image

11 Jan 2022 7:33 AM GMT

Learn & Earn

വായ്പ അടച്ച് തീര്‍ത്താല്‍ മാത്രം ഉത്തരവാദിത്വം കഴിയില്ല, ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ചെയ്യണം

MyFin Desk

വായ്പ അടച്ച് തീര്‍ത്താല്‍ മാത്രം ഉത്തരവാദിത്വം കഴിയില്ല, ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ചെയ്യണം
X

Summary

നിങ്ങള്‍ ബാങ്കുകളില്‍ നിന്നെടുക്കുന്ന വായ്പകള്‍ കൃത്യമായി, കുടിശിക ഇല്ലാതെ അടച്ച് തീര്‍ത്തു എന്നതുകൊണ്ട് മാത്രം ഉത്തരവാദിത്വം അവസാനിക്കുന്നില്ല. നമ്മളില്‍ പലരുടെയും ധാരണ വായ്പ അടച്ച് തീരുന്നതോടെ ഉത്തരവാദിത്വം ഒഴിഞ്ഞു എന്നതാണ്. പലപ്പോഴും ഇത് ശരിയുമായിരിക്കും. എന്നാല്‍ ചില സന്ദര്‍ഭങ്ങളിലെങ്കിലും നമുക്ക് ഇത് പാരയാകും. പ്രത്യേകിച്ച് വ്യക്തിഗത വായ്പകളുടെ കാര്യത്തില്‍. ക്രെഡിറ്റ് സ്‌കോര്‍ മുമ്പത്തേതില്‍ നിന്നും വ്യത്യസ്തമായി വായ്പകള്‍ അനുവദിക്കുന്നതിനുള്ള ബാങ്കുകളുടെ പ്രഥമ പരിഗണന ക്രെഡിറ്റ് സ്‌കോറിനാണ്. മോശം സ്‌കോറാണെങ്കില്‍ ഒട്ടു മിക്ക ബാങ്കുകളും ആദ്യം തന്നെ ഒഴിയും. […]


നിങ്ങള്‍ ബാങ്കുകളില്‍ നിന്നെടുക്കുന്ന വായ്പകള്‍ കൃത്യമായി, കുടിശിക ഇല്ലാതെ അടച്ച് തീര്‍ത്തു എന്നതുകൊണ്ട് മാത്രം...

നിങ്ങള്‍ ബാങ്കുകളില്‍ നിന്നെടുക്കുന്ന വായ്പകള്‍ കൃത്യമായി, കുടിശിക ഇല്ലാതെ അടച്ച് തീര്‍ത്തു എന്നതുകൊണ്ട് മാത്രം ഉത്തരവാദിത്വം അവസാനിക്കുന്നില്ല. നമ്മളില്‍ പലരുടെയും ധാരണ വായ്പ അടച്ച് തീരുന്നതോടെ ഉത്തരവാദിത്വം ഒഴിഞ്ഞു എന്നതാണ്. പലപ്പോഴും ഇത് ശരിയുമായിരിക്കും. എന്നാല്‍ ചില സന്ദര്‍ഭങ്ങളിലെങ്കിലും നമുക്ക് ഇത് പാരയാകും. പ്രത്യേകിച്ച് വ്യക്തിഗത വായ്പകളുടെ കാര്യത്തില്‍.

ക്രെഡിറ്റ് സ്‌കോര്‍

മുമ്പത്തേതില്‍ നിന്നും വ്യത്യസ്തമായി വായ്പകള്‍ അനുവദിക്കുന്നതിനുള്ള ബാങ്കുകളുടെ പ്രഥമ പരിഗണന ക്രെഡിറ്റ് സ്‌കോറിനാണ്. മോശം സ്‌കോറാണെങ്കില്‍ ഒട്ടു മിക്ക ബാങ്കുകളും ആദ്യം തന്നെ ഒഴിയും. ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ന്ന് നിന്നാല്‍ ലോണ്‍ ലഭിക്കാനുള്ള സാധ്യത ഏറെയാണ്. അതുപോലെ തന്നെയാണ് സ്ഥിരവരുമാനം. വ്യക്തിഗത വായ്പ നല്‍കുമ്പോള്‍ മൂന്ന് മാസത്തെയെങ്കിലും സാലറി സ്ലിപ്പ് നല്‍കേണ്ടിയും വരും.

