image

10 July 2022 4:30 AM GMT

Market

ആഗോള സാമ്പത്തിക കണക്കുകൾ ഈയാഴ്ച വിപണിയെ നിയന്ത്രിക്കും

Bijith R

ആഗോള സാമ്പത്തിക കണക്കുകൾ ഈയാഴ്ച വിപണിയെ നിയന്ത്രിക്കും
X

Summary

ഇന്ത്യ, യൂറോപ്, അമേരിക്ക എന്നി രാജ്യങ്ങളുടെ പ്രധാന സാമ്പത്തിക കണക്കുകളും, ഇന്ത്യൻ കമ്പനികളുടെ ജൂൺ പാദ ഫലങ്ങളും, വരും ആഴ്ചയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ വിപണിയിലുണ്ടായിരുന്ന നേട്ടത്തെ നിലനിർത്തുമോ ഇല്ലയോ എന്ന് നിർണയിക്കും. ഐടി മേഖലയിലെ പ്രമുഖ കമ്പനിയായ ടിസിഎസ്സിന്റെ ത്രൈമാസ ഫലമാണ് ഇന്ത്യൻ കമ്പനികളുടെ ഒന്നാം പാദ ഫലങ്ങളുടെ സീസണ് തുടക്കമിട്ടത്. വെള്ളിയാഴ്ച വൈകീട്ടോടു കൂടി പുറത്തു വന്ന ഫലം വിപണിയിൽ നിരാശയാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞ വരുമാന വളർച്ചയാണ് കമ്പനി പാദാടിസ്ഥാനത്തിൽ റിപ്പോർട്ട് ചെയ്തിട്ടുളത്. […]


ഇന്ത്യ, യൂറോപ്, അമേരിക്ക എന്നി രാജ്യങ്ങളുടെ പ്രധാന സാമ്പത്തിക കണക്കുകളും, ഇന്ത്യൻ കമ്പനികളുടെ ജൂൺ പാദ ഫലങ്ങളും, വരും ആഴ്ചയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ വിപണിയിലുണ്ടായിരുന്ന നേട്ടത്തെ നിലനിർത്തുമോ ഇല്ലയോ എന്ന് നിർണയിക്കും.

ഐടി മേഖലയിലെ പ്രമുഖ കമ്പനിയായ ടിസിഎസ്സിന്റെ ത്രൈമാസ ഫലമാണ് ഇന്ത്യൻ കമ്പനികളുടെ ഒന്നാം പാദ ഫലങ്ങളുടെ സീസണ് തുടക്കമിട്ടത്. വെള്ളിയാഴ്ച വൈകീട്ടോടു കൂടി പുറത്തു വന്ന ഫലം വിപണിയിൽ നിരാശയാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞ വരുമാന വളർച്ചയാണ് കമ്പനി പാദാടിസ്ഥാനത്തിൽ റിപ്പോർട്ട് ചെയ്തിട്ടുളത്. എന്നാൽ കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം ജൂൺ അവസാനത്തോട് കൂടി, കഴിഞ്ഞ വർഷം ഇതേ പാദത്തെ അപേക്ഷിച്ചു 5.40 ശതമാനം ഉയർന്നു 9519 കോടി രൂപയായി. എങ്കിലും 2022 സാമ്പത്തിക വർഷത്തിലെ മാർച്ച് പാദത്തിനേക്കാൾ 4.41 ശതമാനം ഇടിവാണ് ഉണ്ടായിട്ടുള്ളത്.

മറ്റൊരു പ്രധാന കമ്പനിയായ എച് സി എല്ലും, മൈൻഡ് ട്രീയും അവരുടെ ത്രൈമാസ ഫലങ്ങൾ പുറത്തു വിടാനിരിക്കെ ഐടി മേഖലയിൽ ഈ ആഴ്ച വലിയ ചാഞ്ചാട്ടം നേരിട്ടേക്കാം. ആഗോള മാന്ദ്യം വരുമെന്ന ആശങ്കകളിരിക്കെ, പാദഫലങ്ങൾ കൂടാതെ നിക്ഷേപകർ, മധ്യകാല ദീർഘ കാലത്തേക്കുള്ള കമ്പനികളുടെ വളർച്ചയെ സ്വാധീനിക്കുന്ന, വരുമാന വളർച്ചയ്ക്ക് മാനേജ്‌മെന്റ് സ്വീകരിക്കുന്ന മാർഗ നിർദേശങ്ങളും, പുതിയ ഇടപാടുകളും, പുതിയ നിയമനങ്ങളുമെല്ലാം സൂക്ഷ്മമായി പരിശോധിക്കും.

എസിസി, ജിൻഡാൽ സ്റ്റീൽ എന്നീ കമ്പനികളുടെ വരാനിരിക്കുന്ന ത്രൈമാസ ഫലങ്ങൾ സിമന്റ്, സ്റ്റീൽ കമ്പനികളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു കാരണമാകും. സ്വിറ്റ്സർലൻഡിലെ പ്രമുഖ കമ്പനിയായ ഹോൽസിമിനു അംബുജ സിമൻറ്സിലും എസിസിയിലുമുണ്ടായിരുന്ന ഓഹരികൾ $10.5 ബില്യനു അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യത്തെ ഫല പ്രഖ്യാപനമാണിത്. ജിൻഡാൽ സ്റ്റീലിന്റെ ഫലങ്ങൾ പുറത്തു വരുന്നതോടെ സ്റ്റീലിനു മേൽ ചുമത്തിയ 15 ശതമാനം കയറ്റുമതി തീരുവയും കഴിഞ്ഞ ഏതാനും മാസങ്ങളിൽ ഉണ്ടായ വിലയിടിയലും സ്റ്റീൽ വ്യവസായത്തെ എത്രത്തോളം ബാധിച്ചു എന്നറിയാൻ സഹായിക്കും.

