image

14 May 2022 3:17 AM GMT

Technology

സ്മാർട്ടാവാത്ത സിറ്റി: റിയൽ എസ്റ്റേറ്റ് കമ്പനികൾ സ്മാർട്ട് സിറ്റിയെ തീറെഴുതിയെടുക്കുമോ?

James Paul

സ്മാർട്ടാവാത്ത സിറ്റി: റിയൽ എസ്റ്റേറ്റ് കമ്പനികൾ സ്മാർട്ട് സിറ്റിയെ തീറെഴുതിയെടുക്കുമോ?
X

Summary

സംസ്ഥാനത്തിൻറെ ഐടി വികസനം ലക്ഷ്യമിട്ട് എറണാകുളത്ത് കാക്കനാട്ട് 246 ഏക്കർ സ്ഥലത്ത് നിലവിൽ വന്ന സ്മാർട്ട് സിറ്റി 10 വർഷത്തിന് ശേഷവും അതിൻറെഉദ്ദേശലക്ഷ്യങ്ങളുടെ അടുത്ത് പോലും എത്തിയിട്ടില്ല. 2011-ൽ ഒപ്പിട്ട കരാർ അനുസരിച്ച് 88 ലക്ഷം ചതുരശ്ര അടിവിസ്തീർണ്ണമുള്ള കെട്ടിടങ്ങളും 90,000 തൊഴിൽ അവസരങ്ങളും 10 വർഷത്തിനകം ഉണ്ടാകേണ്ടതായിരുന്നു. എന്നാൽ, നിലവിൽ സ്മാർട്ട് സിറ്റി ഹോൾഡിംഗ്സിൻറെ കൈവശം 6.5 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു കെട്ടിടവും ഏകദേശം 4000 ജീവനക്കാരും മാത്രമാണമുള്ളത്. കേരളത്തിലെ ഐ ടി […]


സംസ്ഥാനത്തിൻറെ ഐടി വികസനം ലക്ഷ്യമിട്ട് എറണാകുളത്ത് കാക്കനാട്ട് 246 ഏക്കർ സ്ഥലത്ത് നിലവിൽ വന്ന സ്മാർട്ട് സിറ്റി 10 വർഷത്തിന് ശേഷവും അതിൻറെഉദ്ദേശലക്ഷ്യങ്ങളുടെ അടുത്ത് പോലും എത്തിയിട്ടില്ല. 2011-ൽ ഒപ്പിട്ട കരാർ അനുസരിച്ച് 88 ലക്ഷം ചതുരശ്ര അടിവിസ്തീർണ്ണമുള്ള കെട്ടിടങ്ങളും 90,000 തൊഴിൽ അവസരങ്ങളും 10 വർഷത്തിനകം ഉണ്ടാകേണ്ടതായിരുന്നു. എന്നാൽ, നിലവിൽ സ്മാർട്ട് സിറ്റി ഹോൾഡിംഗ്സിൻറെ കൈവശം 6.5 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു കെട്ടിടവും ഏകദേശം 4000 ജീവനക്കാരും മാത്രമാണമുള്ളത്. കേരളത്തിലെ ഐ ടി മേഖലയിൽ ഒട്ടനവധി തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത
പദ്ധതിക്ക് വന്‍കിട ആഗോള കമ്പനികളെ ആകര്‍ഷിക്കാനുമായില്ല.

സ്മാർട്ട് സിറ്റി കൊച്ചി ഒരു വിവര സാങ്കേതിക പ്രത്യേക സാമ്പത്തിക മേഖലയാണ്. പദ്ധതി നടപ്പിലാക്കുന്നതിനായി കേരള സർക്കാരും (16% പങ്കാളിത്തം) ദുബായ്
ഹോൾഡിംഗും (84% പങ്കാളിത്തം) ചേർന്നാണ് സ്മാർട്ട് സിറ്റി (കൊച്ചി) ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന സംയുക്ത സംരംഭം രൂപീകരിച്ചത്. കൊച്ചി സ്മാർട്ട്‌
സിറ്റിയിൽ സ്ഥാപിക്കുന്ന കെട്ടിടങ്ങളുടെ 70 ശതമാനം ഐ.ടി/ഐ.ടി അനുബന്ധസ്ഥാപനങ്ങളാകണം എന്നായിരുന്നു വ്യവസ്ഥ.

