image

7 Sep 2022 5:52 AM GMT

Banking

മുതിര്‍ന്ന പൗരന്‍മാര്‍ പെരുകുന്നു, റിട്ടയര്‍മെന്റ് പ്രായം കൂട്ടേണ്ടതുണ്ടെന്ന് ഇപിഎഫ്ഒ

MyFin Desk

മുതിര്‍ന്ന പൗരന്‍മാര്‍ പെരുകുന്നു, റിട്ടയര്‍മെന്റ് പ്രായം കൂട്ടേണ്ടതുണ്ടെന്ന് ഇപിഎഫ്ഒ
X

Summary

  മുതിര്‍ന്ന പൗരന്‍മാരുടെ എണ്ണം ഉയരുന്നത് രാജ്യത്തെ പെന്‍ഷന്‍ സംവിധാനത്തിന് സമ്മര്‍ദമുണ്ടാക്കുന്നുവെന്നതിനാല്‍ റിട്ടയര്‍മെന്റ് പ്രായം കൂട്ടണമെന്ന ചിന്ത പങ്കുവച്ച് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ). രാജ്യത്തെ പെന്‍ഷന്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കാനും മതിയായ റിട്ടയര്‍മെന്റ് നേട്ടം നല്‍കാനാവും വിധം മാറ്റം വരുത്താനും ആയൂര്‍ ദൈര്‍ഘ്യത്തിന് ആനുപാതികമായി റിട്ടയര്‍മെന്റ് പ്രായത്തിലും വര്‍ധന വേണമെന്നാണ് ഇപിഎഫ്ഒ അതിന്റെ ഭാവിയിലേക്കുള്ള വിഷന്‍ ഡോക്യുമെന്റില്‍ പറയുന്നത്. നിലവില്‍ ഇന്ത്യയിലെ ശരാശരി ആയുര്‍ ദൈര്‍ഘ്യം 70.19 വയസാണ്. 2020 ല്‍ ഇത് 69.73 […]


മുതിര്‍ന്ന പൗരന്‍മാരുടെ എണ്ണം ഉയരുന്നത് രാജ്യത്തെ പെന്‍ഷന്‍ സംവിധാനത്തിന് സമ്മര്‍ദമുണ്ടാക്കുന്നുവെന്നതിനാല്‍ റിട്ടയര്‍മെന്റ് പ്രായം കൂട്ടണമെന്ന ചിന്ത പങ്കുവച്ച് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ).
രാജ്യത്തെ പെന്‍ഷന്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കാനും മതിയായ റിട്ടയര്‍മെന്റ് നേട്ടം നല്‍കാനാവും വിധം മാറ്റം വരുത്താനും ആയൂര്‍ ദൈര്‍ഘ്യത്തിന് ആനുപാതികമായി റിട്ടയര്‍മെന്റ് പ്രായത്തിലും വര്‍ധന വേണമെന്നാണ് ഇപിഎഫ്ഒ അതിന്റെ ഭാവിയിലേക്കുള്ള വിഷന്‍ ഡോക്യുമെന്റില്‍ പറയുന്നത്. നിലവില്‍ ഇന്ത്യയിലെ ശരാശരി ആയുര്‍ ദൈര്‍ഘ്യം 70.19 വയസാണ്. 2020 ല്‍ ഇത് 69.73 ആയിരുന്നു. 2047 ആകുമ്പോഴേക്കും ഇത് വീണ്ടും കൂടും. ഇതിനനുസരണമായി റിട്ടയര്‍മെന്റ് പ്രായം ഇനിയും ഉയരേണ്ടതുണ്ടെന്നാണ് ഇപിഎഫ്ഒ രേഖ പറയുന്നത്.

മറ്റ് വികസിത രാജ്യങ്ങളുടെ ചുവട് പിടിച്ച് പ്രായം വര്‍ധിപ്പിക്കുന്നത് പെന്‍ഷന്‍ ഫണ്ടുകളുടെ നിലനില്‍പ്പിന് തന്നെ അത്യാവശ്യമാണെന്നാണ് വിലയിരുത്തല്‍. റിട്ടയര്‍മെന്റ് പ്രായം വര്‍ധിപ്പിക്കുക വഴി ഇപിഎഫ്ഒ, പെന്‍ഷന്‍ ഫണ്ടുകള്‍ എന്നിവയിലൂടെ ദീര്‍ഘകാലയളവില്‍ ഉയര്‍ന്ന തുകകള്‍ നിക്ഷേപമായി വരുകയും ഇത് പണപ്പെരുപ്പത്തെ ഒരു പരിധി വരെ സ്വാധീനിക്കുകയും ചെയ്യുമെന്നും ഒരു അഭിപ്രായമുണ്ട്. പണം കൈകളിൽ കൂടുതൽ കുമിഞ്ഞ് കൂടുന്നതിന് ഇത് തടയിടും എന്നതാണ് ഇതിന് പിന്നിലുള്ള ന്യായം.

നിലവില്‍ പെന്‍ഷന്‍, പ്രോവിഡന്റ് ഫണ്ട് നിധിയില്‍ 12 ലക്ഷം കോടി രൂപയാണ് നിക്ഷേപമായിട്ടുള്ളത്. ഇപിഎഫ്ഒയില്‍ 6 കോടി അംഗങ്ങളുണ്ടെന്നാണ് കണക്കുകള്‍. നാഷണല്‍ സ്റ്റാറ്റസ്റ്റിക്കല്‍ ഓഫീസിന്റെ കണക്കനുസരിച്ച് 2021 ല്‍ 13.8 കോടി ആളുകളാണ് 60 വയസിന് മുകളിലുള്ളത്. 10 വര്‍ഷത്തിന് ശേഷം ഇത് 19.4 കോടിയായി ഉയരും. ഇതിന്റെ ഫലമായി പ്രായപൂര്‍ത്തിയായവര്‍ക്കുള്ള വരുമാനവും ആരോഗ്യസേവനവും ആവശ്യമായി വരുന്നവരുടെ എണ്ണമുയരുകയും ചെയ്യും. ഇന്ത്യയില്‍ 58-62 ആണ് റിട്ടയര്‍മെന്റ് പ്രായമെങ്കില്‍ അമേരിക്കയില്‍ ഇത് 66 ഉം യൂറോപ്യന്‍ രാജ്യങ്ങളില്‍ 67 ഉം ആണ്.