image

16 Feb 2022 4:15 AM GMT

Business

വി എന്‍ വാസവന്‍: സഹകരണ മേഖലയിലെ നിക്ഷേപകർക്ക് ഒരു രൂപ പോലും നഷ്ടപ്പെടില്ല

Suresh Varghese

വി എന്‍ വാസവന്‍: സഹകരണ മേഖലയിലെ നിക്ഷേപകർക്ക് ഒരു രൂപ പോലും നഷ്ടപ്പെടില്ല
X

Summary

സഹകരണ മേഖലയിൽ നടക്കാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിച്ചു വരുന്ന ഈ സാഹചര്യത്തിൽ ആ മേഖലയെക്കുറിച്ചു ഞങ്ങളുടെ ലേഖകൻ തയ്യാറാക്കിയ സ്പെഷ്യൽ റിപ്പോർട്ടിന്റെ രണ്ടാം ഭാഗമാണിത്. ആര്‍ ബി ഐയുടെ പുതിയ നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ സഹകരണ മേഖലയെ എങ്ങനെ ബാധിക്കുമെന്നതിനെപ്പറ്റി സഹകരണ മന്ത്രി വി എന്‍ വാസവന്‍ ഇവിടെ സംസാരിക്കുന്നു: ആര്‍ ബി ഐയുടെ നിയന്ത്രണങ്ങള്‍ക്കെതിരായി കേരളം നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അങ്ങ് പറഞ്ഞിരുന്നു. അവ എത്രത്തോളമായി? 2020 ല്‍ കേന്ദ്ര ഗവണ്‍മെന്റ് പാസാക്കിയ ബാങ്കിംഗ് റെഗുലേഷന്‍സ് ആക്ടിന്റെ ഭേദഗതിയ്ക്കു […]


സഹകരണ മേഖലയിൽ നടക്കാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിച്ചു വരുന്ന ഈ സാഹചര്യത്തിൽ ആ മേഖലയെക്കുറിച്ചു ഞങ്ങളുടെ ലേഖകൻ തയ്യാറാക്കിയ സ്പെഷ്യൽ റിപ്പോർട്ടിന്റെ രണ്ടാം ഭാഗമാണിത്. ആര്‍ ബി ഐയുടെ പുതിയ നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ സഹകരണ മേഖലയെ എങ്ങനെ ബാധിക്കുമെന്നതിനെപ്പറ്റി സഹകരണ മന്ത്രി വി എന്‍ വാസവന്‍ ഇവിടെ സംസാരിക്കുന്നു:

ആര്‍ ബി ഐയുടെ നിയന്ത്രണങ്ങള്‍ക്കെതിരായി കേരളം നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അങ്ങ് പറഞ്ഞിരുന്നു. അവ എത്രത്തോളമായി?

