image

10 Feb 2022 1:46 AM GMT

Banking

ആര്‍ ബി ഐ ധനനയം പുറത്തു വിട്ടു, നിങ്ങളുടെ ഇ എം ഐ കുറയുമോ?

wilson Varghese

ആര്‍ ബി ഐ ധനനയം പുറത്തു വിട്ടു, നിങ്ങളുടെ ഇ എം ഐ കുറയുമോ?
X

Summary

ഭവന വായ്പയുടെ ഇ എം ഐ അടവ് കൂടുമോ? ആര്‍ ബി ഐ യുടെ ധനനയം സംബന്ധിച്ച വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഒരു ശരാശരി ഇടത്തട്ടുകാരന്റെ മനസില്‍ ഉയരുന്ന ചോദ്യമിതാണ്. കാരണം കോവിഡ് പോലുള്ള പ്രതിസന്ധി എറ്റവും അധികം ബാധിച്ചത് ഇവരെയാണ്. തൊഴില്‍ നഷ്ടമായവരും വരുമാനം കുറഞ്ഞവരും ഉള്‍പ്പെടുന്ന മധ്യവര്‍ത്തി കുടുംബത്തിന്റെ ഈ ആശങ്കയ്ക്ക് അടിസ്ഥാനം ഉണ്ട് താനും. നിലവില്‍ രണ്ട് പതിറ്റാണ്ട് കാലത്തെ ഏറ്റവും ചുരുങ്ങിയ പലിശ നിരക്കാണ് രാജ്യത്ത് തുടരുന്നത്. അതിന്റെ നേട്ടം ഇ എം […]


ഭവന വായ്പയുടെ ഇ എം ഐ അടവ് കൂടുമോ? ആര്‍ ബി ഐ യുടെ ധനനയം സംബന്ധിച്ച വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഒരു ശരാശരി ഇടത്തട്ടുകാരന്റെ മനസില്‍ ഉയരുന്ന ചോദ്യമിതാണ്. കാരണം കോവിഡ് പോലുള്ള പ്രതിസന്ധി എറ്റവും അധികം ബാധിച്ചത് ഇവരെയാണ്. തൊഴില്‍ നഷ്ടമായവരും വരുമാനം കുറഞ്ഞവരും ഉള്‍പ്പെടുന്ന മധ്യവര്‍ത്തി കുടുംബത്തിന്റെ ഈ ആശങ്കയ്ക്ക് അടിസ്ഥാനം ഉണ്ട് താനും. നിലവില്‍ രണ്ട് പതിറ്റാണ്ട് കാലത്തെ ഏറ്റവും ചുരുങ്ങിയ പലിശ നിരക്കാണ് രാജ്യത്ത് തുടരുന്നത്. അതിന്റെ നേട്ടം ഇ എം ഐ അടയ്ക്കുന്നവര്‍ക്ക് ലഭിച്ചിട്ടുമുണ്ട്.

രണ്ട് ശതമാനം കുറഞ്ഞു

രണ്ട് വര്‍ഷം മുമ്പ് ശരാശരി 8 ശതമാനമായിരുന്ന ഭവന വായ്പാ പലിശ നിരക്കില്‍ ഏറെ കുറവ് വന്നിട്ടുണ്ട്. നിലവില്‍ ചില സ്വകാര്യ മേഖലാ ധനകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ബാങ്കുകളുടെ കുറഞ്ഞ ഭവന വായ്പാ പലിശ നിരക്ക് 6.5 ശതമാനത്തിലാണ് തുടങ്ങുന്നത്. അതായത്, പലിശ നിരക്കില്‍ രണ്ട് വര്‍ഷത്തിനിപ്പുറം രണ്ട് ശതമാനത്തിന്റെയെങ്കിലും കുറവുണ്ടായിട്ടുണ്ട്. ഭവന, വാഹന, വിദ്യാഭ്യാസ വായ്പകളിലെല്ലാം ഇത് പ്രതിഫലിക്കുന്നുമുണ്ട്. ഇത്തരം വായ്പകള്‍ എടുക്കുന്നത് സാധാരണക്കാരായതിനാല്‍ വലിയ ആശ്വാസമായി ഇപ്പോഴും തുടരുന്നു. ആര്‍ ബി ഐ റിപ്പോ, റിവേഴ്‌സ് റിപ്പോകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയത് വഴി ഈ ആശ്വാസം തത്കാലം തുടരും. അതായത് ഇത്തരം വായ്പ എടുത്തവരുടെ തിരിച്ചടവ് ഗഢുവില്‍ മാറ്റമുണ്ടാകില്ല. ഇ എം ഐ അടവ് നിലിവിലെ രീതിയില്‍ തന്നെ തുടരും.

