image

11 Aug 2022 1:35 AM GMT

Technology

ഡിജിറ്റല്‍ വായ്പ 'കെണിയാവില്ല': ആപ്പുകള്‍ക്ക് ആര്‍ബിഐയുടെ ലക്ഷ്മണരേഖ

MyFin Desk

ഡിജിറ്റല്‍ വായ്പ കെണിയാവില്ല: ആപ്പുകള്‍ക്ക് ആര്‍ബിഐയുടെ ലക്ഷ്മണരേഖ
X

Summary

ഡെല്‍ഹി: ഡിജിറ്റല്‍ വായ്പയുമായി ബന്ധപ്പെട്ട് ആര്‍ബിഐ നിയോഗിച്ച ആറംഗ സമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ച് ആര്‍ബിഐ. ഉപഭോക്താവിന്റെ ഫോണിലെ ഡാറ്റയുടെ സ്വകാര്യത മുതല്‍ വായ്പ എടുത്തവര്‍ക്ക് അതില്‍ നിന്നും പിന്മാറാനുള്ള 'കൂളിംഗ് ഓഫ് ടൈം' വരെ ശുപാര്‍ശകളില്‍ ഉള്‍പ്പെടുന്നുണ്ടായിരുന്നു. വ്യത്യസ്ത മേഖലകളില്‍ നിന്നുയര്‍ന്ന ആവശ്യങ്ങള്‍ പരിഗണിച്ചും ഡിജിറ്റല്‍ സേവനങ്ങളുടെ പുരോഗതി ഉറപ്പാക്കുന്നതിനും വേണ്ടിയാണ് മാനദണ്ഡങ്ങള്‍ പുറത്തിറക്കുന്നതെന്ന് ആര്‍ബിഐ അറിയിച്ചിരുന്നു. ശുപാര്‍ശകള്‍ നിയമമായി മാറുന്നതോടെ രാജ്യത്തെ ഡിജിറ്റല്‍ വായ്പാ മേഖലയുമായി ബന്ധപ്പെട്ട പരാതികള്‍ വലിയൊരളവില്‍ കുറയുകയും ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ക്ക് മേല്‍ […]


ഡെല്‍ഹി: ഡിജിറ്റല്‍ വായ്പയുമായി ബന്ധപ്പെട്ട് ആര്‍ബിഐ നിയോഗിച്ച ആറംഗ സമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ച് ആര്‍ബിഐ. ഉപഭോക്താവിന്റെ ഫോണിലെ ഡാറ്റയുടെ സ്വകാര്യത മുതല്‍ വായ്പ എടുത്തവര്‍ക്ക് അതില്‍ നിന്നും പിന്മാറാനുള്ള 'കൂളിംഗ് ഓഫ് ടൈം' വരെ ശുപാര്‍ശകളില്‍ ഉള്‍പ്പെടുന്നുണ്ടായിരുന്നു. വ്യത്യസ്ത മേഖലകളില്‍ നിന്നുയര്‍ന്ന ആവശ്യങ്ങള്‍ പരിഗണിച്ചും ഡിജിറ്റല്‍ സേവനങ്ങളുടെ പുരോഗതി ഉറപ്പാക്കുന്നതിനും വേണ്ടിയാണ് മാനദണ്ഡങ്ങള്‍ പുറത്തിറക്കുന്നതെന്ന് ആര്‍ബിഐ അറിയിച്ചിരുന്നു.
ശുപാര്‍ശകള്‍ നിയമമായി മാറുന്നതോടെ രാജ്യത്തെ ഡിജിറ്റല്‍ വായ്പാ മേഖലയുമായി ബന്ധപ്പെട്ട പരാതികള്‍ വലിയൊരളവില്‍ കുറയുകയും ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ക്ക് മേല്‍ ആര്‍ബിഐയ്ക്കുള്ള നിയന്ത്രണം ശക്തമാകുകയും ചെയ്യും. ആര്‍ബിഐ നിയന്ത്രിക്കുന്ന സ്ഥാപനങ്ങള്‍ക്കോ, മറ്റേതെങ്കിലും നിയമപ്രകാരം വായ്പകള്‍ നല്‍കാന്‍ അനുമതിയുള്ള സ്ഥാപനങ്ങള്‍ക്കോ, മാത്രമേ വായ്പാ ബിസിനസ് നടത്താന്‍ കഴിയൂ എന്ന തത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ മാനദണ്ഡങ്ങളെന്ന് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മൂന്ന് ഗ്രൂപ്പുകളായിട്ടാണ് ഡിജിറ്റല്‍ വായ്പാ ദാതാക്കളെ തിരിച്ചിരിക്കുന്നത്. i) ആര്‍ബിഐ നിയന്ത്രിക്കുന്നതും വായ്പാ ബിസിനസ്സ് നടത്താന്‍ അനുവാദമുള്ളതുമായ സ്ഥാപനങ്ങള്‍, ii) ആര്‍ബിഐയുടെ നിയന്ത്രണത്തില്‍ പെടുന്നില്ലെങ്കിലും മറ്റ് നിയമാനുസൃത വ്യവസ്ഥകള്‍ പ്രകാരം വായ്പ നല്‍കാന്‍ അധികാരമുള്ള സ്ഥാപനങ്ങള്‍, iii) ഏതെങ്കിലും നിയമപരമായ വ്യവസ്ഥകളുടെ പരിധിക്ക് പുറത്ത് വായ്പ നല്‍കുന്ന സ്ഥാപനങ്ങള്‍.
ആര്‍ബിഐയുടെ പ്രധാന ശുപാര്‍ശകള്‍