2020 ല്‍ കേന്ദ്ര ഗവണ്‍മെന്റ് പാസാക്കിയ ബാങ്കിംഗ് റെഗുലേഷന്‍സ് ആക്ടിന്റെ ഭേദഗതിയ്ക്കു ശേഷം ചില നീക്കങ്ങള്‍ ആര്‍ ബി ഐയുടെ ഭാഗത്തു നിന്നുണ്ടായി. ആര്‍ ബി ഐ ആണ് ഒരു നോട്ടീസ് പരസ്യപ്പെടുത്തിയത്. മൂന്നു കാര്യങ്ങളാണ് ആ നോട്ടീസില്‍ പറഞ്ഞിരുന്നത്. ഒന്ന്, കേരളത്തിലെ പ്രാഥമിക സംഘങ്ങളുടെ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ 'ബാങ്ക്, ബാങ്കര്‍, ബാങ്കിംഗ്' എന്നീ പദങ്ങള്‍ ഉപയോഗിച്ചുകൂടാ. ചെക്ക് ട്രാന്‍സാക്ഷന്‍ പാടില്ല. അത് ബാങ്കിംഗ് റെഗുലേഷന്‍സ് ആക്ടിന്റെ നിയമത്തിനെതിരാണ്. കേന്ദ്രത്തിന്റെ നിക്ഷേപ ഗ്യാരന്റി സ്‌കീമില്‍ നിന്ന് കേരളത്തിലെ കോ-ഓപ്പറേറ്റീവ് സെക്ടറിലെ നിക്ഷേപകര്‍ക്ക് ഒരു രൂപ പോലും തരില്ല. മൂന്ന്, എ ക്ലാസ് മെമ്പേഴ്‌സിന് മാത്രമാണ് വോട്ടവകാശമുള്ളത്. അവരില്‍ നിന്നു മാത്രമേ പണം സ്വീകരിക്കാന്‍ പറ്റൂ. അതുമാത്രമായി ബിസിനസിനെ പരിമിതപ്പെടുത്തണം. ഈ മൂന്നു കാര്യങ്ങളാണ് ആര്‍ ബി ഐയുടെ നോട്ടീസില്‍ പരസ്യപ്പെടുത്തിയത്. ഈ മൂന്നു കാര്യങ്ങളും കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങള്‍ക്കു ബാധകമല്ല എന്നാണ് ഞങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. കാരണം, ബാങ്ക് എന്നതിന് നിര്‍വ്വചനം കൊടുത്തിട്ടുള്ളത് പൊതുജനങ്ങള്‍ക്ക് വായ്പയ്ക്കുള്ള അവസരം നല്‍കുകയും, പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുകയും, അവരുമായുള്ള ഇടപാടു നടത്തുകയും ചെയ്യുന്നതിനെയാണ്. കോ-ഓപ്പറേറ്റീവ് സെക്ടറിലാകട്ടെ ഓരോ മെമ്പറില്‍ നിന്നാണ് നിക്ഷേപം സ്വീകരിക്കുക. മെമ്പര്‍മാര്‍ക്കു മാത്രമേ വായ്പ നല്‍കുന്നുള്ളൂ. മെമ്പര്‍മാര്‍ അല്ലാത്തവരുമായി ബിസിനസ് നടത്തുന്നില്ല. രണ്ടാമത്തെ കാര്യം, കോ-ഓപ്പറേറ്റീവ് സെക്ടറിനെ സംബന്ധിച്ച് 97-ാം ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ സുപ്രധാനമായ വിധിയുണ്ട്. ആ വിധിയില്‍ പറയുന്നത് ഭരണഘടനയുടെ 7-ാം ഷെഡ്യൂള്‍ 32 എന്‍ട്രിയില്‍ പറയുന്നതു പ്രകാരം കോ-ഓപ്പറേഷന്‍ ഒരു സ്‌റ്റേറ്റ് സബ്ജക്ട് ആണ്. അതില്‍ കേന്ദ്രം ഇടപെടാനേ പാടില്ല. ഇവിടുത്തെ സഹകരണ ബാങ്കുകള്‍ എല്ലാം രജിസ്ട്രാര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നവയാണ്. ഇവ ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിന്റെ പരിധിയില്‍ വരുന്നില്ല. അപ്പോള്‍ സുപ്രീം കോടതിയുടെ സുപ്രധാനമായ വിധിയും, ഒപ്പം ബാങ്കിംഗ് റെഗുലേഷന്‍ ആക്ടില്‍ ബാങ്കിന് കൊടുത്ത നിര്‍വ്വചനവും വെച്ച് പരിശോധിക്കുമ്പോള്‍ ഈ നിര്‍ദ്ദേശങ്ങള്‍ കേരളത്തിലെ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്ക് ഒരിക്കലും ബാധകമാവില്ല.

