image

25 March 2022 10:30 AM GMT

Fixed Deposit

കാർഷികവിപണി ലക്ഷ്യമാക്കി കുടുംബശ്രീ

MyFin TV

കാർഷികവിപണി ലക്ഷ്യമാക്കി കുടുംബശ്രീ
X

Summary

ലോകത്തിൽ തന്നെ സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി നടപ്പാക്കപ്പെട്ടിട്ടുള്ളവയിൽ ഏറ്റവും ശ്രദ്ധേയമായ പദ്ധതിയാണ് കേരളത്തിലെ കുടുംബശ്രീ. തൊഴിലില്ലായ്മ പരിഹരിക്കുന്നതിലും സ്ത്രീയെ സ്വന്തം കാലിൽ നിൽക്കാൻ ശക്തിയും പ്രചോദനവും നൽകുന്നതിലും കുടുംബശ്രീ കേരളത്തിലെ സ്ത്രീകൾക്ക് കരുത്തായി മാറി. കുടുംബശ്രീയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന ലേഖന പരമ്പരയുടെ അവസാന ഭാഗമാണിത്. ചെറുകിട വ്യാവസായിക സംരംഭങ്ങൾക്കൊപ്പം തന്നെ കുടുംബശ്രീ അംഗങ്ങൾ സജീവമായ മറ്റൊരുമേഖലയാണ് കാർഷികരംഗം. സംസ്ഥാനവ്യാപകമായി 68,388 യൂണിറ്റുകളിലായി 3,38,202 സ്ത്രീകളാണ് കാർഷികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നത്. ഏകദേശം 50,000 ഹെക്ടറിലേറെ വരുന്ന കൃഷിയിടങ്ങളിലായി നെല്ലുമുതൽ കണിവെള്ളരി


