image

29 April 2022 3:22 AM GMT

Banking

ഗുജറാത്ത് ഡാഷ് ബോർഡ് അനുകരണീയമോ?

Aswathi Kunnoth

ഗുജറാത്ത് ഡാഷ് ബോർഡ് അനുകരണീയമോ?
X

Summary

രാഷ്ട്രീയത്തിൽ വിവാദങ്ങൾ തുടർക്കഥയാണ്. ചീഫ് സെക്രട്ടറി വി പി ജോയ് ഐ എ എസിന്റെ ഇപ്പോഴത്തെ ഗുജറാത്ത് സന്ദർശനം അതിലൊന്ന് മാത്രം. കേരള മോ‍ഡൽ ടാ​ഗ് നമുക്ക് സ്വന്തമാണെന്നിരിക്കെ ​​ഗുജറാത്ത് ഡാഷ് ബോർഡ് സംവിധാനം പഠിക്കാൻ പുറപ്പെട്ട് വിവാദച്ചുഴിയിൽ വീണിരിക്കുകയാണ് സർക്കാർ. 2019 ൽ ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണി തുടക്കമിട്ട സ്വപ്ന പദ്ധതിയാണ് ഗുജറാത്ത് ഡാഷ് ബോർഡ് സംവിധാനം. സർക്കാർ പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കാൻ വേണ്ടിയാണ് ഡാഷ് ബോർഡ് പദ്ധതി ഗുജറാത്തിൽ ആവിഷ്‌കരിച്ചത്. മറ്റൊരു സംസ്ഥാനത്തിനും […]


രാഷ്ട്രീയത്തിൽ വിവാദങ്ങൾ തുടർക്കഥയാണ്. ചീഫ് സെക്രട്ടറി വി പി ജോയ് ഐ എ എസിന്റെ ഇപ്പോഴത്തെ ഗുജറാത്ത് സന്ദർശനം അതിലൊന്ന് മാത്രം. കേരള മോ‍ഡൽ ടാ​ഗ് നമുക്ക് സ്വന്തമാണെന്നിരിക്കെ ​​ഗുജറാത്ത് ഡാഷ് ബോർഡ് സംവിധാനം പഠിക്കാൻ പുറപ്പെട്ട് വിവാദച്ചുഴിയിൽ വീണിരിക്കുകയാണ് സർക്കാർ.

2019 ൽ ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണി തുടക്കമിട്ട സ്വപ്ന പദ്ധതിയാണ് ഗുജറാത്ത് ഡാഷ് ബോർഡ് സംവിധാനം. സർക്കാർ പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കാൻ വേണ്ടിയാണ് ഡാഷ് ബോർഡ് പദ്ധതി ഗുജറാത്തിൽ ആവിഷ്‌കരിച്ചത്. മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനാവാത്ത പഴുതടച്ച ഇ-​ഗവേണൻസ് പദ്ധതിയാണിത്.

മാർച്ചിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഈ പദ്ധതിയെക്കുറിച്ച് കൂടുതലറിയാനാണ് രണ്ടു ദിവസത്തേക്ക് ചീഫ് സെക്രട്ടറിയേയും മറ്റൊരു ഐഎഎസ് ഓഫീസറേയും ​ഗുജറാത്തിലേക്കയച്ചത്. ഉടൻതന്നെ ഗുജറാത്തിന്റെ ഡാഷ് ബോർഡ് മോഡൽ അനുകരിക്കാൻ കേരള സർക്കാർ ശ്രമിക്കുകയാണെന്ന ആക്ഷേപവുമായി പ്രതിപക്ഷം രം​ഗത്തെത്തി. 2009 ൽ ​ഗുജറാത്ത് മോ‍ഡൽ പ്രശംസിച്ചതിന് മാർക്സിസ്റ് പാർട്ടി എ പി അബ്ദുള്ളകുട്ടിയെ പുറത്താക്കിയിരുന്നു.

