image

9 May 2022 6:20 AM GMT

Kerala

വിദേശ വിപണിയിൽ മധുരം പകരാൻ മറയൂർ ശർക്കര: പി പ്രസാദ്

MyFin Desk

വിദേശ വിപണിയിൽ മധുരം പകരാൻ മറയൂർ ശർക്കര: പി പ്രസാദ്
X

Summary

ഇടുക്കിയിലെ മറയുര്‍ എന്ന കൊച്ചു ഗ്രാമത്തില്‍ നിന്ന് ലോകം കീഴടക്കാനൊരുങ്ങുകയാണ് മറയൂര്‍ ശര്‍ക്കര. ഭൗമസൂചിക പദവി നേടിയ ഈ മധുരം അന്താരാഷ്ട്ര വിപണിയിൽ എത്തിക്കാനുള്ള നടപടികൾ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടുകഴിഞ്ഞു. "ലൊക്കേഷന്‍ സ്‌പെസിഫിക് സ്‌കീമില്‍ ഉള്‍പ്പെടുത്തി മറയൂര്‍ ശര്‍ക്കരയെ വിദേശ വിപണിയില്‍ ഇറക്കാനുള്ള പ്രരംഭ ഘട്ട ചര്‍ച്ചകളിലേക്ക് ഞങ്ങൾ കടന്നുകഴിഞ്ഞു", സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് മൈഫിന്‍ പോയിന്റിനോട് പറഞ്ഞു. മറയൂര്‍ ശര്‍ക്കരയെ വിദേശ വിപണിയില്‍ ലഭ്യമാക്കുന്നതിന് അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് പ്രൊസസസ്ഡ് ഫുഡ്‌സ് പ്രൊഡക്റ്റ്‌സ് […]


ഇടുക്കിയിലെ മറയുര്‍ എന്ന കൊച്ചു ഗ്രാമത്തില്‍ നിന്ന് ലോകം കീഴടക്കാനൊരുങ്ങുകയാണ് മറയൂര്‍ ശര്‍ക്കര. ഭൗമസൂചിക പദവി നേടിയ ഈ മധുരം അന്താരാഷ്ട്ര വിപണിയിൽ എത്തിക്കാനുള്ള നടപടികൾ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടുകഴിഞ്ഞു.

"ലൊക്കേഷന്‍ സ്‌പെസിഫിക് സ്‌കീമില്‍ ഉള്‍പ്പെടുത്തി മറയൂര്‍ ശര്‍ക്കരയെ വിദേശ വിപണിയില്‍ ഇറക്കാനുള്ള പ്രരംഭ ഘട്ട ചര്‍ച്ചകളിലേക്ക് ഞങ്ങൾ കടന്നുകഴിഞ്ഞു", സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് മൈഫിന്‍ പോയിന്റിനോട് പറഞ്ഞു.

മറയൂര്‍ ശര്‍ക്കരയെ വിദേശ വിപണിയില്‍ ലഭ്യമാക്കുന്നതിന് അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് പ്രൊസസസ്ഡ് ഫുഡ്‌സ് പ്രൊഡക്റ്റ്‌സ് എക്‌സ്‌പ്പോര്‍ട്ട് ഡെവലപ്പ്‌മെന്റ് അതോറിറ്റി (അപേഡ; APEDA) യുമായി
പ്രാരംഭഘട്ട ചര്‍ച്ച നടത്തിയിരുന്നു. ജൈവ രീതിയില്‍ നിര്‍മ്മിക്കുന്ന മറയൂര്‍ ശര്‍ക്കര വിദേശ കയറ്റുമതിക്കായി സംഭരിക്കുന്നതിൽ ഒരു തടസ്സവുമില്ലെന്ന്‌ ആ ചര്‍ച്ചയില്‍ അതോറിറ്റി അറിയിച്ചതായി മന്ത്രി പറഞ്ഞു.

