image

14 July 2022 1:45 AM GMT

Technology

അനുമതിയില്ലാതെ 'യൂസര്‍ ലൊക്കേഷന്‍' തിരയരുത്: പേയ്മെന്റ് ആപ്പുകളോട് എന്‍പിസിഐ

MyFin Desk

അനുമതിയില്ലാതെ യൂസര്‍ ലൊക്കേഷന്‍ തിരയരുത്: പേയ്മെന്റ് ആപ്പുകളോട് എന്‍പിസിഐ
X

Summary

  'യൂസര്‍ കണ്‍സെന്റ്' അഥവാ ഉപഭോക്താക്കളുടെ അനുമതി ഇല്ലാതെ രാജ്യത്തെ ഡിജിറ്റല്‍ പേയ്മെന്റ് ആപ്പുകള്‍ക്ക് ഇനിമുതല്‍ ലൊക്കേഷന്‍ വിവരങ്ങള്‍ എടുക്കാന്‍ സാധിക്കില്ല. യുപിഐ അധിഷ്ഠിതമായ എല്ലാ ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമുകള്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദ്ദേശം കൊടുത്തുവെന്ന് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) അറിയിച്ചു. മാത്രമല്ല 'ലൊക്കേഷന്‍ വിവരങ്ങള്‍ പങ്കുവെക്കാമോ' എന്ന ഓപ്ഷന്‍ ഉപഭോക്താവിന് വ്യക്തമായി കാണാന്‍ സാധിക്കുന്ന വിധം പ്ലാറ്റ്ഫോമില്‍ നല്‍കണമെന്നും എന്‍പിസിഐ ഇറക്കിയ നിര്‍ദ്ദേശങ്ങളിലുണ്ട്. അഥവാ ഇനി ലൊക്കേഷന്‍ വിവരങ്ങള്‍ പങ്കുവെക്കാനുള്ള അനുമതി […]


'യൂസര്‍ കണ്‍സെന്റ്' അഥവാ ഉപഭോക്താക്കളുടെ അനുമതി ഇല്ലാതെ രാജ്യത്തെ ഡിജിറ്റല്‍ പേയ്മെന്റ് ആപ്പുകള്‍ക്ക് ഇനിമുതല്‍ ലൊക്കേഷന്‍ വിവരങ്ങള്‍ എടുക്കാന്‍ സാധിക്കില്ല. യുപിഐ അധിഷ്ഠിതമായ എല്ലാ ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമുകള്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദ്ദേശം കൊടുത്തുവെന്ന് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) അറിയിച്ചു. മാത്രമല്ല 'ലൊക്കേഷന്‍ വിവരങ്ങള്‍ പങ്കുവെക്കാമോ' എന്ന ഓപ്ഷന്‍ ഉപഭോക്താവിന് വ്യക്തമായി കാണാന്‍ സാധിക്കുന്ന വിധം പ്ലാറ്റ്ഫോമില്‍ നല്‍കണമെന്നും എന്‍പിസിഐ ഇറക്കിയ നിര്‍ദ്ദേശങ്ങളിലുണ്ട്.

അഥവാ ഇനി ലൊക്കേഷന്‍ വിവരങ്ങള്‍ പങ്കുവെക്കാനുള്ള അനുമതി ഉപഭോക്താവ് നല്‍കിയിട്ടുണ്ടെങ്കിലും ഇത് എപ്പോള്‍ വേണമെങ്കിലും റദ്ദാക്കാനുള്ള ഓപ്ഷനും അവര്‍ക്ക് ലഭ്യമാക്കണമെന്നും, അതിന് ഒരു തരത്തിലും തടസം പറയരുതെന്നും എന്‍പിസിഐ അറിയിച്ചു. മാത്രമല്ല യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കളില്‍ എത്തുന്നതിനും തടസമുണ്ടാകരുതെന്നും നിര്‍ദ്ദേശമുണ്ട്. അതായത് ലൊക്കേഷന്‍ വിവരങ്ങള്‍ പങ്കുവെക്കാത്തവര്‍ക്കും, ആദ്യം നല്‍കിയ അനുമതി പിന്നീട് റദ്ദാക്കിയവര്‍ക്കും എല്ലാ യുപിഐ സേവനങ്ങളും തടസമില്ലാതെ ലഭിക്കും.

