image

22 Oct 2022 12:25 AM GMT

Banking

സ്റ്റോറുകള്‍ കൂടിയപ്പോള്‍ ഉപഭോക്താക്കള്‍ ഒഴുകി: 4,404 കോടിയുടെ ലാഭവുമായി റിലയന്‍സ് റീട്ടെയില്‍

MyFin Desk

സ്റ്റോറുകള്‍ കൂടിയപ്പോള്‍ ഉപഭോക്താക്കള്‍ ഒഴുകി: 4,404 കോടിയുടെ ലാഭവുമായി റിലയന്‍സ് റീട്ടെയില്‍
X

Summary

ഡെല്‍ഹി: സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ റിലയന്‍സ് റീട്ടെയിലിന്റെ നികുതിയ്ക്കു മുമ്പുള്ള ലാഭം 51.18 ശതമാനം ഉയര്‍ന്ന് 4,404 കോടി രൂപയായി. കൂടുതല്‍ സ്റ്റോറുകള്‍ ആരംഭിച്ചതും, ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവുമാണ് ഇതിനു കാരണം. ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ സ്ഥാപനമായ റിലയന്‍സിന്റെ ആകെ സ്‌റ്റോറുകളുടെ വിസ്തൃതി 50 ദശലക്ഷം ചതുരശ്രയടിയിലധകമാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ കമ്പനിയുടെ നികുതിയ്ക്കു മുമ്പുള്ള ലാഭം 2,913 കോടി രൂപയായിരുന്നു. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 44.50 ശതമാനം ഉയര്‍ന്ന് 57,694 കോടി […]


ഡെല്‍ഹി: സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ റിലയന്‍സ് റീട്ടെയിലിന്റെ നികുതിയ്ക്കു മുമ്പുള്ള ലാഭം 51.18 ശതമാനം ഉയര്‍ന്ന് 4,404 കോടി രൂപയായി. കൂടുതല്‍ സ്റ്റോറുകള്‍ ആരംഭിച്ചതും, ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവുമാണ് ഇതിനു കാരണം. ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ സ്ഥാപനമായ റിലയന്‍സിന്റെ ആകെ സ്‌റ്റോറുകളുടെ വിസ്തൃതി
50 ദശലക്ഷം ചതുരശ്രയടിയിലധകമാണ്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ കമ്പനിയുടെ നികുതിയ്ക്കു മുമ്പുള്ള ലാഭം 2,913 കോടി രൂപയായിരുന്നു. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 44.50 ശതമാനം ഉയര്‍ന്ന് 57,694 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 39,926 കോടി രൂപയായിരുന്നു പ്രവര്‍ത്തനത്തില്‍ നിന്നുള്ള വരുമാനം.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പാദത്തില്‍ റിലയന്‍സ് റീട്ടെയിലിന്റെ അറ്റാദായം 36 ശതമാനം ഉയര്‍ന്ന് 2.305 കോടി രൂപയായി. റിലയന്‍സ് റീട്ടെയിലിന്റെ ഗ്രോസറി, ഫാര്‍മ തുടങ്ങിയ ബിസിനസുകള്‍ അവരുടെ ബിസിനസ് ഇരട്ടിയാക്കി. അതേസമയം കമ്പനിയുടെ ഇലക്ട്രോണിക്‌സ്, ഫാഷന്‍ ലൈഫ്‌സ്‌റ്റൈല്‍ എന്നീ വിഭാഗങ്ങള്‍ സെപ്റ്റംബര്‍ പാദത്തില്‍ 40 ശതമാനത്തിലധികം വളര്‍ന്നു.

ഡിജിറ്റല്‍ ബിസിനസ്സ് 60 ശതമാനത്തിലധികം വളരുകയും റിലയന്‍സ് റീട്ടെയിലിന്റെ വരുമാനത്തിന്റെ 18 ശതമാനം സംഭാവന ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ പാദത്തില്‍ റിലയന്‍സ് റീട്ടെയിലിന്റെ മൊത്ത വരുമാനം 42.91 ശതമാനം ഉയര്‍ന്ന് 64,920 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 45,426 കോടി രൂപയായിരുന്നു.

കമ്പനിയുടെ സ്റ്റോര്‍ ശൃംഖല 9.2 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 795 പുതിയ സ്റ്റോറുകളിലേക്കു കൂടി വിപുലീകരിച്ചതോടെ, ഈ പാദത്തിന്റെ അവസാനത്തില്‍ 54.5 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 16,617 സ്റ്റോറുകളായി മൊത്തം സ്റ്റോറുകളുടെ എണ്ണം ഉയര്‍ന്നു. കമ്പനിയിലെ മൊത്തം ജീവനക്കാരുടെ എണ്ണം ഇപ്പോള്‍ നാലു ലക്ഷത്തിലധികമാണ്.