ലോകത്തിൽ തന്നെ സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി നടപ്പാക്കപ്പെട്ടിട്ടുള്ളവയിൽ ഏറ്റവും ശ്രദ്ധേയമായ പദ്ധതിയാണ് കേരളത്തിലെ കുടുംബശ്രീ. തൊഴിലില്ലായ്മ പരിഹരിക്കുന്നതിലും സ്ത്രീയെ സ്വന്തം കാലിൽ നിൽക്കാൻ ശക്തിയും പ്രചോദനവും നൽകുന്നതിലും കുടുംബശ്രീ കേരളത്തിലെ സ്ത്രീകൾക്ക് കരുത്തായി മാറി. കുടുംബശ്രീയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന ലേഖന പരമ്പരയുടെ അവസാന ഭാഗമാണിത്.
ചെറുകിട വ്യാവസായിക സംരംഭങ്ങൾക്കൊപ്പം തന്നെ കുടുംബശ്രീ അംഗങ്ങൾ സജീവമായ മറ്റൊരുമേഖലയാണ് കാർഷികരംഗം. സംസ്ഥാനവ്യാപകമായി 68,388 യൂണിറ്റുകളിലായി 3,38,202 സ്ത്രീകളാണ് കാർഷികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നത്. ഏകദേശം 50,000 ഹെക്ടറിലേറെ വരുന്ന കൃഷിയിടങ്ങളിലായി നെല്ലുമുതൽ കണിവെള്ളരി വരെ ഇവർ കൃഷിചെയ്യുന്നു. എന്നാൽ പലപ്പോഴും ഇവർക്ക് ഉത്പന്നത്തിന് വേണ്ടുന്ന വില ലഭിക്കുന്നില്ലെന്നതാണ് വസ്തുത. ഇവർ ഉത്പാദിപ്പിക്കുന്ന വിളകൾ വേണ്ട രീതിയിൽ മാർക്കറ്റ് ചെയ്യാൻ സാധിക്കാത്തതാണ് നല്ല വില ലഭിക്കുന്നതിന് തടസമാകുന്നത്. ഇതിനെ എങ്ങനെ മറികടക്കാമെന്നതാണ് ഇപ്പോൾ കുടുംബശ്രീ പരിശോധിക്കുന്നത്.
കുടുംബശ്രീ യൂണിറ്റുകൾ ഉത്പാദിപ്പിക്കുന്ന കാർഷിക വിളകൾ ഇപ്പോൾ അതാത് പ്രദേശത്ത് മാത്രമാണ് വിറ്റഴിക്കുന്നത്. ജൈവകൃഷി ആയതിനാൽ തന്നെ പ്രാദേശികമായി തരക്കേടില്ലാത്ത വില അംഗങ്ങൾക്ക് ലഭിക്കുന്നുമുണ്ട്. എന്നാൽ വിപണിയിൽ അതിനേക്കാളേറെ വില ലഭിക്കുന്ന പല ഉത്പന്നങ്ങളും പ്രാദേശികമായി മാത്രം വിറ്റഴിക്കപ്പെടുന്നുവെന്നതിനാൽ തന്നെ വലിയ സാമ്പത്തിക മെച്ചം കർഷകർക്ക് ലഭിക്കുന്നില്ല. ഇത് മറികടക്കാൻ സമീപത്തെ നഗരങ്ങളിലേക്കും മറ്റ് സമീപപ്രദേശങ്ങളിലേക്കും ഉത്പന്നങ്ങൾ എത്തിച്ച് വിപണി കണ്ടെത്താനാണ് തീരുമാനം. ഇതിനായി വേണ്ടന്ന സജ്ജീകരണങ്ങൾ ഒരുക്കുന്നത് സംബന്ധിച്ച് കൃഷിവകുപ്പിമായി ചേർന്ന് പദ്ധതി തയ്യാറാക്കുകയാണ് കുടുംബശ്രീ മിഷൻ.
'ഉത്പാദിപ്പിക്കുന്ന വിളകൾക്ക് ലോക്കലി നല്ല ഡിമാൻറ് ഉണ്ട്. അതിനാൽ തന്നെ വിലപേശലിലേക്ക് അംഗങ്ങൾ പോകുന്നില്ല. തൊട്ടടുത്ത മാർക്കറ്റിൽ ഇതിനേക്കാൾ നല്ല വിലയ്ക്ക് വിറ്റഴിക്കുന്ന ഉത്പന്നങ്ങൾ ആകും മിക്കവയും. അതുകൊണ്ട് ഈ ഉത്പന്നങ്ങൾ അവിടെയെത്തിച്ചാൽ കുറച്ചുകൂടി ഡീസൻറായ അധിക വരുമാനം നേടാൻ സാധിക്കും.
ഉൾനാടുകളിലുള്ള കൃഷിയിടങ്ങളിൽ നിന്ന് ഉത്പന്നങ്ങൾ നഗരത്തിലേക്കും മറ്റ് പ്രദേശങ്ങളിലേക്കും എത്തിക്കുകയെന്നത് കുടുംബശ്രീ അംഗങ്ങളെ സംബന്ധിച്ച് പ്രധാനപ്പെട്ട വെല്ലുവിളിയാണ്. ഇതിനായി ട്രാൻസ്പോർട്ട് സംവിധാനം ഒരുക്കണം. ഉത്പന്നങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ഫ്രീസർ സംവിധാനവും ഒരുക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള സജ്ജീകരണങ്ങൾക്കായി കൃഷിവകുപ്പുമായി ചേർന്ന് പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്',കുടുംബശ്രീ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായ പി ഐ ശ്രീവിദ്യ ഐഎഎസ് പറഞ്ഞു.
