image

8 March 2022 8:52 AM GMT

Kudumbashree

കൊവിഡ് പ്രതിസന്ധിയിലായ അംഗങ്ങളെ കൈപിടിച്ചുയ‍ർത്താൻ കുടുംബശ്രീ

MyFin TV

കൊവിഡ് പ്രതിസന്ധിയിലായ അംഗങ്ങളെ കൈപിടിച്ചുയ‍ർത്താൻ കുടുംബശ്രീ
X

Summary

ലോകത്തിൽ തന്നെ സ്ത്രീശാക്തീകരണത്തിനായി നടപ്പാക്കപ്പെട്ടിട്ടുള്ളവയിൽ ഏറ്റവും ശ്രദ്ധേയമായ പദ്ധതിയാണ് കേരളത്തിലെ കുടുംബശ്രീ. തൊഴിലില്ലായ്മ പരിഹരിക്കുന്നതിലും സ്ത്രീയെ സ്വന്തം കാലിൽ നിൽക്കാൻ ശക്തിയും പ്രചോദനവും നൽകുന്നതിലും കുടുംബശ്രീ കേരളത്തിലെ സ്ത്രീകൾക്ക് കരുത്തായി മാറി. കുടുംബശ്രീയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചുമാണ് ഇന്ന് വനിതാദിനത്തിൽ ആരംഭിക്കുന്ന ഈ ലേഖന പരമ്പര. വീടിന്റെ അകത്തളങ്ങളിൽ വീട്ടുജോലി മാത്രം ചെയ്ത് ഒതുങ്ങിക്കൂടിയ സ്ത്രീകളെ കരുത്തരും വിജയികളുമായ സംരംഭകരാക്കി മാറ്റിയത് സംസ്ഥാനസ‍‍ർക്കാരിന്റെ ഈ ഉദ്യമമായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ വനിത കൂട്ടായ്മയായ കുടുംബശ്രീക്ക് കീഴിൽ ഇപ്പോൾ […]


ലോകത്തിൽ തന്നെ സ്ത്രീശാക്തീകരണത്തിനായി നടപ്പാക്കപ്പെട്ടിട്ടുള്ളവയിൽ ഏറ്റവും ശ്രദ്ധേയമായ പദ്ധതിയാണ് കേരളത്തിലെ കുടുംബശ്രീ. തൊഴിലില്ലായ്മ പരിഹരിക്കുന്നതിലും സ്ത്രീയെ സ്വന്തം കാലിൽ നിൽക്കാൻ ശക്തിയും പ്രചോദനവും നൽകുന്നതിലും കുടുംബശ്രീ കേരളത്തിലെ സ്ത്രീകൾക്ക് കരുത്തായി മാറി. കുടുംബശ്രീയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചുമാണ് ഇന്ന് വനിതാദിനത്തിൽ ആരംഭിക്കുന്ന ഈ ലേഖന പരമ്പര.

വീടിന്റെ അകത്തളങ്ങളിൽ വീട്ടുജോലി മാത്രം ചെയ്ത് ഒതുങ്ങിക്കൂടിയ സ്ത്രീകളെ കരുത്തരും വിജയികളുമായ സംരംഭകരാക്കി മാറ്റിയത് സംസ്ഥാനസ‍‍ർക്കാരിന്റെ ഈ ഉദ്യമമായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ വനിത കൂട്ടായ്മയായ കുടുംബശ്രീക്ക് കീഴിൽ ഇപ്പോൾ 23,789 സജീവ സംരംഭങ്ങളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ഇവയിലൂടെ 64,475 വനിത സംരംഭകരും.