ഡിജിറ്റല്‍ ലെന്‍ഡിംഗ് ആപ്പ് വഴി വായ്പയെടുക്കുന്ന വ്യക്തികളുടെ ഫോണിലെ സ്വകാര്യ വിവരങ്ങള്‍ ആക്‌സസ്സ് ചെയ്യാനുള്ള അനുവാദം വായ്പാദാതാവിനുണ്ടായിരിക്കില്ല. കെവൈസി ആവശ്യങ്ങള്‍ക്കായി ഫോണിലെ ക്യാമറ, മൈക്ക്, ലൊക്കേഷന്‍ എന്നീ സേവനങ്ങള്‍ ഒരു തവണ മാത്രം ഉപയോഗിക്കാന്‍ വായ്പാ വിതരണ പ്ലാറ്റ് ഫോമുകള്‍ക്ക് അനുമതിയുണ്ടായിരിക്കും. ആപ്പുപ്പയോഗവുമായി ബന്ധപ്പെട്ട് നിശ്ചിത അളവിലുള്ള ഡാറ്റാ ഉപയോഗം ഉപഭോക്താവിന്റെ അനുമതിയോടു കൂടിയേ സാധ്യമാകൂ.
ഡാറ്റാ സ്വകാര്യത സംബന്ധിച്ചുള്ള ശുപാര്‍ശകള്‍ നിയമമമായി പ്രാബല്യത്തില്‍ വരുന്നതോടെ ഡാറ്റാ ചോര്‍ച്ച, ബ്ലാക്ക്‌മെയിലിംഗ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. ആര്‍ബിഐ മാനദണ്ഡം അനുസരിച്ച് വായ്പകളുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും തിരിച്ചടവുകളും കടം എടുക്കുന്നയാളുടെ ബാങ്ക് അക്കൗണ്ടും വായ്പ നല്‍കുന്ന സേവന ദാതാവും തമ്മില്‍ നേരിട്ട് മാത്രമേ നടക്കാന്‍ പാടുള്ളൂ.
വായ്പാ വിതരണ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും പണം കടമെടുത്ത ശേഷം അതില്‍ നിന്നും പിന്മാറാനുള്ള അവസരമൊരുക്കുന്ന ശുപാര്‍ശയും ആര്‍ബിഐ അംഗീകരിച്ചു. വായ്പ എടുത്ത ശേഷം അത് വേണ്ടന്നു വെച്ച് പണം തിരികെ അടയ്ക്കാന്‍ പ്രത്യേക 'കൂള്‍ ഓഫ് ടൈം' ഏര്‍പ്പെടുത്തണമെന്നാണ് ശുപാര്‍ശ. ഇതുപ്രകാരം പ്രത്യേക സമയപരിധിയ്ക്ക് ബാധകമായ പലിശ മാത്രമേ അടയ്‌ക്കേണ്ടി വരൂ.