2013 ൽ കോൺ​ഗ്രസിന്റെ ഭരണകാലത്തും സമാനമായ വിവാദം ഉണ്ടായി. തൊഴിൽ മന്ത്രിയായിരുന്ന ഷിബു ബേബി ജോൺ അന്ന് ​ഗുജറാത്ത് സന്ദർശിച്ചതിന്റെ പേരിൽ പ്രതിപക്ഷം പ്രതികൂല നിലപാട് സ്വീകരിച്ചിരുന്നു. എന്തായാലും കേരള മോഡലിനേക്കാളും എന്ത് പ്രത്യേകതയാണ് ​ഗുജറാത്ത് ഡാഷ് ബോർ‍ഡ് സംവിധാനത്തിലുള്ളതെന്നത് പരിശോധിക്കേണ്ട ഒരു വിഷയമാണ്.

സാമ്പത്തിക വികസനത്തിൽ കാര്യമായി കേരളത്തിന് മുന്നേറാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഉയർന്ന സാക്ഷരത, ആയുർദൈർഘ്യം, കുറഞ്ഞ ശിശുമരണ നിരക്ക്, ആധുനിക ചികിത്സാ സൗകര്യങ്ങൾ, ദാരിദ്ര്യ നിർമ്മാജനം എന്നിവയൊക്കെ ചേർന്ന് ശ്രദ്ധിക്കപ്പെട്ട ഒന്നാണ് "കേരള മോ‍ഡൽ". കേരളത്തിന്റെ ജനസംഖ്യാസ്വരൂപവും(demographic profile) ഭൂമിശാസ്ത്രവും ഒക്കെ ഇവിടെ നിർണായകമായിട്ടുണ്ട്. എന്നാൽ കൃത്യമായ മേൽനോട്ട സംവിധാനം കേരളത്തിലെ പദ്ധതികളിൽ ഉണ്ടോ എന്നുറപ്പാക്കാൻ ശാസ്ത്രീയമായ ഒരു സംവിധാനം നമുക്കില്ല. ഇവിടെയാണ് ​ഗുജറാത്ത് ഡാഷ് ബോർഡ് സംവിധാനത്തിന്റെ പ്രസക്തി.

ഗുജറാത്ത് ഡാഷ് ബോർഡ്

സർക്കാർ പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കുക; ഇത് കാലോചിതമായി വിലയിരുത്താനും ഏകോപിപ്പിക്കാനും പ്രത്യേക സംവിധാനമുണ്ടാവുക; ഈ സംവിധാനത്തിന് കീഴിൽ പദ്ധതികളുടെ നിർവഹണം നടത്തുക; സാധാരണക്കാർക്ക് പരാതികൾ പെട്ടെന്ന് തീർപ്പാക്കാനൊരു വേ​ദി ഉണ്ടാകുക; സർക്കാർ ഉദ്യോഗസ്ഥരെ കൂടുതൽ ഉത്തരവാദിത്തബോധമുള്ളവരാക്കി മാറ്റുക: ഇവയൊക്കെ ​ഗ്രാമ തലത്തിൽ നിന്ന് തുടങ്ങി ഒരു സംസ്ഥാനത്തിന്റെ മൊത്തം ഭരണസിരാകേന്ദ്രങ്ങളെ ഒരുമിപ്പിച്ച് കൊണ്ടുവരിക; അതിന്റെ മേൽനോട്ടം ജില്ലാ അധികാരികൾ തുടങ്ങി, വകുപ്പു തല മേധാവികളിലേക്ക് വ്യാപിക്കുക; ഇവ മൊത്തമായി ഒരു ഏകജാലക സംവിധാനത്തിലിരുന്ന് മുഖ്യമന്ത്രിക്ക് നിയന്ത്രിക്കാൻ കഴിയുക; ഇത്രയുമാണ് ചുരുക്കി പറഞ്ഞാൽ ​ഗുജറാത്ത് ഡാഷ് ബോർഡ് സംവിധാനം.