പണമൊഴുക്ക്

പണപ്പെരുപ്പ നിരക്ക് കൂടിയ തോതില്‍ തുടരുന്നതിനാല്‍ വിപണിയിലേക്കുള്ള പണമൊഴുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി നിരക്ക് കൂട്ടുമെന്ന് കരുതിയവരും ഏറെയുണ്ട്. ആഗോള തലത്തില്‍ പലിശ വര്‍ധിപ്പിക്കുന്നതിന്റെ സമ്മര്‍ദവും ആര്‍ ബി ഐയ്ക്ക് ഉണ്ടായിരുന്നു. എന്നാല്‍ കോവിഡാനന്തര പ്രതിസന്ധിയില്‍ പെട്ട് സമ്പദ് വ്യവസ്ഥ സാവധാനം നിവര്‍ന്ന് നില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ധനമൊഴുക്ക് തടസപ്പെടുത്തുന്നത് നിലവില്‍ അനുകൂലമാകില്ല എന്ന വിലയിരുത്തലാണ് നിരക്ക് വര്‍ധന വേണ്ടെന്ന് വയ്ക്കാന്‍ കാരണം. മൂന്ന് മാസത്തിന് ശേഷം വരുന്ന അടുത്ത ധനനയ അവലോകന യോഗം ഒരു പക്ഷെ, അന്നത്തെ സാഹചര്യം വിലയിരുത്തി നിരക്ക് കൂട്ടുന്നതടക്കമുള്ള തീരുമാനത്തിലേക്ക് എത്തിയേക്കാം.

പണപ്പെരുപ്പം

പണപ്പെരുപ്പവും സാമ്പത്തിക വളര്‍ച്ചയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തുകയാണ് ആര്‍ ബി ഐ പുതിയ പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിടുന്നത്. അതേ സമയം 2022-23 ലെ പ്രതീക്ഷിക്കുന്ന ജി ഡി പി വളര്‍ച്ചാ നിരക്ക് 7.8 ശതമാനമാക്കി. ഉപഭോക്തൃ വില സൂചിക ഈ സാമ്പത്തിക വര്‍ഷം 5.3 ശതമാനത്തില്‍ തുടരുമെന്നാണ് ആര്‍ ബി ഐ വിലയിരുത്തല്‍. അടുത്ത വര്‍ഷത്തെ കണക്ക് കൂട്ടല്‍ 4.5 ശതമാനമാണ്. ഇക്കഴിഞ്ഞ ഡിസംബറില്‍ പണപ്പെരുപ്പ നിരക്ക് 5.59 ശതമാനമായി ഉയര്‍ന്നിരുന്നു.

നിലവില്‍ റിപ്പോ നിരക്ക് 4 ശതമാനവും റിവേഴ്‌സ് റിപ്പോ 3.35 ശതമാനവുമാണ്. കഴിഞ്ഞ 20 മാസമായി റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. 2020 മേയ് മാസത്തിലാണ് അവസാനമായി റിപ്പോ കുറച്ചത്. കോവിഡിനു മുമ്പേ തുടങ്ങിയ സാമ്പത്തിക തളര്‍ച്ച പരിഹരിക്കാന്‍ തുടര്‍ച്ചയായി കുറച്ചാണ് റിപ്പോ 4 ശതാനത്തില്‍ എത്തിച്ചത്. 2001 ഏപ്രില്‍ മാസത്തിലാണ് മുമ്പ് ഇതേ നിരക്കില്‍ റിപ്പോ എത്തിയത്. ഇതോടെ പലിശ നിരക്ക് രണ്ട് പതിറ്റാണ്ട് മുമ്പത്തെ താഴ്ചയിലേക്ക് പോയിരുന്നു. നിലവില്‍ ഭവന വായ്പയടക്കമുള്ളവയുടെ പലിശ നിരക്ക് തുടങ്ങുന്നത് 6.5 ശതമാനത്തിലാണ്.

ആര്‍ ബി ഐ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പകള്‍ക്ക് ഈടാക്കുന്ന പലിശയാണ് റിപ്പോ. ബാങ്കുകളില്‍ നിന്ന് ആര്‍ ബി ഐ വാങ്ങുന്ന വായ്പയ്ക്ക് നല്‍കുന്ന പലിശ നിരക്കാണ് റിവേഴ്‌സ് റിപ്പോ.