കേരളത്തിലെ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ വെറും ബാങ്കിംഗ് ബിസിനസ് നടത്തുന്നവരല്ല. 'സര്‍വ്വീസ്' പ്രധാന ലക്ഷ്യമായി കാണുന്നവരാണ്. കൃഷിക്കാരന്‍ മെമ്പര്‍ഷിപ്പെടുക്കുന്നു, കൃഷിക്കാരന്‍ വായ്പയെടുക്കുന്നു; വിത്ത്, വളം, കീടനാശിനികള്‍ എന്നിവയെല്ലാം സബ്‌സിഡിയോടുകൂടി അവിടെനിന്നു വാങ്ങുന്നു. മിച്ചം പണം അവിടെത്തന്നെ നിക്ഷേപിക്കുന്നു. അവരുടെ ഉല്‍പ്പന്നങ്ങള്‍ സംഘം വാങ്ങുന്നു, അവ വിറ്റഴിക്കുന്നു. കേരളത്തിലെ 341 ഓളം മേഖലകളില്‍ ഉല്‍പ്പാദനവും, വിപണനവും സംഘങ്ങള്‍ നിര്‍വ്വഹിച്ചു പോരുന്നുണ്ട്. ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട അനേകം പ്രവര്‍ത്തനങ്ങള്‍ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ നിര്‍വ്വഹിക്കുന്നുണ്ട്. ഇതൊരു ബാങ്കിംഗ് പ്രക്രിയ മാത്രമല്ല; സജീവമായ സാമൂഹിക ഇടപെടല്‍ കൂടിയാണ്. ബാങ്കുകളുടെ രീതികളും ഇതും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്. അതിനാല്‍ ആര്‍ ബി ഐയുടെ വാദം നിലനില്‍ക്കുന്നതല്ല. രണ്ട്, നാളിതുവരെ കേന്ദ്രത്തിന്റെ നിക്ഷേപ ഗ്യാരന്റി സ്‌കീമില്‍ നിന്ന് ഒരു രൂപ പോലും കേരളത്തിലെ സഹകരണ മേഖലയിലെ നിക്ഷേപകര്‍ക്ക് ലഭിച്ചിട്ടില്ല. ഒരു രൂപ പോലും നാളിതുവരെ തരാതിരുന്നിട്ട് ഇനി തരില്ലെന്ന് പറയുന്നതിന്റെ ലക്ഷ്യമെന്താണ്? ഇല്ലാത്തത് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുകയല്ലേ ചെയ്യുന്നത്? അതേസമയം കേരളത്തില്‍ കോ-ഓപ്പറേറ്റീവ് സെക്ടറില്‍ നിക്ഷേപ ഗ്യാരന്റി സ്‌കീം നടപ്പാക്കിയിട്ടുണ്ട്. രണ്ടു ലക്ഷം രൂപ വരെയാണ് ഇപ്പോഴുള്ള പരിധി; അതുമാറി 5 ലക്ഷമാക്കാന്‍ പോകുകയാണ്. മൂന്നാമത്തെ കാര്യം, വോട്ടവകാശമുള്ള എ ക്ലാസ്സ് മെമ്പര്‍ഷിപ്പ് ഉള്ളവരുമായി മാത്രമേ ബിസിനസ് ചെയ്യാവൂ എന്ന വാദവും നിലനില്‍ക്കുന്നതല്ല. കാരണം സുപ്രീം കോടതി കണ്ണൂര്‍ ജില്ലയിലെ മാവിലായി ബാങ്കിന്റെ ആദായനികുതിയുമായി ബന്ധപ്പെട്ട കേസില്‍ സുപ്രധാനമായ ഒരു വിധി പ്രസ്താവിച്ചിട്ടുണ്ട്. അതില്‍ പറയുന്നത് എ-ക്ലാസ് എന്നും ബി-ക്ലാസ് എന്നും സി-ക്ലാസ് എന്നും എന്നും മെമ്പര്‍ഷിപ്പുകളെ തരംതിരിക്കേണ്ടതില്ല, എല്ലാ മെമ്പര്‍മാരും നടത്തുന്നത് ബിസിനസാണ്. അതില്‍ വേര്‍തിരിവ് കാട്ടേണ്ടതില്ല. വളരെ ലളിതമല്ലേ സുപ്രീം കോടതിയുടെ ആ നിരീക്ഷണം. അപ്പോള്‍ ആര്‍ ബി ഐയുടെ പരസ്യത്തിലെ ആ വാദവും നിലനില്‍ക്കുന്നതല്ല. ഞങ്ങള്‍ ഈ വസ്തുതകള്‍ ചൂണ്ടിക്കാട്ടി ആര്‍ ബി ഐ ഗവര്‍ണ്ണര്‍ക്ക് കത്തയച്ചിരുന്നു. അവര്‍ അത് പരിശോധിച്ചിട്ട് വിശദമായ മറുപടി തരാം എന്നാണ് പറഞ്ഞിരിക്കുന്നത്. വളരെ മാന്യമായ മറുപടിയാണത്. അതോടൊപ്പം, ഞങ്ങള്‍ സഹകാരികളെയെല്ലാം സംഘടിപ്പിച്ച് 'സഹകരണ സംരക്ഷണ സമിതി' രൂപീകരിച്ച് മുന്നോട്ടു പോകുകയാണ്. സഹകരണ മേഖല എപ്പോഴെല്ലാം വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ടോ, അപ്പോഴെല്ലാം എല്‍ ഡി എഫ്-യു ഡി എഫ് വ്യത്യാസമില്ലാതെ എല്ലാവരും സംഘടിച്ചിട്ടുണ്ട്. മൂന്നാമത്തെ കാര്യമാണ് നിയമപരമായ നടപടികള്‍. ഞങ്ങള്‍ കേരളത്തിലെയും സുപ്രീം കോടതിയിലെയും നിയമജ്ഞന്‍മാരുമായി ചര്‍ച്ച ചെയ്തപ്പോള്‍ അവര്‍ ഞങ്ങളുടെ അഭിപ്രായവുമായി യോജിക്കുന്നുണ്ട്. ഇതില്‍ സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിനായി സ്യൂട്ട് ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ നടപടിക്രമങ്ങള്‍ വേഗത്തില്‍ നടക്കുന്നു.