അത്ര നിസ്സാരമല്ല ഈ സിസ്റ്റം. ​ഗുജറാത്ത് സർക്കാർ പ്രാവർത്തികമാക്കിയ ഈ മോ‍ഡലിൽ 2206 സർക്കാർ പദ്ധതികളും 1501 അതൊറിറ്റികളും 3400 മേഖലകളിലെ സേവനങ്ങളും സർക്കാറിന്റെ തന്നെ 183 ഇ- സേവന അപ്ലിക്കേഷനുകൾ ഉൾപ്പെടെ സംയോജിതമായി പ്രവർത്തിക്കുന്നു.. നാഷണൽ ഇൻഫർമേറ്റിക് സെന്ററിന്റെ സഹായത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. പ്ര​ഗതി-ജി സംവിധാനമുപയോ​ഗിച്ച് സർക്കാറിന്റെ വ്യത്യസ്ഥ പദ്ധതികളുടെ കൃത്യമായ നടത്തിപ്പും വിലയിരുത്തലും നടത്തുന്നു. സമയോചിതമായി ജനങ്ങൾക്ക് ലഭ്യമാകേണ്ട സേവനങ്ങൾ, ആനുകൂല്യം, എന്നിവ ഘട്ടം ഘട്ടമായി നൽകാനുള്ള പദ്ധതികൾ ഇതിലൂടെ ആവിഷ്ക്കരിച്ച് നടപ്പാക്കുന്നു. ഓരോ വകുപ്പധികാരികൾക്കും ഇത് കൃത്യമായി മോണിറ്ററിങ് ചെയ്യാനുള്ള മൊബൈൽ അപ്ലിക്കേഷനും ഉണ്ടാകും. ജൻ-സംവാദ് വഴി ഓരോ വകുപ്പിന് കീഴിലും അഭിപ്രായം അറിയിക്കാം. സേവനങ്ങൾ മെസേജുകൾ വഴിയും റിമൈൻഡറുകളായും ഒക്കെ ഫോണിലെത്തും.

മോണിറ്ററിങ് സിസ്റ്റവും ഫീഡ്ബാക്ക് സിസ്റ്റവുമാണ് ഈ സംവിധാനത്തിൻറെ രണ്ട് മുഖ്യ ഘടകങ്ങൾ. കൃത്യമായി മികച്ച സേവനം ലഭ്യമാക്കുക മാത്രമല്ല, അത് നടക്കുന്നുവെന്ന് ഉറപ്പാക്കുകയും കൂടിയാണ് ഇവിടെ ചെയ്യുന്നത്. ഇത്തരത്തിലുള്ള ആദ്യ സംവിധാനമാണ് ഗുജറാത്ത് മുഖ്യമന്ത്രി ഡാഷ്‌ബോർഡ്.

എല്ലാ ഇ-ഗവേണൻസ് ആപ്ലിക്കേഷനുകളിൽ നിന്നും ഡാറ്റ ആക്സസ് ചെയ്ത് വകുപ്പുകളുടെയും സേവനങ്ങളുടെയും ഓഫീസർമാരുടെയും പ്രകടനം വിശകലനം ചെയ്യാൻ ഇത് മുഖ്യമന്ത്രിയെ പ്രാപ്തനാക്കുന്നു. സേവനങ്ങൾ നടപ്പാക്കുന്നതിലെ പ്രശ്നങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്നു. എല്ലാ തലങ്ങളിലും സോണുകൾ, താലൂക്കുകൾ, ജില്ലകൾ എന്നിങ്ങനെ തിരിച്ച് പദ്ധതികളുടെ ഫലപ്രദമായ നിർവഹണത്തെക്കുറിച്ചുള്ള ഉൾക്കാഴ്ച നൽകുന്നു.

പദ്ധതികൾ ഉണ്ടാകുന്നതിലല്ല മറിച്ച് അതിന്റെ കൃത്യമായ, സമയോചിതമായ, കുറ്റമറ്റ നിർവഹണത്തിലാണ് കാര്യം. അതിൻറെ അടിസ്ഥാനത്തിലാണ് പദ്ധതികൾ മികച്ചതാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത്. രാഷ്ട്രീയമായ അതിരുകൾക്കപ്പുറത്ത് ​ഗുഡ് ​ഗവേണൻസ് പ്രാവർത്തികമാക്കാൻ ​ഗുജറാത്തിൽ പോയി പഠിച്ചതുകൊണ്ട് കേരളമോ‍ഡലിന് ഒന്നും സംഭവിക്കാനില്ല. മറിച്ച് ജനത്തിനും ഭരണാധികാരികൾക്കും ഇടയിലുള്ള അന്തരം കുറച്ച് ഏറ്റവും മികച്ച സേവനം സാധ്യമാക്കാൻ ഏതറ്റം വരെയും സർക്കാർ ശ്രമിക്കേണ്ടതാണ്.