നിലവില്‍ ഡിജിറ്റല്‍ വായ്പയെടുത്താല്‍ അതുമായി ബന്ധപ്പെട്ട കാലാവധി (ഇതിന് ദൈര്‍ഘ്യം കൂടും) പൂര്‍ത്തിയാക്കി വന്‍ തുക പലിശയും ചേര്‍ത്ത് നല്‍കിയാലേ ഇടപാട് പൂര്‍ത്തിയാകൂ. കൂള്‍ ഓഫ് ടൈം വരുന്നതോടെ 'ധൃതിപിടിച്ച്' വായ്പയെടുത്തവര്‍ക്ക് രണ്ടാമതൊന്ന് ചിന്തിച്ച് വേണ്ട തീരുമാനമെടുക്കാന്‍ അവസരമൊരുങ്ങും.
ഉപഭോക്താവിന്റെ അനുവാദമില്ലാതെ കടമെടുപ്പ് വരിധി വര്‍ധിപ്പിക്കുവാന്‍ വായ്പാ വിതരണ പ്ലാറ്റ്‌ഫോമുകള്‍ക്ക് സാധിക്കില്ല. മാനദണ്ഡങ്ങള്‍ അനുസരിച്ച്, ലോണ്‍ കരാര്‍ ഉറപ്പാക്കുന്നതിന് മുമ്പ് ഒരു സ്റ്റാന്‍ഡേര്‍ഡ് കീ ഫാക്റ്റ് സ്റ്റേറ്റ്‌മെന്റ് (കെഎഫ്എസ്) കടം എടുക്കുന്നയാള്‍ക്ക് നല്‍കണം. ഡിജിറ്റല്‍ ലോണുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം വരുന്ന എല്ലാ ചെലവുകളുടെയും വാര്‍ഷിക ശതമാന നിരക്ക് (എപിആര്‍) കെഎഫ്എസില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. വായ്പ സംബന്ധിച്ച ചെലവുകള്‍ (സര്‍വീസ് ചാര്‍ജ്ജ് പോലുള്ളവ) ഉപഭോക്താവിനെ ആദ്യം തന്നെ വിശദമായി അറിയിച്ചിരിക്കണം.
മാത്രമല്ല ഇടപാട് സംബന്ധിച്ച് എന്തെങ്കിലും പരാതിയുണ്ടായി 30 ദിവസത്തിനകം തീര്‍പ്പായില്ലെങ്കില്‍ ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാന്‍ മുന്‍പാകെ പരാതി സമര്‍പ്പിക്കാന്‍ സാധിക്കും. ആപ്പ് കൈകാര്യം ചെയ്യുന്ന എല്ലാ തരത്തിലുമുള്ള വിവരങ്ങളും (ഡാറ്റ) ഇന്ത്യയിലുള്ള സെര്‍വറില്‍ തന്നെ സൂക്ഷിക്കണം. ഉപഭോക്താക്കളുടെ ബയോമെട്രിക്ക് വിവരങ്ങള്‍ കമ്പനികള്‍ സൂക്ഷിക്കരുതെന്ന ശുപാര്‍ശയും ആര്‍ബിഐ അംഗീകരിച്ചിട്ടുണ്ട്.