ആര്‍ ബി ഐയുടെ 'ട്രെന്‍ഡ്‌സ് ആന്‍ഡ് പ്രോഗ്രസ് ഇന്‍ ബാങ്കിംഗ്' എന്ന പുതിയ റിപ്പോര്‍ട്ടില്‍ യു സി ബികളുടെ (Urban Co-operative Bank) അഴിമതികളും, അപര്യാപ്തമായ ഭരണസംവിധാനങ്ങളും (inadequate governance issuse) ആണ് ഇത്തരം ഇടപെടലുകള്‍ക്ക് കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്…

അത് അവര്‍ ചെയ്‌തോട്ടെ. യു സി ബികള്‍ അവരുടെ അധീനതയില്‍ വരുന്നവയാണ്. അക്കാര്യത്തില്‍ തര്‍ക്കങ്ങളില്ല. എന്നാല്‍ പ്രാഥമിക സഹകരണ സംഘങ്ങളുടെ കാര്യത്തില്‍ അവര്‍ക്ക് ഇടപെടാനാകില്ല. അവ രജിസ്ട്രാര്‍ ഓഫ് കോ-ഓപ്പറേറ്റീവ്‌സിന്റെ അധീനതയില്‍ വരുന്നവയല്ലേ.

അഴിമതിയും, കെടുകാര്യസ്ഥതയും പ്രാഥമിക സഹകരണ സംഘങ്ങളുടെ കാര്യത്തിലും മുഖ്യപ്രശ്‌നമായി ഉയര്‍ന്നു വരുന്നുണ്ട്. പ്രത്യേകിച്ചും കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു പോലെയുള്ള പ്രശ്‌നങ്ങള്‍ ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നവയാണ്. ഇത്തരം പ്രശ്‌നങ്ങള്‍ നിക്ഷേപകര്‍ അവരുടെ പണം വ്യാപകമായി പിന്‍വലിക്കുന്നതിന് കാരണമാവുകയില്ലേ?

ഇതുവരെയുള്ള അനുഭവത്തിന്റെ വെളിച്ചത്തില്‍ സഹകരണ മേഖലയിലെ നിക്ഷേപങ്ങളുടെ ഗ്രാഫ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഇന്ത്യയില്‍ രണ്ടേമുക്കാല്‍ ലക്ഷം കോടി രൂപയുടെ നിക്ഷേപമുള്ള കോ-ഓപ്പറേറ്റീവ് സെക്ടര്‍ കേരളം മാത്രമാണ്. ശരാശരി വായ്പാതോത് കണക്കാക്കുമ്പോള്‍ ഇന്ത്യയിലെ സഹകരണ മേഖലയിലെ നിക്ഷേപങ്ങളുടെ 69% വും കേരളത്തിലാണ്. അതില്‍ നിന്നും ഒട്ടും പുറകോട്ടു പോയിട്ടില്ല; മുന്നോട്ടു പോയിട്ടേയുള്ളൂ. കരുവന്നൂര്‍ പോലുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിന്റെ പശ്ചാത്തലത്തില്‍ ഓരോ നിക്ഷേപകനും അവരുടെ പണം മടക്കിനല്‍കാനാവശ്യമായ പാക്കേജ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് സ്‌കീമും, റിസ്‌ക് ഫണ്ടും എല്ലാം ചേര്‍ത്ത് നിക്ഷേപകര്‍ക്ക് പണം മടക്കി നല്‍കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ഒരാള്‍ക്കും പണം നഷ്ടപ്പെടില്ല. ഇത്തരം തട്ടിപ്പുകള്‍ ഇനി സംഭവിക്കാതിരിക്കാന്‍ വേണ്ടി ഞങ്ങള്‍ ഓഡിറ്റ് സിസ്റ്റം ശക്തിപ്പെടുത്തി. കംപ്ട്രോളർ & ഓഡിറ്റർ ജനറൽ (C&AG) നോട് ഡെപ്യൂട്ടി സെക്രട്ടറി തലത്തിലുള്ള ഒരാളെ ഞങ്ങള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അത് ലഭിച്ചിട്ടുണ്ട്.