ഇടുക്കിയിലെ കോടമഞ്ഞിന്റെ തണുപ്പില്‍ ഒരു പ്രത്യേക ജനവിഭാഗം നിര്‍മ്മിക്കുന്ന ജൈവ ശര്‍ക്കരയാണ് നമ്മുക്കേറെ പരിചയമുള്ള മറയൂര്‍ ശര്‍ക്കര. മറയൂര്‍, കാന്തല്ലൂര്‍ എന്നീ ഭാഗങ്ങളില്‍ ഉത്പാദിപ്പിക്കുന്ന ഈ അത്ഭുത മധുരം ഭൗമസൂചികയില്‍ ഇടം നേടിയിട്ടുണ്ട്. പരമ്പരാഗത രീതിയില്‍ ഉത്പാദിപ്പിക്കുന്ന ഈ ശര്‍ക്കരയ്ക്ക് രുചി മാത്രമല്ല, ഔഷധഗുണവുമുണ്ട്. അതുകൊണ്ട് തന്നെ ഇതിന് ആവശ്യക്കാര്‍ ഏറെയാണ്.

നിലവില്‍ ഉരുളകളാക്കി നിര്‍മ്മിക്കുന്ന മറയൂര്‍ ശര്‍ക്കരയെ ചതുരക്കട്ടകളാക്കി ഓര്‍ഗാനിക് ജാഗ്ഗറി ക്യൂബ്‌സ് (ഹോട്ട് കേക്ക്‌സ്) എന്ന പേരില്‍ ഇറക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ ഭാഗമായി മറയൂര്‍ അടക്കമുള്ള കരിമ്പ് കര്‍ഷകരെയും അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളേയും ഏകോപിപ്പിച്ച് ലൊക്കേഷന്‍ സ്‌പെസിഫിക് സ്‌കീമിന് കീഴിൽ കൊണ്ടുവരാനൊരുങ്ങുകയാണ് സര്‍ക്കാര്‍.

പത്തനംതിട്ടയിലെ കരിമ്പ് കൃഷി തിരികെ കൊണ്ടുവരാനും പന്തളം ശര്‍ക്കയെ ഉയര്‍ത്തികൊണ്ടുവരാനുമുള്ള ശ്രമങ്ങളും ആരംഭിച്ചതായി പി പ്രസാദ് പറഞ്ഞു. ജൈവ രീതിയില്‍ ഉത്പാദിപ്പിക്കുന്നത് കൊണ്ടു തന്നെ വിദേശ മാര്‍ക്കറ്റില്‍ ഇതിന് ആവശ്യക്കാര്‍ ഏറെയുണ്ടെന്നും ഇനി കയറ്റുമതിക്കരുമായി തുടര്‍ ചര്‍ച്ചകള്‍ക്ക് ഒരുങ്ങുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മറയൂരിലെ ഈ മധുരം പുറം ലോകത്തേക്ക് എത്തിക്കുന്നത് വളരെ ദീർഘമായ ഒരു പ്രക്രിയയിലൂടെയാണ്. ആദ്യം കരിമ്പ് വെട്ടിയെടുത്ത് ചതച്ച് ആ നീര് വലിയ ഡ്രമ്മില്‍ പകര്‍ത്തിവയ്ക്കുന്നു. പിന്നീട് ഈ ഡ്രമ്മിന്റെ മുകള്‍ഭാഗത്തെ തെളിഞ്ഞ നീര് ശര്‍ക്കരയുണ്ടാക്കുന്ന 1200 ലീറ്റര്‍ വരെ തിളപ്പിക്കാന്‍ പാകമായ വലിയ പാത്രത്തിലേക്കു മാറ്റുന്നു. കൊപ്രയെന്ന ഈ പാത്രം മൂന്നര മണിക്കൂറോളം അടുപ്പില്‍ വച്ചു ചൂടാക്കുന്നു. ഇവിടെ അടുപ്പില്‍ കത്തിക്കാന്‍ ഉപയോഗിക്കുന്നത് കരിമ്പിന്‍ നീരെടുത്ത ചണ്ടിയാണ്. തിളച്ച് കഴിഞ്ഞ് മുകളിലെ അഴുക്ക് കോരി നീക്കുന്നു. വെള്ളത്തിന്റെ അംശം മാറുമ്പോള്‍ മറ്റൊരു പാത്രത്തിലേക്കു കപ്പിയുടെ സഹായത്തോടെ മാറ്റിയ ശേഷം ചൂടാറുമ്പോള്‍ ഇവ കൈകൊണ്ട് ഉരുട്ടിയെടുക്കുന്നു.

