image

25 April 2022 7:20 AM GMT

News

പാമോയില്‍ തിളയ്ക്കുന്നു, വില 'യുദ്ധ'ത്തില്‍ മല്ലിട്ട് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍

Thomas Cherian K

Kitchen Expense
X

Summary

വിലക്കയറ്റം കുതിച്ചു പായുമ്പോള്‍, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള പെടാപ്പാടില്‍ വീട്ടമ്മമാരടക്കമുള്ളവര്‍ക്ക് ഇനി അടുക്കള മുതല്‍ കുളിമുറി വരെ കണ്ണീരൊഴുക്കേണ്ടി വരും. പെട്രോള്‍, ഡീസല്‍, പാചകവാതകം, സിഎന്‍ജി, പിഎന്‍ജി എന്നിവയ്‌ക്കെല്ലാം വില റോക്കറ്റ് പോലെ ഉയരുകയാണ്. പച്ചക്കറി ഉള്‍പ്പടെയുള്ള ഭക്ഷ്യപദാര്‍ത്ഥങ്ങള്‍, മരുന്ന്, യാത്രാചെലവ് തുടങ്ങി ഉയരുന്ന നികുതി ഭാരം വരെ താങ്ങാനാവാത്ത സാധാരണക്കാരന് മേല്‍ പാമോയില്‍ വിലകയറ്റവും ഇനി ഇരട്ടി പ്രഹരമായേക്കും. പാമോയില്‍ കയറ്റുമതി നിരോധിക്കാനുള്ള ഇന്തോനേഷ്യയുടെ തീരുമാനമാണ് വിലക്കയറ്റത്തില്‍ ഇപ്പോള്‍ തന്നെ പൊറുതി മുട്ടിയ ഇന്ത്യന്‍ അടുക്കളയ്ക്ക് […]


വിലക്കയറ്റം കുതിച്ചു പായുമ്പോള്‍, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള പെടാപ്പാടില്‍ വീട്ടമ്മമാരടക്കമുള്ളവര്‍ക്ക് ഇനി അടുക്കള മുതല്‍ കുളിമുറി വരെ കണ്ണീരൊഴുക്കേണ്ടി വരും. പെട്രോള്‍, ഡീസല്‍, പാചകവാതകം, സിഎന്‍ജി, പിഎന്‍ജി എന്നിവയ്‌ക്കെല്ലാം വില റോക്കറ്റ് പോലെ ഉയരുകയാണ്. പച്ചക്കറി ഉള്‍പ്പടെയുള്ള ഭക്ഷ്യപദാര്‍ത്ഥങ്ങള്‍, മരുന്ന്, യാത്രാചെലവ് തുടങ്ങി ഉയരുന്ന നികുതി ഭാരം വരെ താങ്ങാനാവാത്ത സാധാരണക്കാരന് മേല്‍ പാമോയില്‍ വിലകയറ്റവും ഇനി ഇരട്ടി പ്രഹരമായേക്കും. പാമോയില്‍ കയറ്റുമതി നിരോധിക്കാനുള്ള ഇന്തോനേഷ്യയുടെ തീരുമാനമാണ് വിലക്കയറ്റത്തില്‍ ഇപ്പോള്‍ തന്നെ പൊറുതി മുട്ടിയ ഇന്ത്യന്‍ അടുക്കളയ്ക്ക് കൂനിന്‍മേല്‍ കുരുവാകുന്നത്. പാമോയിലിന്റെ വരവ് നിലച്ചാല്‍ സ്തംഭിക്കുന്നത് അടുക്കളകള്‍ മാത്രമാവില്ല എന്നും ഓര്‍ക്കുക.

ഈ മാസം 28 മുതല്‍ പാമോയില്‍ കയറ്റുമതി നിരോധിക്കുമെന്ന് ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ പ്രഖ്യാപിച്ചതോടെ ഭക്ഷ്യവിലകയറ്റം രൂക്ഷമായേക്കും. പാചകാവശ്യത്തിന് മാത്രമല്ല സോപ്പ്, ഷാംപൂ, ബിസ്‌ക്കറ്റ്, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ന്യൂഡില്‍സ് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിനും പാമോയിലും അനുബന്ധ വസ്തുക്കളും മുഖ്യഘടകമാണ്. വിലകയറ്റം ഇവയേയും ബാധിക്കുന്നതോടെ സാധാരണക്കാരുടെ കീശയ്ക്ക് 'തീപിടിക്കു'മെന്നുറപ്പ്.

ലോകത്ത് ഏറ്റവുമധികം ക്രൂഡ് പാമോയില്‍ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ. എന്നിട്ടും ഭക്ഷണാവശ്യത്തിനുള്ള എണ്ണ നിര്‍മിക്കാന്‍ ഈ രാജ്യത്തിന് ഇപ്പോള്‍ സാധിക്കുന്നില്ല. ക്ഷാമം കടുത്തതോടെയാണ് എണ്ണ കയറ്റുമതിക്ക് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനമായത്. ആഗോളതലത്തില്‍ പാമോയില്‍ വില വര്‍ധിക്കുന്നത് മുതലെടുത്ത് ലാഭം കൊയ്യാന്‍ രാജ്യത്തെ ഉല്‍പ്പാദകര്‍ കയറ്റുമതിയിലേക്ക് തിരിഞ്ഞതാണ് ഈ സര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍. ആഭ്യന്തര ആവശ്യങ്ങള്‍ക്കുള്ള പാമോയില്‍ ലഭ്യത ഉറപ്പാക്കുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും ഇന്തോനേഷ്യന്‍ പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.