'കോ-ഓപ്പറേറ്റീവ് ഓഡിറ്റ് മോണിറ്ററിംഗ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം' ഞങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. അതായത്, കേരളത്തിലെ ഏതു സഹകരണ ബാങ്കിനെ സംബന്ധിച്ച വിവരങ്ങളും പൊതുജനങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന രീതിയിലാണിത്. അവയില്‍ എത്ര അംഗങ്ങളുണ്ട്? അതിന്റെ ഓഹരി മൂലധനമെത്ര? മൊത്തം ഡെപ്പോസിറ്റ്‌സ് എത്ര? ലോണുകള്‍ എത്ര? ബാങ്ക് ലാഭത്തിലാണോ അതോ നഷ്ടത്തിലാണോ? കിട്ടാക്കടം എത്രയാണ്? എന്നാണ് അവസാനമായി ഓഡിറ്റ് നടന്നത്? എന്ന് വാര്‍ഷിക പൊതുയോഗം ചേര്‍ന്നു? എന്നിവയെല്ലാം ഇന്റര്‍നെറ്റില്‍ ലഭ്യമാകുന്ന തരത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. കോ-ഓപ്പറേറ്റീവ് സെക്ടറില്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ അതിനെ പരിഹരിക്കാനുള്ള കരുത്തും ഈ മേഖലയിലുണ്ട്. അതേസമയം നാഷണലൈസ്ഡ് ബാങ്കുകളിലും ഷെഡ്യൂള്‍ഡ് ബാങ്കുകളിലും എത്രയോ അഴിമതികള്‍ നടക്കുന്നു. അവയൊക്കെ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടോ? ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങളെ സാമാന്യവല്‍ക്കരിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

കേന്ദ്രത്തിലെ പുതിയ സഹകരണ മന്ത്രാലയത്തിന്റെ രൂപീകരണം കേരളം എങ്ങനെയാണ് കാണുന്നത്?

മന്ത്രാലയത്തിന്റെ പ്രവര്‍ത്തനത്തെ സംബന്ധിച്ചുള്ള വിശദവിവരങ്ങള്‍ താഴേക്കു വന്നെങ്കില്‍ മാത്രമേ നമുക്ക് അതിനെക്കുറിച്ച് പറയാന്‍ പറ്റുള്ളൂ. പൊതുവില്‍ പറഞ്ഞാല്‍, ഭരണഘടനയിലെ 7-ാം പട്ടികയിലെ 32-ാം എന്‍ട്രി അനുസരിച്ച് കേന്ദ്രത്തില്‍ മന്ത്രാലയം രൂപീകരിച്ച് സംസ്ഥാനങ്ങളെ നിയന്ത്രിക്കാന്‍ കഴിയില്ല. സഹകരണ മേഖല സ്റ്റേറ്റ് സബ്ജക്ട് ആണ്. അതില്‍ കേന്ദ്രത്തിന് ഇടപെടാന്‍ അവകാശമില്ല. അതേസമയം, ബാങ്കിംഗ് ഒരു യൂണിയന്‍ വിഷയമാണ്. അതില്‍ അവര്‍ ഇടപെടുന്നു. നമ്മള്‍ തര്‍ക്കിക്കുന്നില്ലല്ലോ. നമുക്ക് അധികാരപ്പെട്ടതിനും, അവകാശപ്പെട്ടതിനും അവര്‍ കൈവെയ്‌ക്കേണ്ടതില്ല.

മള്‍ട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവുകളുടെ വരവാണ് പലരും ഇതോടനുബന്ധിച്ച് ചൂണ്ടിക്കാണിക്കുന്നത്…

