image

9 Sep 2022 7:04 AM GMT

Fixed Deposit

കൺസ്യൂമർ ഡ്യുറബിൾ മേഖലയിലെ വരുമാനം 1 ലക്ഷം കോടി രൂപയിലെത്തും: ക്രിസിൽ

Bijith R

home appliance
X

Summary

നടപ്പു സാമ്പത്തിക വർഷത്തിൽ കൺസ്യൂമർ ഡ്യുറബിൾ വിഭാഗത്തിലെ വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15 മുതൽ 18 ശതമാനം വരെ ഉയർന്ന് 1 ലക്ഷം കോടി രൂപയാകുമെന്ന് പ്രതീക്ഷിക്കുന്നു.


നടപ്പു സാമ്പത്തിക വർഷത്തിൽ കൺസ്യൂമർ ഡ്യുറബിൾ വിഭാഗത്തിലെ വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15 മുതൽ 18 ശതമാനം വരെ ഉയർന്ന് 1 ലക്ഷം കോടി രൂപയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഗ്രാമീണ-നഗര മേഖലകളിലെ ശക്തമായ ആവശ്യമാണ് ഈ വർധനക്ക് കാരണം.

റേറ്റിംഗ് ഏജൻസി ക്രിസിലിന്റെ അഭിപ്രായത്തിൽ, ഈ മേഖലയിൽ, എയർ കണ്ടീഷണറുകളാണ് പ്രധാനമായും വളർച്ചയെ മുന്നോട്ടു നയിക്കുക. കാലാവസ്ഥാ വ്യതിയാനങ്ങൾക്കനുസരിച്ചാണ് എസിയുടെയും, റെഫ്രിജറേറ്ററുകളുടെയും ആവശ്യം വർധിക്കുന്നത്. ഉയർന്ന ശേഷിയുള്ള റെഫ്രിജറേറ്ററുകളും, ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകളുമാണ് ഉപഭോക്താക്കൾ കൂടുതൽ തിരഞ്ഞെടുക്കുന്നത്. നഗരങ്ങളിലെ ചെറിയ അപ്പാർട്മെന്റുകളിൽ കോംപാക്ട് എസി കൾക്കാണ് കൂടുതൽ ഡിമാൻഡ്.

ചുരുങ്ങിയ കാലത്തിനുള്ളിൽ മാറ്റി വാങ്ങേണ്ട സാഹചര്യവും, ഒന്നിലധികം ടെലിവിഷനുകൾ ഒരു വീട്ടിൽ തന്നെ വാങ്ങുന്ന പ്രവണതയും, വലിയ സ്‌ക്രീനുകളിലേക്കു മാറാനുള്ള പ്രലോഭനവുമാണ് ടെലിവിഷൻ വിൽപ്പനയെ മുന്നോട്ടു നയിക്കുന്ന ഘടകങ്ങൾ. സാങ്കേതിക വിദ്യയുടെ പുരോഗതിയും, ഉയർന്ന മത്സരവും, വിലയിലുണ്ടാകുന്ന തുടർച്ചയായ കുറവും ഈ വിഭാഗത്തിലെ ഡിമാന്റ് ഉയർത്തുന്ന മറ്റു ഘടകങ്ങളാണ്.

ഈ മേഖലയുടെ വരുമാനത്തിന്റെ പകുതിയോളം സംഭാവന ചെയ്യുന്ന എട്ടു മുൻനിര കമ്പനികളുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ക്രിസിൽ ഇത്തരത്തിലൊരു വിലയിരുത്തൽ നടത്തിയിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ, മൂല്യത്തിന്റെ അടിസ്ഥാനത്തിൽ, ഈ മേഖല കോവിഡിന് മുൻപുള്ള നില മറികടന്നിരുന്നു. നടപ്പു സാമ്പത്തിക വർഷം, വോള്യത്തിന്റെ അടിസ്ഥാനത്തിൽ, കോവിഡിന് മുൻപുള്ള നിലയിൽ നിന്നും 3 ശതമാനത്തോളം ഉയർന്നേക്കാം.

അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും, വിദേശ വിനിമയത്തിലെ പ്രതികൂല സാഹചര്യവും ലാഭക്ഷമത നേരിയ തോതിൽ കുറയുന്നതിന് കാരണമാകുമെന്ന് റേറ്റിംഗ് ഏജൻസി കൂട്ടിച്ചേർത്തു. അസംസ്‌കൃത വസ്തുക്കളുടെ ഉയർന്ന വില പൂർണ്ണമായും ഉപഭോക്താക്കളിലേക്ക് കൈമാറ്റം ചെയ്യുന്നതിന് കമ്പനികൾക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ രണ്ടു മാസമായി വിലയിൽ കുറവു വരുന്നുണ്ടെങ്കിലും, ഇപ്പോഴും അസംസ്‌കൃത വസ്തുക്കളുടെ വില ഉയർന്നു തന്നെയാണ് നിൽക്കുന്നത്. 45-50 ശതമാനം അസംസ്കൃത വസ്തുക്കളും ഇറക്കുമതി ചെയ്യുന്നതിനാൽ രൂപയുടെ മൂല്യത്തകർച്ചയും ലാഭക്ഷമതയെ ബാധിച്ചിട്ടുണ്ട്.

"കഴിഞ്ഞ രണ്ടു സാമ്പത്തിക വർഷങ്ങളിൽ പാൻഡെമിക് മൂലമുണ്ടായ നഷ്ടങ്ങൾ, ഉപഭോക്താക്കളുടെ താല്പര്യത്തേയും, സീസൺ ഡിമാന്റിനെയും കാര്യമായി ബാധിച്ചിരുന്നു. ഈ വർഷം, നഗരങ്ങളിലെ മികച്ച വരുമാന വളർച്ചയും, കാർഷിക മേഖലയിൽ വിളകൾക്കു ലഭിക്കുന്ന ഉയർന്ന വിലയും കൺസ്യൂമർ ഡ്യൂറബിൾസിന്റെ ആവശ്യം വർധിപ്പിക്കും. ചുരുങ്ങിയ കാലത്തിനുള്ളിൽ മാറ്റി വാങ്ങേണ്ട സാഹചര്യവും, വായ്പകൾ കൂടുതലായി ലഭ്യമാകുന്ന അവസ്ഥയും, കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനവും, പ്രീമിയം ഉത്പന്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും 10 മുതൽ 13 ശതമാനം വരെ വോള്യം വളർച്ചയ്ക്ക് സഹായിക്കും. കിഴക്കൻ ഇന്ത്യയിലെ വരൾച്ചയും, മൺസൂണിന്റെ പുരോഗതിയും പരിഗണിക്കേണ്ട പ്രധാന ഘടകങ്ങളാണ്," ക്രിസിൽ റിസർച്ച് ഡയറക്ടർ പുഷൻ ശർമ്മ പറഞ്ഞു.