image

25 Sep 2022 1:30 AM GMT

Business

മസാല ബോണ്ട് അന്വേഷണവുമായി തോമസ് ഐസക്ക് സഹകരിക്കുന്നില്ലെന്ന് ഇഡി

Agencies

മസാല ബോണ്ട് അന്വേഷണവുമായി തോമസ് ഐസക്ക് സഹകരിക്കുന്നില്ലെന്ന് ഇഡി
X

Summary

കൊച്ചി: കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിന്റെ (കിഫ്ബി) സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണവുമായി മുന്‍ സംസ്ഥാന ധനമന്ത്രി ടി എം തോമസ് ഐസക് സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇഡിയ്‌ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് തോമസ് ഐസക്ക് ഉന്നയിക്കുന്നതെന്നും, അന്വേഷണത്തില്‍ നിന്ന് വിട്ടുനില്‍ക്കാനും അന്വേഷണം സ്തംഭിപ്പിക്കാനുമാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ശനിയാഴ്ച്ച  ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ വ്യക്തമാക്കി. കിഫ്ബി വഴി മസാല ബോണ്ടുകള്‍ വിതരണം ചെയ്തത് സംബന്ധിച്ച ഇടപാടുകളെ പറ്റി ഇഡി അന്വേഷിച്ച് വരികയാണ്. ഐസക്ക് […]


കൊച്ചി: കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിന്റെ (കിഫ്ബി) സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണവുമായി മുന്‍ സംസ്ഥാന ധനമന്ത്രി ടി എം തോമസ് ഐസക് സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).
ഇഡിയ്‌ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് തോമസ് ഐസക്ക് ഉന്നയിക്കുന്നതെന്നും, അന്വേഷണത്തില്‍ നിന്ന് വിട്ടുനില്‍ക്കാനും അന്വേഷണം സ്തംഭിപ്പിക്കാനുമാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ശനിയാഴ്ച്ച ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ വ്യക്തമാക്കി.
കിഫ്ബി വഴി മസാല ബോണ്ടുകള്‍ വിതരണം ചെയ്തത് സംബന്ധിച്ച ഇടപാടുകളെ പറ്റി ഇഡി അന്വേഷിച്ച് വരികയാണ്. ഐസക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഏജന്‍സി ഒന്നിലധികം തവണ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിക്കെതിരെ ഐസക്ക് ഹൈക്കോടതിയെ സമീപിച്ചത്.
മസാല ബോണ്ടുകളുടെ വിതരണത്തിനിടെയുണ്ടായ ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) ലംഘനം അന്വേഷിക്കാന്‍ ഇഡിക്ക് അധികാരമുണ്ടെന്ന് ഏജന്‍സി സത്യവാങ്മൂലത്തില്‍ പറഞ്ഞു.
അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും അതിനാല്‍ ഐസക്കിന്റെ പങ്കിനെക്കുറിച്ച് ഒന്നും പറയാനാകില്ലെന്നും ഇഡി അധികൃതര്‍ പറഞ്ഞു. രേഖകള്‍ ഹാജരാക്കാനുള്ള സമന്‍സ് അന്വേഷണത്തിന്റെ ഭാഗമാണെന്നും ഇഡി വ്യക്തമാക്കി.
ഐസക്കിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ, ഇഡിക്ക് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ എന്തുകൊണ്ട് ചോദ്യം ചെയ്യാനാകില്ലെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. അതേസമയം ഒരു വ്യക്തിയുടെ സ്വകാര്യത ലംഘിക്കാന്‍ കഴിയില്ലെന്ന് അന്വേഷണ ഏജന്‍സിയെ കോടതി ഓര്‍മ്മിപ്പിച്ചു.