുമോ അരിവില? രണ്ടാഴ്ചക്കിടെ കിലോയ്ക്ക് 10 രൂപ കൂടി

Niyam Thattari

അന്നം മുട്ടിക്കുമോ അരിവില? രണ്ടാഴ്ചക്കിടെ കിലോയ്ക്ക് 10 രൂപ കൂടി
X

Summary

സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു. രണ്ടാഴ്ചക്കിടെ നാലു മുതൽ 10 രൂപ വരെയാണ് ചില്ലറ വില്പനയിൽ വർദ്ധന ഉണ്ടായിരിക്കുന്നത്. നിലവിൽ അരിയുടെ  ലഭ്യത  കുറഞ്ഞതാണ്  അരി വില  കൂടാൻ കാരണമായത്. കേരളത്തിലേക്ക് 70 ശതമാനം അരിയും വരുന്നത് തമിഴ്നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ  നിന്നാണ്. ഇതിൽ വെറും 30 ശതമാനം മാത്രമാണ്  കേരളത്തിൽ ഉല്പാദിപ്പിക്കുന്നത്. ബഹുഭൂരിപക്ഷം കേരളീയരുടെയും പ്രധാന ഭക്ഷണമാണ് അരി. പ്രതിവർഷം ഏകദേശം 40.68 ലക്ഷം ടൺ അരിയാണ് കേരളം ഉപയോഗിക്കുന്നത്. ഇതിൽ  3.3 ലക്ഷം ടൺ […]


സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു. രണ്ടാഴ്ചക്കിടെ നാലു മുതൽ 10 രൂപ വരെയാണ് ചില്ലറ വില്പനയിൽ വർദ്ധന ഉണ്ടായിരിക്കുന്നത്. നിലവിൽ അരിയുടെ ലഭ്യത കുറഞ്ഞതാണ് അരി വില കൂടാൻ കാരണമായത്.

കേരളത്തിലേക്ക് 70 ശതമാനം അരിയും വരുന്നത് തമിഴ്നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്നാണ്. ഇതിൽ വെറും 30 ശതമാനം മാത്രമാണ് കേരളത്തിൽ ഉല്പാദിപ്പിക്കുന്നത്. ബഹുഭൂരിപക്ഷം കേരളീയരുടെയും പ്രധാന ഭക്ഷണമാണ് അരി. പ്രതിവർഷം ഏകദേശം 40.68 ലക്ഷം ടൺ അരിയാണ് കേരളം ഉപയോഗിക്കുന്നത്. ഇതിൽ 3.3 ലക്ഷം ടൺ അരി മാത്രമാണ് കേരളം ഉൽപ്പാദിപ്പിക്കുന്നത്. ഇതിൽ 1.83 ലക്ഷം ടൺ വെള്ള അരിയും 1.5 ലക്ഷം ടൺ മട്ട അരിയുമാണ്. 16 ലക്ഷം ടൺ റേഷൻ കടകളിലൂടെയും 24 ലക്ഷം ടൺ പൊതു വിപണിയിലൂടെയുമാണ് വിൽക്കുന്നത്. ജയാ, പൊന്നി, സുരേഖ, പാലക്കാടൻ മട്ട , വെള്ള കുറുവ, മഞ്ഞ കുറവാ എന്നീ അരികൾക്കാണ് കേരളത്തിൽ കൂടുതൽ ഡിമാൻഡ്. ഉല്പാദന ചെലവിന് അപ്പുറത്ത് അരിയുടെ ലഭ്യതയാണ് വില നിയന്ത്രിക്കുന്നത്.

അരി വില കുതിച്ചുയരുന്നു

40 രൂപയുള്ള മട്ട അരിക്ക് ഇപ്പോൾ 60 രൂപയായി. 36 രൂപയുണ്ടായിരുന്ന ജയാ അരിക്ക് 57 രൂപയും, 30 രൂപയുണ്ടായിരുന്ന സുരേഖ അരിക്ക് 48 രൂപയുമാണ് വില. 36 രൂപയുള്ള വെള്ള കുറുവക്ക് 42 രൂപയും, 30 രൂപയുള്ള പൊന്നിഅരിക്ക് 42 രൂപയുമാണ് ഇപ്പോൾ വില.

"അരിക്ക് ക്വിന്റലിന് 100-500 രൂപ വരെ കൂടിട്ടുണ്ട്. അരിവില ഇനിയും കൂടാനാണ് സാധ്യത.അരിയുടെ കയറ്റുമതി കൂടിയതും, ആന്ധ്രയിൽ വിളവ് കുറഞ്ഞതുമാണ് അരിവില കൂടാൻ കാരണം," കോഴിക്കോട്ടെ അരി മൊത്തക്കച്ചവടക്കാരനായ ആഷിക് വി പറയുന്നു.

ഇന്ത്യയിൽ നിന്നുള്ള അരിയുടെ കയറ്റുമതിയിൽ വർദ്ധനവുണ്ടായിട്ടുണ്ട്. 2022 സാമ്പത്തിക വർഷത്തിൽ 721 ബില്യൺ രൂപയുടെ അരിയാണ് കയറ്റുമതി ചെയ്‌തത്‌. 2021 സാമ്പത്തിക വർഷത്തിൽ 654.05 ബില്യനും 2020 സാമ്പത്തിക വർഷത്തിൽ 454.27 ബില്യനുമായിരുന്നു കയറ്റുമതി.കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ കയറ്റുമതി കൂടി എന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ കയറ്റുമതി കൂടിയപ്പോൾ ഉത്പാദനം കൂടിയില്ല. ഇത് ആഭ്യന്തര വിപണയിൽ വില കൂടാനും ഡിമാൻഡ് വർധിക്കാനും കാരണമായി.