2007 നവംബർ 15-ന്‌ പാട്ടക്കാരാറിൽ ദുബായ് അധികൃതരുമായി ഒപ്പു വെച്ചു; തുടർന്ന് നവംബർ 16-ന്‌ തറക്കല്ലിടുകയും ചെയ്തു. പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം 2016 ഫെബ്രുവരി 20 ന് നടന്നു. ഇപ്പോൾ കൊച്ചി സ്മാർട്ട് സിറ്റി റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് തീറെഴുതാൻ നീക്കം നടക്കുന്നതായി ഇതുമായി ബന്ധപ്പെട്ടവർ
ആരോപിക്കുന്നു. ഇതിനുള്ള ഡയറക്ടർ ബോർഡിന്‍റെ ശുപാർശ 2018-ൽ തന്നെ സർക്കാരിന് സമർപ്പിച്ചിട്ടുണ്ടത്രെ. 29 ഏക്കർ ഭൂമി പ്രത്യേക സാമ്പത്തിക മേഖലയിൽ നിന്ന് ഒഴിവാക്കി നൽകണമെന്നാണ് കമ്പനിയുടെ ആവശ്യം.

“സ്മാർട്ട് സിറ്റി ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയാണ്. കേരളത്തിൻറെ ഐടി വികസനത്തിൽ അവർക്ക് ഒരു താത്പര്യവുമില്ല. ഐടിയുടെ പ്രമോഷനുവേണ്ടി ഇവർ ഒന്നും ചെയ്യുന്നില്ല. ഇവർക്ക് ഭൂമി കച്ചവടത്തിനാണ് താത്പര്യം. ഒരു ബിസിനസ്സ് പ്രമോഷനോ, ഒരു ഇവൻറോ എന്തിന് ഒരു നല്ല ഫേസ്ബുക്ക് പേജോ, വെബ് സൈറ്റോ പോലും ഇതിനു ഇല്ല. ഏക്കറിന് ഒരു രൂപ ലീസിനാണ് കേരളാ ഗവൺമെൻറ് ഇവർക്ക് സ്ഥലം കൊടുത്തിരിക്കുന്നത്. അത് അഞ്ച് ഏക്കർ വീതം ഓരോ കമ്പനികൾക്ക് അവർ മറിച്ച് വിൽക്കുകയാണ്.” സ്മാർട്ട് സിറ്റിയിൽ ഐടി കമ്പനി നടത്തുന്ന ഒരു നിക്ഷേപകൻ പറഞ്ഞു.

വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ 10 വർഷത്തിന് ശേഷം സ്മാർട്ട് സിറ്റി പദ്ധതി ഗവൺമെൻറിന് ഏറ്റെടുക്കാമെന്ന് കരാറുണ്ട്. അതനുസരിച്ച് കേരളാഗവൺമെൻറ് ഇത് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് ഇവിടെയുള്ള കമ്പനികൾ തീരുമാനിച്ചിരിക്കുന്നത്, അദ്ദേഹം തുടർന്നു.

ഐടി യുടെ പ്രമോഷന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് മാത്രമല്ല, നിലവിൽ ഇവിടെ പ്രവർത്തിക്കുന്ന ഐടി കമ്പനികളെ തകർക്കാൻകൂടി സ്മാർട്ട് സിറ്റി അധികൃതർ
ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

ഐടി മേഖലകളിലുള്ള എല്ലാ കമ്പനികൾക്കും കോവിഡ് ലോക്ഡൌൺ കാലത്ത് 1000 ചതുരശ്ര അടി വരെയുള്ള കെട്ടിടങ്ങൾക്ക് 10 മാസം വരെ വാടകയിളവ് നൽകി.
എന്നാൽ, ഇവിടെ ഒരു ദിവസം പോലും വാടകയിളവ് നൽകിയില്ല. പോരാത്തതിന് വാടക കുടിശ്ശിക വരുത്തിയവരിൽ നിന്ന് 18 ശതമാനം പലിശ ഈടാക്കി. ലോക്ക്ഡൗൺ കാലത്ത് ഐ ടി സ്ഥാപനങ്ങള്‍ക്ക് വാടകയില്‍ ഇളവ് നല്‍കണമെന്ന സര്‍ക്കാർ നിര്‍ദേശമാണ് സ്മാര്‍ട്ട് സിറ്റി അട്ടിമറിച്ചത്. പതിനായിരം ചതുരശ്ര അടി
വരെയുള്ള സ്ഥാപനങ്ങളില്‍ നിന്ന് വാടക ഒഴിവാക്കണമെന്നിരിക്കെയാണ് നിര്‍ബന്ധപൂര്‍വ്വം തുക ഈടാക്കുന്നത്. ഒന്നര ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ
വാടക നല്‍കുന്ന സ്ഥാപനങ്ങളാണ് സ്മാര്‍ട് സിറ്റി പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. ലോക്ഡൗണിനെത്തുടര്‍ന്ന് ഈ സ്ഥാപനങ്ങള്‍ അടച്ചിട്ട
അവസ്ഥയിലാണ്. പല വിദേശ കരാറുകളടക്കം മുടങ്ങി. കരാര്‍ പ്രകാരമാണ് പ്രവര്‍ത്തനമെന്നും വാടകയില്‍ ഇളവ് നല്‍കാനാവില്ലെന്നുമാണ് സ്മാര്‍ട് സിറ്റി അധികൃതരുടെ വിശദീകരണം.

“വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ ദുബായ് കമ്പനിക്ക് എതിരെ നിയമനടപടി സ്വീകരിക്കാനുള്ള വകുപ്പുകൾ കരാറിൽ എഴുതി ചേർത്തിട്ടുണ്ട്. ഇവരെ പറഞ്ഞു വിടാനുള്ള വിവിധ നിബന്ധനകൾ കരാറിലുണ്ട്. ഗവൺമെൻറ് ഈ സ്ഥലം കൊടുത്തത് ദുബയ് കമ്പനിക്കല്ല, കേരളത്തിൻറെ ഐടി വികസനത്തിനാണ്. അത് നടക്കുന്നില്ലെങ്കിൽ ആ സ്ഥലം തിരിച്ചെടുക്കണം,” സമാർട്ട് സിറ്റി നടപ്പാക്കുന്ന സമയത്ത് ഗവൺമെൻറിൻറെ ഐടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി മാത്യു പറഞ്ഞു.

അവർക്ക് ഇതിൽ താത്പര്യമില്ല, അവർക്ക് ഇതിനുള്ള സാങ്കേതിക പരിഞ്ജാനമില്ല ഇതു പോലെയുള്ള കമ്പനി നടത്തി പരിചയമില്ല തുടങ്ങിയ പരാതികളെല്ലാം അന്നേ
ഉണ്ടായിരുന്നു. പക്ഷെ അവരാണ് ആദ്യമായി പദ്ധതി ഏറ്റെടുക്കാൻ തയ്യാറായത്. അവർ റിയൽ എസ്റ്റേറ്റ് കച്ചവടം നടത്തിക്കോട്ടെ, പക്ഷെ അതോടൊപ്പം ഐടി യ്ക് വേണ്ടി മാറ്റി വെയ്ക്കാമെന്നു പറഞ്ഞ 70 ശതമാനം നടപ്പാക്കുന്നുണ്ടോ എന്നത് നമ്മൾ ഉറപ്പാക്കണം. ആര് കെട്ടിടം പണിതാലും നമുക്ക് ഒന്നുമില്ല, പക്ഷെ അതിൻറെ 70 ശതമാനം ഐടി കമ്പനികൾക്ക് ഉപയോഗിക്കാൻ കഴിയണം. 30 ശതമാനം അവർ ആർക്ക് വേണമെങ്കിലും വിറ്റോട്ടെ, അദ്ദേഹം പറഞ്ഞു.

ഇവിടെയുള്ള കമ്പനികൾക്ക് ഗവൺമെൻറിൽ നിന്നും ഒരു സഹായവും ലഭിക്കുന്നില്ല. ഐടി വികസനത്തിന് വേണ്ടിയാണോ ഇവിടെ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന്
ഗവൺമെൻറ് ഉറപ്പ് വരുത്തണം.

“88 ലക്ഷം ചതുരശ്ര അടിക്ക് മേൽ നിർമ്മിക്കുന്ന കെട്ടിടങ്ങൾ അവർക്ക് ഇഷടമുള്ളതു പോലെ ഉപയോഗിക്കാൻ അനുവദിക്കണമെന്ന് അവർ വാദിച്ചു.
ഞങ്ങൾ അത് അനുവദിച്ചില്ല. അതിനുവേണ്ടി ഒന്നരമാസം തർക്കിച്ചു. മറ്റ് ഐടി പാർക്കുകളും അവർ ഏറ്റെടുക്കാമെന്ന് പറഞ്ഞു. അതും അനുവദിച്ചില്ല. അവരുടെ
താത്പര്യങ്ങൾക്കനുസരിച്ച് കേരളത്തിൻറെ ഐടി വികസനം വിട്ടുകൊടുക്കാൻ നമ്മൾ തയ്യാറല്ലായിരുന്നു,” ജോസഫ് പറഞ്ഞു.

