image

28 Oct 2022 11:49 PM GMT

Learn & Earn

മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കും മുന്‍പ് ഓര്‍ക്കാന്‍ ചില കാര്യങ്ങള്‍

MyFin Desk

മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കും മുന്‍പ് ഓര്‍ക്കാന്‍ ചില കാര്യങ്ങള്‍
X

Summary

നിക്ഷേപ ഓപ്ഷനുകളില്‍ മ്യൂച്വല്‍ ഫണ്ട് സ്ഥാനം പിടിച്ചിട്ട് കാലം കുറെയായി. പക്ഷേ, നിക്ഷേപ പോര്‍ട്ട്ഫോളിയോയില്‍ ഏത് ഫണ്ട് ഉള്‍പ്പെടുത്തണം, എങ്ങനെ ഫണ്ട് തെരഞ്ഞെടുക്കണം, ഓരോ ധനകാര്യ ലക്ഷ്യത്തിനു വേണ്ടിയും തെരഞ്ഞെടുക്കേണ്ട ഫണ്ട് ഏത് എന്നതിനെക്കുറിച്ചൊന്നും പലര്‍ക്കും വ്യക്തമായ ധാരണയില്ല. പലരും ഈ ഫണ്ടില്‍ നിക്ഷേപിക്കുന്നു അതുകൊണ്ട് ഞാനും നിക്ഷേപിക്കുന്നു എന്നൊരു സമീപനത്തോടെ മ്യൂച്വല്‍ ഫണ്ടിനെ സമീപിക്കരുത്. എത്ര തുക നിക്ഷേപത്തിനായി മാറ്റി വെയ്ക്കാനുണ്ട്, എത്ര നാളത്തേക്ക് നിക്ഷേപം നടത്താന്‍ സാധിക്കും, എന്ത് ലക്ഷ്യം നേടാനാണ് നിക്ഷേപം എന്നിവയൊക്കെ […]


നിക്ഷേപ ഓപ്ഷനുകളില്‍ മ്യൂച്വല്‍ ഫണ്ട് സ്ഥാനം പിടിച്ചിട്ട് കാലം കുറെയായി. പക്ഷേ, നിക്ഷേപ പോര്‍ട്ട്ഫോളിയോയില്‍ ഏത് ഫണ്ട് ഉള്‍പ്പെടുത്തണം, എങ്ങനെ ഫണ്ട് തെരഞ്ഞെടുക്കണം, ഓരോ ധനകാര്യ ലക്ഷ്യത്തിനു വേണ്ടിയും തെരഞ്ഞെടുക്കേണ്ട ഫണ്ട് ഏത് എന്നതിനെക്കുറിച്ചൊന്നും പലര്‍ക്കും വ്യക്തമായ ധാരണയില്ല. പലരും ഈ ഫണ്ടില്‍ നിക്ഷേപിക്കുന്നു അതുകൊണ്ട് ഞാനും നിക്ഷേപിക്കുന്നു എന്നൊരു സമീപനത്തോടെ മ്യൂച്വല്‍ ഫണ്ടിനെ സമീപിക്കരുത്. എത്ര തുക നിക്ഷേപത്തിനായി മാറ്റി വെയ്ക്കാനുണ്ട്, എത്ര നാളത്തേക്ക് നിക്ഷേപം നടത്താന്‍ സാധിക്കും, എന്ത് ലക്ഷ്യം നേടാനാണ് നിക്ഷേപം എന്നിവയൊക്കെ പരിഗണിച്ചു വേണം നിക്ഷേപം നടത്താന്‍.

ലക്ഷ്യത്തിനായി നിക്ഷേപം നടത്താം

മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നല്ലൊരു നിക്ഷേപ ഓപ്ഷനാണ് എന്നു കേട്ടതുകൊണ്ടോ, വായിച്ചതുകൊണ്ടോ മാത്രം നിക്ഷേപത്തിനായി മ്യൂച്വല്‍ ഫണ്ട് തെരഞ്ഞെടുക്കരുത്. ഓരോരുത്തരുടെയും നിക്ഷേപ ലക്ഷ്യങ്ങള്‍ വ്യത്യസ്തമായിരിക്കും. ചിലര്‍ക്ക് വിവാഹം, കുട്ടികളുടെ വിദ്യാഭ്യാസം, കുട്ടികളുടെ വിവാഹം എന്നിങ്ങനെയൊക്കെയാകും ലക്ഷ്യങ്ങള്‍. ചിലര്‍ക്കിത് അടിയന്തര സാഹചര്യങ്ങളിലേക്കുള്ള ഫണ്ടാകാം, വിദേശ യാത്രയ്ക്കോ, വീടിനോ വേണ്ടിയുള്ള ഫണ്ട് എന്നിങ്ങനെയുമാകാം. അതിനാല്‍ ഓരോരുത്തരും അവരവരുടെ ലക്ഷ്യങ്ങള്‍ എന്തെന്ന് കൃത്യമായി മനസിലാക്കി വേണം ഫണ്ടുകള്‍ തെരഞ്ഞെടുക്കാനും നിക്ഷേപം നടത്താനും.