പക്ഷെ ലോകമെങ്ങും ആഞ്ഞടിച്ച കൊവിഡ് തരംഗത്തിൽ മറ്റ് മേഖലകളെ പോലെ തന്നെ കുടുംബശ്രീ യൂണിറ്റുകളുടെ പ്രവ‍ർത്തനവും അടിതെറ്റി. കൃഷിയും ചെറുകിട സംരംഭങ്ങളുമെല്ലാം ലോക് ഡൗണിലും മറ്റും നേരിട്ടത് കടുത്ത പ്രതിസന്ധിയാണ്. ആളുകൾ പുറത്തിറങ്ങാതെ ആയതും സാമൂഹികമായ എല്ലാ ചടങ്ങുകളും മാറ്റിവെക്കപ്പെട്ടതും കുടുംബശ്രീ യൂണിറ്റുകളുടെ പ്രവ‍ർത്തനത്തെ ബാധിച്ചു. ബാങ്കുകളിൽ നിന്നും മറ്റും വായ്പയെടുത്ത് സംരംഭങ്ങൾ തുടങ്ങിയവരാണ് മുഖ്യമായും പ്രതിസന്ധിയിലായത്. വായ്പകളുടെ തിരിച്ചടവും ജീവിതചെലവുമെല്ലാം മുടങ്ങി. ലോക് ഡൗണിൽ നിരവധി ചെറുകിട വ്യവസായ സംരംഭങ്ങൾ അടച്ചുപൂട്ടലിൻറെ വക്കിലെത്തി.

കാ‍ർഷിക മേഖലയിൽ പ്രവ‍ർത്തിക്കുന്ന കുടുംബശ്രീ യൂണിറ്റുകളെ ആണ് ലോക് ഡൗൺ കാലം ഏറെ പ്രതിസന്ധിയിലാക്കിയത്.

സംസ്ഥാനമൊട്ടാകെ 68,388 ജോയന്റ് ലയബിലിറ്റി ഗ്രൂപ്പുകളിലായി (ജെഎൽജി) 3.40 ലക്ഷം സ്ത്രീകളാണ് കുടുംബശ്രീയ്ക്ക് കീഴിൽ കൃഷിയുമായി ബന്ധപ്പെട്ട തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നത്. രാജ്യത്ത് ഒന്നാം ലോക് ഡൗൺ എത്തിയത് വിഷു വിപണിയിലേക്ക് വേണ്ടുന്ന പഴവും പച്ചക്കറിയുമെല്ലാം വിളവെടുക്കാൻ സമയമാകുന്നതിന് തൊട്ടുമുമ്പായിരുന്നു. ലോക് ഡൗൺ എത്തിയതോടെ കൃഷി വിളവെടുക്കാനാവാതെ നഷ്ടത്തിലായി. 3.6 കോടിയുടെ നഷ്ടമാണ് കൊവിഡിനെ തുട‍ർന്ന് വിളവെടുപ്പ് നടത്താനാവാതെയും പിന്നീട് വിളവെടുത്തവയ്ക്ക് വില ലഭിക്കാതെയും കുടുംബശ്രീ കർഷക ഗ്രൂപ്പുകൾക്ക് ഉണ്ടായത്. കുടുംബശ്രീയുടെ കണക്കുകൾ പ്രകാരം 14 ജില്ലകളിലായി 4042 ജെഎൽജി കളാണ് പൂർണമായും നഷ്ടത്തിലായത്.

തൃശ്ശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. കൃത്യസമയത്ത് വിളയെടുക്കാനാവാത്തതിനെ തുടർന്ന് 2 കോടിയോളം രൂപയാണ് കർഷകർക്ക് നഷ്ടമായത്. വിളവെടുത്തശേഷം മതിയായ വില ലഭിക്കാത്തതിനെ തുടർന്ന് ഉണ്ടായ നഷ്ടമാകട്ടെ 1.68 കോടിയോളവും. പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷിയിറക്കുന്ന സംഘങ്ങൾക്ക് താങ്ങാവുന്നതിലും അധികം ബാധ്യതയാണ് ഇത് വരുത്തിവെച്ചത്.

കടുത്തപ്രതിസന്ധിയിലായ സംരംഭങ്ങളേയും സംരംഭകരേയും കരകയറ്റാനുള്ള ശ്രമത്തിലാണ് കുടുംബശ്രീ ഇപ്പോൾ. പ്രതിസന്ധിയിലായ യൂണിറ്റുകളെ കണ്ടെത്തി സർക്കാരിൻറെ പിന്തുണയോടെ അവർക്ക് വേണ്ട സാമ്പത്തിക സഹായം അധികമായി നൽകുകയാണ് കുടുംബശ്രീ.