ആന്ധയിൽ നിന്നുള്ള അരിയുടെ വരവ് കുറഞ്ഞു

മൂന്ന് മാസമായി ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് അരിയുടെ വരവ് കുറഞ്ഞിട്ട്. തമിഴ് നാട്ടിൽ നിന്നും കർണ്ണാടകയിൽ അരി എത്തുന്നുണ്ടങ്കിലും വില കൂടുതലാണ്. ആന്ധ്രയിൽ ജനവരി - ഫെബ്രുവരി മാസത്തിലാണ് ഇനി വിളവെടുപ്പ് അതുവരെ വില കുറയില്ല.

"അരിവില പലചരക്ക് കച്ചവടത്തെ ബാധിച്ചു. ചില്ലറ വില്പനക്കാർക്ക് വില കുറച്ചു വിൽക്കാൻ സാധിക്കില്ല. എന്നാൽ വൻകിട സൂപ്പർ മാർക്കറ്റുകൾ വലിയ ഓഫർ നൽകുമ്പോൾ ചില്ലറ വില്പനക്കാർക്ക് വലിയ തിരിച്ചടിയാണ്. കട വാടക പോലും കച്ചവടത്തിൽ നിന്നും ലഭിക്കാത്ത അവസ്ഥയുണ്ട്," പലചരക്ക് കച്ചവടം നടത്തുന്ന ഗോപി സി എ൦ പറയുന്നു.

കേരളത്തിലെ നെൽകൃഷി

നെൽക്കൃഷിയുടെ വിസ്തൃതിയിലും സംസ്ഥാനത്ത് ഉൽപ്പാദിപ്പിക്കുന്ന അരിയുടെ അളവിലും ഉണ്ടായ കുത്തനെ ഇടിവ് കേരളത്തിന്റെ സാമ്പത്തിക, പാരിസ്ഥിതിക, സാമൂഹിക വികസനത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. കേരളത്തിന്റെ "അരി പാത്രം" എന്ന് വിളിക്കപ്പെടുന്ന പാലക്കാടാണ് കൂടുതൽ നെല്ല് കൃഷി ചെയുന്നത്.

കേരളത്തിലെ ജനങ്ങളുടെ പ്രധാന ഭക്ഷണമാണ് അരി, പരമ്പരാഗതമായി, നെൽകൃഷി സംസ്ഥാനത്തിന്റെ കാർഷിക സമ്പദ്‌വ്യവസ്ഥയിൽ അഭിമാനകരമായ സ്ഥാനം നേടിയിട്ടുണ്ട്. നെൽവയലുകളുടെ പച്ചപ്പ് കേരളത്തിന്റെ ഭൂപ്രകൃതിയുടെ ഏറ്റവും ആകർഷകമായ സവിശേഷതകളിലൊന്നാണ്.

സംസ്ഥാന രൂപീകരണത്തിനു ശേഷമുള്ള ആദ്യ പതിനഞ്ച് വർഷങ്ങളിൽ നെൽകൃഷിയുടെ വിസ്തൃതി ഗണ്യമായി വർദ്ധിച്ചു. 1955-56 ൽ 7,60,000 ഹെക്ടറിൽ നിന്ന് 1970-71 ൽ 8,80,000 ഹെക്ടറായി. 1965-66 കാലഘട്ടത്തിൽ കേരളത്തിലെ മൊത്ത വിളവിന്റെ ഏറ്റവും ഉയർന്ന പങ്ക് അരിയാണ് (മൊത്തം 32 ശതമാനം). എന്നിരുന്നാലും, 1980-കൾ മുതൽ നെൽകൃഷിയുടെ വിസ്തൃതിയിൽ സ്ഥിരമായ കുറവുണ്ടായി 1980-81-ൽ 8,50,000 ഹെക്ടറിൽ നിന്ന് 1990-91-ൽ 5,60,000 ഹെക്ടറായും 2001-03-ൽ 3,20,000 ഹെക്ടറായും. 2007-08 ൽ ഹെക്ടറായും കുറഞ്ഞു. ഇന്ന്, കേരളത്തിലെ കാർഷിക വിളകളിൽ, കൃഷി വിസ്തൃതിയുടെ കാര്യത്തിൽ നെല്ല് മൂന്നാം സ്ഥാനത്താണ്. അതായത്, തെങ്ങിനും റബ്ബറിനും വളരെ പിന്നിലാണ്.

സർക്കാർ ഇടപെടൽ വേണം

രണ്ടുമാസമായി തുടരുന്ന വിലക്കയറ്റം തടയാൻ ഒരു ഇടപെടലും സർക്കാർ നടത്തിട്ടില്ല. പൊതു വിപണയിൽ സംസ്ഥാന സർക്കർ ഇടപെടൽ ഉണ്ടാകണമെന്ന് വിവിധ കേന്ദ്രങ്ങളിൽ നിന്ന് ആവശ്യം ഉയരുന്നു. കൺസ്യൂമർ ഫെഡ്, സിവിൽ സപ്ലൈസ് തുടങ്ങിയവ വഴി കുറഞ്ഞ വിലക്ക്‌ കൂടുതൽ അരി വിതരണം ചെയ്‌താൽ സാധാരണ ജനങ്ങൾക്ക് അത് വലിയ ആശ്വാസമാകും. കേന്ദ്ര സർക്കാറിനോട് കൂടുതൽ അരി ആവിശ്യപ്പെടുകയും, പൊതു ജനത്തിന്‌ വില കയറ്റം ബാധിക്കാതെ തരത്തിൽ സർക്കാർ ഔട്ട് ലെറ്റ് വഴി കൂടുതൽ അരി വിതരണം നടത്തുകയും ചെയ്താൽ അരി വില നിയന്ത്രിക്കാൻ സാധിക്കുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.