image

6 Oct 2022 6:30 AM GMT

Banking

സ്വര്‍ണ ഇറക്കുമതി കുറയുമ്പോള്‍ 'ഇന്ത്യന്‍ ഉത്സവക്കച്ചവടം' എന്താകും ?

MyFin Desk

സ്വര്‍ണ ഇറക്കുമതി കുറയുമ്പോള്‍ ഇന്ത്യന്‍ ഉത്സവക്കച്ചവടം എന്താകും ?
X

Summary

  അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണം വിതരണ ചെയ്യുന്ന ബാങ്കുകള്‍ ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുറച്ചതോടെ രാജ്യത്ത് സ്വര്‍ണവിലയില്‍ ഇത് പ്രതിഫലിച്ചേക്കും. ദസറാ, ദീപാവലി ആഘോഷങ്ങള്‍ക്ക് മുന്നോടിയായിട്ടാണ് ബാങ്കുകളുടെ തീരുമാനമെന്നതും ശ്രദ്ധേയമാണ്. ഇന്ത്യയിലെ ഉത്സവ സീസണില്‍ സ്വര്‍ണവ്യാപാരം ഉയരാറുണ്ട്. ഈ സാഹചര്യത്തില്‍ ഇറക്കുമതി കുറഞ്ഞാല്‍ നിലവിലുള്ള സ്വര്‍ണവില വര്‍ധിക്കും. ഡിമാന്‍ഡിനനുസരിച്ചുള്ള സ്റ്റോക്ക് മിക്കയിടത്തും ഉണ്ടാകാനുള്ള സാധ്യതയും നിലവിലില്ല. ഇതോടെയാണ് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വര്‍ണവിപണിയായ ഇന്ത്യയില്‍ സ്വര്‍ണവില ഉയരുന്നതിനുള്ള സാധ്യത നിലനില്‍ക്കുന്നത്. ലണ്ടന്‍ ആസ്ഥാനമായ ഐസിബിസി സ്റ്റാന്‍ഡേര്‍ഡ് ബാങ്ക്, […]


അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണം വിതരണ ചെയ്യുന്ന ബാങ്കുകള്‍ ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുറച്ചതോടെ രാജ്യത്ത് സ്വര്‍ണവിലയില്‍ ഇത് പ്രതിഫലിച്ചേക്കും. ദസറാ, ദീപാവലി ആഘോഷങ്ങള്‍ക്ക് മുന്നോടിയായിട്ടാണ് ബാങ്കുകളുടെ തീരുമാനമെന്നതും ശ്രദ്ധേയമാണ്. ഇന്ത്യയിലെ ഉത്സവ സീസണില്‍ സ്വര്‍ണവ്യാപാരം ഉയരാറുണ്ട്. ഈ സാഹചര്യത്തില്‍ ഇറക്കുമതി കുറഞ്ഞാല്‍ നിലവിലുള്ള സ്വര്‍ണവില വര്‍ധിക്കും. ഡിമാന്‍ഡിനനുസരിച്ചുള്ള സ്റ്റോക്ക് മിക്കയിടത്തും ഉണ്ടാകാനുള്ള സാധ്യതയും നിലവിലില്ല.

ഇതോടെയാണ് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വര്‍ണവിപണിയായ ഇന്ത്യയില്‍ സ്വര്‍ണവില ഉയരുന്നതിനുള്ള സാധ്യത നിലനില്‍ക്കുന്നത്. ലണ്ടന്‍ ആസ്ഥാനമായ ഐസിബിസി സ്റ്റാന്‍ഡേര്‍ഡ് ബാങ്ക്, കണ്‍സ്യൂമര്‍ ബാങ്കിംഗ് കമ്പനിയായ സ്റ്റാന്‍ഡാര്‍ഡ് ചാര്‍ട്ടേഡ്, അമേരിക്കന്‍ ബഹുരാഷ്ട്ര ഇന്‍വെസ്റ്റ്മെന്റ് ബാങ്കായ ജെ. പി മോര്‍ഗന്‍ ചേസ് എന്നിവയാണ് ഇന്ത്യയിലേക്കുള്ള സ്വര്‍ണ ഇറക്കുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മികച്ച പ്രീമിയമാണ് മറ്റ് ആഗോള വിപണികള്‍ വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും ചൈനയിലേക്കും തുര്‍ക്കിയിലേക്കുമുള്ള സ്വര്‍ണ ഇറക്കുമതി ബാങ്കുകള്‍ വര്‍ധിപ്പിച്ചുവെന്നുമാണ് സൂചന.

ആഗോളതലത്തില്‍ തിരിച്ചടി

ആഗോളതലത്തില്‍ സ്വര്‍ണവില ഇടിയുന്ന സാഹചര്യമാണ് ഏതാനും മാസങ്ങളായി നിലനിന്നിരുന്നത്. ഡോളര്‍ കരുത്താര്‍ജ്ജിക്കുകയും യുഎസ് ഫെഡ് ഉള്‍പ്പടെയുള്ള കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്തതോടെ സ്വര്‍ണവില രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയിരുന്നു. പലിശ നിരക്കുയര്‍ന്നപ്പോള്‍ സ്വര്‍ണം എന്നത് അനാകര്‍ഷകമായി മാറിയതോടെ വിലയിലും ഇടിവുണ്ടായി.

എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണത്തിനുള്ള ഡിമാന്‍ഡില്‍ കുറവുണ്ടാകാതിരുന്നതിനാല്‍ വിലയിലും കാര്യമായ ഇടിവ് സംഭവിച്ചില്ല. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലെ ദസറ, ദീപാവലി സീസണുകള്‍ കഴിഞ്ഞാല്‍ പിന്നാലെ വീവാഹ സീസണും വരും. നിലവിലെ സാഹചര്യം കണക്കാക്കിയാല്‍ സ്വര്‍ണ ഇറക്കുമതി കുറഞ്ഞാല്‍ 2023 ആദ്യം മുതല്‍ രാജ്യത്ത് സ്വര്‍ണത്തിന്റെ അഭാവമുണ്ടായേക്കാം.