image

11 Jan 2022 3:56 AM GMT

Banking

ബാങ്ക് ലോക്കര്‍ ഉപയോഗിക്കുന്നുണ്ടോ നിങ്ങള്‍, അറിയാം സുരക്ഷാ മാനദണ്ഡങ്ങള്‍

MyFin Desk

ബാങ്ക് ലോക്കര്‍ ഉപയോഗിക്കുന്നുണ്ടോ നിങ്ങള്‍, അറിയാം സുരക്ഷാ മാനദണ്ഡങ്ങള്‍
X

Summary

ബാങ്ക് ലോക്കര്‍ ഉപയോഗിക്കുന്നുണ്ടോ നിങ്ങള്‍, എങ്കില്‍ ശ്രദ്ധിക്കാം


സ്വര്‍ണാഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും നാം സൂക്ഷിക്കുന്ന ഇടമാണ് ബാങ്ക് ലോക്കറുകള്‍. എത്ര അടച്ചുറപ്പുള്ള വീടാണെങ്കിലും...

സ്വര്‍ണാഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും നാം സൂക്ഷിക്കുന്ന ഇടമാണ് ബാങ്ക് ലോക്കറുകള്‍. എത്ര അടച്ചുറപ്പുള്ള വീടാണെങ്കിലും ഇത്തരം വസ്തുക്കള്‍ സുരക്ഷിതമാക്കുന്നതിന് ബാങ്ക് ലോക്കറുകള്‍ തന്നെ തിരഞ്ഞെടുക്കുന്നു. നിയമപരമായി അനുവദിക്കപ്പെട്ട എന്തും ബാങ്ക് ലോക്കറുകളില്‍ സൂക്ഷിക്കാം. ബാങ്ക് അക്കൗണ്ടുള്ള ആര്‍ക്കും നിശ്ചിത തുക നല്‍കി ലോക്കര്‍ സംവിധാനം ഉപയോഗിക്കാം.

ലോക്കറും സുരക്ഷയും

അക്കൗണ്ടുടമയുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ സുരക്ഷിതമായി വയ്ക്കാന്‍ ബാങ്ക് നല്‍കുന്ന സുരക്ഷിത അറയാണ് ബാങ്ക് ലോക്കര്‍. ബാങ്ക് ശാഖയുടെ സ്ട്രോങ് റൂമിലാണ് ബാങ്ക് ലോക്കറുകള്‍ ഉണ്ടാകുന്നത്. ഉറപ്പുള്ള ലോഹം കൊണ്ട് നിര്‍മ്മിച്ച സ്ട്രോങ് റൂമില്‍ ലോക്കറുകള്‍ ഉണ്ടാക്കിയിരിക്കുന്നതും ദൃഢതയുള്ള വസ്തു ഉപയോഗിച്ചാണ്. തീ, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് ഭൂകമ്പം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ കഴിയും വിധമാണ് അവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ബാങ്ക് ലോക്കര്‍ തുറക്കുന്നതിന് രണ്ട് താക്കോലുകളാണുള്ളത്. അതിലൊന്ന്് ബാങ്കില്‍ സൂക്ഷിക്കുന്നു. രണ്ടാമത്തേത് അക്കൗണ്ട് ഉടമയുടെ കൈയ്യിലും. രണ്ട് താക്കോലുകള്‍ ഒരുമിച്ചുണ്ടങ്കെില്‍ മാത്രമേ ബാങ്ക് ലോക്കര്‍ തുറക്കാന്‍ കഴിയൂ. സാങ്കേതികവിദ്യയുടെ വളര്‍ച്ചയോടെ താക്കോല്‍ രഹിത ബയോമെട്രിക് ബാങ്ക് ലോക്കറുകള്‍ നിലവില്‍ വന്നു.

ലോക്കര്‍ ഉപയോഗിക്കാം

ബാങ്ക് ശാഖയില്‍ ലോക്കര്‍ ലഭ്യമാണെങ്കില്‍ ബാങ്കും അക്കൗണ്ട് ഉടമയും നിബന്ധനകളും വ്യവസ്ഥകളും വ്യക്തമാക്കുന്ന ലോക്കര്‍ വാടക കരാറില്‍ ഏര്‍പ്പെടുന്നു. കരാറില്‍ ഏര്‍പ്പെടുമ്പോള്‍, ബാങ്ക് ശാഖ, ശാഖയുടെ വലിപ്പം അല്ലെങ്കില്‍ ലോക്കറിന്റെ സ്ഥാനം എന്നിവയെ ആശ്രയിച്ച് വാടക തുക നിശ്ചയിക്കുന്നു. ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നിന്നും നേരിട്ട് ഇതിന്റെ വാര്‍ഷിക വാടക ഈടാക്കുന്നതിനാല്‍ ബാങ്ക് അക്കൗണ്ടില്‍ ഉപഭോക്താവ് മതിയായ ബാലന്‍സ് സൂക്ഷിക്കണം. ഒരു ലോക്കറില്‍ ഒന്നിലധികം ആളുകള്‍ക്ക് ഉരുപ്പടികള്‍ സൂക്ഷിക്കാം.