ലോക് ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായ കുടുംബശ്രീ യൂണിറ്റുകളുടെ അവസ്ഥ സംബന്ധിച്ച് കുടുംബശ്രീ പ്രാഥമിക പഠനം നടത്തി. അതിന്റെ അടിസ്ഥാനത്തിൽ റിവൈവൽ പാക്കേജ് എന്നതരത്തിൽ പലിശ രഹിത വായ്പകൾ ഇത്തരം യൂണിറ്റുകൾക്ക് വിതരണം ചെയ്യാൻ ആരംഭിച്ചു.

കൊവി്ഡിനെ തുടർന്ന് ബാങ്ക് വായ്പകളുടെ തിരിച്ചടവ് ചെറിയതോതിൽ പ്രതികൂലമായി ബാധിച്ചതായി കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ പി ഐ ശ്രീവിദ്യ IAS മൈഫിൻ പോയിൻറിനോട് പറഞ്ഞു. അതേസമയം തന്നെ ബാങ്കുകൾ മൊറട്ടോറിയം അനുവദിച്ചത് കുറേയേറെ ഗുണം ചെയ്തതായും ശ്രീവിദ്യ കൂട്ടിച്ചേർത്തു. ഇതിൻറെ പശ്ചാത്തലത്തിലാണ് സർക്കാരിൻറെ പിന്തുണയോടെ റിവൈവൽ പാക്കേജുകൾ നടപ്പാക്കിയത്

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ പി ഐ ശ്രീവിദ്യ IAS

"2000 കോടിരൂപയുടെ പ്രത്യേക സാമ്പത്തിക പദ്ധതിയാണ് ഇതിനായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിൽ ഏകദേശം 1917 കോടിയോളം ഇതിനോടകം വിതരണം ചെയ്തുകഴിഞ്ഞു. പലിശരഹിത വായ്പയായാണ് ഫണ്ടുകൾ അതാത് കുടുംബശ്രീ യൂണിറ്റുകൾക്ക് അയൽക്കൂട്ടങ്ങൾ വഴി കൈമാറുന്നത്. ഈ വായ്പകളുടെ സബ്‌സിഡി സർക്കാർ വഹിക്കും", ശ്രീവിദ്യ പറഞ്ഞു.

മുന്നോട്ട് വരാൻ ഒട്ടും വഴിയില്ലാതെ അടച്ചുപൂട്ടലിൻറെ വക്കിലെത്തിയ ചെറുകിടവ്യവസായ യൂണിറ്റുകളെ 'സിക്ക് മൈക്രോ എൻറർപ്രൈസസ്' വിഭാഗത്തിൽ ഉൾപ്പെടുത്തി സഹായിക്കാനായി 193 കോടിയുടെ പാക്കേജ് അധികമായി അനുവദിച്ചിട്ടുണ്ട്. വിവിധ സ്ക്കീമിലുള്ള പലിശരഹിത വായ്പയായാണ് ഇത് നൽകുന്നത്. ഇതിൻറെ ആദ്യഗഡു അയൽക്കൂട്ടങ്ങൾ വഴി കൈമാറിയതായും എക്സിക്യൂട്ടീവ് ഡയറക്ടർ വ്യക്തമാക്കി.

ഒരു ഗ്രൂപ്പ് ഉപയോഗിച്ച് തിരിച്ചടയ്ക്കുമ്പോൾ മറ്റൊരു ഗ്രൂപ്പിന് അനുവദിക്കുന്ന രീതിയിൽ റിവോൾവിങ് ഫണ്ട് ആയിട്ടാണ് ഇവ അനുവദിച്ചിരിക്കുന്നത്.