ഇന്ത്യയിലേക്ക് എണ്ണ ഒഴുകുമ്പോള്‍

രാജ്യത്തിന് ആവശ്യമായ ഭക്ഷ്യ എണ്ണയുടെ 60 മുതല്‍ 70 ശതമാനം വരെ ഇറക്കുമതി ചെയ്യുകയാണ്. ആകെ ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണയുടെ 60 ശതമാനം പാമോയിലാണ്, ഇതിലെ 45 ശതമാനം ഇറക്കുമതി ചെയ്യുന്നത് ഇന്തോനേഷ്യയില്‍ നിന്നുമാണെന്നും ഓര്‍ക്കണം. ബാക്കി മലേഷ്യയില്‍ നിന്നും. ഇവയ്ക്ക് പുറമേയാണ് സൂര്യകാന്തി എണ്ണ ഉള്‍പ്പടെയുള്ളവ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത്. സോള്‍വെന്റ് എക്സ്ട്രാക്റ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്നുമുള്ള റിപ്പോര്‍ട്ട് പ്രകാരം 13 മുതല്‍ 13.5 ദശലക്ഷം ടണ്‍ ഭക്ഷ്യ എണ്ണ ഓരോ വര്‍ഷവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതില്‍ ഏകദേശം എട്ടര ദശലക്ഷം ടണ്‍ പാമോയിലാണ്. പ്രതിമാസ കണക്കുകള്‍ നോക്കിയാല്‍ ഇത് 5 ലക്ഷം ടണ്‍ ആണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

റഷ്യ-യുക്രെയ്ന്‍ യുദ്ധം സൂര്യകാന്തി എണ്ണയുടെ ഇറക്കുമതിയെ സാരമായി ബാധിക്കുകയും എണ്ണവില വര്‍ധിപ്പിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് ഇടിത്തീ പോലെ പാമോയില്‍ ക്ഷാമവും ഭീഷണയാകുന്നത്. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ഭക്ഷ്യ എണ്ണയുടെ അളവ് ആഭ്യന്തര ആവശ്യങ്ങള്‍ക്ക് തന്നെ പര്യാപ്തമല്ല. അടുത്തിടെ പാമോയിലിന് ലിറ്ററിന് 30 രൂപ വര്‍ധിച്ച് 170 രൂപയില്‍ എത്തിയിരുന്നു. പാമോയില്‍ പ്രതിസന്ധി വെളിച്ചെണ്ണ അടക്കമുള്ള പകരക്കാര്‍ക്ക് വലിയ അവസരമാകും എന്ന വിലയിരുത്തലുകളുണ്ട്. വെളിച്ചെണ്ണയ്ക്ക് 210 മുതല്‍ 240 രൂപ വരെ ഈടാക്കുന്നുണ്ട്. പല കമ്പനികള്‍ക്കും പല വിലയാണെന്നതും മറ്റൊരു പ്രശ്നമാണ്. കുറഞ്ഞ വിലയില്‍ ലഭിച്ചിരുന്ന തവിടെണ്ണക്ക് പോലും ലിറ്ററിന് ഏകദേശം 160 രൂപയാണ് കമ്പനികള്‍ ഈടാക്കുന്നത്.

വെട്ടിലാകുന്നത് വീട്ടമ്മമാര്‍

പാമോയില്‍ എന്നത് പാചകത്തിന് മാത്രമല്ല സോപ്പ് ഉള്‍പ്പടെ ദൈനം ദിനാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വസ്തുക്കളുടെ നിര്‍മ്മാണത്തിനും വേണ്ട പ്രധാന ഘടകമാണ്. പാമോയിലിന്റെ വരവ് നിലയ്ക്കുന്നതോടെ ഇത്തരം വസ്തുക്കള്‍ക്കും വില വര്‍ധിക്കുമെന്നുറപ്പ്. ഇന്തോനേഷ്യയുടെ തീരുമാനം അനിശ്ചിതമായി നീണ്ടാല്‍ ഇത്തരം ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തെ തന്നെ ബാധിക്കും. ഇന്ത്യന്‍ വിപണിയ്ക്ക് പുറമേ വിദേശ മാര്‍ക്കറ്റിലും ഉത്പന്നങ്ങളുടെ സാന്നിധ്യമറിയിച്ച ഐടിസിയും ഗോദ്റേജും ഉള്‍പ്പടെയുള്ള കോര്‍പ്പറേറ്റുകള്‍ക്കും ഇത് വലിയ തിരിച്ചടിയുണ്ടാക്കും.

ഹോട്ടല്‍ ഭക്ഷണത്തിനും വിലവര്‍ധനയുണ്ടാകും എന്നതാണ് സാധാരണക്കാരന് മുന്നിലുള്ള മറ്റൊരു പ്രതിസന്ധി. വാണിജ്യ പാചകവാതകത്തിന് വില വര്‍ധിച്ചപ്പോള്‍ തന്നെ ഹോട്ടല്‍ ഭക്ഷണത്തിന്റെ നിരക്കിലും താങ്ങാനാവാത്ത വിധം വര്‍ധനയുണ്ടായിരുന്നു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് പാചകത്തിനായി എണ്ണ ഏറ്റവുമധികം ഉപയോഗിക്കുന്ന രാജ്യം ഇന്ത്യയാണ്. പാമോയില്‍ ഉള്‍പ്പടെയുള്ള
ഭക്ഷ്യഎണ്ണയുടെ ലോകത്തെ ഏറ്റവും വലിയ ഇറക്കുമതി രാജ്യം കൂടിയാണ് ഇന്ത്യ. അതിനാല്‍ തന്നെ ഇന്തോനേഷ്യയുടെ നീക്കം രാജ്യത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.