മള്‍ട്ടി-സ്‌റ്റേറ്റ് കോ ഓപ്പറേറ്റീവുകള്‍ ഇപ്പോഴുണ്ടായ ഒരു വിഷയമല്ല. അത് വര്‍ഷങ്ങള്‍ക്കു മുമ്പേ വന്നുതുടങ്ങിയതാണ്. ഇവിടുത്തെ 'രജിസ്ട്രാര്‍ ഓഫ് കോ-ഓപ്പറേറ്റീവ്‌സിന്' അവയുടെ മേല്‍ ഒരു നിയന്ത്രണവുമില്ല. അവര്‍ക്ക് ഇഷ്ടമുള്ള പലിശയും, മറ്റു നയങ്ങളും പ്രഖ്യാപിക്കാം. പല സ്ഥലങ്ങളിലും അവര്‍ സമാന്തര പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചെങ്കിലും കേരളത്തില്‍ അവര്‍ക്ക് ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല. കാരണം, ഇവിടുത്തെ സഹകരണ സംഘങ്ങളുടെ അംഗങ്ങള്‍ തന്നെയാണ് അതിന്റെ ഉടമസ്ഥന്‍മാര്‍. അവരുടെ നിക്ഷേപം ഇവിടെയുണ്ട്. അവരുടെ വായ്പകളും ഇവിടെത്തന്നെയാണ്. അവരുടെ വളം ഇവിടെയാണ് ലഭിക്കുക, കീടനാശിനികള്‍ ഇവിടെയാണ് ലഭിക്കുക, അവരുടെ ഉല്‍പ്പന്നം ഇവിടെയാണ് കൊടുക്കുക. അവര്‍ക്ക് ബാങ്കുമായി ഒരു ദൈനംദിന ബന്ധമുണ്ട്. നീതി സ്റ്റോറുകളുണ്ട്, നീതി മെഡിക്കല്‍ സ്‌റ്റോറുകളുണ്ട്, ലബോറട്ടറികളുണ്ട്, അങ്ങനെ എന്തെല്ലാം സംവിധാനങ്ങളുണ്ട്. അവരുടെ വീട്ടിലേക്കാവശ്യമായ വസ്തുക്കള്‍ അവിടെനിന്നു ലഭിക്കും. കാലത്തിനൊത്ത് കോലം കെട്ടിത്തന്നെയാണ് കോ ഓപ്പറേറ്റീവ് സെക്ടറുകള്‍ മുന്നോട്ടു വരുന്നത്. അതിനെ അത്രയെളുപ്പം തകര്‍ക്കാനാവില്ല.

കേന്ദ്ര മന്ത്രാലയം നേരിട്ട് കുറഞ്ഞ പലിശയ്ക്ക് പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് വായ്പ നല്‍കാനുള്ള സാധ്യതയുണ്ടോ? ഇപ്പോള്‍ നബാര്‍ഡ് ആണ് അതു ചെയ്യുന്നത്. അവര്‍ക്കു പകരമായി മന്ത്രാലയം നേരിട്ട് രംഗത്തു വരാനിടയുണ്ടോ?

മുമ്പുണ്ടായിരുന്ന നബാര്‍ഡിന്റെ സഹായങ്ങള്‍ പലതും ഇപ്പോള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. ഇപ്പോള്‍ സെക്ടര്‍-അധിഷ്ഠിതമായി ചെയ്യുന്ന ചില സഹായങ്ങളുണ്ട്. അതിനപ്പുറത്ത് കേരളത്തിലെ കോ ഓപ്പറേറ്റീവ് സെക്ടറിനെ പൊതുവില്‍ സഹായിക്കുന്ന വലിയ നീക്കങ്ങളൊന്നും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും നടക്കുന്നില്ല. പക്ഷേ, അതു കിട്ടിയില്ലെങ്കിലും കേരളത്തിലെ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെ അതു കാര്യമായി ബാധിക്കുകയില്ല കാരണം, പ്രൈമറി സംഘങ്ങള്‍ നബാര്‍ഡില്‍ നിന്നും എടുത്തുകൊടുക്കുന്നതിനു പകരം സ്വന്തം ഫണ്ടില്‍ നിന്നും വായ്പ നല്‍കിത്തുടങ്ങിയിരിക്കുന്നു. അവരുടെ മിച്ചം തുക എങ്ങനെ ലാഭകരമായി വിനിയോഗിക്കാമെന്ന് അവര്‍ ആലോചിച്ചു തുടങ്ങിയിരിക്കുന്നു. അവര്‍ സ്വയംപര്യാപ്തത നേടിക്കൊണ്ടിരിക്കുകയാണ്. അപ്പോള്‍ കേന്ദ്രത്തിന്റെ ഒരു സഹായവും ഇക്കാര്യത്തില്‍ ആവശ്യമില്ല. ഗവണ്‍മെന്റില്‍ നിന്നും ഒരു പൈസ പോലും ലഭിക്കാത്ത വകുപ്പാണ് കോ-ഓപ്പറേറ്റീവ് സെക്ടര്‍. എന്നാല്‍ ഗവണ്‍മെന്റുകള്‍ക്ക് എപ്പോള്‍ പ്രതിസന്ധി വന്നാലും കോ-ഓപ്പറേറ്റീവ് സെക്ടറിന്റെ സഹായമുണ്ടാകും. ചുരുക്കത്തില്‍, നമ്മുടെ സമ്പദ്ഘടനയില്‍ പ്രയാസങ്ങളും, പ്രതിസന്ധികളും ഒക്കെ വരുമ്പോള്‍ ഒരു സമാന്തര സമ്പദ്ഘടനയായി പ്രവര്‍ത്തിക്കുന്ന സഹകരണ പ്രസ്ഥാനങ്ങള്‍ നമ്മുടെ സംസ്ഥാനത്തുണ്ട്.