അതേസമയം ലോക് ഡൗൺ കാലത്ത് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ലോൺ അടക്കാനായി അംഗങ്ങളായവർ സ്വകാര്യ ഏജൻസികളിൽ നിന്ന് വായ്പകൾ എടുത്ത് കടക്കെണിയിലായിട്ടുണ്ടോയെന്നകാര്യം കുടുംബശ്രീ പരിശോധിക്കുന്നുണ്ടെന്നും ശ്രീവിദ്യ പറഞ്ഞു.

"ലോക് ഡൗൺ കാലത്ത് അംഗങ്ങളുടെ വായ്പകൾ സംബന്ധിച്ച് ഒരു കണക്കെടുക്കാൻ ഇന്റേണലി ഞങ്ങൾ തീരുമാനിച്ചിട്ടണ്ട്. പ്രതിസന്ധി മറികടക്കാൻ ഫോ‍ർമൽ ലെന്റിങ്ങോ അതോ ആ സമയത്ത് പെട്ടെന്ന് പൈസ കിട്ടാൻ നാട്ടിൻ പുറത്തെ പലിശക്കാരിൽ നിന്ന് ഇൻഫോർമൽ ലെന്റിങ്ങോ അംഗങ്ങൾ നടത്തിയിട്ടുണ്ടോ എന്നറിയാനാണ് ഈ കണക്കെടുപ്പ് ".

ലോക് ഡൗൺ കാലത്തെ അവസരമാക്കി മാറ്റിയ യൂണിറ്റുകളും കുടുംബശ്രീയിലുണ്ട്. കൊവിഡ് കാലത്ത് അണുവിമുക്തമാക്കുകയെന്നത് പുതിയ രീതി ആയതോടെ അത്തരം യൂണിറ്റുകളും പ്രവർത്തനം ആരംഭിച്ചു. ആളുകൾക്ക് ട്രെയിനിങ് നൽകി പുതിയ നിരവധി യൂണിറ്റുകളാണ് ഇതിന് കുടുംബശ്രീയുടെ കീഴിൽ ആരംഭിച്ചത്.

ഇതിനൊപ്പം തന്നെ ലോക് ഡൗൺ കാലത്ത് ഏറെ ഡിമാന്റ് ഉണ്ടായിരുന്ന മാസ്ക്കുകളുടെയും പിപിഇ കിറ്റുകളുടെയും നിർമാണത്തിലേക്ക് കുടുംബശ്രീയുടെ അപ്പാരൽ സെന്ററുകൾ മാറി. വിശപ്പ് രഹിത കേരളത്തിന്റെ ഭാഗമായി കൊവിഡ് കാലത്ത് തുറന്ന കമ്മ്യൂണിറ്റി കിച്ചനുകളിലേക്ക് ഭക്ഷണമെത്തിക്കുന്നതിനും കുടുംബശ്രീ യൂണിറ്റുകളാണ് രംഗത്തെത്തിയത്. പിന്നീട് ഈ യുണിറ്റുകൾ ജനകീയ ഹോട്ടലുകളാക്കി മാറ്റി പ്രവർത്തനം ആരംഭിച്ചു.

പ്രതിസന്ധികളിൽ നിന്ന് മെല്ലെ കരകയറിയെങ്കിലും കൊവിഡ് ഭീതി വിട്ടുമാറിയിട്ടില്ല എന്നതിനാൽ തന്നെ പഴയ പോലത്തെ പ്രവ‍ർത്തനത്തിലേക്ക് മടങ്ങിയെത്താൻ പല യൂണിറ്റുകൾക്കും സാധിച്ചിട്ടില്ല. അതിനാൽ തന്നെ വിവിധ യുണിറ്റുകൾ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്ക് ഓൺലൈൻ വിപണി കണ്ടെത്താനും ഉത്പന്നങ്ങൾക്ക് വേണ്ട മാർക്കറ്റിങ് സംവിധാനമൊരുക്കാനുമാണ് കുടുംബശ്രീ നേതൃത്വത്തിന്റെ ഇപ്പോഴത്തെ പരിശ്രമം.

(രണ്ടാം ഭാഗം: ഡിജിറ്റലായി കുടുംബശ്രീ, വിൽപ്പനനേട്ടം 97 ശതമാനം)