image

26 April 2022 5:42 AM GMT

Gold

കാശില്ല, പണയ സ്വര്‍ണം തിരിച്ചെടുക്കാനാവുന്നില്ല, ലേലത്തില്‍ 600 ശതമാനം വര്‍ധന

MyFin Desk

gold_loan
X

Summary

അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന സാധാരണക്കാരുടെ അത്താണിയാണ് സ്വര്‍ണ്ണപ്പണയ വായ്പ. പലപ്പോഴും ബാങ്കുകള്‍ വായ്പകള്‍ പല കാരണങ്ങളാല്‍ നിരസിക്കുമ്പോള്‍ അത്യാവശ്യം നടത്താന്‍ സ്വര്‍ണ്ണപ്പണയത്തെ ആണ് ആശ്രയിക്കുന്നത്. സാധാരണയില്‍ നിന്ന് വളരെ ഉയര്‍ന്ന പലിശനിരക്ക് ആണെങ്കിലും പണയ വായ്പയെ ആശ്രയിക്കുന്നവര്‍ ഏറെയാണ്. മുമ്പ് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളായിരുന്നു ഈ രംഗത്ത് മുന്നിട്ട് നിന്നതെങ്കില്‍ ഇപ്പോള്‍ ഈ സാധ്യത മുന്നില്‍ കണ്ട് ബാങ്കുകളും മത്സര രംഗത്തുണ്ട്. ഇതിന് പുറമേയാണ് കവലകള്‍ തോറുമുള്ള പണയ സ്ഥാപനങ്ങള്‍. ഇങ്ങനെ വാരിക്കോരി എടുത്ത വായ്പകളുടെ തിരിച്ചടവ് […]


അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന സാധാരണക്കാരുടെ അത്താണിയാണ് സ്വര്‍ണ്ണപ്പണയ വായ്പ. പലപ്പോഴും ബാങ്കുകള്‍ വായ്പകള്‍ പല കാരണങ്ങളാല്‍ നിരസിക്കുമ്പോള്‍ അത്യാവശ്യം നടത്താന്‍ സ്വര്‍ണ്ണപ്പണയത്തെ ആണ് ആശ്രയിക്കുന്നത്. സാധാരണയില്‍ നിന്ന് വളരെ ഉയര്‍ന്ന പലിശനിരക്ക് ആണെങ്കിലും പണയ വായ്പയെ ആശ്രയിക്കുന്നവര്‍ ഏറെയാണ്. മുമ്പ് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളായിരുന്നു ഈ രംഗത്ത് മുന്നിട്ട് നിന്നതെങ്കില്‍ ഇപ്പോള്‍ ഈ സാധ്യത മുന്നില്‍ കണ്ട് ബാങ്കുകളും മത്സര രംഗത്തുണ്ട്. ഇതിന് പുറമേയാണ് കവലകള്‍ തോറുമുള്ള പണയ സ്ഥാപനങ്ങള്‍.

ഇങ്ങനെ വാരിക്കോരി എടുത്ത വായ്പകളുടെ തിരിച്ചടവ് വലിയ തോതില്‍ മുടങ്ങുന്നു എന്നുള്ളതാണ് ഇപ്പോഴത്തെ സാഹചര്യം. കോവിഡിന് ശേഷം സാമ്പത്തിക ചലനം സാധാരണ നിലയിലേക്ക് മടങ്ങുമ്പോള്‍, വിലക്കയറ്റം അതിരൂക്ഷമായി തുടരുമ്പോള്‍, പണയ സ്വര്‍ണം തിരിച്ചെടുക്കാനാവാതെ ഉപേക്ഷിക്കുന്നവരുടെ എണ്ണം സര്‍വ്വകാല റെക്കോഡിലേക്കെത്തുന്നുവെന്നാണ് കണക്കുകള്‍. പെട്രോള്‍, ഡീസല്‍ വില വര്‍ധന നിത്യചെലവുകളില്‍ വലിയ ഉയര്‍ച്ചയുണ്ടാക്കിയിട്ടുണ്ട്. ഒരു ശരാശരി കുടുംബത്തിന് ഇതു മൂലം നേരിട്ടും അല്ലാതെയും മാസചെലവില്‍ 5,000 രൂപയുടെ വരെ വര്‍ധനയുണ്ടായിട്ടുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റും വരുന്ന ചെലവുകള്‍ ഇരട്ടിക്കുകയും ചെയ്തു.