മള്‍ട്ടി സ്‌റ്റേറ്റ് കോ ഓപ്പറേറ്റീവുകള്‍ വഴി ഫണ്ടുകള്‍ നല്‍കുകയും പ്രാഥമിക സംഘങ്ങളെ അങ്ങനെ അവരിലേക്ക് അടുപ്പിക്കുകയും ചെയ്യാനുള്ള സാധ്യതയുണ്ടോ?

അങ്ങനെ ഏതെങ്കിലും തരത്തിലുള്ള ഫണ്ടുകള്‍ നല്‍കണമെങ്കില്‍ അത് രജിസ്ട്രാര്‍ ഓഫ് കോ-ഓപ്പറേറ്റീവസ് വഴിയോ, വകുപ്പു വഴിയോ മാത്രമേ കൊടുക്കാൻ സാധിക്കൂ. മറ്റു തരത്തില്‍ വഴിതിരിച്ചു വിടാന്‍ പറ്റില്ല. മള്‍ട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ്‌സിന് നിക്ഷേപം സ്വീകരിക്കാനും, വായ്പ കൊടുക്കാനുമുള്ള സൗകര്യം കൊടുത്തുകൊണ്ട് ചില സ്ഥലങ്ങളില്‍ അവര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അതിനു സൗകര്യം കൊടുക്കുന്നതു പോലും 97-ാം ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിന്റെ സുപ്രധാന വിധിയില്‍ വ്യക്തമാക്കുന്നുണ്ട്. അതില്‍ മൈനോറിറ്റി അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത് ജസ്റ്റിസ് കെ എം ജോസഫാണ്. അദ്ദേഹം പറഞ്ഞിരിക്കുന്നത് ഈ മള്‍ട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ്സിന് നല്‍കുന്ന സംരക്ഷണം പോലും റദ്ദാക്കേണ്ടതാണ് എന്നാണ്. അങ്ങനെയൊരു നിരീക്ഷണം വന്നു കഴിഞ്ഞിട്ടുണ്ട്.

കേരള ബാങ്കിന്റെ രൂപീകരണത്തോടെ ജില്ലാ സഹകരണ ബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്കിന്റെ ഭാഗമായി മാറി. നിലവിലുണ്ടായിരുന്ന മൂന്നു-തല (3-tier) സംവിധാനം രണ്ടു-തല സംവിധാനമായി മാറി. ഇത് ഏതെങ്കിലും തരത്തിലുള്ള ശൂന്യത സൃഷ്ടിക്കുന്നുണ്ടോ?

കേരള ബാങ്കിനെ ശക്തിപ്പെടുത്താന്‍ സഹായിച്ച തീരുമാനമാണത്. കേരളത്തിനു സ്വന്തമായൊരു ബാങ്ക് എന്ന ആശയം സാധ്യമാക്കി. ഇടപാടുകാര്‍ക്ക് 1% പലിശയുടെ ലാഭമുണ്ട്. അതോടൊപ്പം, എസ്റ്റാബ്ലിഷ്‌മെന്റ് കോസ്റ്റ് വളരെയധികം കുറഞ്ഞു. ഓരോ പ്രൈമറി സംഘത്തിനും കേരള ബാങ്കിന്റെ കേന്ദ്രങ്ങളില്‍ നിന്നും നേരിട്ട് സഹായങ്ങള്‍ ചെയ്തു കൊടുക്കാന്‍ സാധിക്കും. അങ്ങനെ പ്രവര്‍ത്തിച്ചതിന്റെ ഫലമായി കേരള ബാങ്ക് ഈ വര്‍ഷം ലാഭത്തിലെത്തിയിരിക്കുന്നു. 61 കോടി രൂപയുടെ ലാഭം. 769 ബ്രാഞ്ചുകള്‍ക്കും ഇപ്പോള്‍ ആര്‍ ബി ഐയുടെ ലൈസന്‍സ് ലഭിച്ചിരിക്കുന്നു. കേരള ബാങ്കില്‍ ഇപ്പോള്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്റഗ്രേഷന്‍ നടന്നുകൊണ്ടിരിക്കുന്നു. ATM, ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ്, RTGS, NEFT സൗകര്യങ്ങളടക്കമുള്ള, ന്യൂജന്‍ ബാങ്കുകളോട് മത്സരിക്കാന്‍ ശേഷിയുള്ള, സ്ഥാപനമായി ബാങ്ക് മാറിക്കൊണ്ടിരിക്കുകയാണ്.