കൃത്യമായ അന്വേഷണം നടത്താം

വിപണിയില്‍ ധാരാളം ഫണ്ടുകള്‍ ലഭ്യമാണ്. അതില്‍ ഏതെങ്കിലും ഫണ്ടില്‍ നിക്ഷേപിച്ചാല്‍ നിക്ഷേപകന്റെ ധനകാര്യ ലക്ഷ്യങ്ങള്‍ നേടണമെന്നില്ല. പ്രതീക്ഷിച്ച റിട്ടേണും ലഭിക്കണമെന്നുമില്ല. അതിനാല്‍ ധനകാര്യ ലക്ഷ്യം നിശ്ചയിച്ച്, അത് എത്ര വര്‍ഷത്തിനുള്ളില്‍ നേടേണ്ടതാണെന്ന് കണക്കാക്കിയതിനുശേഷം കൃത്യമായി അന്വേഷണം നടത്തി വേണം ഫണ്ട് തെരഞ്ഞെടുക്കാന്‍. അതിന് ഒരു ഫിനാന്‍ഷ്യല്‍ അഡൈ്വസറുടെ സഹായം തേടുകയുമാവാം. ഇതിലൂടെ ഫണ്ടിന്റെ അതുവരെയുള്ള പ്രകടനം, റിട്ടേണ്‍, എക്സിറ്റ് ലോഡ്, എന്‍ട്രി ലോഡ്, എക്സ്പെന്‍സ് റേഷ്യോ, കമ്പനിയുടെ ആസ്തി, ഫണ്ട് മാനേജര്‍മാര്‍, അവരുടെ പ്രവര്‍ത്തന ചരിത്രം, നഷ്ട സാധ്യതകള്‍ എന്നിവയെല്ലാം മനസിലാക്കാം.

റിട്ടേണിനെക്കുറിച്ചുള്ള അമിത പ്രതീക്ഷ

നിക്ഷേപം തുടങ്ങുന്നതിനു മുമ്പെ ഇത്ര റിട്ടേണ്‍ ലഭിക്കും എന്ന പ്രതീക്ഷയോടെ നിക്ഷേപം നടത്താതിരിക്കുക. പ്രത്യേകിച്ച് ആദ്യമായി നിക്ഷേപം നടത്തുന്ന വ്യക്തിയാണെങ്കില്‍. കാരണം മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കനുസരിച്ച് നഷ്ടവും നേട്ടവും നല്‍കും. പ്രത്യേകിച്ച് ഹ്രസ്വകാല ഫണ്ടുകള്‍. നഷ്ട സാധ്യത കൂടി കണക്കാക്കി വേണം നിക്ഷേപം നടത്താന്‍.

ധാരാളം ഫണ്ടുകളില്‍ നിക്ഷേപം നടത്തുക

വൈവിധ്യമാര്‍ന്ന നിക്ഷേപ ഓപ്ഷനുകള്‍ കണ്ടെത്തണം. അതിന് വിവിധ വിഭാഗത്തിലുള്ള മ്യൂച്വല്‍ ഫണ്ടുകളും തെരഞ്ഞെടുക്കാം. എന്നാല്‍ ധാരാളം ഫണ്ടുകള്‍ തെരഞ്ഞെടുക്കുന്നതും, അതില്‍ നിക്ഷേപം നടത്തുന്നതും ഉയര്‍ന്ന റിട്ടേണ്‍ നല്‍കണമെന്നില്ല. മികച്ച ചില ഫണ്ടുകള്‍ തെരഞ്ഞെടുത്ത് നിക്ഷേപം നടത്താം. ഒരു ഫണ്ടില്‍ മാത്രമാണ് നിക്ഷേപമെങ്കില്‍ നഷ്ട സാധ്യത കൂടുകയും ചെയ്യും.

അടിയന്തര ഫണ്ടുകള്‍

ധനകാര്യ ലക്ഷ്യങ്ങള്‍ക്കു വേണ്ടി നിക്ഷേപം നടത്തുന്നതിനൊപ്പം അടിയന്തര ആവശ്യങ്ങള്‍ക്കായും നിക്ഷേപം നടത്തണം. പലപ്പോഴും കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നീ ലക്ഷ്യങ്ങള്‍ക്കായാണ് നിക്ഷേപം നടത്താറ്. ആശുപത്രി ചെലവുകള്‍ പോലുള്ള അടിയന്തര ഘട്ടങ്ങളില്‍ ഈ പണം പിന്‍വലിക്കേണ്ടി വന്നേക്കാം. ഇത്തരം സാഹചര്യങ്ങളില്‍ ധനകാര്യ ലക്ഷ്യം നേടാനും സാധിക്കില്ല. അതിനാല്‍, അടിയന്തര ആവശ്യങ്ങള്‍ക്കായി നിക്ഷേപം നടത്തുന്നത് മികച്ച ഒരു ഓപ്ഷനാണ്.