image

17 March 2022 3:59 AM GMT

Insurance

വഴിയില്‍ തടയില്ല 'പിഴ' വീട്ടിലെത്തും, ഡ്രൈവിംഗ് ഇനി ചില്ലറക്കളിയല്ല

MyFin Desk

വഴിയില്‍ തടയില്ല പിഴ വീട്ടിലെത്തും, ഡ്രൈവിംഗ് ഇനി ചില്ലറക്കളിയല്ല
X

Summary

ഗതാഗത നിയമ ലംഘനത്തിന് പിഴയടയ്‌ക്കേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യം ചോദിച്ചാല്‍ ഭൂരിഭാഗം ആളുകളും അതേ എന്നാകും പറയുക. ലക്ഷക്കണക്കിന് രൂപയാണ് പിഴയിനത്തില്‍ പൊതുജനങ്ങളില്‍ നിന്നും മോട്ടോര്‍ വാഹന വകുപ്പിലേക്ക് ചെല്ലുന്നത് . അല്പം ശ്രദ്ധിച്ചിരുന്നുവെങ്കില്‍ കീശ ചോരില്ലായിരുന്നുവെന്ന് പണം പോയി കഴിയുമ്പോള്‍ നമ്മള്‍ ചിന്തിച്ചിട്ടുമുണ്ടാകും. പഴയതു പോലല്ല ഇപ്പോള്‍ എന്തിനും ഏതിനും പിഴയുണ്ട് . സ്പീഡ് കൂടിയാല്‍, കറുത്ത പുക കണ്ടാല്‍, രൂപം മാറ്റിയാല്‍ ഇതെല്ലാം വലിയ പിഴ ചുമത്താവുന്ന കുറ്റമാണ്. അപ്രതീക്ഷിതമായി ഇങ്ങനെയുണ്ടാകുന്ന പണനഷ്ടം ഇല്ലാതാക്കാന്‍ […]


ഗതാഗത നിയമ ലംഘനത്തിന് പിഴയടയ്‌ക്കേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യം ചോദിച്ചാല്‍ ഭൂരിഭാഗം ആളുകളും അതേ എന്നാകും പറയുക. ലക്ഷക്കണക്കിന്...

ഗതാഗത നിയമ ലംഘനത്തിന് പിഴയടയ്‌ക്കേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യം ചോദിച്ചാല്‍ ഭൂരിഭാഗം ആളുകളും അതേ എന്നാകും പറയുക. ലക്ഷക്കണക്കിന് രൂപയാണ് പിഴയിനത്തില്‍ പൊതുജനങ്ങളില്‍ നിന്നും മോട്ടോര്‍ വാഹന വകുപ്പിലേക്ക് ചെല്ലുന്നത് . അല്പം ശ്രദ്ധിച്ചിരുന്നുവെങ്കില്‍ കീശ ചോരില്ലായിരുന്നുവെന്ന് പണം പോയി കഴിയുമ്പോള്‍ നമ്മള്‍ ചിന്തിച്ചിട്ടുമുണ്ടാകും. പഴയതു പോലല്ല ഇപ്പോള്‍ എന്തിനും ഏതിനും പിഴയുണ്ട് . സ്പീഡ് കൂടിയാല്‍, കറുത്ത പുക കണ്ടാല്‍, രൂപം മാറ്റിയാല്‍ ഇതെല്ലാം വലിയ പിഴ ചുമത്താവുന്ന കുറ്റമാണ്. അപ്രതീക്ഷിതമായി ഇങ്ങനെയുണ്ടാകുന്ന പണനഷ്ടം ഇല്ലാതാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം.

ക്യാമറയുണ്ടേ, 1500 പോകും

ആധുനീക വാഹനങ്ങള്‍ പലതും സ്പീഡ് എടുത്താല്‍ അറിയുക തന്നെയില്ല. അതിന്റെ നിര്‍മാണരീതിയും എഞ്ചിന്‍ ശേഷിയും അങ്ങനെയാണ്. എന്നാല്‍ അതിനനുസരിച്ച് നമ്മുടെ റോഡുകള്‍ ആധുികവത്കരിക്കപ്പെട്ടിട്ടില്ല. പലയിടത്തും ഡബിള്‍ ലൈന്‍ തന്നെ കഷ്ടിയാണ്. ഒരോ റോഡിലും ഓരോ തരം വാഹനങ്ങള്‍ക്കും എടുക്കാവുന്ന പരമാവധി വേഗത നിശ്ചയിച്ചിട്ടുണ്ട്. ഭൂരിഭാഗം ആളുകള്‍ക്കും 'പണിയാകുന്നത്' അമിത വേഗതയാണ്.

റോഡുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഓവര്‍ സ്പീഡ് ക്യാമറകള്‍ നിങ്ങളുടെ വാഹനങ്ങളുടെ അമിത വേഗത കണ്ടെത്തും. നോട്ടീസ് കൈപ്പറ്റുമ്പോഴാകും നമ്മള്‍ വിവരമറിയുക. അമിത വേഗത ശ്രദ്ധയില്‍പെട്ടാല്‍ 1500 രൂപയാണ് ഇപ്പോള്‍ പിഴയായി അടയ്‌ക്കേണ്ടി വരിക. പലതരം റോഡുകളില്‍ വാഹനം ഓടിക്കേണ്ട നിയമാനുസൃതമായ വേഗതയെ പറ്റി പലര്‍ക്കും അറിയില്ല. താഴെ കൊടുത്തിരിക്കുന്ന പട്ടികയില്‍ നിന്നും ഇത്തരം റോഡുകളില്‍ എത്രത്തോളം വേഗതയാകാം (മണിക്കൂറില്‍) എന്ന് മനസിലാക്കാം.

ലൈസന്‍സുണ്ടോ?

ലൈസന്‍സ് ഇല്ലാതെ സ്വന്തം വാഹനം ഓടിച്ചാല്‍ 5,000 രൂപയും മറ്റൊരാളുടെ വാഹനമാണ് ഓടിച്ചതെങ്കില്‍ 10,000 രൂപയുമാണ് പിഴ. വാഹനം ഓടിച്ചയാള്‍ 18 വയസിന് താഴെയുള്ള ആളാണെങ്കില്‍ ശിക്ഷ കൂടുമെന്നും ഓര്‍ക്കുക. 25,000 രൂപയാണ് ഇങ്ങനെയുള്ള ലംഘനത്തിന് പിഴയടയ്‌ക്കേണ്ടത്. ലംഘനത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ രക്ഷകര്‍ത്താവിന് രണ്ട് വര്‍ഷം തടവ് ശിക്ഷ ലഭിക്കാനുള്ള സാധ്യതയുമുണ്ട്. മാത്രമല്ല, ഇത്തരം കേസുകളില്‍ പെട്ടാല്‍ വാഹനം ഓടിച്ചയാള്‍ക്ക് പിന്നീട് ലൈസന്‍സ് എടുക്കാന്‍ 25 വയസ് പൂര്‍ത്തിയാകേണ്ടി വരും. കാലാവധി കഴിഞ്ഞു എങ്കിലും പണിയാണ്. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതായേ ഇത് കണക്കാക്കൂ. അതിനാല്‍ തന്നെ ലൈസന്‍സിന്റെ കാലാവധി ഇടയ്ക്ക് പരിശോധിക്കുക. കാലാവധി പൂര്‍ത്തിയാകുന്നതിന് ഒരു വര്‍ഷം മുന്‍പ് മുതല്‍ ലൈസന്‍സ് പുതുക്കാന്‍ സാധിക്കുമെന്ന് ഓര്‍ക്കുക.

രൂപമാറ്റം വേണ്ട

ഇരുചക്ര വാഹനങ്ങളുടെ സൈലന്‍സറുകള്‍ രൂപമാറ്റം വരുത്തിയാല്‍ 7,000 രൂപ വരെ പിഴയീടാക്കും എന്നോര്‍ക്കുക. അനധികൃത രൂപമാറ്റം ശ്രദ്ധയില്‍പെട്ടാല്‍ 5,000 രൂപയും ഇത് അമിത ശബ്ദത്തിന് കാരണമായാല്‍ 2,000 രൂപയും ഈടാക്കും. മറ്റ് വാഹനങ്ങള്‍ക്കും ഇത് ബാധകമാണ്.

ഇന്‍ഷുറന്‍സ് മുഖ്യം

ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം പുറത്തിറക്കിയാല്‍ 2000 രൂപയാണ് പിഴ. ഒരു ടൂ വീലറിന് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പുതുക്കാന്‍ 1,200 രൂപ മതിയെന്ന കാര്യം മറക്കരുത്. ഡ്രൈവിംഗ് ലൈസന്‍സ്, ഇന്‍ഷുറന്‍സ് എന്നിവയില്ലാതെ വാഹനം ഓടിച്ചുണ്ടാകുന്ന അപകടങ്ങളുടെ നാശനഷ്ടങ്ങള്‍ വണ്ടിയുടെ ഉടമസ്ഥന്‍ വഹിക്കേണ്ടി വരും.

