image

13 Aug 2022 12:20 AM GMT

Power

ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രിയമേറുമ്പോൾ വൈദ്യുതി കേന്ദ്ര നിയന്ത്രണത്തിലേക്ക്

MyFin Desk

ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രിയമേറുമ്പോൾ വൈദ്യുതി കേന്ദ്ര നിയന്ത്രണത്തിലേക്ക്
X

Summary

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഡിമാ​ന്റ് കുതിച്ചുയരുമ്പോൾ വൈദ്യുതി മേഖലയിൽ സംസ്ഥാനങ്ങൾക്കുണ്ടായിരുന്ന കുത്തക അവസാനിക്കുന്നു. കഴിഞ്ഞ ദിവസം പാർലമെൻറിൽ അവതരിപ്പിച്ച വൈദ്യുത നിയമ ഭേദഗതി ബിൽ കേന്ദ്ര സർക്കാരിനും ഏജൻസികൾക്കും സംസ്ഥാന നിയന്ത്രണത്തിലുള്ള വൈദ്യുതി വിതരണത്തിനു മേൽ സവിശേഷമായ അധികാരം നൽകുന്നു. 2003 ലെ വൈദ്യുതി നിയമത്തിലാണ് ഭേദഗതി കൊണ്ടുവന്നത്. വൈദ്യുത വിതരണ മേഖലയിലെ സമഗ്ര മാറ്റമാണ് ഈ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്. സംസ്ഥാനങ്ങൾ കടുത്ത പ്രതിഷേധം ഉയർത്തുമ്പോഴും ഈ ഭേദഗതി ബില്ലിനെ സ്വകാര്യ മേഖല സ്വാഗതം ചെയ്യുകയാണ്. […]


രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഡിമാ​ന്റ് കുതിച്ചുയരുമ്പോൾ വൈദ്യുതി മേഖലയിൽ സംസ്ഥാനങ്ങൾക്കുണ്ടായിരുന്ന കുത്തക അവസാനിക്കുന്നു. കഴിഞ്ഞ ദിവസം പാർലമെൻറിൽ അവതരിപ്പിച്ച വൈദ്യുത നിയമ ഭേദഗതി ബിൽ കേന്ദ്ര സർക്കാരിനും ഏജൻസികൾക്കും സംസ്ഥാന നിയന്ത്രണത്തിലുള്ള വൈദ്യുതി വിതരണത്തിനു മേൽ സവിശേഷമായ അധികാരം നൽകുന്നു.

2003 ലെ വൈദ്യുതി നിയമത്തിലാണ് ഭേദഗതി കൊണ്ടുവന്നത്. വൈദ്യുത വിതരണ മേഖലയിലെ സമഗ്ര മാറ്റമാണ് ഈ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്. സംസ്ഥാനങ്ങൾ കടുത്ത പ്രതിഷേധം ഉയർത്തുമ്പോഴും ഈ ഭേദഗതി ബില്ലിനെ സ്വകാര്യ മേഖല സ്വാഗതം ചെയ്യുകയാണ്. നിലവിൽ വൈദ്യുത മേഖലയിൽ ഉത്പാദനം, പ്രസരണം എന്നിവ കേന്ദ്ര സർക്കാരിന്റെ അധികാര പരിധിയിലും, വിതരണം സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിലും ഉൾപ്പെടുന്നതാണ്. എന്നാൽ ഭേദഗതി ബില്ലിൽ കേന്ദ്ര സർക്കാരിന് വിതരണ മേഖലയിൽ സ്വകാര്യ കമ്പനികൾക്ക് ലൈസൻസ് നൽകുവാനുള്ള അധികാരമുണ്ട്. ഇത് പല സംസ്ഥാനങ്ങളിലും വിതരണ മേഖലയിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കനത്ത ഭീഷണിയുയർത്തും.

പാർലമെൻറിൽ അവതരിപ്പിച്ച ബില്ലിൽ 35 ഓളം ഭേദഗതികളാണ് നിർദേശിച്ചിരിക്കുന്നത്. ഇതിൽ പകുതിയിലധികവും കേന്ദ്രസർക്കാരിന്റെ അധികാര പരിധിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ബില്ലിലെ ഭേദഗതിയനുസരിച്ച് കേന്ദ്ര വൈദ്യുത റെഗുലേറ്ററി കമ്മീഷന് (സിഇആർസി) ലൈസൻസിനപേക്ഷിക്കുന്ന ഏതൊരു കമ്പനിക്കും അംഗീകാരം നൽകാവുന്നതാണ്. നിയമത്തിന്റെ 79 ആം വകുപ്പു പ്രകാരം ഒരു സ്വകാര്യ കമ്പനിക്ക് ഒന്നിലധികം സംസ്ഥാനങ്ങളിലെ വിതരണ മേഖലയിൽ പ്രവർത്തിക്കാവുന്നതാണ്. ഇത് നിലവിലുള്ള സ്വകാര്യ ഭീമന്മാരായ ടാറ്റ പവർ, അദാനി ഇലക്ട്രിസിറ്റി, ടോറന്റ് പവർ തുടങ്ങിയവയുടെ പ്രവർത്തന മേഖല വ്യാപിപ്പിക്കുവാനുള്ള അവസരം നൽകുന്നു.

ആദ്യ നിയമത്തിൽ ഇതിനുള്ള വ്യവസ്ഥ ചെയ്തിരുന്നെങ്കിലും വൈദ്യുത ശൃംഖലയുടെ ഉപയോഗത്തെപ്പറ്റി വ്യക്തത ഉണ്ടായിരുന്നില്ല. എന്നാൽ നിയമ ഭേദഗതിയനുസരിച്ച് സ്വകാര്യ കമ്പനികൾ പുതിയ വിതരണ ശൃംഖല സൃഷ്ടിക്കേണ്ടതില്ലെന്നും നിലവിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ശൃംഖല തന്നെ ഉപയോഗിക്കാമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു.

മൂലധന പര്യാപ്തത, മികച്ച ക്രെഡിറ്റ് പശ്ചാത്തലം, പ്രവർത്തന മികവ് തുടങ്ങിയവ ഉൾപ്പെടെ ലൈസൻസിന് അപേക്ഷിക്കാനുള്ള യോഗ്യതകൾ കേന്ദ്രത്തിനു തീരുമാനിക്കാം. ആരോഗ്യകരമായ മത്സരം ഉറപ്പാക്കാനായി പരമാവധി കൂടിയ നിരക്കും കുറഞ്ഞ നിരക്കും നിശ്ചയിക്കാനും ബില്ലിൽ ശുപാർശ ചെയ്യുന്നു.