image

20 May 2022 4:42 AM GMT

Economy

അടുക്കളയിലും അതിരുവിട്ട് വിലക്കയറ്റം

Nadasha K V

അടുക്കളയിലും അതിരുവിട്ട് വിലക്കയറ്റം
X

Summary

സര്‍വ്വത്ര വിലക്കയറ്റമാണ്. നമ്മുക്ക് ചുറ്റുമൊന്ന് കണ്ണോടിച്ചാല്‍ കാണാം ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന സാധാരണക്കാരന്‍ ഈ വിലക്കയറ്റത്തില്‍ എത്രമാത്രം വെന്തുരുകുന്നുണ്ടെന്ന്. എന്നാല്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ആരും തന്നെ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിന് ശ്രമിക്കുന്നില്ല എന്നതാണ് സത്യം. ഔദ്യോഗിക കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ഇന്ന് ഇന്ത്യയില്‍ പണപ്പെരുപ്പം റെക്കോര്‍ഡ് നിരക്കില്‍ കുതിക്കുകയാണ്.  മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കഴിഞ്ഞമാസം 15.38 ശതമാനമായി ഉയര്‍ന്നിരുന്നു. 17 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഉപഭോക്തൃ വില സൂചിക (കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡെക്‌സ് […]