കറുത്ത പുക

എല്ലാ പുതിയ വാഹനങ്ങള്‍ക്കും ഒരു വര്‍ഷം കഴിഞ്ഞാല്‍ പിയുസിസി (പൊല്യൂഷന്‍ അണ്ടര്‍ കണ്‍ട്രോള്‍ സര്‍ട്ടിഫിക്കറ്റ്) നിര്‍ബന്ധമാണ്. ബിഎസ് 2, ബിഎസ് 3 വാഹനങ്ങള്‍ക്ക് ഓരോ ആറ് മാസം കൂടുമ്പോഴും ബിഎസ് 4, ബിഎസ് 6 വാഹനങ്ങള്‍ക്ക് ഓരോ വര്‍ഷത്തിലും ആണ് പിയുസിസി എടുക്കേണ്ടത്. സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പിടിക്കപ്പെട്ടാല്‍ 2,000 രൂപ പിഴയടയ്‌ക്കേണ്ടി വരും. എന്നാല്‍ ഈ തുക അപ്പോള്‍ തന്നെ അടയ്ക്കണം എന്ന് നിര്‍ബന്ധമില്ല.

ഏഴ് ദിവസത്തിനകം വാഹനത്തിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ സാധിച്ചാല്‍ 250 രൂപ മാത്രം പിഴയായി അടയ്ച്ചാല്‍ മതിയാകും. ഇന്‍ഷുറന്‍സ്, പിയുസിസി എന്നിവയുടെ കാലാവധി തീരുന്നത് കൃത്യമായി ഓര്‍ത്തിരിക്കുകയും പുതുക്കുകയും ചെയ്താല്‍ ഇത്തരം പിഴയില്‍ നിന്നും രക്ഷപെടാം. മൊബൈല്‍ ഫോണില്‍ റിമൈന്‍ഡര്‍ സെറ്റ് ചെയ്ത് ഇത്തരം രേഖകളുടെ അവസാന തീയതി ഓര്‍ത്തെടുക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

രജിസ്‌ട്രേഷന്‍ മറക്കണ്ട

സ്വകാര്യ വാഹനങ്ങളുടെ (non-transport) രജിസ്‌ട്രേഷന്‍ കാലാവധി 15 വര്‍ഷമാണ്. കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ റോഡില്‍ പിടിക്കപ്പെട്ടാല്‍ 3000 രൂപയാണ് പിഴ. കാലാവധി അവസാനിക്കുന്നതിന് 60 ദിവസം മുന്‍പ് മുതല്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ സൗകര്യം ഉണ്ട്. ഇത്തരത്തിലുള്ള വാഹനം ഇനി റോഡില്‍ ഇറക്കിയില്ലെങ്കിലും രജിസ്‌ട്രേഷന്‍ പുതുക്കുമ്പോള്‍ ഫീസിനൊപ്പം 3,000 രൂപ പിഴയടയ്‌ക്കേണ്ടി വരും.

ഹെല്‍മെറ്റ്

ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്താല്‍ 500 രൂപയാണ് പിഴയായി അടയ്‌ക്കേണ്ടി വരിക. ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്ന രണ്ട് പേരും നിര്‍ബന്ധമായും ഹെല്‍മെറ്റ് ധരിക്കണം. കാറില്‍ യാത്ര ചെയ്യുന്ന ഡ്രൈവറും ഒപ്പം ഇരിക്കുന്നവരും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായും ധരിക്കണം.

വരുന്നു എഐ ക്യാമറകള്‍

സംസ്ഥാനത്തെ റോഡുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ചിരിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ക്യാമറകള്‍ ഏപ്രില്‍ ഒന്നു മുതല്‍ പ്രവര്‍ത്തന സജ്ജമാകും. വിവിധ ജില്ലകളിലായി 726 എണ്ണമാണ് ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്നത്. നിയമലംഘനം ക്യാമറയില്‍ പതിഞ്ഞാല്‍ വൈകാതെ തന്നെ വാഹന ഉടമയ്ക്ക് നോട്ടീസ് ലഭിക്കും. ഉദ്യോഗസ്ഥര്‍ തടഞ്ഞ് നിര്‍ത്താതെ തന്നെ നടപടിയുണ്ടാകുമെന്ന് ചുരുക്കം.

സാധാരണ ക്യാമറകളേക്കാള്‍ കാര്യക്ഷമതയുള്ള ക്യാമറകളാണിത്. നമ്പര്‍ പ്ലേറ്റ് സ്‌കാന്‍ ചെയ്താണ് വാഹന ഉടമയെ തിരിച്ചറിയുന്നത്. ആ വ്യക്തി മറ്റേതെങ്കിലും നിയമ ലംഘനങ്ങള്‍ ( പിയുസിസി പുതുക്കാതിരിക്കുക, ഇന്‍ഷുറന്‍സ് പുതുക്കാതിരിക്കുക തുടങ്ങിയവ) നടത്തിയിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ അതിന്റെ കൂടി ചേര്‍ത്ത് പിഴയടയ്ക്കേണ്ടി വരും.