എന്‍ ഡി സി

വായ്പ മുഴുവന്‍ അടച്ച് തീരുമ്പോള്‍ ബാങ്ക് നല്‍കുന്ന രേഖയാണ് എന്‍ ഡി സി. വായ്പ അടവ് തീര്‍ന്നാല്‍ ഇത് നിര്‍ബന്ധമായും ബാങ്കില്‍ ചോദിച്ച് വാങ്ങിച്ചിരിക്കണം. ലോണ്‍ തിരിച്ചടച്ച് കഴിഞ്ഞയുടനെ നമ്മള്‍ വാങ്ങി വയ്‌ക്കേണ്ട സര്‍ട്ടിഫിക്കറ്റാണിത്. ബാങ്കില്‍ നിന്ന് വാങ്ങുന്ന ഈ രേഖ കുറെ കാലമെങ്കിലും സൂക്ഷിച്ച് വയ്ക്കുന്നതും നല്ലതാണ്. വ്യക്തിഗത വായ്പയുടെ കാര്യത്തില്‍ ബാങ്കുകളും വായ്പ എടുത്തവരും തമ്മില്‍ തര്‍ക്ക സാധ്യത നില നില്‍ക്കുന്നുണ്ട്. തര്‍ക്കത്തിന് സാധ്യത മനസില്‍ കണ്ട് എന്‍ ഡി സി കുറച്ച് കാലം സൂക്ഷിക്കുകയും വേണം. നിയമനടപടിയിലേക്ക് ഇത്തരം തര്‍ക്കങ്ങള്‍ നീണ്ടാല്‍ വായ്പ മുഴുവന്‍ അടച്ച് ക്ലോസ് ചെയ്തതാണെന്ന് തെളിയിക്കാനുള്ള രേഖയാണ്. ഇത് കൈയ്യിലുണ്ടെങ്കില്‍ പിന്നെ ഭയപ്പെടാനില്ല. ഉടനെ മറ്റൊരു ലോണ്‍ എടുക്കണമെന്നുണ്ടെങ്കിലും ഈ രേഖ ഉപകാരപ്പെടും. ബാങ്ക് കൗണ്ടറില്‍ നേരിട്ട് പണമടക്കുകയാണെങ്കില്‍ ഇത് അവിടെ നിന്ന് തന്നെ ലഭ്യമാകും. ഓണ്‍ലൈന്‍ ഇടപാടാണെങ്കില്‍ പിന്നീട് ഇത് അയച്ച് തരാനാണ് സാധ്യത. എന്തായാലും ഇത് ഉറപ്പ് വരുത്തിയിരിക്കണം.

സ്‌കോര്‍ ക്രമപ്പെടുത്താം

വായ്പ മുഴുവന്‍ അടച്ച് തീരുമ്പോള്‍ നല്‍കുന്ന എന്‍ ഡി സിയോടൊപ്പം ചില ബാങ്കുകള്‍ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റും നല്‍കും. തിരിച്ചടവ് ചിലപ്പോള്‍ സിബില്‍ സ്‌കോറില്‍ പ്രതിഫലിച്ചിട്ടുണ്ടാകില്ല. അതുകൊണ്ട് ക്രെഡിറ്റ് സ്‌കോര്‍ താഴേക്ക് പോകാം. അത്തരം സന്ദര്‍ഭങ്ങളില്‍ അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് ഉപയോഗിച്ച് അത് ക്രമപ്പെടുത്താനാകും.