ഇതര മേഖലയില്‍ നിന്ന് വ്യത്യസ്തമായി കാര്‍ഷിക രംഗത്തുള്ളവരാണ് സ്വര്‍ണ വായ്പകളെ കൂടുതലായി ആശ്രയിക്കുന്നത്. എന്നാല്‍ കൃഷിയില്‍ നിന്ന് പ്രതീക്ഷിച്ച വരുമാനം കിട്ടാതവുകയും കൃഷി തന്നെ ഉപേക്ഷിക്കേണ്ടി വരികയും ചെയ്യുമ്പോള്‍ പണയ സ്വര്‍ണം തിരിച്ചെടുക്കാനാവാതെ തീറായി പോകുന്നത് സ്വാഭാവികം. ചെറിയ ബിസിനസില്‍ മുതല്‍ മുടക്കാനും ഉള്ളത് വിപുലീകരിക്കാനും ഇങ്ങനെ പണയത്തെ ആശ്രയിക്കുന്നവര്‍ ധാരാളമാണ്. വികസന സ്വപ്‌നം കോവിഡില്‍ തകര്‍ന്നതോടെ അവര്‍ക്കും പ്രതിസന്ധിയായി. ഇങ്ങനെ തിരിച്ചെടുക്കാത്ത സ്വര്‍ണം പണയ സ്ഥാപനങ്ങള്‍ ലേലത്തിന് വയ്ക്കുകയാണ് പതിവ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇങ്ങനെ ലേലത്തിന് വയ്ക്കുന്ന സ്വര്‍ണത്തിന്റെ അളവില്‍ വലിയ കുതിച്ച് ചാട്ടമാണ് ഉണ്ടാകുന്നത്. ഇത് ഗ്രാമീണ ഇന്ത്യയുടെ വളര്‍ച്ചയില്‍ കരിനിഴല്‍ വീഴ്ത്തുന്നു. ഇങ്ങനെ തിരിച്ചെടുക്കാത്ത സ്വര്‍ണത്തിന്റെ ലേലത്തില്‍ 600 ശതമാനം ഒരു വര്‍ഷത്തിനുള്ളില്‍ ഉയര്‍ച്ചയുണ്ടായിട്ടുണ്ട്.

ഇക്കണോമിക് ടൈംസിന്റെ ബാങ്കിംഗ് സൈറ്റായ 'ബിഎഫ്എസ്‌ഐ.കോമി' ന്റെ റിപ്പോര്‍ട്ടനുസരിച്ച് ബാങ്കിധര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് 2021-22 വര്‍ഷത്തെ മൂന്നാം പാദത്തില്‍ 2,800 കോടി രൂപയുടെ സ്വര്‍ണമാണ് ഇങ്ങനെ ലേലം ചെയ്തത്. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 300-400 കോടിയായിരുന്നു. വായ്പാ തിരിച്ചടവ് മുടങ്ങുന്നതോടൊപ്പം സ്വര്‍ണ വിലയില്‍ വലിയ ചാഞ്ചാട്ടമുണ്ടാകുമ്പോള്‍ ധനകാര്യ സ്ഥാപനങ്ങള്‍ കൂടുതല്‍ സമ്മര്‍ദത്തിലാകുകയും ചെയ്യും. വിലയില്‍ വലിയ തോതില്‍ കുറവുണ്ടായാല്‍ അത് ധനകാര്യ സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കും. ലേലനടപടികളിലേക്ക് കടക്കുകയും ചെയ്യും.