ആഭ്യന്തര വിപണിയിൽ, മെയ് മാസത്തിലെ വ്യവസായ ഉത്പാദന കണക്കുകളും ജൂൺ മാസത്തിലെ ഉപഭോക്തൃ പണപ്പെരുപ്പ കണക്കുകളും പുറത്തു വരും. ആർ ബി ഐ യുടെ സാമ്പത്തിക നയനടപടികളിൽ, പുതിയതായി പണപ്പെരുപ്പം എത്രത്തോളം സ്വാധീനിക്കും എന്ന നിക്ഷേപകരുടെ ആശങ്ക, പലിശ നിരക്ക് നേരിട്ട് ബാധിക്കുന്ന മേഖലകളെ വീണ്ടും സങ്കീർണതയിലാക്കും. ആർബി ഐ, ജൂണിൽ പണപ്പെരുപ്പം നിയന്ത്രിക്കാൻ ഒരു മാസത്തിനിടെ രണ്ടാം തവണയും 50 ബേസിസ് പോയിന്റ് റീപോ നിരക്ക് ഉയർത്തിയിരുന്നു. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്നു പാദങ്ങളിൽ (ഏപ്രിൽ-ഡിസംബർ 2022 ), പണപ്പെരുപ്പം, അതിന്റെ ഉയർന്ന ടോളറൻസ് ബാൻഡ് ആയ 6 ശതമാനത്തിനു മുകളായിലായിരിക്കും. മെയ്, ജൂൺ മാസങ്ങളിൽ കേന്ദ്ര ബാങ്കും റീപോ നിരക്ക് 90 ബേസിസ് പോയിന്റ് ഉയർത്തി 4.90 ശതമാനമാക്കിയിരുന്നു.

ആഗോള തലത്തിൽ, യുഎസ്സിലെയും, യൂറോസോണിലെയും വരാനിരിക്കുന്ന സാമ്പത്തിക കണക്കുകൾ ആഗോള വിപണികളുടെ ഗതി നിർണയിക്കും. വ്യാവസായിക ഉത്പാദന വളർച്ച, പണപ്പെരുപ്പം, റീടൈൽ വില്പന എന്നിവയാണ് യു എസ്സിൽ നിന്നും പ്രധാനമായും വരാനിരിക്കുന്ന കണക്കുകൾ. ലോകത്തിലെതന്നെ വലിയ സമ്പദ് വ്യവസ്ഥ, ഉയരുന്ന പണപ്പെരുപ്പത്തിലും, പലിശ നിരക്ക് വർധനവിന്റെ സാഹചര്യത്തിലും, എങ്ങിനെ പ്രവർത്തിച്ചു എന്ന് മനസിലാകുന്നതിന് ഈ കണക്കുകൾ സഹായിക്കും. ഒപ്പം, വരാനിരിക്കുന്ന മാന്ദ്യത്തെ കുറിച്ചുള്ള ഭയം വിപണിയിൽ അനിവാര്യമാണോ അല്ലയോ എന്നത് നിശ്ചയിക്കുന്നതിനും കഴിയും.

ജർമ്മനി, ഇറ്റലി, ഫ്രാൻസ്, യു കെ എന്നീ രാജ്യങ്ങളും അവരുടെ ഏറ്റവും പുതിയ ഉൽപ്പാദന, പണപ്പെരുപ്പ കണക്കുകൾ പുറത്തു വിടും.

ഇന്ത്യൻ വിപണി ശ്രദ്ധിച്ചാൽ ധനകാര്യ, എഫ് എം സി ജി ഓഹരികളിലെ ഇടക്കാല മുന്നേറ്റം നിഫ്റ്റിയുടെ പിന്തുണ നില 15900 -16000 ലേക്ക് എത്തിച്ചുവെന്ന് കാണാം.

"ഹ്രസ്വ കാലത്തേക്ക്, നിഫ്റ്റി, നിലവിലുള്ള ഉയർച്ച തുടർന്ന് 16,550 -16,650 നിലയിൽ എത്തുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. വരും ആഴ്ചയിൽ, ഒന്ന് രണ്ടു സെഷനുകളിൽ ചിലപ്പോൾ തിരുത്തലുകൾ ഉണ്ടായേക്കാം, എന്നാൽ തിരുത്തലുകൾ വാങ്ങുന്നതിനുള്ള അവസരമായി ഉപയോഗിക്കാവുന്നതാണ്. സൂചികയിൽ പ്രധാന ഓഹരികളിൽ, ബാങ്കിങ് മേഖല വളരെ മികച്ച പ്രകടനമാണ് കാഴ്ച വക്കുന്നത്. വിപണി ഉയരുന്നതിനു എഫ് എം സി ജി ഓഹരികളോടൊപ്പം, ധനകാര്യ മേഖലയിലെ ഓഹരികളും നിർണായകമായ പങ്കാണ് വഹിച്ചത്. ഈ രണ്ടു മേഖലയിലെയും ഓഹരികൾ മുന്നേറി നിൽക്കുന്നതിനാൽ, ഇതിലെ വ്യാപാര അവസരങ്ങൾ നിക്ഷേപകർക്ക് ഉപയോഗപ്പെടുത്താവുന്നതാണ്," 5 പൈസ ഡോട്ട്കോമിന്റെ റിസേർച് ലീഡ് രുചിത് ജെയിൻ പറഞ്ഞു.