ഹോള്‍ഡര്‍മാരില്‍ ഒരാളുടെ മരണത്തില്‍, നോമിനിക്കും മറ്റ് ഹോള്‍ഡര്‍മാര്‍ക്കും ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചാല്‍ അതേ ലോക്കര്‍ സംവിധാനം തുടര്‍ന്നും ഉപയോഗിക്കാനാകും. ലോക്കറിനായി അപേക്ഷിക്കുമ്പോള്‍ നോമിനിയെ വയ്ക്കേണ്ടത് നിര്‍ബന്ധമാണ്. അഥവാ നോമിനി ഇല്ലെങ്കില്‍, നിയമപരമായ അവകാശിക്ക് ലോക്കര്‍ ഉപയോഗിക്കാനാകും. ലോക്കര്‍ സംവിധാനം തുടരാന്‍ ആഗ്രഹിക്കുന്നില്ലയെങ്കില്‍ അത് സറണ്ടര്‍ ചെയ്യാം. ലോക്കര്‍ സംവിധാനം ഉപയോഗിക്കുന്നതിനുള്ള കരാര്‍ അവസാനിപ്പിക്കാന്‍ അക്കൗണ്ടുടമയ്ക്ക് അപേക്ഷിക്കാം. സറണ്ടര്‍ ചെയ്താല്‍ ആ വര്‍ഷത്തിന്റെ തുടക്കത്തില്‍ നല്‍കിയ ലോക്കര്‍ വാടക ഉപഭോക്താവിന് ബാങ്ക് തിരികെ നല്‍കും.

കൂടുതല്‍ സുരക്ഷിതം

നേരത്തെ, നിങ്ങളുടെ ലോക്കറിലെ സാധനങ്ങള്‍ നഷ്ടപ്പെട്ടാല്‍ ബാങ്കുകള്‍ ഉത്തരവാദിയായിരുന്നില്ല. അവരില്‍ നിന്ന് സാമ്പത്തിക നഷ്ടം നിങ്ങള്‍ക്ക ക്ലെയിം ചെയ്യാനും സാധ്യമായിരുന്നില്ല. ബാങ്ക് ലോക്കറുകള്‍ കുത്തിത്തുറന്ന് മോഷണം നടന്ന സംഭവങ്ങള്‍ ഏറെ ഉണ്ടായിട്ടുണ്ട്. എന്നാല്‍, ലോക്കര്‍ ഉടമകള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചിരുന്നില്ല. ഇതിന് പരിഹാരമായി, മോഷണം, തീപിടിത്തം, ബാങ്ക് തട്ടിപ്പ് തുടങ്ങിയ കാരണങ്ങളാല്‍ ലോക്കറിലെ വസ്തുക്കള്‍ നഷ്ടപ്പെട്ടാല്‍ ഉടമകള്‍ക്ക് വാര്‍ഷിക ലോക്കര്‍ വാടകയുടെ 100 മടങ്ങ് വരെ നഷ്ടപരിഹാരം ക്ലെയിം ചെയ്യാന്‍ അനുവദിക്കുന്ന പുതിയ നിയമം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ പ്രഖ്യാപിച്ചു.

ശ്രദ്ധിക്കേണ്ടത്

ലോക്കറുകള്‍ ഉപയോഗിക്കുമ്പോള്‍ നാം തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. എന്തെല്ലാമാണ് നിങ്ങള്‍ ലേക്കറില്‍ സൂക്ഷിച്ചിരിക്കുന്നതെന്ന് കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കണം. ബാങ്ക് അനുവദിക്കുന്നുവെങ്കില്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ബാങ്ക് ലോക്കര്‍ തുറന്ന് ഉറപ്പു വരുത്തണം. മാത്രമല്ല വാടക കരാറും ലേക്കര്‍ സംവിധാനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൃത്യമായി ലോക്കര്‍ ഉടമ കൈവശം സൂക്ഷിക്കണം. കൃത്യമായ ലോക്കര്‍ വാടക അടയ്ക്കണം.