ലൊക്കേഷന്‍ വിവരങ്ങള്‍ പങ്കുവെക്കാന്‍ അനുമതി നല്‍കിയിരിക്കുന്ന ഉപഭോക്താക്കളില്‍ നിന്നും ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ യുപിഐയ്ക്ക് കൈമാറണെന്നും ഇതില്‍ കൃത്രിമം കാട്ടുന്ന പക്ഷം പ്ലാറ്റ്ഫോമിനെതിരെ കടുത്ത തീരുമാനമെടുക്കുമെന്നും എന്‍പിസിഐ അറിയിച്ചു. ഈ വര്‍ഷം ഡിസംബര്‍ ഒന്നു മുതല്‍ എല്ലാ യുപിഐ അധിഷ്ഠിത പ്ലാറ്റ്ഫോമുകളും ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. വ്യക്തികള്‍ തമ്മിലുള്ള ആഭ്യന്തര യുപിഐ ഇടപാടുകള്‍ക്കാണ് ഇത് ബാധകമാകുക. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നീക്കം വിജയിച്ചാല്‍ വിദേശ രാജ്യങ്ങളിലുള്ള യുപിഐ അധിഷ്ഠിത പേയ്മെന്റ് ആപ്പുകള്‍ക്കും ഇതേ നിര്‍ദ്ദേശങ്ങള്‍ നല്‍കും.

സ്വിഫ്റ്റിന് ബദലാകാന്‍ യുപിഐ

3.2 കോടിയിലധികം വരുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് നൂലാമാലകളില്ലാതെ നാട്ടിലേക്ക് അതിവേഗം പണമയ്ക്കാന്‍ വൈകാതെ സാധിച്ചേക്കും. ആഗോളതലത്തില്‍ പണമിടപാടുകള്‍ നടത്തുന്ന സ്വിഫ്റ്റിന് ബദല്‍ സംവിധാനമൊരുക്കാനുള്ള നീക്കത്തിലാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ). ബ്ലൂംബെര്‍ഗാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. പുതിയ സംവിധാനം യുപിഐ അധിഷ്ഠിതമായിരിക്കുമെന്നതാണ് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ആകര്‍ഷകമായ ഘടകം.

നാട്ടിലേയ്ക്ക് 200 ഡോളര്‍ അയയ്ക്കാന്‍ ശരാശരി 13 ഡോളറാണ് നിലവില്‍ ചെലവ്. യുപിഐയുടെ ബദല്‍ വരുന്നതോടെ ഈ 'ട്രാന്‍സാക്ഷന്‍ ചാര്‍ജ്ജിലും' കുറവുണ്ടായേക്കും. ലോക ബാങ്കിന്റെ കണക്കുപ്രകാരം വിദേശ ഇന്ത്യക്കാര്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയിലേക്ക് അയച്ചത് ശരാശരി ഏഴ് ലക്ഷം കോടി രൂപയാണ്. പ്രവാസികള്‍ നാട്ടിലേയ്ക്ക് അയക്കുന്ന തുകയുടെ കാര്യത്തില്‍ ഇന്ത്യയാണ് മുന്നിലെന്നും ലോക ബാങ്ക് അധികൃതര്‍ ചൂണ്ടിക്കാട്ടി. വിദേശ ഇന്ത്യക്കാര്‍ക്കും ആഗോളതലത്തില്‍ യാത്രചെയ്യുന്നവര്‍ക്കും പുതിയ സംവിധാനം സഹായകരമാകും.

330 ബാങ്കുകളും 25 ആപ്പുകളുമാണ് ഇപ്പോള്‍ എന്‍പിസിഐയുടെ ഏകീകൃത പണമിടപാട് പ്ലാറ്റ്ഫോമായ യുപിഐ ഉപയോഗിക്കുന്നത്. രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് മൂല്യം മൂന്നു ട്രില്യണ്‍ ഡോളറായി ഉയരുന്നതില്‍ യുപിഐ മുഖ്യപങ്കു വഹിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍സ്റ്റന്റ് റിയല്‍ടൈം പേയ്മെന്റ് സിസ്റ്റമായ യുപിഐയുടെ സേവനം ജൂണ്‍ മുതല്‍ ഫ്രാന്‍സിലും ലഭ്യമായി തുടങ്ങിയിരുന്നു. ഇതോടെ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും യുപിഐ സേവനം വ്യാപിക്കുകയാണ്.

ഇതിനായി ഫ്രാന്‍സ് ആസ്ഥാനമായ ലിറ നെറ്റ്വര്‍ക്കുമായിട്ടാണ് എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്‌മെന്റ് ലിമിറ്റഡ് ധാരണാ പത്രം ഒപ്പിട്ടത്. മാത്രമല്ല ഫ്രാന്‍സില്‍ റുപേ കാര്‍ഡ് സേവനം ഉപയോഗിക്കാനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്. സിംഗപ്പൂര്‍, യുഎഇ, ഭൂട്ടാന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇതുവരെ യുപിഐ പേയ്‌മെന്റ് സംവിധാനം സ്വീകരിച്ചുകഴിഞ്ഞു.