സര്‍വ്വത്ര വിലക്കയറ്റമാണ്. നമ്മുക്ക് ചുറ്റുമൊന്ന് കണ്ണോടിച്ചാല്‍ കാണാം ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന സാധാരണക്കാരന്‍ ഈ വിലക്കയറ്റത്തില്‍ എത്രമാത്രം വെന്തുരുകുന്നുണ്ടെന്ന്. എന്നാല്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ആരും തന്നെ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിന് ശ്രമിക്കുന്നില്ല എന്നതാണ് സത്യം. ഔദ്യോഗിക കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ഇന്ന് ഇന്ത്യയില്‍ പണപ്പെരുപ്പം റെക്കോര്‍ഡ് നിരക്കില്‍ കുതിക്കുകയാണ്. മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കഴിഞ്ഞമാസം 15.38 ശതമാനമായി ഉയര്‍ന്നിരുന്നു. 17 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഉപഭോക്തൃ വില സൂചിക (കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡെക്‌സ് സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് ഏപ്രിലില്‍ 7.79 ശതമാനമായിരുന്നു. മാര്‍ച്ചില്‍ ഇത് 6.95 ശതമാനം ആയിരുന്നു. 2014 മേയിലെ 8.33 ശതമാനം കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇപ്പോഴത്തേത്. ഭക്ഷ്യോല്‍പന്ന വിലക്കയറ്റം മാര്‍ച്ചില്‍ 7.68 ശതമാനം ആയിരുന്നത് ഏപ്രിലില്‍ 8.38 ശതമാനം ആയി കൂടിയിട്ടുണ്ട്.
അടുക്കളയ്ക്ക് ആഘാതം
ഭക്ഷ്യോല്‍പന്ന വിലക്കയറ്റം അടുക്കളയ്ക്ക് ഏല്‍പ്പിച്ച ആഘാതം ചെറുതൊന്നുമല്ല. രാവിലെ ഇടുന്ന ചായയില്‍ നിന്നും തുടങ്ങിയാല്‍ തന്നെ കാണാം അടുക്കളയിലേക്കുള്ള വിലക്കയറ്റത്തിന്റെ കടന്നുകയറ്റം. 26 രൂപ കൊടുക്കണം അര ലിറ്റര്‍ പാലിന്. ഇനി അത് ചായ ആകണമെങ്കില്‍ 500 ഗ്രാമിന് 160 രൂപ നല്‍കി വാങ്ങിയ ചായപൊടി അല്‍പം ഇടണം. മധുരത്തിന്റെ വിലയ്‌ക്കോ തീരെ മധുരവുമില്ല. ഒരു കിലോ പഞ്ചസാരയ്ക്ക് വില 48 രൂപ. ചായ തിളപ്പിക്കാനുള്ള ഗ്യാസ് സ്റ്റൗവിലേക്ക് ഒന്നു നോക്കിയാല്‍ കാണാം ആ വഴി പോകുന്ന കാശിന്റെ കണക്ക്. വീട്ടാവശ്യത്തിനുള്ള സിലണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചതോടെ കേരളത്തില്‍ ഗാര്‍ഹിക സിലിണ്ടര്‍ വില ആയിരവും കടന്നു. പ്രഭാതഭക്ഷണത്തിനായി മലയാളികളുടെ സ്വന്തം പുട്ട് നല്ലൊന്നാന്തരം ഞാലിപൂവന്‍ പഴവുമായി കഴിക്കാമെന്ന് വച്ചാല്‍ ഒരു കിലോ പുട്ട്‌പൊടിയ്ക്കിന്ന് 120 രൂപയാണ്. ഒരു കിലോ ഞാലിപൂവനോ 52 രൂപയും. ഇനി പുട്ടല്ല അപ്പം കഴിക്കണമെങ്കില്‍ 100 രൂപയ്ക്ക് മേല്‍ കൊടുക്കണം അപ്പപ്പൊടി വാങ്ങാന്‍. ദോശ കഴിക്കണമെന്ന് വച്ചാല്‍ ഉഴുന്നിന് കിലോയ്ക്ക് 148 രൂപയാണ്. എന്തായാലും പ്രഭാതഭക്ഷണം കഴിക്കാതിരിക്കാനാവില്ലല്ലോ. പ്രാതലിനും ഇന്ന് ഏറെ പൈസ മുടക്കണം.
തീന്‍മേശയിലെ വിലക്കയറ്റം
അവിടെയും തീരുന്നില്ലല്ലോ അടുക്കളയിലെ വിലക്കയറ്റം. ഇനി ഉച്ചയൂണിന്റെ കാര്യത്തില്‍ അരിയ്ക്ക് മാത്രം കൊടുക്കണം കിലോയ്ക്ക് 53 രൂപ. അതെ നല്ല പാലക്കാടന്‍ മട്ട കിലോയ്ക്ക് 53 രൂപയാണ്. ജയ അരിക്ക് 46 ഉം, പൊന്നിയരിക്ക് 40 ഉം കൊടുക്കണം. പച്ചക്കറിക്കും തീപിടിച്ച വിലയാണ്. മൂന്ന് മാസം മുമ്പ് കിലോയ്ക്ക് 40 രൂപയായിരുന്ന തക്കാളിക്കിന്ന് 100 രൂപയാണ്. 42 രൂപയില്‍ കിടന്ന അമരപയറിന് വില 60 രൂപയും. ബീന്‍സ് കിലോയ്ക്ക് മൂന്ന് മാസം മുമ്പുള്ള 80 രൂപ കടന്ന് 120 രൂപയിലെത്തി. കൂര്‍ക്ക 47 ല്‍ നിന്ന് 55 ല്‍ എത്തി. കറിനാരങ്ങയുടെ വില 57 രൂപയില്‍ നിന്നും കുത്തനെ ഉയര്‍ന്ന് 120 രൂപയിലെത്തി. ഇത്തരത്തില്‍ ഒട്ടുമിക്ക പച്ചക്കറികള്‍ക്കും വില കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. ഇന്ധനവില വര്‍ധനയുടെ ചുവടുപിടിച്ച് പച്ചക്കറി ലോറി വാടകയും കൂടി. ഇതേത്തുടര്‍ന്നും മഴ മൂലവും അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പച്ചക്കറി ലോഡുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇതെല്ലാം തന്നെ വിലക്കയറ്റത്തിനു കാരണമായെന്നാണ് കൊച്ചിയിലെ ഒരു ഹോള്‍സെയില്‍ പച്ചക്കറി കടയുടമയായ ഗിരീഷ് പറഞ്ഞത്.