ഏറെ പേരുകേട്ട മറയൂര്‍ ശര്‍ക്കരയുടെ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും അതുണ്ടാക്കുന്ന കര്‍ഷകരുടെ ജീവിതത്തിൽ ആ മധുരം ഇല്ലെന്നതാണ് യാഥാർഥ്യം. ഈ വ്യവസായം ഇന്ന് കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഉയർന്ന ഉത്പാദന ചെലവും താഴ്ന്ന വിലയും കരിമ്പ് കൃഷി തന്നെ നിർത്തിവെക്കാൻ കർഷകരെ നിർബന്ധിക്കുന്നു. തലമുറകളായി കരിമ്പ് കൃഷി മാത്രം ചെയ്തു ശീലമുള്ള ഇവർക്കാകട്ടെ മറ്റ് വിളകളിലേക്ക് തിരിയാനും എളുപ്പമല്ല. ക്രമേണ പാടങ്ങൾ തരിശുനിലങ്ങള്‍ ആവുന്ന ഒരു സ്ഥിതി വിശേഷമാണ് ഇന്ന് നിലവിലുള്ളത്.

2012 ല്‍ 1600 ഏക്കറുണ്ടായിരുന്ന കരിമ്പിന്‍ കൃഷി പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം വെറും 600 ഏക്കറിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള വ്യാജ ശര്‍ക്കരയുടെ വരവ് കേരളത്തിന്റെ മറയൂര്‍ ശര്‍ക്കരയെ തളര്‍ത്തിയതിനൊപ്പം കേന്ദ്രസര്‍ക്കാര്‍ ചരക്ക് സേവന നികുതി (ജിഎസ്ടി) കൂടി ചുമത്തിയത് ശര്‍ക്കര നിര്‍മാണത്തെ പ്രതികൂലമായി ബാധിച്ചെന്ന് മറയൂര്‍ ജാഗ്ഗറി പ്രൊഡക്ഷന്‍ ആന്‍ഡ് മാര്‍ക്കെറ്റിംഗ് ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേറ്റ് സൊസൈറ്റി പ്രസിഡന്റ് പി വിജയന്‍ പറഞ്ഞു.

1200 ലിറ്റര്‍ കരിമ്പിന്‍ നീര് കൊണ്ട് 240 കിലോ ശര്‍ക്കരയാണ് നിര്‍മ്മിക്കാനാവുക. അതായത് ഒരു കിലോ ഉത്പാദിപ്പിക്കുനതിന് 62 രൂപ ചെലവ്. എന്നാൽ ഇത് 53 രൂപയ്ക്കാണ് വിൽക്കുന്നത്.

ഈ നഷ്ടത്തിന്റെ കൂടെയാണ് കേന്ദ്രസര്‍ക്കാര്‍ മറയൂര്‍ ശര്‍ക്കരയ്ക്ക് ചരക്ക് സേവന നികുതി (ജിഎസ്ടി) ചുമത്തിയത്. ഇത് തങ്ങള്‍ക്കേറ്റ കനത്ത പ്രഹരമാണെന്നും ചരക്ക് സേവന നികുതി കൂടി ഏര്‍പ്പെടുത്തുന്നതോടെ ഇത് ഉത്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്ക് ലഭിക്കുന്ന തുക വീണ്ടും കുറയുമെന്നും പി വിജയന്‍ പറഞ്ഞു. കുത്തനെ ഉയരുന്ന ഇന്ധന വിലയ്‌ക്കൊപ്പം മറ്റ് അവശ്യവസ്തുക്കളുടേയും വില ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരമൊരു നടപടി തികച്ചും വേദനാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തരത്തില്‍ നിരവധി പ്രതിസന്ധികള്‍ നേരിടുന്ന മറയൂര്‍ ശര്‍ക്കര നിർമാണത്തിന് സര്‍ക്കാരിന്റെ ഈ പദ്ധതി ഒരു കൈത്താങ്ങാകുമെന്നാണ് കർഷകരുടെ പ്രതീക്ഷ. അന്താരാഷ്ട്ര വിപണിയിലും കൊച്ചു കേരളത്തിലെ മറയൂര്‍ ശര്‍ക്കര മധുരിക്കുമ്പോള്‍ കരിമ്പ് കര്‍ഷകര്‍ തങ്ങള്‍ പ്രതീക്ഷിക്കുന്നത് പോലെ ആദായമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

മറയൂര്‍ ശര്‍ക്കര വിദേശ വിപണിയിലെത്തുന്നതോടെ കരിമ്പ് കൃഷിക്കാരുടെ ജീവിതത്തിനും മാധുര്യമേറും.