പ്രാഥമിക സംഘങ്ങളിലെ അംഗങ്ങള്‍ക്ക് കേരള ബാങ്കില്‍ 'മിറര്‍' അക്കൗണ്ടുകള്‍ ആരംഭിച്ച് പ്രവര്‍ത്തനം വിപുലമാക്കാനുള്ള പദ്ധതി എവിടെയെത്തി നില്‍ക്കുന്നു?

പ്രാഥമിക സംഘങ്ങളെയാകെ ഇന്റഗ്രേറ്റ് ചെയ്യാനുള്ള ഒരു പദ്ധതിയ്ക്ക് തുടക്കമിട്ടിട്ടുണ്ട്.

സഹകരണ മേഖല പുതിയ പുതിയ മേച്ചില്‍പ്പുറങ്ങളിലേക്ക് കടക്കുകയാണ്. ചിലര്‍ ടൂറിസം, റിസോര്‍ട്ട്, ഹോട്ടല്‍ മേഖലയിലേക്കും കാലെടുത്തു വെച്ചിട്ടുണ്ട്. അവയെ നിരീക്ഷിക്കാന്‍ രജിസ്ട്രാര്‍ ഓഫ് കോ-ഓപ്പറേറ്റീവ്‌സിന് സംവിധാനങ്ങളുണ്ടോ?

രജിസ്ട്രാര്‍ ഓഫ് കോ-ഓപ്പറേറ്റീവ്‌സിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാത്തരത്തിലുള്ള സഹകരണ പ്രസ്ഥാനങ്ങളെയും നിരീക്ഷിക്കാനും, നിയന്ത്രിക്കുവാനും സഹകരണ വകുപ്പ് മുന്നോട്ടു വരും. ഈയടുത്ത കാലത്ത് 29 യൗവ്വനങ്ങളുടെ സഹകരണ സംഘങ്ങള്‍ ഞങ്ങള്‍ രൂപീകരിച്ചു. ഇവന്റ് മാനേജ്‌മെന്റ് മുതല്‍ ഐ ടി വരെയുള്ള സംരംഭങ്ങളാണ് അതില്‍ വന്നത്. വലിയ രീതിയില്‍ അത് മുന്നോട്ടു പോകുന്നു. 12 വനിതാ സഹകരണ സംഘങ്ങള്‍ രൂപീകരിച്ചു. കോവിഡിനെ പ്രതിരോധിക്കാനാവശ്യമായ സാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ 5 ലക്ഷം രൂപ വെച്ചു നല്‍കി. നല്ല രൂപത്തില്‍ അത് പ്രവര്‍ത്തിച്ചു മുന്നോട്ടു വരുന്നു. കാര്‍ഷിക മേഖലയില്‍ നെല്ലു സംഭരണ-സംസ്‌കരണ-വിപണന സംഘങ്ങള്‍ രണ്ടെണ്ണം രൂപീകരിച്ചു. ഒന്ന് പാലക്കാട്ടും, ഒന്ന് കുട്ടനാട്ടിലും ഉദ്ദേശിക്കുന്നു. അത് ഇടത്തട്ടുകാരുടെ ചൂഷണത്തില്‍ നിന്നും നെല്‍കൃഷിക്കാരെ സംരക്ഷിക്കാനുള്ള നീക്കമാണ്. ഇങ്ങനെ വിവിധ തലങ്ങളില്‍ സഹകരണ പ്രസ്ഥാനം അതിന്റെ മുന്നിലുള്ള വിപുലവും, വിശാലവുമായ സാധ്യതകളെ പ്രയോജനപ്പെടുത്താനുള്ള നൂതനമായ ആശയങ്ങളുമായി മുന്നോട്ടു പോവുകയാണ്. അതില്‍ ടൂറിസവും, ഹെല്‍ത്തും, വിദ്യാഭ്യാസവും, ഹൗസിങ്ങും, വ്യവസായങ്ങളും, കണ്‍സ്യൂമര്‍ സ്‌റ്റോറുകളും ഉള്‍പ്പെടും. ഇതെല്ലാം ചേര്‍ന്നതാണ് സഹകരണ മേഖല.

(നാളെ സംസ്ഥാന സഹകരണ ബാങ്ക് (കേരള ബാങ്ക്) പ്രസിഡന്റ് ഗോപി കോട്ടമുറിക്കലുമായുള്ള സംഭാഷണം)