image

19 Aug 2022 1:48 AM GMT

ഡീസല്‍, എടിഎഫ് വിന്‍ഡ്ഫാള്‍ നികുതി കൂട്ടി, ആഭ്യന്തര ഇന്ധന നികുതി കുറച്ചു

MyFin Desk

ഡീസല്‍, എടിഎഫ് വിന്‍ഡ്ഫാള്‍ നികുതി കൂട്ടി, ആഭ്യന്തര ഇന്ധന നികുതി കുറച്ചു
X

Summary

  ഡീസലിന്റേയും ഏവിയേഷന്‍ ഇന്ധനത്തിന്റെയും കയറ്റുമതിക്കുള്ള വിന്‍ഡ്‌ഫോള്‍ ടാക്‌സ് വര്‍ധിപ്പിച്ച് സര്‍ക്കാര്‍. ഡീസല്‍ ലിറ്ററിന് 5 രൂപയില്‍ നിന്ന് 7 രൂപയായും ഏവിയേഷന്‍ ഇന്ധനത്തിന്റെ കയറ്റുമതിക്ക് ലിറ്ററിന് 2 രൂപയുമാണ് നികുതി ചുമത്തിയത്. എന്നാല്‍ പെട്രോളിന് നിലവിലെ സാഹചര്യത്തില്‍ നികുതി ഏര്‍പ്പെടുത്തിയിട്ടില്ല. ഏവിയേഷന്‍ ഇന്ധനത്തിന് ചുമത്തിയ വിന്‍ഡ്‌ഫോള്‍ ടാക്‌സ് മാസത്തിന്റെ തുടക്കത്തില്‍ ഒഴിവാക്കിയിരുന്നു. ഇന്നുമുതല്‍ പുതിയ നികുതി വര്‍ധനവ് പ്രാബല്യത്തില്‍ വരും. എന്നാല്‍ അഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിനുള്ള ഈ നികുതിയില്‍ സര്‍ക്കാര്‍ ഇളവ് വരുത്തിയിട്ടുണ്ട്. സെന്‍ട്രല്‍ […]


ഡീസലിന്റേയും ഏവിയേഷന്‍ ഇന്ധനത്തിന്റെയും കയറ്റുമതിക്കുള്ള വിന്‍ഡ്‌ഫോള്‍ ടാക്‌സ് വര്‍ധിപ്പിച്ച് സര്‍ക്കാര്‍. ഡീസല്‍ ലിറ്ററിന് 5 രൂപയില്‍ നിന്ന് 7 രൂപയായും ഏവിയേഷന്‍ ഇന്ധനത്തിന്റെ കയറ്റുമതിക്ക് ലിറ്ററിന് 2 രൂപയുമാണ് നികുതി ചുമത്തിയത്. എന്നാല്‍ പെട്രോളിന് നിലവിലെ സാഹചര്യത്തില്‍ നികുതി ഏര്‍പ്പെടുത്തിയിട്ടില്ല. ഏവിയേഷന്‍ ഇന്ധനത്തിന് ചുമത്തിയ വിന്‍ഡ്‌ഫോള്‍ ടാക്‌സ് മാസത്തിന്റെ തുടക്കത്തില്‍ ഒഴിവാക്കിയിരുന്നു. ഇന്നുമുതല്‍ പുതിയ നികുതി വര്‍ധനവ് പ്രാബല്യത്തില്‍ വരും.

എന്നാല്‍ അഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിനുള്ള ഈ നികുതിയില്‍ സര്‍ക്കാര്‍ ഇളവ് വരുത്തിയിട്ടുണ്ട്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റമസ് പുറത്തിറക്കിയ വിഞ്ജാപനത്തില്‍ നിലവില്‍ ഒരു ടണ്‍ ക്രൂഡ് ഓയിലിന് ചുമത്തിയിരുന്ന 17,750 രൂപ നികുതി 13,000 രൂപയായി കുറച്ചു. ഇത് വേദാന്ത, ഒഎന്‍ജിസി തുടങ്ങിയ ആഭ്യന്തര എണ്ണ ഉത്പാദകര്‍ക്ക് വലിയ നേട്ടമാണ്.

പുതുതായി സര്‍ക്കാര്‍ കൊണ്ട് വന്ന വിന്‍ഡ്‌ഫോള്‍ ടാക്‌സ് മൂന്നാം തവണയാണ് പരിഷ്‌ക്കരിക്കുന്നത്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 90 ഡോളറിനോടടുത്ത സാഹചര്യത്തിലാണ് പുതിയ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ആഗോള വിപണിയില്‍ വില കൂടുമ്പോള്‍ ഓയില്‍ കമ്പനികള്‍ കയറ്റുമതിയിലൂടെ ഭീമമായ ലാഭം നേടുന്ന സാഹചര്യത്തിലാണ് ജൂലൈ 1 ന് ഇന്ത്യ ആദ്യമായി വിന്‍ഡ്ഫാള്‍ നികുതി ഏര്‍പ്പെടുത്തിയത്. അതിനുശേഷം, ജൂലൈ 20ന് പെട്രോള്‍ ലിറ്ററിന് 6 രൂപ കയറ്റുമതി തീരുവ ഒഴിവാക്കുകയും ഡീസലിന്റെയും ജെറ്റ് ഇന്ധനത്തിന്റെയും കയറ്റുമതി നികുതി 2 രൂപ കുറച്ച് യഥാക്രമം 11, 4 രൂപ ആക്കി. ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന്റെ നികുതിയും ടണ്ണിന് 17,000 രൂപയായി കുറച്ചു.

ആഗോള തലത്തില്‍ ചരക്ക് വില ഉയര്‍ന്നതും രൂപയുടെ മൂല്യം ദുര്‍ബലമായതും രാജ്യത്തിന്റെ ഇറക്കുമതി ബില്ല് ഉയരാന്‍ കാരണമായി. ഇത് മൂലം ജൂലൈയില്‍ ഇന്ത്യയുടെ വ്യാപാര കമ്മി റെക്കോര്‍ഡ് ഉയര്‍ച്ചയിലെത്തിയിരുന്നു.