നിലവിൽ കൃഷി ചെയ്യുന്ന ഗ്രൂപ്പ് തന്നെയാണ് വിൽപ്പനയ്ക്കായി പോകുന്നതും. ഈ സ്ഥിതി മാറേണ്ടതുണ്ട്. കൃഷി ചെയ്യുന്ന സ്ത്രീകൾക്ക് വിപണിയിലെ മത്സരത്തിനനുസരിച്ച് വിലപേശി വിറ്റഴിക്കാനുള്ള കഴിവ് ഉണ്ടായിരിക്കണമെന്നില്ല. ഉത്പാദനത്തിനൊപ്പം തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ് മാർക്കറ്റിങ് എന്നത്. അതിനാൽ മാർക്കറ്റിങ് രംഗത്ത് പരിചയമുള്ളവരെ വിൽപ്പനയുടെ ചുമതല ഏൽപ്പിക്കേണ്ടതുണ്ട്. കൃഷിക്ക് ഒരു ഗ്രൂപ്പ്, വിൽപ്പനയ്ക്ക് മറ്റൊരു ഗ്രൂപ്പ് എന്നരീതിയിലേക്ക് കാര്യങ്ങൾ മാറ്റണം. എന്നാൽ മാത്രമേ ഉത്പന്നത്തിന് വിപണിയും നല്ല വിലയും ലഭിക്കുകയുള്ളു. വിപണി കണ്ടെത്താനും ഉത്പന്നങ്ങൾ മാർക്കറ്റ് ചെയ്യാനുമായി വിദഗ്ദരായ അംഗങ്ങളെ ചേർത്ത് പ്രത്യേക മാർക്കറ്റിങ് സംവിധാനമൊരുക്കാനാണ് കുടുംബശ്രീ മിഷൻറെ തീരുമാനം. ഇതിനായുള്ള പ്രാഥമിക ചർച്ചകൾ ആരംഭിച്ചതായും പി ഐ ശ്രീവിദ്യ വ്യക്തമാക്കി.
കാർഷികവിളകളുടെ മൂല്യ വർദ്ധിത ഉത്പന്നം തയ്യാറാക്കി വിപണിയിലെത്തിക്കുകയെന്നതും യൂണിറ്റുകളുടെ വരുമാനം വർദ്ധിപ്പിക്കാനുള്ള മാർഗങ്ങളിലൊന്നാണ്. ഓരോ വിളയിൽ നിന്നും മറ്റ് മൂല്യ വർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതോടെ വിപണിയിൽ കാര്യമായ ഇടപെടൽ നടത്താൻ കുടുംബശ്രീ അംഗങ്ങൾക്ക് സാധിക്കും. നിലവിൽ വൻകിട കമ്പനികൾ കയ്യടക്കിവെച്ചിരിക്കുന്ന പല മേഖലകളിലും കുടുംബശ്രീക്ക് പ്രാദേശിക ഉത്പന്നങ്ങൾ എത്തിച്ച് നേട്ടമുണ്ടാക്കാനാവും. ഇതിനുവേണ്ട പരിശീലനം അംഗങ്ങൾക്ക് നൽകാൻ ബ്ലോക്ക് ലെവൽ കോർഡിനേറ്റർമാരെ ചുമതലപ്പെടുത്തുന്നത് കുടുംബശ്രീയുടെ ആലോചനയിലുണ്ട്.
മൂല്യവർദ്ധിത ഉത്പന്നങ്ങൾ എത്തിക്കുകയും മാർക്കറ്റിങ് സംവിധാനം ശക്തമാക്കുകയും ചെയ്താൽ കുടുംബശ്രീക്ക് വലിയ മുന്നേറ്റം വിപണിയിൽ ഉണ്ടാക്കാൻ സാധിക്കും. ആദ്യം ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് ഉത്പന്നങ്ങൾ എത്തിക്കുന്ന കുടുംബശ്രീക്ക് പിന്നീട് സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തേക്ക് വിപണി വിപുലപ്പെടുത്താനാവും. ഓൺലൈൻ വിപണിയിൽ ഇതിനോടകം വലിയ മുന്നേറ്റമുണ്ടാക്കിയ കുടുംബശ്രീ, സ്വന്തം ബ്രാൻറിൽ മൂല്യവർദ്ധിത ഉത്പന്നങ്ങൾ കൂടി പുറത്തെത്തിച്ചാൽ കച്ചവടവും പൊടിപൊടിക്കും.

ഒന്ന്: കോവിഡ് പ്രതിസന്ധിയിലായ അംഗങ്ങളെ കൈപിടിച്ചുയർത്താൻ കുടുംബശ്രീ

https://www.myfinpoint.com/lead-story/2022/03/08/kudumbasree-in-a-mission-to-help-covid-affected-members/

രണ്ട്: ഡിജിറ്റലായി കുടുംബശ്രീ; വിൽപ്പനനേട്ടം 97 ശതമാനം

https://www.myfinpoint.com/agri-business/2022/03/12/kudumbasree-going-digital-97pc-profit/