“സ്മാർട്ട് സിറ്റി അതിൻറെ ഉദ്ദേശ ലക്ഷ്യങ്ങളുടെ അടുത്തെങ്ങും എത്തിയിട്ടില്ല. നമ്മുടെ ഒട്ടു മിക്ക വികസന പ്രവർത്തനങ്ങളുടേയും സ്ഥിതി ഇതാണ്. കൃത്യമായ
പ്ലാനിംഗോ ആസൂത്രണമോ ഇല്ലാതെ നടപ്പാക്കുന്നതു കൊണ്ടാണ് വികസന പദ്ധതികൾക്ക് ഈ ഗതി വരുന്നത്. സമാർട്ട് സിറ്റിയുടെ കാര്യത്തിൽ ഗവൺമെൻറ്
അടിയന്തിരമായി ഇടപെടണം,“ സാമൂഹിക പ്രവർത്തകനായ സി ആർ നീലകണ്ഠൻ പറഞ്ഞു.

രാജ്യത്തുടനീളം സ്മാർട്ട് സിറ്റി മിഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റ് നഗരങ്ങൾ നിരവധി പദ്ധതികൾ നടപ്പിലാക്കിയപ്പോൾ, കൊച്ചി നഗരത്തിന് 2075 കോടി
രൂപയുടെ പദ്ധതിയിൽ അഞ്ച് ശതമാനത്തിൽ താഴെ മാത്രമേ ചെലവഴിക്കാൻ കഴിഞ്ഞിട്ടുള്ളൂ. കൊച്ചിയിൽ പദ്ധതികൾ നടപ്പാക്കാൻ കേന്ദ്രം 196 കോടി രൂപ
അനുവദിച്ചിരുന്നു.

സ്മാർട്ട് സിറ്റി പ്രദേശത്ത് , നിലവിൽ വിവിധ കെട്ടിടങ്ങൾ പണി തീരുകയോ പണി പുരോഗമിക്കുകയോ ആണ് എന്ന് സ്മാർട്ട് സിറ്റി അധികൃതർ അവകാശപ്പെടുന്നു. അതിൽ സഹവികസന പങ്കാളികളുടെ കെട്ടിടങ്ങളും ഉൾപ്പെടും. സാന്റ്സ് ഇൻഫ്രയുടെ 2 ടവറുകൾ (33 ലക്ഷം ചതുരശ്ര അടി), പ്രസ്റ്റീജ് ഗ്രൂപ്പ് (15 ലക്ഷം ചതുരശ്ര അടി), മാറാട്ട് ഗ്രൂപ്പ് ( 5 ലക്ഷം ചതുരശ്ര അടി), മാരി ആപ്സ് (2 ലക്ഷം ചതുരശ്ര അടി) എന്നിവ ഉൾപ്പെടെയുള്ള കണക്കുകളാണിത്.

എന്തായാലും സംസ്ഥാനത്തിന്റെ ഐടി വികസനം ലക്ഷ്യമാക്കിയുള്ള ഈ വമ്പൻ പദ്ധതി ചില മനുഷ്യരുടെ വികല സങ്കൽപ്പങ്ങളിൽ കുരുങ്ങികിടക്കാതെ അഭ്യസ്ത വിദ്യരായ ലക്ഷക്കണക്കിനുള്ള യുവജനങ്ങൾക്ക്‌ ഒരു ആശ്രയമായി മാറ്റാൻ ബന്ധപ്പെട്ടവർ ശ്രമിക്കണമെന്നതാണ് ഉയർന്ന് വരുന്ന ആവശ്യം.

തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പിൽ ഓരോ വാചകത്തിലും വികസനം തിരുകിച്ചേർക്കുന്ന രാഷ്ട്രീയ കക്ഷികൾ മണ്ഡലത്തിലെ ഈ സംരംഭം സഫലമാക്കാനുള്ള ശ്രമം അടിയന്തിരമായി ഏറ്റെടുക്കേണ്ടിയിരിക്കുന്നു.