മത്സ്യ- മാംസ വിലക്കയറ്റം
ഇനി പച്ചക്കറിയൊക്കെ വിട്ട് മത്സ്യ- മാംസ ഭക്ഷണത്തിലേക്ക് വന്നാല്‍ അവിടെയും പൊള്ളുന്ന വിലയാണ് കാണാന്‍ കഴിയുക. കോഴിയിറച്ചി ഒരു കിലോയ്ക്ക് 264 രൂപയാണ്. കോഴിമുട്ടയ്ക്ക് കൊടുക്കണം 6 രൂപ. കോഴിത്തീറ്റയ്ക്ക് വില കൂടിയതാണ് ഈ മേഖലയിലെ പെട്ടന്നുള്ള വിലക്കയറ്റത്തിന് ചുക്കാന്‍ പിടിച്ചത്. മലയാളികളുടെ സ്വന്തം മത്തിക്ക് കൊടുക്കണം കിലോയ്ക്ക് 180 രൂപ. അയലയ്ക്ക് 240 രൂപയും. 180 രൂപയില്‍ നിന്നാണ് അയലയുടെ വിലയില്‍ ഈ കുതിച്ചുചാട്ടം. ചെമ്മീന് 200 രൂപയും കൊടുക്കണം. ഇത്തരത്തില്‍ പോകുന്നു മത്സ്യ- മാംസ ഭക്ഷണത്തിനുള്ളവയുടെ വില. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മീനായതുകൊണ്ട് ഇന്ധനവിലവര്‍ധന മേഖലയെ ബാധിക്കും. ഇനി ഇതൊക്കെ പാകം ചെയ്യാനുള്ള തേങ്ങ ഒന്നിന് (1 കിലോ) കൊടുക്കണം 50 രൂപയ്ക്ക് മേലെ. മലയാളികളുടെ അടുക്കളയില്‍ ഒഴിച്ചുകൂടാനാവാത്ത വെളിച്ചെണ്ണയുടെ കാര്യം പിന്നെ പറയേണ്ടതില്ല. അര കിലോയ്ക്ക് പോലും 160 മുതല്‍ 190 വരെ വിലയുണ്ട്.
പുറത്തും പിടിമുറുക്കി വിലക്കയറ്റം
ഭക്ഷണ കാര്യം വീട്ടിലെ അടുക്കളയില്‍ മാത്രം ഒതുങ്ങുന്നതല്ല. അത്താഴത്തിന് കുടുംബവുമായി പുറത്ത് ഹോട്ടലില്‍ പോയി കഴിക്കാമെന്ന് വച്ചാല്‍ ഇവിടെയും വിലക്കയറ്റം വില്ലനാണ്. വാണിജ്യ സിലിണ്ടറിന് 103 രൂപ കൂട്ടിയതോടെ കൊച്ചിയില്‍ വില 2359 രൂപയായി. ഇതിനൊപ്പം എസ്ജിഎസ്ടിയും, സിജിഎസ്ടിയുമെല്ലാം ചേരുന്നതോടെ ഭക്ഷണത്തിന് വലിയൊരു ബില്ലു മുന്നിലെത്തും. ഇനി ബേക്കറി ഉത്പ്പന്നങ്ങളിലേക്ക് കടന്നാല്‍ കാണാം വിലക്കയറ്റം എങ്ങനെ ഈ മേഖലയെ ബാധിച്ചിട്ടുണ്ടെന്ന്. വലിയ വെല്ലുവിളിയാണ് ബേക്കറി മേഖലയും നേരിടുന്നത്. സാധനങ്ങളുടെ ലഭ്യതകുറവും വിലകയറ്റവും പലഹാരങ്ങളെ തൊട്ടാല്‍ പൊള്ളുന്ന വിലയിലേക്ക് എത്തിച്ചു. സമീപ കാലത്ത് ബേക്കറി ഉത്പന്നങ്ങള്‍ക്ക് 20 മുതല്‍ 40 ശതമാനം വരെയാണ് വില വര്‍ധിച്ചിരിക്കുന്നത്. ബിസ്‌ക്കറ്റുകളുടെയും സ്ഥിതി മറിച്ചല്ല. കുതിച്ചുയരുന്ന പണപ്പെരുപ്പം മൂലമുണ്ടാകുന്ന വിലക്കയറ്റത്തെ തടയാനായി അവയുടെ അളവിലും പാക്കറ്റിന്റെ വലിപ്പത്തിലും കുറവ് വരുത്താന്‍ ഒരുങ്ങുകയാണ് കമ്പനികള്‍. വില കൂട്ടുന്നതിന് പകരമാണ് കമ്പനികള്‍ ഉത്പന്നങ്ങളുടെ തൂക്കം കുറയ്ക്കുന്നത്. ഇത്തരത്തില്‍ കുടുംബങ്ങളുടെ ഉള്ളുപൊള്ളിക്കുകയാണ് അവശ്യസാധനങ്ങളുടെ വിലക്കയറ്റം.
കൈയൊഴിഞ്ഞ് അധികാരികള്‍
പാചകവാതകം ഉള്‍പ്പെടെയുള്ള പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കുത്തനെ ഉയര്‍ന്നതാണു പണപ്പെരുപ്പത്തിന് പ്രധാന കാരണം. തുടര്‍ന്നു ഭക്ഷ്യോല്‍പന്ന വിലകളും സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത നിലവാരത്തിലേക്കു കുതിച്ചു. സര്‍ക്കാരുകള്‍ മാറി മാറി വന്നിട്ടും ഈ പണപ്പെരുപ്പവും വിലക്കയറ്റവും പിടിച്ചു നിര്‍ത്താന്‍ ഫലപ്രദമായി അവര്‍ എന്ത് ചെയ്തു എന്ന് ചോദിച്ചാല്‍ കൃത്യമായൊരു ഉത്തരം ആര്‍ക്കും നല്‍കാനാവില്ല. കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും തമ്മിലുള്ള വടം വലിയില്‍ ഞെരുങ്ങുന്നത് സാധാരണക്കാരായ ജനങ്ങളാണ്.എന്നിട്ടും വിലക്കയറ്റം മാറ്റമില്ലാതെ തുടരുന്നു. ഇങ്ങനെ മുന്നോട്ട് പോയല്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്ന സാധാരണ ജനം കടുത്ത പ്രതിസന്ധിയാണ് നേരിടേണ്ടി വരിക. അടുക്കളയിലും വിലക്കയറ്റം അതിര് വിടുകയാണ്. കോവിഡ് പ്രതിസന്ധിയും അനുദിനം വര്‍ധിക്കുന്ന ഇന്ധനവിലവര്‍ധനയും പാചകവാതകവിലയും അടുക്കളബജറ്റിനെ താളം തെറ്റിച്ചു. അടുക്കളയിലെ സര്‍വ്വതും തൊട്ടാല്‍ പൊള്ളിത്തുടങ്ങി. ചുരുക്കിപ്പറഞ്ഞാല്‍ സ്വന്തം അടുക്കള ഇപ്പോള്‍ കുറച്ചധികം 'കോസ്റ്റിലി' ആണ്.